ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/രോഗപ്രതിരോധം - കരുതലാണ് കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ന് നമ്മുടെ ലോകം കോവിഡ് -19 അഥവാ കൊറോണ വൈറസ് എന്ന മഹാവ്യാധിയുടെ അധീനതയിലാണ്. പാൻഡെമിക് ഗണത്തിൽപ്പെട്ട ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന ഈ വൈറസിനെ ഇതിനോടകം ലോക മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തെ യുദ്ധതന്ത്ര ശക്തികൾക്ക് പോലും ഈ വൈറസിനെതിരെ ഇതുവരെ ഒരു പ്രതിവിധിയായി മരുന്നുപോലും <ചികിത്സയിലൂടെ മാത്രം ഭേദമാക്കാനാകുന്ന ഈ രോഗം സമൂഹ വ്യാപനത്തിലൂടെ പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കേരളത്തിലെ ആരോഗ്യ മേഖലയുടെ കഠിനപ്രയത്നം കൊണ്ടുമാത്രമാണ് നാം നിപാ വൈറസിനെ തുടച്ചുനീക്കിയത്. നമ്മൾ നമ്മുടെ സമൂഹത്തിനായി ജാതിമതവിദ്വേഷങ്ങളും ശത്രുതയുമെല്ലാം വെടിഞ്ഞ് ഒറ്റ മനസ്സോടെ പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു. നാം എപ്പോഴും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നതോടൊപ്പം വേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് നമ്മുടെ ആരോഗ്യം സംരക്ഷിക്കുമ്പോഴും സമൂഹത്തിന്റെ ആരോഗ്യവും കൂടി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിന്റെ ഭാഗമാകുവാൻ നമുക്ക് അവസരം വന്നിരിക്കുന്നു. നാം സ്വയം ക്വാറന്റീനിൽ കഴിയുമ്പോഴും ജീവിതത്തിലുടനീളം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലമാക്കുന്നതുവഴി സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയും.രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാലുടൻ കോവിഡ്-19 ദിശ ഹെൽപ്പ് ഡെസ്കുമായി നാം ബന്ധപ്പെടുമ്പോൾ സമൂഹത്തിന്റെ സുരക്ഷിതത്വം നിലനിർത്താൻ കഴിയുന്ന നിലയിൽ കേരളത്തിലെ ആരോഗ്യമേഖല വികസിച്ചു കഴിഞ്ഞിരിക്കുന്നു.

കോവിഡ്-19 ഭീതി നിലനിൽക്കുന്ന സാഹചര്യമായതിനാൽ പൊതുജനാരോഗ്യ സുരക്ഷയെ മുൻനിർത്തി നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന സർക്കാരിന്റെ ആർദ്രം മിഷൻ പദ്ധതി ആരോഗ്യമേഖലയുടെ നവോത്ഥാനമായി മാറിയിരിക്കുന്നു. പ്രളയത്തിൽ നാംകൈമെയ് മറന്ന് സഹായിച്ചത് മറക്കാതെ ഈ കൊറോണ കാലത്തും സർക്കാരിന്റെ നിർദ്ദേശപ്രകാരം മാസ്ക്നിർമ്മാണം,സാനിറ്റൈസർ നിർമ്മാണം, ഐസൊലേഷൻ വാർഡ് തയ്യാറാക്കുന്നതിനായുള്ള ശുചീകരണം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളിൽ നാം പങ്കാളികളാകേണ്ടതാണ്.

ലോക്ക്ഡൗൺ , കർഫ്യൂ പോലുള്ള ഗവൺമെൻറ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ കൊറോണ വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗ്ഗമാണെന്ന് മനസ്സിലാക്കി നാം വീടുകളിൽ തന്നെ കഴിയേണ്ടതാണ്.അഹോരാത്രം നമ്മുടെ സമൂഹത്തിനുവേണ്ടി സമർപ്പിച്ചുകൊണ്ട് ഭഗീരഥപ്രയത്നം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ നാം ഈ വേളയിൽ സ്മരിക്കേണ്ടതാണ്. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകാതിരിക്കാൻ വേണ്ടി ഈ മഹാമാരിയിൽ നിന്നുൾകൊണ്ട നല്ല പാഠങ്ങളെ ജീവിതത്തിൽ പകർത്തിക്കൊണ്ട് ഓരോ വ്യക്തിയും സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരായിരിക്കണം. നാം ഒറ്റക്കെട്ടായി നിപയും പ്രളയവും അതിജീവിച്ചപോലെ ഈ മഹാമാരിയെയും ചെറുത്തു നിൽക്കും.

അവന്ദിക എ ജെ
9 ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം