കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ്/അക്ഷരവൃക്ഷം/വെല്ലുവിളി നേരിടുന്ന പൊതുജനാരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
വെല്ലുവിളി നേരിടുന്ന പൊതുജനാരോഗ്യം

അടുത്ത പത്ത് വർഷ കാലയളവിൽ ലോകം അഭിമുഖീകരിക്കാൻ പോകുന്ന ആരോഗ്യരംഗത്തെ വെല്ലുവിളികൾ എന്തെല്ലാമാണെന്ന പട്ടിക ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാലാവസ്ഥാവ്യതിയാനമാണ് ഇതിൽ ഒന്നാം സ്ഥാനത്തുള്ളത്. കാലാവസ്ഥാവ്യതിയാനം കാരണമുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഒന്ന് അന്തരീക്ഷമലിനീകരണമാണ്. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും രോഗങ്ങളും മറ്റും കാരണം വർഷം തോറും എഴുപത് ലക്ഷത്തോളമാളുകൾ ലോകത്താകമാനം മരണപ്പെടുമെന്നാണ് ലോകാരോഗ്യസംഘടന കണക്കാക്കിയിട്ടുള്ളത്.

രണ്ടാമത്തെ പ്രധാന വെല്ലുവിളിയായി ലോകാരോഗ്യസംഘടന പറയുന്നത് സാധാരണ ജനവിഭാഗങ്ങൾക്ക് താങ്ങാൻ കഴിയുന്നതിന് അപ്പുറമുള്ള ചികിത്സാചെലവുകളെക്കുറിച്ചാണ്. ആരോഗ്യസംരക്ഷസംവിധാനങ്ങളുടെ ലഭ്യതക്കുറവും അവ ലഭിക്കുന്നതിന് നൽകേണ്ടി വരുന്ന ഭീമമായ തുകയും സാധാരണ ജനവിഭാഗങ്ങൾക്ക് അവ ലഭിക്കാൻ തടസ്സമായി നിലനിൽക്കുന്നു. ഇത് "ഫലപ്രദമായ ചികിത്സ എല്ലാവർക്കും" - എന്നത് സ്വപ്നം മാത്രമാക്കി മാറ്റുന്നു.

ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഇന്ന് ലോകമാകെ പടർന്ന് പിടിക്കുകയാണ് കോവിഡ്-19 എന്ന മഹാമാരി. നിപാ, എബോള, സാർസ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ്-19 അത്ര അപകടകാരിയല്ല. നിപാ-വൈറസ് മൂലമുള്ള മരണനിരക്ക് 60 ശതമാനം വരെയാണെങ്കിൽ കോവിഡിന്റേത് വെറും 3 ശതമാനത്തിനടുത്താണ്. എന്നാൽ രോഗം വ്യാപിക്കുന്നത് വളരെ വേഗത്തിലാണ്.

സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും മാത്രമേ കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കഴിയൂ. ഇത് ഫലപ്രദമായി പാലിച്ചുകൊണ്ട് രോഗവ്യാപനത്തിന്റെ കണ്ണികൾ മുറിക്കാൻ "ബ്രേക്ക് ദ ചെയിൻ" എന്ന സന്ദേശമാണ് നാം മുന്നോട്ട് വയ്ക്കുന്നത്.

തൊണ്ടയിലെ സ്രവങ്ങൾ പി.സി.ആർ ടെസ്റ്റ് വഴി പരിശോധിച്ചാണ് രോഗ നിർണയം നടത്തുന്നത്. പനി, ചുമ, ശ്വാസതടസ്സം മുതലായവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ഒരു കൊടുങ്കാറ്റ് പോലെ ലോകത്താകമാനം കോവിഡ് -19 പടർന്ന് കൊണ്ടിരിക്കുകയാണ്. ബ്രിട്ടൻ, ഇറ്റലി, സ്‌പെയിൻ മുതലായ പല ലോകരാഷ്ട്രങ്ങളും, അവിടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നത് കുറവായിട്ടും ഈ മഹാരോഗത്തെ ചെറുക്കുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യയെപ്പോലുള്ള, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യങ്ങളിൽ പൊതുജന ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തിയും രാജ്യമൊട്ടാകെ ലോക്ക്-ഡൗൺ പ്രഖ്യാപിച്ചും ആളുകളെ വീട്ടിലിരുത്തി ഫലപ്രദമായി ബോധവൽക്കരിച്ചും മാത്രമേ കോവിഡിനെ തുരത്താൻ കഴിയൂ. ആരോഗ്യപ്രവർത്തകരും ഗവണ്മെന്റും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും പൊതുചടങ്ങുകൾ ഒഴിവാക്കിയും രോഗനിയന്ത്രണം സാധ്യമാക്കാം.

പ്രതോരോധ വാക്സിൻ ഇപ്പോഴും ലഭ്യമല്ലാത്ത കൊറോണ വൈറസിനെ നേരിടാൻ, ഭയപ്പെടാതെ സ്വയം കരുതലെടുത്തും മറ്റുള്ളവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചും രോഗബാധിതർക്ക് ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തിയും സാമൂഹ്യസമ്പർക്ക സാധ്യതകൾ ഒഴിവാക്കിയും ഈ വിപത്തിനെ നമുക്ക് പ്രതിരോധിക്കാം.

സ്വന്തം ജനതയുടെ ജീവിതത്തിനും ആരോഗ്യത്തിനും മാത്രമല്ല, ആഗോള പൊതുജനാരോഗ്യത്തോടുള്ള ഉത്തരവാദിത്തത്തോടെ പൊരുതി ചൈന, ദക്ഷണ കൊറിയ എന്നീ രാജ്യങ്ങൾക്ക് കോവിഡിനെ നിലയ്ക്കു നിർത്താനും കീഴടക്കാനും സാധിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണിയായി കടന്നുവരുന്ന കോവിഡ്-19 പോലുള്ള മഹാമാരികളെ ലോകരാജ്യങ്ങൾ ഒരേ മനസ്സോടെ, പരസ്പരസഹകരണത്തോടെ നേരിട്ട് വിജയം വരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ദേവിക മഹേഷ്
4 കുഴിപ്പങ്ങാട് ദേവി വിലാസം എൽ.പി സ്‌കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം