ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ ലേഖനം//പ്രകൃതി നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ സമ്പത്ത്
     പ്രകൃതി അമ്മയാണ്. പ്രകൃതിയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ    പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി നാം ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
     നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. നഗരത്തിലുള്ള ആളുകളുടെ കുടിപ്പാർക്കൽ അവിടെയുള്ള സ്രോതസ്സുകൾക്കും ശുചിത്വ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. സമൂഹത്തിലെ വ്യവസായ ശാലകളിലും മറ്റും നിന്ന് തള്ളുന്ന മാലിന്യങ്ങൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. വികസനം ആവശ്യമാണ് എങ്കിലും കഴിയുന്നത്ര പരിസ്ഥിതിയെ ബാധിക്കാത്ത വിധത്തിലായിരിക്കണം നടപ്പിലാക്കേണ്ടത്. ഈ പ്രകൃതി നമുക്കു മാത്രം അവകാശപ്പെട്ടതല്ല. അതിന് ഒരു പാട് അവകാശികളുണ്ട്.
     മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ്, കാലാവസ്ഥാ വ്യതിയാനങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമിയുടെ വർദ്ധനവ്, ശുദ്ധജലക്ഷാമം, ജൈവ വൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.
     ഇന്ന് ഈ ലോകം കൊറോണ വൈറസ്സിന്റെ മുൾമുനയിലാണ്. അവിടെ നാം എല്ലാ ജോലി ഭാരവും ,പകയും, വിദ്വേഷവും ഒക്കെ മറന്ന് പ്രകൃതിയിൽ കൃഷി ചെയ്ത് വീട്ടിൽ ഒതുങ്ങിക്കൂടുകയാണ്. കുടുംബത്തോടെ സന്തോഷത്തോടു കൂടി പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേർതിരിവില്ലാതെ ഒരു പോലെ ജീവിക്കുന്നു. ഇന്ന് പ്രകൃതി അനുഭവിക്കുന്ന ശാന്തത, പക്ഷി മൃഗാദികൾക്കുള്ള സന്തോഷം , നമുക്ക് ലഭിക്കുന്ന ശുദ്ധവായു, മാലിന്യങ്ങളില്ലാതെ ഒഴുകുന്ന പുഴകൾ ഇവയെല്ലാം നമ്മെ പഠിപ്പിക്കുന്നത് മനുഷ്യരാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്നാണ്.
      ഈ കൊറോണ കാലം നമുക്ക് പ്രകൃതിയെ അടുത്തറിയാൻ നൽകിയ അവസരമായി കാണാം. പ്രകൃതിയെ വേദനിപ്പിച്ചു കൊണ്ട് മനുഷ്യന് നിലനിൽപ്പില്ല എന്ന സത്യം മനുഷ്യർ തിരിച്ചറിയട്ടെ. പ്രകൃതിയാണ് അമ്മ .... അമ്മയെ വേദനിപ്പിക്കുന്നതിന് തുല്യമാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. പ്രകൃതിയാണ് നമ്മുടെ സമ്പത്ത് എന്ന് നമുക്ക് മനസ്സിൽ ഉരുവിടാം. സ്നേഹിക്കാം, സംരക്ഷിക്കാം....
                        
                      
ഋഷിക എം
അഞ്ചാം ക്ലാസ് ശങ്കരനെല്ലൂർ എൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം