സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത

ആനുകാലിക സംഭവവികാസങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ നിലനിർത്തേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വത്തിന് ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുണ്ട്. നാം നമ്മുടെ പൂർവ്വ കാലഘട്ടത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ, ഇന്ന് ഈ സമൂഹം അനുവർത്തിച്ചു പോരുന്ന ശുചിത്വമല്ല നമ്മുടെ പൂർവികന്മാർ അനുവർത്തിച്ച് പോന്നിരുന്നത് എന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ല. നാം ഇന്ന് ജീവിക്കുന്ന കാലഘട്ടവും, നമ്മുടെ പൂർവികന്മാർ ജീവിച്ചിരുന്ന കാലഘട്ടവും തമ്മിൽ അജഗജാന്തര വ്യത്യാസം നിലനിൽക്കുന്നു. നമ്മുടെ പുരാണങ്ങളും ചരിത്രവും എല്ലാം ശുചിത്വത്തെ പറ്റി ഏറെ പറഞ്ഞിരിക്കുന്നു .നമ്മുടെ ഋഷിവര്യന്മാർ പരിപാലിച്ചു പോന്നിരുന്ന ശുചിത്വ പ്രക്രിയകൾ ഏറെ ശ്രദ്ധേയമാണ്.നമ്മുടെ പൂർവികന്മാർ പരിപാലിച്ചു പോന്നിരുന്ന ജീവിതചര്യകൾ, ശുചിത്വ ക്രമങ്ങൾ  എന്നിവ വിശകലനം ചെയ്താൽ തന്നെ,നമ്മുടെ ഈ തലമുറ അവരിൽനിന്ന് ഒരുപാട് അകന്നിരിക്കുന്നു എന്ന കാര്യം  മനസ്സിലാക്കാൻ സാധിക്കുന്നു.സ്വന്തം ഗൃഹത്തിൽ പ്രവേശിക്കുമ്പോൾ പോലും കൈകാലുകൾ കഴുകി വൃത്തിയാക്കിയ മനുഷ്യർ ,ഇന്നു നമുക്ക് വെറും സങ്കൽപ്പങ്ങളിൽ ഒതുങ്ങുന്നവരാണ്. അരനൂറ്റാണ്ടുകാലം മുൻപു വരെയുള്ള മനുഷ്യരുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ആഹാര പദാർത്ഥമായിരുന്നു 'മോര്'.ഇഞ്ചിയും കറിവേപ്പിലയും കാന്താരിമുളകും എല്ലാം യഥാക്രമം അരച്ചുചേർത്ത് ഉണ്ടാക്കിയിരുന്ന മോരിന് നമ്മുടെ ആമാശയ ഗ്രന്ഥികളിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ പോലും  പരിഹരിക്കാൻ ആകുന്ന വിധം ഗുണമു ണ്ടായിരുന്നു.ഇന്നത്തെ കാലത്ത് മനുഷ്യന്റെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പദാർഥമായി മാറിയിരിക്കുന്നു മത്സ്യമാംസാദികൾ. വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന ഹോട്ടൽ ഭക്ഷണങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എടുത്തുപറയേണ്ടതില്ലല്ലോ. ഈ ആധുനിക യുഗത്തിൽ മനുഷ്യന് ആഹാരം കഴിക്കുന്ന പാത്രം പോലും കഴുകി വൃത്തിയാക്കാനുള്ള സമയം കിട്ടുന്നില്ല.... അഥവാ അതിനുള്ള സമയം  കണ്ടെത്തുന്നില്ല. എങ്ങോട്ടെന്നറിയാതെ ഓടുന്ന കാലചക്രത്തി നോടൊപ്പം ഓടിയെത്താൻ പരിശ്രമിക്കുന്ന മനുഷ്യൻ കൈവിട്ടു കളയുന്നത്  നമുക്ക് നമ്മുടെ പൂർവികന്മാർ ശീലിപ്പിച്ചു തന്നിരുന്ന ചില നല്ല ഗുണങ്ങളാണ്. അങ്ങനെ എല്ലാ രീതിയിലും  നമ്മുടെ ജീവിതരീതികൾ മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, മനുഷ്യന്റെ ഏറ്റവും അത്യാവശ്യ ഘടകമായ ശുചിത്വം അവനിൽ നിന്ന് വിട്ടു മാറിക്കൊണ്ടിരിക്കുകയാണ് . തന്റെ കൈകൾ വെറും വെള്ളത്തിൽ ഒന്ന് കാട്ടാൻ പോലും മടി കാണിച്ച് ഡൈനിങ് ടേബിളിൽ ഒരുക്കിവെച്ചിരിക്കുന്ന ആഹാരമെടുത്ത് ടെലിവിഷനു മുൻപിലോ, ഫോണിനു മുൻപിലോ ചടഞ്ഞു കൂടുന്ന മനുഷ്യൻ ഇക്കാലത്ത് കാണുന്ന ഒരു അപൂർവ്വ കാഴ്ചയെ അല്ല. മലയാളത്തിലെ പ്രഥമ സൈബർ നോവലായ " നൃത്തം " എന്ന നോവലിലെ പ്രധാന കഥാപാത്രമായ  ശ്രീധരൻ പുതുയുഗത്തിലെ മനുഷ്യന്റെ  ഒരു  നേർക്കാഴ്ചയായി തന്നെ കണക്കാക്കാം. കമ്പ്യൂട്ടറുകൾക്ക് പിന്നിലെ സൈബർ സ്പേസിലെ ഒഴുക്കിൽ പെട്ടുപോയ ശ്രീധരന് തന്നെത്തന്നെ നഷ്ടമാകുന്നു. പണ്ടുമുതൽക്കേ അയാളുടെ അമ്മ  ശീലിപ്പിച്ച ഒന്നാണ് ശുചിത്വം. വെളുപ്പിനെ ഉണർന്നാൽ ഉടനെ പല്ലുതേപ്പ് പിന്നീട് കുളി, അതല്ലാതെ ഒരു തുള്ളിവെള്ളം പോലും കുടിക്കാത്ത ആളായിരുന്നു  ശ്രീധരൻ . എന്നാലിപ്പോൾ ഉണർന്നാൽ ഉടൻ സൈബർസ്പേസ് ലേക്ക് കുതിക്കുകയും അവിടമാകെ നീന്തിത്തുടിക്കുകയും  ചെയ്തശേഷം ചായ.പല്ലുതേപ്പ് അവസാനമായി. കുളിര് തുടങ്ങിയാൽ കുളിക്കാതെ ഇരു കക്ഷങ്ങളിലും ഡിയോഡറന്റ് സ്പ്രേ ചെയ്തശേഷം ഓഫീസിലേക്ക് പോകുന്നതായി അയാളുടെ ശീലം.കുളി ഒരു ആവശ്യമല്ലെന്നും ശരീരം വൃത്തിയായി സൂക്ഷിച്ചാൽ മാത്രം മതി എന്നുമാണ് അയാളുടെ ഇപ്പോഴത്തെ വാദം. ഇത് ശ്രീധരന്റെ മാത്രം കഥയല്ല, സമൂഹത്തിൽ ഒറ്റപ്പെട്ട ഒരു സംഭവുമല്ല. ഇതാണ് പുതിയ തലമുറയുടെ ശീലം. ശുചിത്വം നമ്മിൽ നിന്ന് ഏറെ അകലെയാണ്. ഈ സംഭവങ്ങളുടെ പ്രതിപ്രവർത്തനം തന്നെയാണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ രൂക്ഷമായ വിപത്തുകൾ. ഇവയെല്ലാം നേരിടാൻ നമുക്ക് വളരെ പെട്ടെന്ന് തന്നെ സാധിക്കും. വീണ്ടും 'നല്ല മനുഷ്യൻ ആവുക'! ശുചിത്വം ജീവിതത്തിലെ തന്നെ ഒരു ഭാഗമാക്കി മാറ്റുക. പ്രകൃതി തന്നെ നമുക്ക് ആ പാഠം പഠിപ്പിച്ച് തരുകയാണ്. കൊറോണ എന്ന വിപത്തിനെ നേരിടാൻ സന്നദ്ധരായ മനുഷ്യൻ വീണ്ടും ശുചിത്വം പരിപാലിച്ചു വരുകയാണ് . ഇടവേളകളിൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നതും, ശരീരം ശുചിയായി സൂക്ഷിക്കുക എന്നതും, ഇന്നത്തെ മനുഷ്യന്റെ ദിനചര്യയാക്കി മാറ്റിയിരിക്കുകയാണ് 'പ്രകൃതി'. ഇതെല്ലാം നേരത്തെ അറിഞ്ഞു പ്രവർത്തിച്ചിരുന്ന നമ്മുടെ പൂർവികന്മാർ അവരുടെ തുച്ഛമായ അറിവുകൊണ്ട് കാത്തുസൂക്ഷിച്ചിരുന്നു ശുചിത്വത്തെ , സ്വയം ബുദ്ധിമാന്മാർ എന്ന് വിശ്വസിച്ച നമ്മുടെ ഈ പുതുതലമുറ അതെല്ലാം മറന്ന്, ശുചിത്വത്തെ തന്റെ ജീവിതചര്യകളിൽ നിന്ന് മാറ്റിവെച്ചുകൊണ്ട്  'ജീവിത പരിക്രമണത്തിലേക്ക്'  തിരിഞ്ഞു. ശുചിത്വം മറന്നതോടുകൂടി മാറാരോഗങ്ങൾ നമ്മെ പിന്തുടർന്നു വന്നു. ഇത്തരം മാറാ രോഗങ്ങളുടെ കൈകളിൽ നിന്ന് രക്ഷപ്പെടാൻ നാം വീണ്ടും നമ്മുടെ പൂർവികന്മാർ അനുഷ്ഠിച്ച് പോന്നിരുന്ന ശുചിത്വ പ്രക്രിയകൾ  പുനരാവിഷ്കരിക്കേണ്ട സമയം  അതിക്രമിച്ചിരിക്കുന്നു. ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് ഇന്ന് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. ഓരോ മനുഷ്യനും സ്വയം ശുചിത്വത്തിലേക്ക് എത്തണം. സ്വയം ശുദ്ധിയാകുക, നമ്മുടെ പരിസരത്തെയും ശുചിയായി സൂക്ഷിക്കുക. ശുചിത്വമില്ലാതെ ജീവിക്കുന്നതിന്റെ ദൂഷ്യവശങ്ങളാണ്  നാം ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുക സ്വയം സംരക്ഷിക്കുക. ഈ കാലഘട്ടം  നമുക്ക് തന്ന ഓർമ്മപ്പെടുത്തലുകളിൽ നിന്ന് ബോധം ഉൾക്കൊണ്ട് വീണ്ടും ശുചിത്വത്തിലേക്ക് മടങ്ങുക. വരുംതലമുറകൾക്ക് ശുഭകരമായിട്ടുള്ള സന്ദേശം നൽകുവാനും, ആരോഗ്യകരമായ ജീവിതരീതി സമ്മാനിക്കുവാനും, ശുഭപ്രതീക്ഷ നൽകുവാനും, ശുചിത്വത്തിലൂടെ നമുക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു....

രഹാൻ ആർ.എസ്
9 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം