സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ വിറപ്പിച്ച് കൊറോണ

പുതിയ മനുഷ്യനാകാം 2019 നവംബർ മാസം ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്തെ ആകമാനം കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ ആദ്യമായി കണ്ടെത്തിയത് ലി വെൻലിയാങ് എന്ന ആളാണ്. അദ്ദേഹം ഈ രോഗത്തിന് നിർദേശിച്ച പേര് നോവൽ കൊറോണ വൈറസ് എന്നാണ്. എന്നാൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇതിനെ കോവിഡ് -19 എന്ന പേര് നിർദ്ദേശിച്ചു. ഒരു പ്രശ്നത്തിന് പോലും പരിഹാരമില്ലാതെ ഇരിക്കുന്നില്ലല്ലോ. ഈ രോഗത്തിനും പ്രതിവിധികൾ ഉണ്ട്. അത് നാം ഓരോരുത്തരും ആണ് നിറവേറ്റേണ്ടത്.

ഒരാളിൽ നിന്ന് നാലാളിലേക്കും അതിൽ നിന്ന് പതിനാറും നൂറും പതിനായിരവും ലക്ഷങ്ങളിലേക്കും കോവിഡ് -19 എന്ന മഹാവ്യാധി വ്യാപിച്ചിരിക്കുന്നു. ലോകം ഇന്ന് ഈ മഹാവ്യാധിക്ക് എതിരായി വലിയൊരു യുദ്ധമുഖത്ത് ആണ്. വികസിത രാഷ്ട്രങ്ങൾ പോലും ആശങ്കയിലും ഭീതിയിലും ആണ്. ഈ വൈറസ് രോഗം ഭേദമാകാൻ ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. ശാസ്ത്രലോകം ഇതിനുവേണ്ടി ഊർജിതമായ പരീക്ഷണങ്ങളിലാണ്.

സാധാരണ ജലദോഷം മുതൽ മാരകമായ നിപ്പ വരെ വൈറസുകളുടെ വികൃതിയാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെക്കാളും അധികമാണ് വൈറസുകളുടെ എണ്ണം. നിഗൂഢ രീതിയിൽ അവ അപ്രത്യക്ഷമാകും. അമ്പരപ്പിച്ചുകൊണ്ട് വേഷം മാറി വീണ്ടും പ്രത്യക്ഷപ്പെടും. വിചിത്രമാണ് വൈറസുകളുടെ രീതികൾ.ഈ മഹാമാരിയെ നിർജീവമാക്കാൻ അകന്നിരിക്കുക, അകലം പാലിക്കുക, കൂട്ടുചേർന്നുള്ള സമ്പർക്കങ്ങൾ ഒഴിവാക്കുക എന്നിവയാണ് നാം സ്വീകരിക്കേണ്ട കാര്യങ്ങൾ. പുറത്തു പോകുമ്പോൾ മുഖാവരണം ഉപയോഗിക്കുക, ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, ശരീര ശുദ്ധി വരുത്തുക, വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, ഇത്തരത്തിലുള്ള മുൻകരുതലുകൾ എടുത്തുകൊണ്ട് കുറച്ചെങ്കിലും ഈ മഹാമാരിയുടെ ആഘാതം നിയന്ത്രിക്കാം.

ഈ കൊറോണക്കാലത്ത് നമുക്ക് പുതിയ മനുഷ്യനാകാം. വീട്ടിലിരുന്ന് ഓരോ ദിവസവും എണ്ണിനീക്കാൻ പലർക്കും പ്രയാസമായിരിക്കും. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിൽ പൊരുത്തപ്പെടുവാൻ ബുദ്ധിമുട്ടുള്ളവരെ ഇത് വിഷാദത്തിലേക്ക് നയിച്ചേക്കാം. പിന്നെ ഇത് ഉത്ക്കണ്ഠാവസ്ഥയിലേക്ക് മാറാം. പ്രതികൂല ചിന്തയിലേക്ക് വീഴുകയും ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും അമിത വിശപ്പും മടിയും വിരസതയും നമ്മളിലേക്ക് കടന്നു കൂടാം. ഈ അവസ്ഥകൾ മറികടന്ന് സമാധാനം വേഗത്തിൽ വീണ്ടെടുക്കാൻ നമുക്ക് സാധിക്കണം.

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം, മറ്റുള്ളവരിലേക്ക് രോഗം പടരാത്തരീതിയിൽ ജീവിത ക്രമത്തിൽ മുൻകരുതലുകളെടുക്കണം, ചിന്തകളിൽ മാറ്റങ്ങൾവരുത്താൻ സാധിക്കുന്ന പുസ്തകങ്ങൾ വായിക്കാം, വ്യായാമം തുടങ്ങാം, വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാം, പേടിപ്പിക്കുന്ന വ്യാജ വാർത്തകളിൽ നിന്ന് ഒഴിഞ്ഞു മാറണം. ചെയ്തു തീർക്കാം എന്ന് വിചാരിച്ച കാര്യങ്ങൾ, മുടങ്ങിപ്പോയ എഴുത്ത്, കഥാരചന, പുതിയ ഹോബികൾ, കൃഷിപ്പണികൾ, പൂന്തോട്ട നിർമ്മാണം, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യാം. പഴയ വ്യക്തിബന്ധങ്ങൾ ഫോണിലൂടെ വിളിച്ച് സംസാരിക്കാം. ദേഷ്യം, അസ്വസ്ഥത, അഹങ്കാരം, അഹംഭാവം എന്നിവ മാറ്റി നല്ല മനുഷ്യനാകാം. എല്ലാ മത ഗ്രന്ഥങ്ങളും ഈ സമയം വായിക്കാം. പ്രശ്നങ്ങൾ വരുമ്പോൾ മനുഷ്യമതം മാത്രമേ നിലനിൽക്കൂ എന്ന് ഈ സാഹചര്യത്തിൽ മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കും.

ഈ കൊറോണക്കാലം മുഴുവൻ ലോകത്ത് എല്ലായിടത്തും രാജ്യങ്ങൾ ലോക്ക്ഡൗണിലാണ്. രാജ്യാതിർത്തികൾ അടച്ചിട്ടും, യാത്രകൾ നിയന്ത്രിച്ചും, ഈ മഹാമാരിയെ ഒരു പരിധിവരെ നിയന്ത്രിക്കുകയാണ്. പല കാരണത്താൽ തമ്മിൽ തമ്മിൽ യുദ്ധങ്ങൾ നടക്കുന്ന രാജ്യങ്ങൾ പോലും ഒന്നായി ചേർന്നു നിന്ന് ഈ വൈറസിനെ തുരത്താൻ ശ്രമിക്കുന്ന കാഴ്ചകളും കൊറോണക്കാലത്ത് അല്പം ആശ്വാസം പകരുന്നതാണ്. എല്ലാ മനുഷ്യരും അകന്നുനിന്ന് ഒന്നായി പ്രയത്നിക്കുന്ന കാഴ്ചയും സന്തോഷകരമാണ്. അതിജീവനത്തിന് നമുക്കുമുന്നിൽ കുറുക്കുവഴികളില്ല. സാമൂഹികമായ വിട്ടുനിക്കൽ, സ്നേഹദൂരം പാലിക്കൽ, മെല്ലെപോകൽ - സാമൂഹിക വ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കലിലാണ് നാം ബാധ്യസ്ഥരായിരിക്കുന്നത്.

ഈ ലോക്‌ഡോൺ കാലത്ത് മനുഷ്യരിൽ എന്നപോലെ പ്രകൃതിയിലും ചില മാറ്റങ്ങൾ സംഭവിക്കുന്നു. വാഹനങ്ങളുടെ അളവ് റോഡുകളിൽ കുറഞ്ഞതുകൊണ്ട് മലിനീകരണം കുറയുന്നു. വായു മലിനീകരണം, ശബ്ദമലിനീകരണം, ജല മലിനീകരണം എന്നിവ കുറയുന്നത് ഒരു സന്തോഷകരമായ കാര്യമാണ്. മത്സ്യബന്ധനം ഇല്ലാത്തതിനാൽ മത്സ്യസമ്പത്ത് കൂടുന്നു. വന്യജീവികൾ കാടു വിട്ട് സ്വതന്ത്രമായി നടക്കുന്നു. തടാകങ്ങൾ ശുദ്ധജലമായിമാറുകയും ദേശാടനപക്ഷികൾ ധാരാളമായി വരികയും ചെയ്യുന്നു. ഇത്തരം കാഴ്ചകളെല്ലാം ഈ വൈറസിനെ നമുക്ക് പൊരുതി ജയിക്കാൻ സാധിക്കും എന്നതിന്റെ പ്രത്യാശകളാണ്.

ചൈനയിൽ തുടങ്ങിയ മഹാമാരി ലോകത്തെ മുഴുവൻ കീഴടക്കിയപ്പോൾ അതിന്റെ ഉത്ഭവസ്ഥാനത്ത് പിടിച്ചുനിർത്താൻ ആയത് ഏറെ ആശ്വാസകരമാണ്. തുടർവ്യാപനം തടയാനായി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ നമുക്ക് പാലിക്കാം. തളരില്ല, തകരില്ല, മനുഷ്യകുലം. സ്നേഹം പകർന്നും, അകലം പാലിച്ചും കൊറോണാവൈറസിനെ തോൽപ്പിക്കാൻ നമുക്ക് ഒരുങ്ങാം.

കാർത്തിക രാജു കെ.ആർ
9 B സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം