എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/വേനലിലെ കാത്തിരിപ്പ്..

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനലിലെ കാത്തിരിപ്പ്.. <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനലിലെ കാത്തിരിപ്പ്..

ഒരു വെള്ളിയാഴ്ച പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ അച്ഛനും ചേച്ചിയും വാർത്തയിൽ മുഴുകി ഇരിക്കുന്നതാണ് കണ്ടത്. എന്തെന്നറിയാൻ ഞാൻ ആകാംക്ഷയോടെ അകത്തു ചെന്നു. ആ വാർത്ത കണ്ട് എന്റെ മനസ്സും ശരീരവും സന്തോഷം കൊണ്ടു തുള്ളിച്ചാടാൻ തുടങ്ങി. വാർത്തയിൽ വലിയ അക്ഷരങ്ങളിൽ എഴുതി കാണിച്ചു, പരീക്ഷകൾ മാറ്റിവെച്ചു' ആദ്യം ചെറിയ ആശങ്ക തോന്നിയെങ്കിലും അതിനു അതിനുതാഴെ 8 ,9 ക്ലാസ്സുകളുടെ പരീക്ഷ ഉപേക്ഷിച്ചു എന്ന് കണ്ടപ്പോൾ ആശങ്ക പോയി. ഇനിയുള്ള രണ്ടു പരീക്ഷകൾ എഴുതണ്ട എന്ന് സന്തോഷത്തിൽ തുള്ളിച്ചാടി.

അപ്പോൾഎനിക്കുണ്ടായ സന്തോഷം അടക്കാനാവാത്ത ആയിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞ് വാർത്തയിൽ എഴുതിക്കാണിച്ചത് വായിച്ച് എനിക്ക് എന്റെ സന്തോഷം നഷ്ടമായി. സംസ്ഥാനമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു എന്നതായിരുന്നു ആ വാർത്ത. വല്യമ്മയുടെ യും അമ്മയുടെയും വീട്ടിൽ വേനലവധി ചെലവിടണം എന്ന എന്റെ പ്രതീക്ഷകളും അവിടെ ചെന്ന് സഹോദരങ്ങളോടൊപ്പം കളിക്കാമെന്ന എന്റെ മോഹങ്ങളും എല്ലാം വീണുടഞ്ഞ ചില്ലു പാത്രം പോലെ ആയി. എങ്കിലും നല്ലൊരു നാളെക്കായി, കോവിഡ് 19 എന്ന മഹാമാരി ക്കെതിരെയുള്ള പോരാട്ടം ആണല്ലോ എന്നോർത്ത് കൊണ്ട് ഞാൻ എന്റെ മോഹങ്ങൾ പൂട്ടിയിട്ടു.

അങ്ങനെ ലോക്ഡൗൺ ആരംഭിച്ചു. ആദ്യ രണ്ടു മൂന്നു ദിവസങ്ങൾ ടിവി കണ്ടു ചെലവഴിച്ചു. പിന്നെ പിന്നെ ടിവി മടുത്തു തുടങ്ങി. ഞാൻ ദിവസങ്ങൾ എണ്ണി എണ്ണി തള്ളിനീക്കി. ഒരിക്കലും തിരക്കുകൾ ഒഴിഞ്ഞു കിട്ടാത്ത അമ്മ വീട്ടിൽ ഉള്ളതാണ് ഏക ആശ്വാസം. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാനും ചേച്ചിയും ചേർന്ന് വീട്ടിൽ വയ്ക്കാൻ പേപ്പറുകൾ കൊണ്ട് സാധനങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. കുറെ വസ്തുക്കൾ ഉണ്ടാക്കി. അതുകൊണ്ടാവണം സമയം വളരെ പതുക്കെ ചലിക്കുന്നതായി തോന്നി. ഒരുപാട് പാടുപെട്ട് ഞാൻ സമയം തള്ളിനീക്കാൻ ശ്രമിച്ചു. അവസാനം സമയം ചെലവഴിക്കാനായി ഞാൻ അമ്മയെ അടുക്കളയിൽ സഹായിക്കാൻ തീരുമാനിച്ചു. ലോക്ഡൗൺ ആയതിനാൽ വീട്ടിലെ പറമ്പിൽ നിന്ന് കിട്ടുന്ന ചക്കയായിരുന്നു മിക്ക ദിവസവും ചോറിനോടൊപ്പം ഉണ്ടായിരുന്നത്. അടുക്കളയിൽ എന്റെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങൾ പലതും പരാജയപ്പെട്ടപ്പോൾ അമ്മയെ സഹായിക്കുക എന്ന ലക്ഷ്യം ഞാൻ വെടിഞ്ഞു. പിന്നെ പിന്നെ ഉള്ള ദിവസങ്ങൾ ഞാനും ചേച്ചിയും കൂടി അപ്പുറത്തെ പറമ്പിൽ സൈക്കിൾ ചവിട്ടി അങ്ങനെ നടന്നു.

ദിവസങ്ങൾ പതുക്കെ പതുക്കെ കടന്നു പോയി. 21 ദിവസമായി കാത്തിരുന്ന ആ ദിവസം എത്തി. അത് വിഷു ദിനമായിരുന്നു. വെറും വിഷു അല്ല, ഒരു ലോക്ഡൗൺ വിഷു. കൃഷ്ണനെ കണി കണ്ടുണർന്നു. എന്റെ കാത്തിരിപ്പ് അവസാനിക്കാൻ പോവുകയാണ് എന്ന് വിചാരിച്ചു കൊണ്ട് ഞാൻ രാവിലെ സന്തോഷത്തോടെ വാർത്ത വച്ചു. പക്ഷേ അപ്പോൾ എന്നെ വീണ്ടും വിഷമത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് ഞാൻ കണ്ടത്. ആ വാർത്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു. ലോക്ഡൗൺ നീട്ടിവെച്ചു എന്നതായിരുന്നു വാർത്ത. ഞാൻ വീണ്ടും നിരാശയിലേക്ക് വഴുതിവീണു.

വീണ്ടും ഒരു നല്ല നാളേക്കായി ഒരു നല്ല അധ്യയന വർഷത്തേയ്ക്കായി ശുഭ പ്രതീക്ഷകളോടെ എന്റെ ലോക്ഡൗൺ ദിവസങ്ങൾ തുടരുന്നു........

അനന്ത ലക്ഷ്മി സി
8സി എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ