ജി.എച്ച്. എസ്. എസ്. കൊട്ടോടി/മാതൃഭൂമി സീഡ്ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി മാതൃഭൂമി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃഭൂമി സീഡ് ക്ലബ്ബ്.പ്രകൃതിയെ കരുതലോടെ കാക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രയത്നിക്കുന്ന സീഡ് പ്രക‍ൃതി സംരക്ഷണത്തിനായി വ്യത്യസ്തവും പുതുമയാർന്നതുമായ പദ്ധതികൾ ആവിഷ്കരിച്ച് കുട്ടികളെ മുൻനിർത്തി സമൂഹത്തിന്റെയാകെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നു.

സ്കൂളിലെ പ്രവർത്തനങ്ങൾ

മാതൃഭൂമി സീഡ് 2015 അന്താരാഷ്ട്ര മണ്ണ് വർഷം ചിത്രം വരക്കാൻ കൊട്ടോടി സ്കൂളിലെ മാതൃഭൂമി സീഡ് കുട്ടികൾക്ക് മണ്ണും വിരലുകളും മാത്രം മതി.മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങൾ 2015 അന്താരാഷ്ട്ര മണ്ണ് വർഷത്തോടനുബന്ധിച്ച് മണ്ണ് ചിത്രപ്രദർശനം സംഘടിപ്പിച്ചു.സാധാരണ വർണ്ണങ്ങൾ ചാലിച്ച് വരക്കുന്നതിനേക്കാൾ ഭംഗിയായി ചിത്രകലയിൽ പ്രാവീണ്യമില്ലാത്ത സീഡ് ക്ലബ്ബംഗങ്ങൾ മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങൾ ചാർട്ട് പേപ്പറിൽ ചിത്രീകരിച്ചു.കൊട്ടോടി പുഴയുടെ തീരത്തുള്ള കറുത്ത കളിമണ്ണും ചുവന്ന മണ്ണും ആണ് ചിത്രം വരക്കുന്നതിനായി കൂടുതൽ ഉപയോഗിച്ചത്.ചില കുട്ടികൾ ഇലച്ചാറുകളും നിറങ്ങൾക്കായി ഉപയോഗിച്ചു.മണ്ണിന്റെ മഹത്വം വരകളിലൂടെ ഫലിപ്പിക്കാൻ ചിത്രകാരൻമാർക്ക് കഴിഞ്ഞു.ചിത്ര പ്രദർശനം ഹെഡ്‌മാസ്റ്റർ ശ്രീ.ഷാജിഫിലിപ്പ് ഉദ്ഘാടനം ചെയ്തു.സീഡ് കോർഡിനേറ്റർ എ.എം.കൃഷ്ണൻ,സുകുമാരൻ പെരിയച്ചൂർ,പ്രശാന്ത്.പി.ജി,ബിനോയി ഫിലിപ്പ്,വി.കെ.ബാലകൃഷ്ണൻ,ആൻസി അലക്സ് എന്നിവർ സംസാരിച്ചു.ചിത്ര പ്രദർശനം കാണാനെത്തിയ രക്ഷിതാക്കളും മറ്റു വിദ്യാർത്ഥികളും ചിത്രങ്ങൾ വരച്ച ഒൻപത് എ,ബി ക്ലാസ്സിലെ സീഡ് ക്ലബ്ബംഗങ്ങളായ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.ചിത്ര പ്രദർശനം മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനമായി.മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു വലിയ ചിത്ര പ്രദർശനം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് സ്കൂളിലെ മാതൃഭൂമി സീഡ് കുട്ടികൾ.