സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ദുരന്തകാല ചിന്തകൾ - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരന്തകാല ചിന്തകൾ


ഒരു അദ്ധ്യയന വർഷത്തിന്റെ അവസാന നാളുകളിൽ വാർഷിക പരീക്ഷയ്ക്ക് തെയ്യാറെടുക്കുമ്പോഴാണ് കൊറോണ വൈറസ് എന്ന മഹാമാരിയെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്. ചൈനയിലെ വുഹാൻ എന്ന പ്രദേശത്തു നിന്ന് പൊട്ടിപ്പുറപ്പെട്ടു ലോകത്ത് ആകമാനം പടർന്നു പിടിച്ച കൊറോണ ബാധ നമ്മുടെ കൊച്ചു കേരളത്തിലെ ആളുകൾക്കും ബാധിച്ചു തുടങ്ങിയതായി വാർത്താമാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. അന്ന് പക്ഷെ അതിന്റെ ഭീകരതയെ പറ്റിയോ രോഗത്തിന്റെ സ്വഭാവത്തെ പറ്റിയോ വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല, സാധാരണയുള്ള ഒരു വൈറസ് ബാധ എന്ന് മാത്രമേ കരുതിയിരുന്നുള്ളു. പക്ഷെ ദിവസങ്ങൾ കഴിയുന്തോറും രോഗം കൂടുതൽ ആളുകളിലേക്ക് പടരുകയും മനുഷ്യന്റെ ദൈനംദിന ജീവിതത്തെ താറുമാറാക്കുന്ന രീതിയിലേക്ക് അത് വളരുകയും ചെയ്തപ്പോഴാണ് രോഗത്തിന്റെ തീവ്രതയെ പറ്റി എല്ലാവരും ബോധവാന്മാരാകുന്നത്. അത് നമ്മുടെ രാജ്യത്തെ സമ്പൂർണ ലോക്ക്ഡൗണിലേക്കു എത്തിക്കുകയും ചെയ്തു.

നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു കുഞ്ഞു വൈറസ് അതിബുദ്ധിമാനും ശക്തനും എന്ന് നടിക്കുന്ന മനുഷ്യനെ എത്ര പെട്ടന്നാണ് നിസ്സഹായതയിലേക്കു തള്ളിവിട്ടതെന്നു അത്ഭുതത്തോടെയും ഭയപ്പാടോടെയും ആണ് ഞാൻ നോക്കി കണ്ടത്.ദിനംപ്രതി വാർത്താമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വൈറസ് ബാധയെകുറിച്ചുള്ള വാർത്തകൾഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതും ആയിരുന്നു. ലോകത്തിന്റെ പലഭാഗത്തും രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയും മരണ സംഖ്യ ഉയരുകയും ചെയ്യുന്നുണ്ടായിരുന്നു. കേരളത്തിൽ ആദ്യമായി കൊറോണ ബാധിച്ചു ഒരാൾ മരണപ്പെട്ടത് ഞെട്ടലോടെയായിരുന്നു വായിച്ചത്. എങ്കിലും നമ്മുടെ സംസ്ഥാനവും രാജ്യവും ഉണർന്നു പ്രവർത്തിക്കുകയും ഈ മഹാമാരിയെ തടഞ്ഞു നിർത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തങ്ങൾ ഉടൻ ആരംഭിക്കുകയും ചെയ്തു. നമ്മുടെ കൊച്ചു സംസ്ഥാനത്തിന്റെ തുടർപ്രവർത്തങ്ങൾ ലോകം മുഴുവൻ പ്രശംസ പിടിച്ചു പറ്റുന്ന രീതിയിൽ ഉള്ളതായിരുന്നു. നമ്മൾ കാലങ്ങളായി ആർജ്ജിച്ചു വന്ന ആരോഗ്യ സംസ്കാരം ഈ രോഗം പടർന്നു പിടിക്കുന്നത് തടയുന്നതിൽ മുതൽ കൂട്ടാവുകയും ചെയ്തു.

ഒരു രാജ്യം സമ്പൂർണമായി അടച്ചിടുക എന്ന കാര്യം എനിക്ക് പുതിയതും ആശ്ചര്യം ഉളവാക്കുന്നതും ആയിരുന്നു. തിരക്ക് പിടിച്ചു എന്തൊക്കെയോ നേടാൻ വേണ്ടി ഓടി നടന്നിരുന്ന മനുഷ്യൻ ഒരു സുപ്രഭാതത്തിൽ തന്റെ വീടിന്റെ ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടി വന്നത് ചിന്തിക്കുന്നതിലും അപ്പുറം ആയിരുന്നു. എന്റെ സ്കൂൾ ജീവിതം പൊടുന്നനെ നിലയ്ക്കുന്നതും, സുഹൃത്തുക്കളുമായുള്ള ബന്ധവും കളിയും ചിരിയും ഒക്കെ നിലച്ചു പോവുന്നതും എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കു വേണ്ടി നമ്മുടെ ചില ഇഷ്ടങ്ങളും ആവശ്യങ്ങളും കുറച്ചു കാലത്തേക്ക് മാറ്റിവെക്കുന്നത് ഓരോ മനുഷ്യന്റെയും കടമയാണെന്നാണ് ഞാൻ കരുതുന്നത്, അതോടൊപ്പം തന്നെ നമ്മുടെ സർക്കാരും മെഡിക്കൽ വിദഗ്ധരും തരുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും നമ്മൾ തയ്യാറാവേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമുക്കീ മഹാമാരിയെ തുടച്ചു നീക്കാൻ പറ്റുകയുള്ളു. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന അമിത ചൂഷണവും ക്രൂരതയും ഇന്ന് നമുക്കുണ്ടായ മഹാമാരിക്ക് ഹേതുവായോ എന്നും ഞാൻ കരുതുന്നു. ഒരു പക്ഷെ ഈ ദുരന്ത കാലം മനുഷ്യന്റെ അത്യാർത്തിയും സങ്കുചിത ചിന്തകളും മായ്ച്ചു കളയാനും, പ്രകൃതിയെ നശിപ്പിക്കാതെ വേറിട്ടൊരു വികസന മാതൃക നടപ്പിലാക്കാനും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ കാലം പടുത്തുയർത്താനും അവന്റെ മനസിനെ പ്രാപ്തമാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

നിവേദിത വിനയ്
8 ബി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം