എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യ സംരക്ഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ആരോഗ്യ സംരക്ഷണവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും ആരോഗ്യ സംരക്ഷണവും

ഒരു രാജ്യത്തിന്റെ സമ്പത്ത് എന്നത് ആ രാജ്യത്തിലെ ആരോഗ്യമുള്ള ജനതയാണ്. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം, തൊഴിൽ, ശുചിത്വം എന്നിവ മുഖ്യ പങ്കുവഹിക്കുന്നു. ലോക ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് അവന്റെ ജീവിതാവശ്യങ്ങളുടേയും വർദ്ധനവുമൂലം ശുചിത്വത്തിൽ മനുഷ്യർ ഏറെ പിന്നിലേക്ക് തള്ളപ്പെടുകയാണ്. അതുമൂലം ഓരോ ദിവസം കടന്നു പോകുംതോറും പുതിയ പുതിയ അസുഖങ്ങളുടെ വാർത്തകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത.നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. മാത്രവുമല്ല ആരോഗ്യാവസ്ഥ ശുചിത്വവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു.ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ നാം എത്രയോ മുൻപന്തിയിലാണെന്നു പറഞ്ഞാലും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ്. വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യമുള്ള ഘടകങ്ങളാണ്.പണ്ടുകാലത്ത് ആളുകൾ യാത്ര പോകുമ്പോൾ ഒരു നാടൻ മുണ്ട് കരുതുമായിരുന്നു. പുറത്ത് പോയി വന്നാൽ മുറ്റത്ത് കരുതിയിരിക്കുന്ന കിണ്ടിയിലേയോ ബക്കറ്റിലേയോ വെള്ളം ഉപയോഗിച്ച് കയ്യും കാലും കഴുകിയാണ് അകത്തേക്ക് പ്രവേശിച്ചിരുന്നത്. അതുപോലെ വീടിന്റെ അകം വെളുപ്പിനും ഉച്ചയ്ക്കും സന്ധ്യക്കും അടിച്ചു വൃത്തിയാക്കുന്നതുപോലെ വീടിനോടുചേർന്ന മുറ്റം രാവിലേയും വൈകീട്ടും തൂത്തുവാരി വൃത്തിയാക്കി വെള്ളം തളിക്കുമായിരുന്നു. വീട്ടിലെ ഭക്ഷണ മാലിന്യങ്ങൾ കമ്പോസ്റ്റാക്കിമാറ്റി പച്ചക്കറി തൈകൾക്ക് വളമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് ജനം പെരുകി ഫ്ലാറ്റുകളിൽ താമസമായി. മുറ്റമോ കൃഷിയിടങ്ങളൊ ഇല്ലാതായി. അതുകൊണ്ട് പല ദുശീലങ്ങളും നമ്മുടെ ഇടയിലേക്ക് കുടിയേറുകയുണ്ടായി. നമ്മൾ മാറ്റേണ്ട ചില ദുശീലങ്ങളുണ്ട്. അതായത്, ആരും കാണാതെ മാലിന്യം റോഡ് സൈഡിലും മറ്റു സ്ഥലങ്ങളിലും ഉപേക്ഷിക്കുന്ന ശീലവും , വീടിനു പുറത്ത് നമുക്ക് എത്ര സ്ഥലം ഉണ്ടായാലും തൊട്ടടുത്ത പറമ്പിലേക്ക് മാലിന്യം ഉപേക്ഷിക്കുന്ന ശീലവും, സ്വന്തം വീട്ടിലെ മലിന ജലം രഹസ്യമായി പുഴയിലേക്കും തോട്ടിലേക്കും ഒഴുക്കുന്ന ശീലവും,ജ്യൂസും വെള്ളവും കുടിച്ച് പ്ളാസ്റ്റിക് കുപ്പികളും കപ്പുകളും പുഴയിലേക്കും റോഡിലേക്കും വലിച്ചെറിയുന്ന ശീലവും. ഇതൊക്കെ നമ്മുടെ സ്വഭാവങ്ങളായി മാറിയിരിക്കുകയാണ്. അതുകൊണ്ട് പുതിയ പുതിയ രോഗങ്ങൾ ഇന്ന് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ശീലങ്ങളൊക്കെ മാറ്റിയാൽ നമ്മുടെ സമൂഹം ഇന്നനുഭവിക്കുന്ന പല അസുഖങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കും. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളേയും ഒട്ടനവധി രോഗങ്ങളേയും നമുക്ക് നമ്മിൽ നിന്നും അകറ്റി നിർത്താൻ കഴിയും. ഇന്ന് ലോകത്തെ കീഴടക്കിയ ""കൊറോണ"" എന്ന വൈറസ് വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും നമ്മെ ശീലിപ്പിക്കുന്നതിന് വന്ന രോഗമാണെന്ന് തോന്നി പ്പോവുകയാണ്. ഭക്ഷണം കഴിക്കുന്നതിനുമുമ്പും കഴിച്ചതിനു ശേഷവും കൈ നന്നായി സോപ്പിട്ട് കഴുകുക. പൊതു സ്ഥലങ്ങൾ സന്ദർശിച്ച് തിരികെ വീട്ടിൽ എത്തുമ്പോൾ നിർബന്ധമായും കൈകാലുകൾ വൃത്തിയായി കഴുകേണ്ടതാണ്. അതുമൂലം ഒട്ടനവധി രോഗങ്ങൾ നമുക്ക് ഒഴിവാക്കാവുന്നതാണ്. രണ്ടു നേരവും പല്ലുകൾ തേക്കാനും, കുളിക്കാനും ശ്രദ്ധിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം മറയ്ക്കുക. അതിനായ് നമ്മൾ എപ്പോഴും കയ്യിൽ ഒരു തൂവാല കരുതേണ്ടതാണ്. അതുപോലെ ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ വീട്ടിലെ ഭക്ഷണ മാലിന്യങ്ങൾ അന്യരുടെ പറമ്പിലേക്കും റോഡുവക്കിലേക്കും വലിച്ചെറിയാതെ അത് പൊതുവായി സംസ്ക്കരിക്കുന്ന ഒരു കേന്ദ്രം സർക്കാരിന്റെ ഘടകങ്ങളുമായി ആലോചിച്ച് നടപ്പിൽ വരുത്താനുള്ള നടപടികൾ കൈക്കൊള്ളണം. ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിനും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ഈ മാലിന്യം ഉപയോഗിക്കാവുന്നതാണ്. അതുപോലെ ജൈവ വളമാക്കി മാറ്റി നമുക്കാവശ്യമായ പച്ചക്കറി ഉത്പാദനത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. എത്ര പെയ്ന്റടിച്ചാലും അലങ്കാര വസ്തുക്കൾ വച്ച് വീട് അലങ്കരിച്ചാലൊന്നും വീട്ടിൽ ഐശ്വര്യം ഉണ്ടാകില്ല. ഒരു വീട്ടിൽ ആദ്യം വേണ്ടത് ശുചിത്വമാണ്. വീട് രണ്ടുനേരവും അടിച്ചു തുടച്ചു വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ വീട് മാത്രമല്ല, നാം സഞ്ചരിക്കുന്ന വാഹനവും നാം നിരന്തരമായി പോകുന്ന വിദ്യാലയവും ജോലിചെയ്യുന്ന സ്ഥലമെല്ലാം നാം വൃത്തിയുള്ളതാക്കണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വ മുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് നിന്നാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്കു കഴിയും. നമ്മുടെ പൂർവ്വീകർ സംരക്ഷിച്ചിരുന്ന ആ മഹത്തായ സംസ്കാരത്തെ നമുക്ക് വീണ്ടെടുക്കാനും മുറുകെ പിടിക്കാനും കഴിയും. നമുക്കും വരും തലമുറയ്ക്കും വേണ്ടി ഈ പ്രകൃതിയെ കാത്തുരക്ഷിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

അനൂജ പി. എം
7 B എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]