ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ നല്ല നാളെക്കായി..

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംരക്ഷിക്കാം പ്രകൃതിയെ നല്ല നാളെക്കായി..

ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളു ടെ വാസസ്ഥലമായി മാറി. ഇത്തരത്തിൽ ജീവീയ ഘടകങ്ങളും അജീവിയ ഘടകങ്ങളും പരസ്പരാശ്രയത്തിൽ കഴിയുന്ന വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും പരിസ്ഥിതി എന്ന് നമുക്ക് വിളിക്കാം.
ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ എന്നിവ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, ജലം, കാലാവസ്ഥ തുടങ്ങിയവ പരിസ്ഥിതിയുമായി ബന്ധപ്പെട്ട അവിഭാജ്യ ഘടകങ്ങളാണ്. ഒരു ജീവിയുടെ ജീവിത ചക്രവും അതിന്റെ സ്വഭാവസവിശേഷയും രൂപപ്പെടുന്നതിൽ പരിസ്ഥിതി വഹിക്കുന്ന പങ്ക് വളരെ പ്രാധാന്യമേറിയതാണ്. ജീവികൾ തമ്മിലുള്ള ബന്ധവും അവയ്ക്ക് അജീവിയ ഘടകങ്ങളായുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സ്ഥിരമായ ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു.
ആധുനിക മനുഷ്യൻ അവന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുകയാണ്. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങൾ പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിൽ മാറിയിരിക്കുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുളള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. പ്രകൃതിയുടെ സമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വ്യവസായ ശാല യുടെ വളർച്ചയുടെ ഫലമായി നദിയും തടാകങ്ങളും മലിനമായി കൊണ്ടിരിക്കുന്നു. വാഹനങ്ങളുടെയും മറ്റും എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ നമുക്കു ചുറ്റും നിന്നും ശുദ്ധവായുവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി മലിനീകരണത്തിന് മുഖ്യപങ്ക് വഹിക്കുന്ന ഒരു ഘടകം പ്ലാസ്റ്റിക് ആണ്. പ്ലാസ്റ്റിക് നിരോധനത്തിൽ കൂടി ഒരു പരിധിവരെ നമുക്ക് ഇതിൽ നിന്നും ഭൂമിയെ സംരക്ഷിക്കാൻ കഴിയും. പരിസ്ഥിതിക്ക് നേരെയുള്ള മനുഷ്യന്റെ വിവേകശൂന്യമായ ഇടപെടലുകൾ തുടർന്നാൽ പ്രകൃതി മാത്രമല്ല മനുഷ്യ വർഗ്ഗം തന്നെ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെടും എന്നതിൽ സംശയമില്ല. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന് ആവശ്യമാണ്. പ്രകൃതിയെ ബുദ്ധിപൂർവ്വം ഉപയോഗിക്കുകയും പ്രകൃതിവിഭവങ്ങളെ ശ്രദ്ധാപൂർവം സംരക്ഷിക്കുകയും ചെയ്യാൻ ശ്രമിച്ചാൽ ഒരു പരിധി വരെ പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്നും മുക്തമാക്കാൻ നമുക്ക് കഴിയും. പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്തേണ്ടത് വരുംതലമുറയുടെ നിലനിൽപ്പിന് അത്യാവശ്യമാണ് എന്ന് നാം തിരിച്ചറിയണം.

ഗംഗാലക്ഷ്മി എസ്
7 C ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം