ഗവ. യു പി എസ് കുശവർക്കൽ/അക്ഷരവൃക്ഷം/ കോവിഡ് കാലത്തെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ അതിജീവനം


കഴിഞ്ഞ 2-3 മാസങ്ങളായി ഏറെ ഭയത്തോടെ നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ് – 19 എന്ന കൊറോണ വൈറസ് പരത്തുന്ന രോഗം. ലോകത്തെ വിറപ്പിച്ചു കൊണ്ടാണ് കോവിഡിന്റെ വരവ്. ചൈനയിലാണ് കോവിഡിന്റെ ഉത്ഭവം. കോവിഡിനെ തുരത്താനുള്ള ഏകമാർഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഈ മഹാമാരിയെ തുടച്ചുനീക്കാൻ ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും സർക്കാർ നമുക്ക് തരുന്നുണ്ട് . ആ നിർദ്ദേശങ്ങൾ നമ്മൾ അതേപടി അനുസരിക്കണം. മനുഷ്യരാശിയെത്തന്നെ ഭൂമിയിൽ നിന്ന് തുടച്ചുമാറ്റാൻ കഴിവുള്ള ഈ മഹാമാരിയെ ചെറുക്കുവാനും നമ്മുടെ ജീവൻ സംരക്ഷിക്കുവാനും വേണ്ടി സർക്കാരിന്റെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പും പോലീസും ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും സ്വന്തം ആരോഗ്യവും സുരക്ഷിതത്വവും പോലും വകവെയ്ക്കാതെ അഹോരാത്രം പ്രയത്നിക്കുകയാണ്. അവരുടെ പരിശ്രമത്തോടുള്ള നമ്മുടെ ആദരവും പിന്തുണയുമായി നമ്മൾ ഈ ലോക്ഡൗൺ കാലമത്രയും സർക്കാർ നിർദ്ദേശം പാലിച്ച് സുരക്ഷിതരായി വീടുകളിൽതന്നെ കഴിയേണ്ടതാണ്. കൊറോണ നമുക്ക് തരുന്ന പാഠങ്ങൾ വലുതാണ്. മനുഷ്യൻ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും അവനെത്ര ബലഹീനനാണെന് കൊറോണ നമ്മെ പഠിപ്പിക്കുന്നു. അധികാരവും പണവും ബുദ്ധിയും ശക്തിയുമെല്ലാം ഇത്തരം മഹാമാരിക്ക് മുന്നിൽ തോറ്റ് പോകുന്നത് നാം കണ്ടു. കൊറോണായെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വം നാം ഓരോരുത്തരും പാലിക്കേണ്ടതായുണ്ട്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് വൃത്തിയായി കൈ കഴുകുകയും അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കേണ്ടുന്നതുമാണ്. ഇത്തരം സമയങ്ങളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വൈറ്റമിൻ C അടങ്ങിയ ഭക്ഷണം കഴിക്കുകയും ശരീരത്തിനാവശ്യമായ വൈറ്റമിൻ D ലഭിക്കുന്നതിനായി കുറച്ച്നേരം വെയിൽ കൊള്ളുകയും വേണം. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ലോകരാജ്യങ്ങളുടെതന്നെ ശ്രദ്ധ ആകർഷിക്കുവാൻ നമ്മുടെ ഈ കൊച്ചുകേരളത്തിന് കഴിഞ്ഞു എന്നതും എടുത്ത്പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ്. കേരളമോഡൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഏവരുടേയും പ്രശംസയ്ക്ക് പാത്രമാകുവാനും നമ്മുടെ സംസ്ഥാനത്തിന് സാധിച്ചു. അടിസ്ഥാനപരമായി നല്ല വായു, ശുദ്ധമായ വെള്ളം ആരോഗ്യ പ്രദമായ ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിയ്ക്കാതെ ഒരു രാജ്യത്തിന്റെ വലിയൊരു സമ്പാദ്യവും ലോകം കീഴടക്കാനാവശ്യമായ ആയുധശേഖരങ്ങൾ കൊണ്ട് നിറയ്ക്കുകയും പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും സ്വാർത്ഥ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുകയും ചെയ്യുന്ന ആളുകൾക്ക് വേറിട്ട് ശരിയുടെ പാതയിൽ സഞ്ചരിക്കാനുള്ള വിവേകം ഈ കൊറോണക്കാലം നൽകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഈ ഇരുട്ടിനെ ഇല്ലാതാക്കി വെളിച്ചം പകർത്താൻ ജാതിയും മതവും വർഗ്ഗവും രാഷ്ട്രീയവും ഒന്നും ഇല്ലാതെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്.

നന്ദന എച്ച് എൻ
5 എ ഗവ.യു.പി.എസ്.,കുശവർക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം