Schoolwiki സംരംഭത്തിൽ നിന്ന്
ജലാശയങ്ങളും നാടിന്റെ സൗന്ദര്യവും
നമ്മുടെ നാടിന്റെ സാമൂഹ്യവും സാംസ്കാരികവുമായ സവിശേഷതകളെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് തോടുകളും കുളങ്ങളും ചിറകളും നദികളും കായലുകളും പടിഞ്ഞാറ് നീണ്ടുനിവർന്നു കിടക്കുന്ന അറബിക്കടലുമെല്ലാം ചേർന്ന ജലാശയങ്ങൾ. സസ്യജന്തുജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയുടെ നിലനിൽപ്പിന് ഈ ജലസ്രോതസ്സുകൾ അത്യന്താ പേക്ഷിതമാണ്. നമ്മുടെ നാടിന്റെ സൗന്ദര്യം കൂട്ടുന്നതിലും ഈ ജലാശയങ്ങൾക്കു വളരെയധികം പങ്കുണ്ട്.
പല യൂറോപ്യൻ രാജ്യങ്ങളുടെയും ഭംഗി നിലനിർത്തുന്നതിൽ അവിടുത്തെ ജലാശയങ്ങൾ പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. ജലാശയങ്ങൾ മലിനമാകാതെയും അതിന്റെ സ്വാഭാവികത നഷ്ടപ്പെടാതെയും അവർ നോക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ ചിത്രീകരിക്കുന്ന പല ചലച്ചിത്രങ്ങളിലും സഫാരി ചാനലിലും നമുക്കിത് കാണാവുന്നതാണ്. നദികളോടും ജലാശയങ്ങളോടും തൊട്ടുചേർന്ന് കെട്ടിടങ്ങൾ വളരെ കുറവാണവിടെ. നദികളുടെ ഭംഗി ആസ്വദിക്കാവുന്ന രീതിയിലാണത്. എന്നാൽ നമ്മുടെ നദികളും തോടുകളും കായലുകളും വലിയ കെട്ടിടങ്ങളുടെ പിൻവശത്തായി ഒതുങ്ങിപ്പോയിരിക്കുകയാണ്.
ബഹുനിലമന്ദിരങ്ങളിൽ താമസിക്കുന്നവർക്കുമാത്രം ആസ്വദിക്കാനുള്ളതാണ് നദിയുടെയും കായലിന്റെയും സൗന്ദര്യം എന്നായിരിക്കുന്നു നമ്മുടെ കാഴ്ചപ്പാട്. അത് മാറേണ്ടിയിരിക്കുന്നു. നദികളും ജലാശയങ്ങളും പൊതുസമ്പത്താണ്. അത് കുറച്ച് സമ്പന്നർക്ക് മാത്രം അവകാശപ്പെട്ടതല്ല. ജലാശയങ്ങളും സസ്യജാലങ്ങളുമെല്ലാം ചേർന്നുള്ള നാടിന്റെ ഈ സൗന്ദര്യം കെട്ടിടങ്ങളുടെ പിന്നിൽ ഒളിപ്പിക്കാനുള്ളതല്ല. അതിനെ നമുക്ക് തുറന്നുകാട്ടാം, അഭിമാനത്തോടെ.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|