ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

പാതി മയക്കത്തിന്റെ ആലസ്യത്തിലായിരുന്നു നിള. ജനലഴികളിലൂടെ സൂര്യകിരണങ്ങൾ അവളെ തൊട്ടുണർത്തി. ഇന്നലെ രാത്രി ഒട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. വളരെ ദുസ്സഹമായ ചൂടായിരുന്നു. ഫാൻ അമിത വേഗത്തിൽ കറങ്ങിയിട്ടും ചൂടുകാറ്റാണ് അതിൽ നിന്നും പുറപ്പെടുന്നതെന്ന് അവൾക്കു തോന്നി.അമ്മയുടെ മുറിയിൽ നിന്നും കുഞ്ഞുവാവയുടെ കരച്ചിൽ കേട്ടു. അമ്മ എത്ര പണിപ്പെട്ടിട്ടും വാവയുടെ കരച്ചിൽ നിറുത്താൻ കഴിഞ്ഞിരുന്നില്ല. അപ്പൂപ്പന്റെ മുറിയിൽ നിന്നും ഞരങ്ങലും മൂളലും കേൾക്കാമായിരുന്നു. നിള തന്റെ ശരീരത്തിലൂടെ ഇറ്റിറ്റു വീഴുന്ന വിയർപ്പു തുള്ളികൾ തുടച്ചു നീക്കി. വാവയുടെ കരച്ചിലിന്റെ ശക്തി കൂടി വന്നു. അപ്പൂപ്പൻ തന്റെ ഊന്നുവടിയുമായി പതിയെ നടന്ന് വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി. “ജനാലയെല്ലാം ഒന്നു തുറന്നിട് കുട്ട്യേ. ഇത്തിരി കാറ്റ് അകത്തേക്ക് കയറട്ടെ". അപ്പൂപ്പന്റെ വാക്കുകൾ കേട്ട് നിള ജനലുകളെല്ലാം തുറന്നിട്ടു. അപ്പൂപ്പന്റെ കൂടെ അവളും മുറ്റത്തേക്കിറങ്ങി. ഒരു കൂളിർമ്മയുള്ള കാറ്റ് വീശിയിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു. തന്റെ കൊച്ചു ഗ്രാമത്തിൽ നിന്നും പട്ടണത്തിലെ കോൺക്രീറ്റു കൊണ്ടു തീർത്ത ഇരുനില വീട്ടിലേക്കു വന്നിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ. ഇവിടത്തെ വീർപ്പു മുട്ടുന്ന അന്തരീക്ഷത്തെ അവൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല. ഈ പട്ടണത്തിൽ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പരക്കം പാച്ചിലിൽ മാലിന്യക്കൂമ്പാരങ്ങൾ ഉയരുകയും പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗവും ഹോട്ടലുകളിൽ നിന്നും അറവുശാലകളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ ധാരാളം രോഗങ്ങൾ ഉണ്ടാക്കുകയും അന്തരീക്ഷ മലിനീകരണത്തിനു കാരണമായിത്തീരുകയും ഇതുമൂലം കാലാവസ്ഥ വൃതിയാനം ഉണ്ടാകുകയും ചെയ്യുന്നു. ഇതെല്ലാം അതിജീവിക്കേണ്ടത് ആധുനിക തലമുറയുടെ ആവശ്യമാണെന്ന് അവൾ ഒരു നെടുവീർപ്പോടെ ഓർത്തു. അവൾ തന്റെ അപ്പൂപ്പനോടു് ചേർന്നിരുന്നു കൊണ്ട് പറഞ്ഞു . നമുക്ക് നമ്മുടെ ഗ്രാമത്തിലെ ചെറിയ വീടു മതിയായിരുന്നു. അവിടത്തെ മണ്ണിനേടും പ്രകൃതിയോടും എന്ത് ആത്മബന്ധമാണ് ഉണ്ടായിരുന്നത്. വേനലും മഴയും വസന്തവും മഞ്ഞുമെല്ലാം ഉണ്ടായിരുന്ന നമ്മുടെ കൊച്ചുഗ്രാമം അല്ലേ അപ്പൂപ്പാ? എന്നു പറഞ്ഞു കൊണ്ട് അവൾ തന്റെ പ്രകൃതിരമണീയമായ ഗ്രാമത്തെപ്പറ്റിയോർത്തു. വീടിന്റെ പിന്നിലുണ്ടായിരുന്ന പുഞ്ചപ്പാടങ്ങൾ അവളുടെ മനസ്സിൽ ഓടിയെത്തി. സ്വ‍ർണ്ണമണികൾ അണിഞ്ഞു നിൽക്കുന്ന നെൽക്കതിരുകളും അതിനെ തഴുകി വരുന്ന ഇളംകാറ്റും പച്ചപിടിച്ചു ഊർജ്ജസ്വലമായി നിൽക്കുന്ന പുൽമേടുകളും പാടവരമ്പും നാട്ടുവഴികളും പലതരം പക്ഷികളുടെ കിളിക്കൊഞ്ചലുകളും വീടിന്റെ മുന്നിലൂടെ ശാന്തമായി ഒഴുകുന്ന പുഴയും അതിൽ നീന്തിക്കളിക്കുന്ന കൂട്ടുകാരെയും ഓർത്തു. കുലച്ചു നിൽക്കുന്ന വാഴകളും മാവിൽ നിറയെ തേൻ പോലെ മധുരമുള്ള മാമ്പഴങ്ങളും കൊതിയോടെ ഓർത്തു. വീട്ടുവളപ്പിൽ തന്നെ എത്ര ചങ്ങാതിക്കൂട്ടമാണ് തനിക്ക് ഉണ്ടായിതുന്നത്. ഉപ്പനും മരംകൊത്തിയും മഞ്ഞക്കിളികളും കാക്കകളും തത്തമ്മയോടും കൊച്ചു കൊച്ചു വർത്തമാനങ്ങളും വിശേഷങ്ങളും പങ്കു വച്ചിരുന്നു. വീട്ടിൽ വേലിയായി കെട്ടിയിരുന്ന ചെമ്പരത്തിക്കാടുകളിൽ നിന്നും പറന്നു വരുന്ന പൂമ്പാറ്റകളും മുത്തശ്ശിമാവിന്റെ കൊമ്പത്ത് ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണനും കൂവുമ്പോൾ തിരികെ തന്നോടൊപ്പം കൂവുന്ന കുയിലുകളും അവളുടെ മനസ്സിലേക്കു തെളിഞ്ഞു വന്നു. മുറ്റത്ത് ഔഷധഗന്ധമുള്ള പനിക്കൂർക്കയും ,തുമ്പയും കുറുന്തോട്ടിയും , പിന്നെ പേര,അരയാൽ, പ്ലാവ് , ചെമ്പകം അങ്ങനെ എത്രയെത്ര വൃക്ഷമിത്രങ്ങൾ. വഞ്ചിപ്പാട്ടിന്റെ താളമുയരുന്ന ജലോത്സവവും ചൂണ്ടയിട്ടു മീൻ പിടിക്കുന്ന കുട്ടിക്കൂട്ടങ്ങൾ, മുത്തശ്ശി മാവിന്റെ ചുവട്ടിൽ കഞ്ഞിയും കൂട്ടാനും കളിക്കുമ്പോൾ ചെറു കാറ്റടിച്ചു താഴെ വീഴുന്ന ചൊന മാറാത്ത മാങ്ങ തിന്നുമ്പോൾ ഉണ്ടാകുന്ന രുചിയും ഇപ്പോഴും തന്റെ നാവിൻതുമ്പിലുള്ളതായി നിളയ്ക്കു തോന്നി. അപ്പൂപ്പൻ നല്ലൊരു കൃഷിക്കാരനായിരുന്നു. തൊടിയിൽ നിറയെ ചീര, വെണ്ട,പയർ, വഴുതന, മത്തൻ എന്നിങ്ങനെ ധാരാളം പച്ചക്കറികൾ വീട്ടിലുണ്ടായിരുന്നു. അപ്പൂപ്പൻ വളമായി ചാണകവും പിണ്ണാക്കും ചാരവുമാണ് ചെടികൾക്ക് കൊടുത്തിരുന്നത്. ഒരിക്കലും കീടനാശിനികൾ ഉപയോഗിച്ചിരുന്നില്ല. ഞാൻ ചെടികൾക്ക് വെള്ളം ഒഴിക്കാനും ചെടികൾ നടാൻ സഹായിക്കുകയും ചെയ്തിരുന്നു. അതിന് പൂവുണ്ടാകുന്നതും കായാകുന്നതുമെക്കെ സന്തോഷത്തോടെയാണ് നോക്കി കണ്ടിരുന്നത് . മഴക്കാലത്ത് വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ വെള്ളം നിറയുമ്പോൾ കടലാസു കൊണ്ട് വഞ്ചിയുണ്ടാക്കി കളിച്ചതും അവളുടെ മനസ്സിലൊരു ചിത്രം പോലെ തെളിഞ്ഞു നിന്നു. തന്റെ ഓടിട്ട കൊച്ചു വീട് ഗ്രാമീണ വിശുദ്ധി നിറഞ്ഞു ആ ഗ്രാമം പ്രകൃതിയോട് ഇണങ്ങി ജീവിച്ച തന്റെ ദിനങ്ങളെയോർത്ത് നല്ല നിമിഷങ്ങളെയോർത്ത് ഇനിയൊരിക്കലും അതൊന്നും തിരിച്ചു വരില്ലല്ലോ എന്നോ‍ർത്ത് അവൾ തേങ്ങി. ആ തേങ്ങൽ കേട്ടിട്ടാണോ പുറത്തു നിന്നു് ഒരു തണുത്ത കാറ്റ് അവളെ തഴുകി ആശ്വസിപ്പിച്ചു.

കൃപ മരിയ സാബു
8 ബി ബി.ബി.എം.എച്ച്.എസ്.വൈശ്യംഭാഗം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ