കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/മഴയോർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഴയോർമ്മകൾ



ആ മഴച്ചാറ്റലിൻ തണലിലുറങ്ങുവാൻ
ഇനിയൊരിടം ഇന്നെനിക്കുവേണം
മഴയോർമ ചൂടിയൊരാ ഇലകൾ തന്നിലെ
മാമ്പൂമണക്കും കഥയൊന്നെഴുതുവാനായ്
ആ കാറ്റിനിയും പിന്നെയാകാം
ആ വെയിലിനിയും പിന്നെയാകാം
ഈ പൂമരത്തണലിലൊറ്റയ്ക്കായ്‌ ഇരുന്നു ഞാൻ
മഴതൻ കുളിരോർമ്മ കൊണ്ടിടട്ടെ
ചിന്ത തൻ അന്ധകാരത്തിൽ നിന്ന് ഞാൻ
മഴ തൻ കഥയൊന്നെഴുതീടട്ടെ
മഴത്തോരണങ്ങൾ പതിഞ്ഞൊരാപ്പൂവിൻ ഇതളിലേക്കായ്
വെയിൽ ചേക്കേറവേ , ആ നിമിഷത്തിൽ ഇരു
മനസ്സുകൾ പങ്കിട്ട ചെറുകിളിതൻ കഥയൊന്നെഴുതീടട്ടെ
ആകാശമാം മിഴി തനിയെ തുളുമ്പിയ മഴയുടെ
മാറിൽ മറഞ്ഞിടട്ടെ
മഴയുടെ മൃദുമന്ദഹാസമാം പ്രണയം ഞാനൊന്നു വാങ്ങിടട്ടെ
മൃദുലമാം ദളങ്ങൾ പൊഴിക്കുമാ കാറ്റിനൊപ്പം
കുറുകുമീ ചെറുകിളിതൻ കഥ
എൻ വിരൽതുമ്പിനാൽ എഴുതീടട്ടെ
മഴയോർമ്മ ചൂടിയൊരാ ഇലകൾ തന്നിലെ
പ്രണയം ഞാനൊന്നെഴുതീടട്ടെ


മുടിയിഴപാതിയും ജീവനില്ലാത്തവ
നര പടർന്നങ്ങനെ മരണമായി മാറവെ
കണ്ണുനീർ കണങ്ങൾ കരിനിഴൽ പടർത്തവേ
കാതുകൾ കേൾക്കുന്നു മരണമാം മുറവിളി
ഇതളറ്റ് വീഴുന്ന കരിയിലക്കാറ്റിനാൽ
ഹൃദയസ്പന്ദനമങ്ങു നിശ്ചലമാകവെ
വർണങ്ങൾ മായവെ വാക്കുകൾ മറയവെ
തെല്ലിട നേരമൊന്നു മയങ്ങിടട്ടെ ഞാൻ
പുലർവേളതൻ മന്ദഹാസത്തിൽ നിന്നും
പടിയിറങ്ങേണ്ടിവരുമെന്നു വിടപറയുവാനാകാതെ
വിരഹവാക്കുകൾ ചൊല്ലുവാനാകാതെ
വഴിയിലെവിടെയോ വീണുപോകുന്നു ഞാൻ
മരണ മണി മുഴങ്ങുമീ വേളയിൽ
സിരപടലങ്ങൾ വലിഞ്ഞു മുറുകവേ
തിരികെയൊന്നു മടങ്ങുവാനാകാതെ
ഇനിയുമെൻ ജീവൻ അറിയുവാനാകാതെ
മരണ മന്ത്രത്താൽ കാഴ്ചകൾ മായവെ
അകലെയെവിടെയോ അകലുന്നു ഇന്നുഞാൻ
അകലെ എന്തെന്ന മാധുര്യമറിയാതെ

 

യവനകൃഷ്ണൻ
XI A കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത