ഗവ. എച്ച് എസ് എസ് ഏഴിക്കര/അക്ഷരവൃക്ഷം/തിരോധാനം
തിരോധാനം
വെൺമനശ്ശേരി ഗ്രാമത്തിൽ ഒരു അമ്മയും മകളും താമസിച്ചിരുന്നു. അവർ രണ്ടുപേരുമടങ്ങുന്നതായിരുന്നു ആ കുടുംബം. കാർഷികവൃത്തിയിലൂടെയാണ് അവർ ഉപജീവനം കണ്ടെത്തിയിരുന്നത്. ലോകത്താകമാനം പടർന്നു പിടിച്ച കൊറോണയെന്ന മഹാമാരിയെത്തുടർന്ന് അവർക്ക് ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല. അങ്ങിനെയിരിക്കെ അവരുടെ അയൽവാസി അമേരിക്കയിൽ നിന്ന് നാട്ടിലെത്തി. ഈ അമ്മയും മകളും അവരുടെ വീട്ടിൽ പോകുകയും അവരുമായി സംസാരിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അമ്മക്ക് കടുത്ത പനിയും ചുമയും ബാധിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അവർ കോവിഡ് 19 എന്ന മാരക വൈറസിന്റെ പിടിയിലമർന്നതായി ബോധ്യപ്പെട്ടു. പിന്നീടുളള അവരുടെ നാളുകൾ ആശുപത്രിയിൽ സൃഷ്ടിക്കപ്പെട്ട ഏകാന്തതയിലായിരുന്നു. മകളാകട്ടെ ആശപത്രിയിൽ തന്നെ നിരാക്ഷണത്തിലുമായി. പ്രായാധിക്യത്തിന്റെ വിവശതയോടൊപ്പം രോഗാണുക്കളുടെ ആക്രമണം അവരെ വല്ലാതെ തളർത്തി. ശ്വാസകോശത്തിലുണ്ടായ കടുത്ത അണുബാധയെ തുടർന്ന് അവർ ഈ ലോകത്തോട് വിട പറയുകയും, ഈ ലോകത്തിലെ തന്റെ ഏക ബന്ധുവായ മകൾക്കു പോലും കാണാൻ സാധിക്കാതെ സംസ്കരിക്കപ്പെടുകയും ചെയ്തു. നിരീക്ഷണത്തിലായിരുന്ന മകൾ രോഗബാധയെ അതിജീവിച്ച് വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ, താനനുഭവിച്ചിരുന്ന മാതൃത്വത്തിന്റെ കരുതലും കാവലും നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിൽ തളർന്നിരുന്നു പോയി. തങ്ങളോടെന്നും സ്നേഹം കാണിച്ചിരുന്ന അയൽവാസികളുൾപ്പെടുന്ന നാട്ടുകാർ, താൻ രോഗവിമുക്തയായതിനു ശേഷവും കാണിച്ച അകൽച്ചയും അവഗണനയും അവളുടെ മനസ്സിനെ ദുർബലമാക്കി. നാട്ടിലെ അവളുടെ സാന്നിധ്യം പോലും നാട്ടുകാരിൽ അവജ്ഞയും വെറുപ്പും സൃഷ്ടിക്കുന്നു എന്ന ബോധ്യം അവളെ അവിടെ നിന്നും പോകാൻ നിർബന്ധിതയാക്കി. ഒരു ദിവസം നേരം പുലർന്നപ്പോൾ പുറത്തു നിന്ന് താഴിട്ട വീടിന്റെ വാതിൽ ആണ് നാട്ടുകാർ കണ്ടത്... |