എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/അക്ഷരവൃക്ഷം/ അരുതേ ക്രൂരത!

അരുതേ ക്രൂരത!
                                                                അരുതേ ക്രൂരത! 
                                    നാം ജീവിക്കുന്ന ലോകത്തെ കുറിച്ചും പ്രകൃതിയെ കുറിച്ചും വലിയ ആശങ്ക  നിറഞ്ഞുനിൽക്കുന്ന കാലഘട്ടമാണ് ഇന്ന്. നമുക്ക് കിട്ടിയ വരദാനമാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കുക എന്നത് കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമാണ്. സകല ജീവജാലങ്ങളും നിലകൊള്ളുന്നത് പ്രകൃതിയെ ആശ്രയിച്ചാണ്. പക്ഷെ പ്രകൃതിയെ പലവിധത്തിലും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്കുചുറ്റും. മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി.കുറുപ്പ് എഴുതിയ 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോട് കാട്ടിക്കൂട്ടുന്ന ക്രൂരതകളെ കരളലിയിപ്പിക്കുന്നവിധം ആവിഷ്കരിച്ചിട്ടുണ്ട്. അമ്മയായ ഭൂമി പാലമൃതൂട്ടി മക്കളായ നമ്മെ പരിപാലിക്കുന്നു. എന്നിട്ടും ആർത്തിപൂണ്ട മനുഷ്യർ അമ്മയുടെ നെഞ്ചിലെ ചുടുരക്തം കുടിക്കാൻ വെമ്പുന്നു. കവിയെഴുതിയത് സത്യമായി തീർന്നുവെന്ന് നാം ഇന്ന് മനസിലാക്കുന്നു.
                              നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും പരിസ്ഥിതി സംരക്ഷണത്തെ അടിസ്ഥാനമായാണ് നിലകൊള്ളുന്നത്. മനുഷ്യന്റെ പ്രവർത്തികൊണ്ട് കലിതുള്ളിയ പ്രകൃതി പേമാരിയും ഭൂകമ്പവും കൊടുംവേനലും മഹാമാരിയും ഒക്കെയായി തിരിച്ചടിക്കുന്നു. അത്യാഗ്രഹങ്ങളെ സഫലീകൃതമാക്കാൻ പരിശ്രമിച്ച നാൾ മുതൽ പ്രകൃതി അപമാനിതയായി, പരിസ്ഥിതി മലിനമായി, ശുദ്ധവായുവും ശുദ്ധജലവും കിട്ടാക്കനികളായി, മനുഷ്യജീവിതത്തെ ദുസ്സഹമാക്കി. വായു, ജലം എന്നീ ജീവന് അത്യന്താപേക്ഷിതമായ കാര്യങ്ങളെല്ലാം ഇന്ന് മലീമസമായിരിക്കുന്നു.
                               നമ്മുടെ പരിസ്ഥിതിയെ നന്നായി സംരക്ഷിച്ചാൽ മാത്രമേ നമ്മുടെ ഭൂമിയിലെ ജീവന്റെ തുടിപ്പ് എക്കാലവും നിലനിൽക്കുകയുള്ളൂ. പരിസ്ഥിതിസംരക്ഷണത്തിനു അനുകൂലമായ ഒരു മനോഭാവം വളർത്തിയെടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. പ്രകൃതിയെ സുന്ദരമാക്കാനും മെച്ചപ്പെടുത്താനും നമ്മളും പങ്കാളികളാവണം. ഭൂമിയിൽ ഇനി വരാൻ പോകുന്ന തലമുറക്കുവേണ്ടി ഇടമൊരുക്കിവെക്കേണ്ടത് ഇന്നത്തെ തലമുറയുടെ ചുമതലയാണ്. ഇനിയും നമ്മുടെ ക്രൂരത താങ്ങാൻ ഭൂമിക്കാവില്ല എന്ന കാര്യം ഓർക്കുക.
മനീഷ.എം.നായർ
IX B എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം