Schoolwiki സംരംഭത്തിൽ നിന്ന്
പിറന്നാൾ സമ്മാനം
എല്ലാ തവണയും മിഠായിയും കേക്കും കൂട്ടുകാരും പാർട്ടിയും അവന്റെ പിറന്നാളിന് മാറ്റ് കൂട്ടിയിരുന്നു. അന്നത്തെ ദിവസം കൂട്ടുകാർക്ക് വേണ്ടി അമ്മ ഏറ്റവും രുചികരമായ പലഹാരങ്ങളും വീഞ്ഞും ഉണ്ടാക്കിയിരുന്നു. വീട് മുഴുവൻ ബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ട് അലങ്കരിക്കും. കൊറോണ കാരണം അവന്റെ ക്ലാസുകൾ അടച്ചുപൂട്ടി.വീട്ടിൽ എല്ലാവരും അടച്ചു പൂട്ടി ഇരിക്കാൻ ഉത്തരവ് വന്നത് കൊണ്ട് തന്റെ പിറന്നാള് ആഘോഷിക്കാൻ പറ്റാതെ പോകുമോ എന്ന് സ്റ്റീവ് ഭയന്നു.അതിനു മുന്നേ അവധി തീരാൻ അവൻ പ്രാർത്ഥിച്ചു. പക്ഷേ ഓരോ ദിവസം കഴിയും തോറും ലോകത്തെ കൊറോണ ഉലച്ചുകൊണ്ടിരുന്നു. സ്റീവിന്റെ അച്ഛൻ ജോർജ് കേക്ക് വാങ്ങാം എന്ന് വിചാരിച്ചു തലേന്ന് തന്നെ കടയിലേക്ക് പോയി. പക്ഷേ നിർഭാഗ്യവശാൽ കടകൾ ഒന്നുപോലും തുറന്നിട്ടില്ല. വെറും കൈയോടെ വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ മുറ്റത്ത് അവൻ കാത്തിരിപ്പുണ്ടായിരുന്നു. അവന്റെ മുഖം മങ്ങിയത് അച്ഛൻ കണ്ടു. അവൻ വിഷമത്തോടെ ആണ് അന്ന് ഉറങ്ങാൻ കിടന്നത്. അവൻ ഉറങ്ങിയശേഷം അമ്മ നിസ്സഹായയി അച്ഛനെ നോക്കി. അവനു വേണ്ടി കേക്ക് ഉണ്ടാക്കാൻ അമ്മ തീരുമാനിച്ചു. സ്റ്റീവ് ജനിച്ചിട്ട് ഇന്ന് വരെ ഇതുപോലെ ആഘോഷങ്ങൾ ഇല്ലാതെ ഇരുന്നിട്ടില്ല.രാത്രി ഉറങ്ങാൻ കിടന്നിട്ടും ജോർജിനും ഭാര്യക്കും ഉറക്കം വന്നില്ല. നിരത്തിലൂടെ പോലീസിന് മാത്രമേ ഇറങ്ങിനടക്കാൻ അനുവാദം ഉള്ളൂ. ജോർജ്ജ് വേഗം തന്നെ തന്റെ മൊബൈൽ എടുത്തു പോലീസിനെ വിളിച്ചു തന്റെ വിഷമം അറിയിച്ചു. നമ്മുക്ക് തീരുമാനം ഉണ്ടാക്കാം എന്നല്ലാതെ ഒന്നും അവർ പറഞ്ഞില്ല. ആ പ്രതീക്ഷയും കൈവിട്ടു പോയെന്നു അയാൾക്ക് തോന്നി. ഒത്തിരി സങ്കടത്തോടെ ആണ് അവർ രണ്ടു പേരും ഉറങ്ങിയത്. പിറ്റേന്ന് അമ്മ നേരത്തെ എണീറ്റു. അടുക്കളയിൽ കയറി സ്റീവിന് വേണ്ടി കേക്ക് ഉണ്ടാക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു ജോർജ്ജും എണീറ്റു. കേക്ക് ഉണ്ടാക്കാൻ സഹായിച്ചു. ഉറങ്ങി എണീറ്റ സ്റ്റീവിന് നല്ല കേക്കിന്റെ മണം വന്നു. അവൻ കൊതിയോടെ അടുക്കളയിലേക്ക് ഓടി. അമ്മ ഉണ്ടാക്കിയ സ്വാദിഷ്ടമായ കേക്ക് അവൻ കണ്ടു.പെട്ടന്ന് അവൻ വാഹനങ്ങളുടെ ഹോൺ അടി കേട്ടു. മുറ്റത്തേക്ക് അവൻ ഓടി ചെന്നു. അവിടെ അവനെ ഞെട്ടിക്കുന്ന ഒരു കാഴ്ച്ച അവൻ കണ്ടു. ഏഴു പോലീസ് വാഹനങ്ങൾ നിരന്നു കിടക്കുന്നു. അവനെ കണ്ടതോടെ അതിൽ ഉണ്ടായിരുന്ന പോലീസുകാർ ഹാപ്പി ബർത്ത് ഡേ എന്ന പാട്ട് പാടാൻ തുടങ്ങി. അവനു അതിലും വല്യ സന്തോഷം ഒരു പിറന്നാളിന് പോലും ഉണ്ടായിട്ടില്ല. അതിനു ശേഷം ഹോൺ അടിച്ചു കൊണ്ട് ആ വാഹനങ്ങൾ പോയി. സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു. അകത്തു തന്നെ കാത്തിരിക്കുന്ന കേക്കിന്റെ അടുത്തേക്ക് അവൻ സന്തോഷത്തോടെ ഓടി..
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|