Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കേരളവും
കൊറോണ എന്ന അതിസൂഷ്മമായ, മാരകമായ വൈറസ് ,എന്തും തന്റെ കൈ പിടിയിലൊതുങ്ങും എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യനെ ഇട്ട് വട്ടം കറക്കുന്ന കാഴ്ച്ചയാണ് രണ്ടു മാസമായി നാം കണ്ടു കൊണ്ടിരിക്കുന്നത്. അതിബുദ്ധിമാനായ മനുഷ്യന് ഇതുവരെ ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള മരുന്ന് പോലും കണ്ടത്താനായിട്ടില്ല. എന്നതാണ് ഈ രോഗം മാനവരാശിയുടെ മേൽ ഇത്രമാത്രം പിടിമുറുക്കാനിടയായ ഒരു കാരണം. ചൈനയിലെ വുഹാനിൽ രൂപം കൊണ്ട ഈ വൈറസ് ലോക രാജ്യങ്ങളെ എല്ലാം കടപുഴക്കി വീഴ്ത്തി ഇതാ കടലും കടന്ന് നമ്മുടെ ഈ കൊച്ചു കേരളത്തിലുമെത്തി തന്റെ ശക്തി അറിയിച്ചു കൊണ്ടിരിക്കുകയാണ്.ബന്ധുക്കളും സ്നേഹിതരും മാതാപിതാക്കളും മക്കളും കൺമുമ്പിൽ പിടഞ്ഞു വീണു മരിക്കുന്ന കാഴ്ച നിസ്സഹായനായി നോക്കി നിൽക്കാനേ മനുഷ്യനാകുന്നുള്ളൂ. മനുഷ്യൻ തന്റെ നിസ്സാരത തിരിച്ചറിയുന്ന കാലമാണീ കൊറോണക്കാലം.
എന്നാൽ ഈ കൊറോണാ പോരാട്ടത്തിൽ നമ്മുടെ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു. നമ്മൾ കേരളീയർ ഒറ്റക്കെട്ടായി ഒരുമിച്ചു നിന്ന് ഈ മഹാമാരിക്കെതിരെ പൊരുതി. ലോക രാജ്യങ്ങൾ പോലും കേരളത്തിന്റെ മാതൃക അനുകരണീയം എന്ന് വാഴ്ത്തി. കെട്ടുറപ്പുള്ള ഒരു ആരോഗ്യ സംവിധാനം നമ്മുടെ കേരളത്തിലുണ്ട്. ബഹു.മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നേതൃത്വത്തിൽ ഡോക്ടേഴ്സ്, നേഴ്സസ്, ആരോഗ്യ പ്രവർത്തകർ, പോലീസ് സംഘം എന്നിവർ ഒന്നിച്ചു നിന്നു സഹകരിച്ചു പ്രവർത്തിച്ചതാണ് നമുക്ക് ഈ മഹാമാരിയെ നേരിടാൻ പ്രധാനമായും കാരണമായത്. ജനങ്ങൾ സർക്കാർ സംവിധാനങ്ങളോട് സഹകരിച്ചു. പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിനോട് അവർ ആത്മാർത്ഥത കാട്ടി. കടകമ്പോളങ്ങളും ആരാധനാലയങ്ങളും ജനങ്ങൾ ഒന്നിച്ചു കൂടാനിടയുള്ള എല്ലാ സ്ഥലങ്ങളും അടയ്ക്കുകയും ജനങ്ങൾ വീട്ടിൽ തന്നെ കഴിയുകയും ചെയ്തു.ഇതിന്റെയെല്ലാം ഉദ്ദേശ്യം ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുക എന്നതാണ്. അവശ്യസാധനങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങാം. ബാക്കി ഉപജീവനത്തിനുള്ള വക സർക്കാർ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്നു. ആളുകൾ തമ്മിൽ അകലം പാലിച്ചും ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകിയും ശുചിത്വ ശീലങ്ങൾ പാലിച്ചും നമുക്ക് കൊറോണയെ തുരത്താം. മനുഷ്യനെ ദുരിതത്തിലാഴ്ത്തുന്ന ഈ മഹാമാരി ഈ ലോകത്തു നിന്നു തന്നെ തുടച്ചു മാറ്റപ്പെടുന്നതിനായി നമുക്ക് ഒന്നു ചേർന്ന് പ്രാർത്ഥിക്കാം പരിശ്രമിക്കാം.......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|