തുമ്പയും മുക്കുറ്റിയും തോൾചേർന്നു നിൽക്കുന്ന
പാടവരമ്പത്ത് സാമോദമങ്ങനെ
മാനത്ത് കണ്ണിയെ നോക്കിയിരുന്നതും.
മാനമിരുണ്ടിടിവെട്ടിയ നേരത്ത്
കെട്ടിപ്പിടിച്ചു നീ പൊട്ടിക്കരഞ്ഞതും.
തുമ്പിയോടൊന്നിച്ച് പാറിനടന്നതും
അമ്പിളിമാമനെ കിട്ടാതെ കേണതും
അമ്പലക്കാളയെ കണ്ട് പേടിച്ചതും.
എൻ മനോ മുകുരത്തിൽ സൌവർണശോഭയിൽ
തെളിയുന്നു കുഞ്ഞേ നിൻ ബാല്യ കേളികൾ.
പുസ്തക സഞ്ചിയും മാറോട് ചേർത്ത് നീ
പള്ളിക്കൂടത്തിൽ പോയ് വന്നിടുന്നതും
ചാറൽ മഴയത്തങ്ങോടിനടന്നതും
ശീലക്കേടോടെ കിടന്ന് കരഞ്ഞതും
ഇന്നത്തെയെന്നപോലോർത്തെടുക്കുന്നു ഞാൻ
ഇക്കതിർ മണ്ഡപചാരെ നിന്നീടുമ്പോൾ.
ഉണ്ണിവായിൽ ഉരുളച്ചോറ് തീറ്റിയും
രാരീരം താരാട്ട് പാടിയുറക്കിയും
ശീലക്കേടാറ്റാൻ ഞാൻ കോപിഷ്ടനായതും
പിൻപറ്റി വന്നെൻറെ കൺകളടച്ചതും
നറുചുംബനം കൊണ്ട് കുളിരണിയിച്ചതും
മായാതെ മറയാതെ തെളിയുന്നിതോമനെ
എൻ ഹൃദയത്തിൻറെ ഭിത്തിയിലിങ്ങനെ....
എങ്ങനെ പിരിയേണ്ടു നിന്നെ ഞാനോമനെ
എങ്ങനെ അകലേണ്ടു നിന്നെ ഞാനോമനെ
നിൻമൃദുകരമൊരു യൌവന ഹസ്തത്തിൽ
ഏൽപ്പിക്കയാണു ഞാനച്ഛനായ് ഓമനേ...
അദൃശ്യമായൊരുപൊക്കിൾക്കൊടിയിന്ന്
മുറിയുന്ന വേദനയേൽക്കയാണമ്മയായ്.
നിന്നുടെ കുഞ്ഞേട്ടൻ, നീ കാണാത്ത നിന്നച്ഛൻ,
നിന്നുടെ കണ്ണിന്ന് പൊൻകണിയായിടും
പൊന്നമ്മയാമേട്ടൻ മംഗളം നേരുന്നു-
പൊന്നമ്മയാമേട്ടൻ മംഗളം നേരുന്നു.