ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ മുത്തശ്ശിമരവും മരം വെട്ടുകാരനും

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുത്തശ്ശിമരവും മരംവെട്ടുകാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുത്തശ്ശിമരവും മരംവെട്ടുകാരനും


പണ്ടു പണ്ടൊരു കാട്ടിൽ ഒരു മരമുണ്ടായിരുന്നു. വളരെ പൊക്കം കുറഞ്ഞ് ശരീരമാകെ വളഞ്ഞിരിക്കുന്ന ആ മരത്തെ മറ്റ് മരങ്ങൾക്കൊക്കെ വലിയ പുച്ഛമായിരുന്നു . "അയ്യടാ അതിന്റെ നിൽപ്പ് കണ്ടോ ! മുത്തശ്ശിമാരുടേതു പോലെ ശരീരമൊക്കെ വളഞ്ഞു വളഞ്ഞ് . കണ്ടാൽ തന്നെ അറപ്പു തോന്നുന്നു" . മറ്റു മരങ്ങൾ ഈ മരത്തെ കളിയാക്കും . എന്നിട്ട് അവർ അൽപ്പം ഗമയോടെ പറയും - " നോക്ക് ! നീ ഞങ്ങളെ കണ്ടോ . എന്ത് ഭംഗിയുള്ള ശരീരമാണ് ഞങ്ങളുടേത് . അല്പം പോലും വളവില്ല . നീ ഈ ശരീരം കണ്ടു കൊതിച്ചോ കേട്ടോ " . പാവം മരം . കൂട്ടുകാർ എന്ത് പറഞ്ഞാലും എല്ലാം ക്ഷമയോടെ കേൾക്കും . എതിർത്തൊന്നും പറയില്ല .


അങ്ങനെയിരിക്കെ ഒരിക്കൽ ഒരു മരം വെട്ടുകാരൻ ആ കാട്ടിലെത്തി . നല്ല ഉയരമുള്ള മരങ്ങൾ കണ്ടപ്പോൾ അയാൾക്ക് സന്തോഷമായി . അയാൾ പറഞ്ഞു . "ഹായ് കോളടിച്ചല്ലോ . വളവും പുളവും ഒന്നുമില്ലാത്ത എത്ര നല്ല മരങ്ങൾ . ഇതെല്ലാം മുറിച്ചെടുത്താൽ നല്ല ഒന്നാന്തരം തടികൾ കിട്ടും ." പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അയാൾ വലിയ മരങ്ങൾ ഓരോന്നായി മഴു ഉപയോഗിച്ച് മുറിക്കാൻ തുടങ്ങി . മരങ്ങൾ മുറിച്ചു മുറിച്ച് മുത്തശ്ശി മരത്തിന്റെ അടുത്ത് അയാളെത്തി . എന്നിട്ട് അയാൾ പുച്ഛത്തോടെ പറഞ്ഞു . " ആർക്കു വേണം നിന്നെ ? നിന്നെ മുറിച്ചാൽ ഒരു ജനാല പോലും ഉണ്ടാക്കാൻ കഴിയില്ല . " ഇത്രയും പറഞ്ഞത്തിനു ശേഷം ആ മരം വെട്ടുകാരൻ അടുത്ത മരം മുറിക്കുവാൻ ആരംഭിച്ചു . ആ കാട്ടിലെ മരങ്ങളെല്ലാം അയാൾ വെട്ടി മുറിച്ച് കൊണ്ട് പോയി . തന്നെ കളിയാക്കിയ മറ്റു മരങ്ങളുടെ ഗതി ഓർത്തപ്പോൾ മുത്തശ്ശി മരത്തിനു കണ്ണീരടക്കുവാൻ കഴിഞ്ഞില്ല . തന്റെ കുറവുകൾ തനിക്ക് എങ്ങനെ നന്മയായി തീർന്നു എന്ന് മുത്തശ്ശി മരത്തിനു മനസ്സിലായി .


അക്സ ലൂയിസ്
6 ഡി ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ