Schoolwiki സംരംഭത്തിൽ നിന്ന്
ദുഃഖം വിതച്ച കൊറോണ
രാമപുരം എന്ന അതിവിശാലമായ ഗ്രാമം. അവിടെയായിരുന്നു അന്നമ്മച്ചിയുടെയും കോശിച്ചായന്റെയും വീട്. അവരുടെ ഏക മകനായിരുന്നു സാമുവേൽ കോശി. സാമുവേൽ പഠിക്കാൻ വളരെ മിടുക്കൻ ആയിരുന്നു. അതിനാൽ പന്ത്രണ്ടാംക്ലാസ് കഴിഞ്ഞതോടെ അവന്റെ മാതാപിതാക്കൾ ചെറുപ്പം മുതൽ സംഭരിച്ചുവച്ച തുകയും സ്വത്തും ഒക്കെകൊണ്ട് അവനെ അമേരിക്കയിൽ പഠിക്കാൻ അയച്ചു. കുട്ടിക്കാലം മുതലുള്ള സാമുവേലിന്റെ സ്വപ്നം ആയിരുന്നു അമേരിക്കയിൽപോയി പഠിക്കണമെന്നുള്ളത്. അത് അവന്റെ വൃദ്ധമാതാപിതാക്കൾ വളരെ കഷ്ടപ്പെട്ടാണെങ്കിലും സാധിച്ചുകൊടുത്തു. ലോണും കടങ്ങളും ഒക്കെയായി അവർ അങ്ങനെ കഴിഞ്ഞു. എന്നും മകന്റെ ഫോൺ വരാതെ അവർ അത്താഴം പോലും കഴിക്കില്ലായിരുന്നു. അത് മകനും അറിയാം. അതിനാൽ എന്നും അവൻ നേരത്തേ വിളിക്കും. ദാരിദ്ര്യത്തിന്റെ മറവിൽ ആണെങ്കിലും അവരുടെ ചെറിയ ചെറിയ സന്തോഷങ്ങൾ വലിയ വലിയ ആഘോഷങ്ങളാക്കി അവർ കഴിഞ്ഞുകൂടി.
ഒരു ദിവസം അന്നമ്മച്ചി ടിവിയിൽ വാർത്ത കാണുകയായിരുന്നു. അപ്പോൾ അന്നമ്മച്ചി ഉറക്കേ വിളിച്ചു പറഞ്ഞു: “ദേ അച്ചായാ ചൈനയിൽ എന്തോ വൈറസ് വന്നുവെന്ന്. കൊറോണയെന്നാ പേര്. ഹോ! നിമിഷങ്ങൾകൊണ്ട് എത്ര ജീവിനാ പോയത്! “ തുടർന്ന് അന്നമ്മച്ചി അലമാരയ്ക്കു അരികിലായുള്ള യേശുവിന്റെ ചില്ലുപടത്തിൽ നോക്കി മുട്ടുകുത്തിയിരുന്നു പ്രാർത്ഥിച്ചു: “കർത്താവേ, കരുണാമയനായ അങ്ങ് സാമുവേലിനെ കാത്തോണേ. ചൈനയിൽനിന്ന് ഈ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയേണമേ. ലോകത്ത് ആർക്കും ഒരാപത്തും വരുത്തരുതേ“ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ എഴുന്നേറ്റു. മേശയ്ക്കരികിലായി ഫോൺ ബെല്ലടിക്കുന്നത് കേട്ടു. അത് സാമുവേലായിരുന്നു. അന്നമ്മച്ചി ഓടിവന്ന് ഫോൺ എടുത്തു: “മോനേ, നിനക്ക് സുഖമല്ലേ? കൊറോണവൈറസ് എല്ലാടവും പകരുന്നത് നീ ടിവിയിൽ കണ്ടുകാണുമല്ലോ. സൂക്ഷിക്കണേ മോനേ, എപ്പോഴും മാസ്ക് ധരിക്കണം. കൈകൾ സോപ്പിട്ട് ഇടയ്ക്കിടെ കഴുകണം. മോനേ, നീ പോയാൽ ഞങ്ങൾക്കു വേറാരുമില്ല എന്ന് നീ ഓർക്കണം...“ അന്നമ്മച്ചി വിങ്ങിക്കൊണ്ട് കോശിച്ചായന് ഫോൺ നൽകി. സാമുവേൽ അപ്പനോടായി പറഞ്ഞു: “അമ്മച്ചിയോട് പറയണം വിഷമിക്കണ്ടെന്ന്. എനിക്ക് കുഴപ്പമൊന്നുമില്ല. നിങ്ങൾ സുഖമായി ഇരിക്കണം. അന്നത്തെ ഫോൺ സംഭാഷണം കഴിഞ്ഞ് ഇരുവരും അത്താഴം കഴിക്കാനിരുന്നു. ആ വൃദ്ധദമ്പതികളുടെ അന്നത്തെ ദിവസവും അങ്ങനെ കഴിഞ്ഞു. പിറ്റേന്നു വാർത്തവച്ച കോശിച്ചായൻ ഞെട്ടി: “എന്ത് അമേരിക്കയിൽ മരണസംഖ്യ കൂടുന്നു എന്നോ! അന്നമ്മോ നീയിതു കേട്ടോ? നീ ആ ഫോണെടുത്ത് സാമുവേലിനെ ഒന്നു വിളിച്ചേ.“അവരുടെ നെഞ്ചിടിപ്പ് കൂടി. അന്നമ്മ ഇടറിയ സ്വരത്തിൽ പറഞ്ഞു: “അയ്യോ അച്ചായാ, ഫോൺ ബെല്ലുണ്ട് പക്ഷേ എടുക്കുന്നില്ല.“ഏതാണ്ട് രാത്രിപത്തുമണിയായി. മകൻ ഇതുവരെ വിളിച്ചില്ല. അന്നമ്മച്ചിയും കോശിച്ചായനും ഉറങ്ങിയിരുന്നില്ല. അങ്ങനെ പിന്നീട് മകന്റെ വിളി ഇല്ലാതെയായി. ആ ദിവസങ്ങൾ തള്ളിനീക്കാൻ അവർ ഏറെ പണിപ്പെട്ടു. അമേരിക്കയെ വിടാതെ പിടികൂടിയ കൊറോണ തന്റെ മകനു പിടിപെടരുതേയെന്ന് ഉരുവിട്ടുകൊണ്ട് ആ വൃദ്ധദമ്പതികൾ ഓരോ ദിവസവും തള്ളിനീക്കി.
പിറ്റേ ദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിയായി. എന്നും ചെയ്തുകൊണ്ടിരുന്ന പതിവുകളെല്ലാം തെറ്റി. അവർ രണ്ടുപേരും ഇരിക്കാനോ നിൽക്കാനോ കഴിയാതെ നടന്നുകൊണ്ടിരുന്നു. ഫോൺ ബെല്ലടിക്കുന്നതു കേട്ട് അന്നമ്മച്ചി ഓടിവന്ന് എടുത്തു. അത് സാമുവേലിന്റെ ഉറ്റസുഹൃത്തായ ബെന്നിയായിരുന്നു. അവൻ ചോദിച്ചു: “സാമുവേൽ കോശിയുടെ വീടല്ലേ? “ അന്നമ്മച്ചി ഒരു നെടുവീർപ്പോടെ പറഞ്ഞു: “അതെ.“ ബെന്നി ഇടറിയ സ്വരത്തിൽ പറഞ്ഞു: “അമ്മച്ചി അറിഞ്ഞു കാണുമല്ലോ കൊറോണവൈറസിനെ പറ്റി. ഞാനും എന്റെ കൂടെയുള്ള നാലുപേരും വളരെ ഭീതിയിലാണ് കഴിയുന്നത്. സാമുവേലിന്റെ ശരീരത്തിലും ഈ വൈറസ് പ്രവേശിച്ചു.“ ഇത് കേട്ടപ്പോഴെ അന്നമ്മച്ചിയുടെ പാതി ജീവൻ നഷ്ടമായി. അവൾ ഒന്നും മിണ്ടാതെ മിഴിച്ചുനിന്നു. ബെന്നി സകല ആത്മവിശ്വാസവുമെടുത്ത് അന്നമ്മച്ചിയോട് പറഞ്ഞു: “ദൈവം നമ്മുടെ സാമുവേലിനെ വിളിച്ചു അമ്മച്ചി. അമ്മച്ചി തളരരുത്. മൃതശരീരം ആശുപത്രി ഉദ്യോഗസ്ഥർ ചേർന്നു സംസ്കരിച്ചു. വളരെ വേദനാജനകമായ അവസ്ഥയാണിത് അമ്മച്ചി.” ഇത്രയും കേട്ടപ്പോൾ അന്നമ്മച്ചിയുടെ കൈയിൽ നിന്നും ഫോൺ താഴെവീണു. അത് പൊട്ടിച്ചിതറി. ഒരുപക്ഷേ ആ പൊട്ടിച്ചിതറിയത് ആ വൃദ്ധയുടെ ഹൃദയമായിരിക്കാം. കോശിച്ചായൻ വിവരമറിഞ്ഞു. ഉള്ളുപൊട്ടുന്ന വേദനയോടെ അയാൾ ഉമ്മറത്തെ ചാരുകസേരയിൽ നിശബ്ദനായി ഇരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞു. കണ്ണീരല്ലായിരുന്നു; ചോരയായിരുന്നു അത്. തന്റെ മകനോടുള്ള സ്നേഹത്തിന്റെ ചോര.അന്നമ്മച്ചിയുടെ അധരം പിടയുന്നു. “എന്റെ മകനെ നിന്നെ അവസാനമായി ഒരു നോക്കുകാണാൻ കഴിഞ്ഞില്ലല്ലോ!” എന്ന് അവർ ആവർത്തിച്ചു പറയുന്നു. തന്റെ മകന്റെ ഓർമ്മകൾ കളിയാടുന്ന ആ ഭവനത്തിൽ ആ വൃദ്ധർ ഇനിയെത്ര നാൾ..?
സാങ്കേതിക പരിശോധന - Ranjithsiji തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]
|