Ssk17:Homepage/മലയാളം ഉപന്യാസം(എച്ച്.എസ്.എസ്)/രണ്ടാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (Sabarish എന്ന ഉപയോക്താവ് Ssk17:മലയാളം ഉപന്യാസം (എച്ച്.എസ്.എസ്) രണ്ടാം സ്ഥാനം എന്ന താൾ [[Ssk17:Homepage/മലയാളം ഉപന...)
വിഷയം:മനുഷ്യാവകാശസംരക്ഷണം
മനുഷ്യാവകാശസംരക്ഷണം
           കേരം തിങ്ങുന്ന നാടായതിനാല്‍ കേരളം എന്ന് അറിയപ്പെടുന്നതും എന്നാല്‍ ക്യൂവിന്റെ ആധിക്യത്താല്‍ ക്യൂവളം എന്ന് അറിയപ്പെടാന്‍ സാധ്യതയുള്ളതുമായ കേരളത്തെ അടിസ്ഥാനമാക്കി മനുഷ്യാവകാശസംരക്ഷണത്തെപ്പറ്റിപ്പറയുകയാണെങ്കില്‍ വിഷയത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നതാണ്. രണ്ടാം ലോകമഹായുദ്ധകാലത്തില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളാണ് 1948 ഡിസംബര്‍ 10 ന് മനുഷ്യാവകാശ നിയമം പുറപ്പെടുവിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയെ നിര്‍ബന്ധിതമാക്കിയത്. എങ്കിലും മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

                 ആദ്യം ലോകത്തെ തന്നെ അടിസ്ഥാനമാക്കിയാല്‍ 4 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന മാനവികതയുടെ മാമാങ്കമായ ഒളിമ്പിക്സില്‍ ഒളിമ്പിക് കുടക്കീഴില്‍(കൊടിക്കീഴില്‍) 20അംഗ സിറിയന്‍ അഭയാര്‍ത്ഥിസംഘത്തെ നയിച്ച യുസ്രമര്‍ദിനി യെന്ന സിറിയന്‍ അഭയാര്‍ത്ഥി വനിത സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളിലേക്ക് നമ്മെക്കൊണ്ടുപോയി . ദേഹം മുഴുവന്‍  ബോബ് സ്ഫോടനത്തില്‍ പരുക്കേറ്റിട്ടും നിര്‍വികാരനായി നില്‍ക്കുന്ന സിറിയന്‍ ബാലന്‍ ഒംറാന്‍ ദാനിഷിന്റെ ചിത്രം ഇപ്പോഴും പലരുടെയും കണ്ണുകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. അറബ് വസന്തത്തിന്റെയും മുല്ലപ്പൂവിപ്ലവത്തിന്റെയും അനന്തരഫലമായും തീവ്രവാദം മൂലവും അഭയാര്‍ത്ഥികളാകേണ്ടി വന്നവരുടെ സംവദിക്കുന്ന ചിത്രമായിരുന്നു അയ്‌ലാന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ കടപ്പുറത്ത് കമഴ്ന്ന് കിടക്കുന്ന ചിത്രം . എന്നാല്‍ അത് വാണിജ്യത്തിനായി നീലുഫെര്‍ ഡെമീര്‍ എന്ന ഫോട്ടോഗ്രാഫര്‍ കൊണ്ടുക്കിടത്തിയതാണെന്നുള്ള വാര്‍ത്ത കുറച്ചൊന്നുമല്ല നമ്മെ ഞെട്ടിച്ചത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നുള്ളത് ചരിത്രത്തില്‍ നിന്നും നമുക്ക് വായിക്കാവുന്നതാണ്. 1972-ല്‍ ഉഗാണ്ടയിലെ ക്ഷാമകാലത്തെ ചിത്രങ്ങളെടുക്കാന്‍ പോയ കെവന്‍ കാര്‍ട്ടര്‍ക്ക് പുലിസ്റ്റര്‍ സമ്മാനം ലഭിച്ചിരുന്നുവെങ്കിലും കഴുകന്‍ കൊത്താന്‍‍ നിന്ന കുട്ടിയെ രക്ഷിക്കാന്‍ സാധിക്കാത്തതോര്‍ത്ത് അദ്ദേഹം ആത്മഹത്യചെയ്യുകയാണുണ്ടായത്. 

                 ഫോട്ടോഗ്രാഫര്‍മാരുടെയും സമൂഹത്തിന്റെയും ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകളെ അലകും പിടിയും മാറേണ്ടതുണ്ട്. കേരളത്തെ ആസ്പദമാക്കി നോക്കിയാല്‍ ചില വിഭാഗങ്ങള്‍ എല്ലാവിധ അവകാശങ്ങളെയും അനുഭവിക്കുമ്പോഴും ആദിവാസി മേഖലകള്‍ ഇന്നും കുടത്തിലെ വിളക്കുപോലെയായിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ജി.​എം.ആര്‍.എസ്  സ്ക്കൂളുകളും മഹിളാശിക്ഷണ്‍ പഠനകേന്ദ്രങ്ങളും വന്‍ വിജയമാണെങ്കില്‍പ്പോലും കായികമേഖലയില്‍ ഇന്നും ഇതവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാന മേളയിലെ പങ്കാളിത്തത്തിനപ്പുറം ഒന്നും തന്നെ പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥയാണ്. എം.ബി.എ ക്കാരനായ മുകേഷ് അട്ടപ്പാടിയിലെ ആദ്യ ഡോക്ടറാകാന്‍ പോകുന്ന ഡോ.പ്രകാശ്,ബിനില,സന്ധ്യ മുതലായവര്‍ ഈ മേഖലയില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ളവരാണ്. നിലമ്പൂര്‍ ഒരു ആദിവാസി യുവാവിനെ 22 ദിവസമായി അടിമയാക്കി വെച്ച വാര്‍ത്ത വന്നിട്ടും അദ്ദേഹത്തെ രക്ഷിക്കാനോ ഇതുവരെ ജോലി ചെയ്ത കൂലി വാങ്ങി നല്‍കാനോ ആരും തയ്യാറായില്ല. എസ്.ടി ഡയറക്ടര്‍ ഉത്തരവിട്ടെങ്കിലും യുവാവിനെ പുതിയ ഷര്‍ട്ടും മുണ്ടും ധരിപ്പിച്ചും ആസ്ബസ്റ്റോസ് ഇട്ട പുതിയ ഷെഡ്ഡിലേക്ക് മാറിത്താമസിപ്പിച്ച് അടിമ ജീവിതമല്ല പരമസുഖം എന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. ഇത്തരം ശ്രമങ്ങളില്‍ നഷ്ടപ്പെട്ട് പോകുന്നത്,സംസാരിക്കാനും ചെവികേള്‍ക്കാനും കഴിയാത്ത ഒരു മാനുഷികജീവിയുടെ അവകാശങ്ങളാണ്. 

                " അയംഃനിജ പരോവേതി ഗണനാം ലഘു ചേതസ്സാം ഉദാരമതീനാം തു വസുധൈവ കുടുംബകം "ഈ ശ്ലോകത്തിന്റെ അര്‍ത്ഥങ്ങള്‍ തന്നെയാണ്ട "ലോകമേ തറവാട് നമുക്കീ ചെടികളും പുല്‍കയും കൂടി തന്‍ കുടുംബക്കാര്‍ എന്ന വരികളും നമ്മെ അനുസ്മരിപ്പിക്കുന്നത്. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ് എന്ന ബോധം നമുക്ക് ഉണ്ട് എങ്കില്‍ നമുക്ക് ആരുടെയും അവകാശങ്ങള്‍ ലംഘിക്കാന്‍ സാധിക്കുകയില്ല. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. തുടരെയുള്ള പണിമുടക്കുകള്‍,വിലക്കയറ്റം,ജനസംഖ്യ,ജനങ്ങളുടെ സുഖലോലുപത തുടങ്ങി ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് ധാരാളം കീറാമുട്ടി പ്രശ്നങ്ങളുണ്ട്. ആഗോളവിപണിയില്‍ സ്വന്തമായി ഒരു വിപണന വസ്തു ഇല്ലാത്തത് അവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. അഴിമതിയും ജനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റം തന്നെയാണ്. നമ്മുടെ നാട്ടിലെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും 'ഏണസ്റ്റ് വിന്‍സന്റ് 'റൈറ്റിന്റെ 'ഗാഡ്സ്‌ബൈ' എന്ന ഇംഗ്ലീഷ് നോവലുപോലെയാണ്. 50,000 വാക്കുകള്‍ ഉപയോഗിച്ചു എങ്കിലും ഈ നോവലില്‍ E എന്ന അക്ഷരം ഉപയോഗിച്ചിട്ടില്ല എന്നാല്‍ എഴുത്തുകാരന്റെ പേരെഴുതേണ്ടി വന്നപ്പോള്‍ ഈ അക്ഷരം ഉപയോഗിക്കേണ്ട വന്നു. 2016 മെയ് 12 ന് വനിതാശിശുക്ഷേമമന്ത്രി മേനകാഗാന്ധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അമതിക്രമങ്ങള്‍ തടയാനുള്ള  കരട് രേഖ തയ്യാറാക്കി അതിനുശേഷവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ പ്രധാനനഗരങ്ങളില്‍ പുതുവത്സരദിനത്തില്‍ നടന്ന ലൈഗികാതിക്രമങ്ങള്‍ നമ്മുടെ നിയമങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്നു. നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് പറയുന്നവര്‍ ഒരു കാര്യം ആലോചിക്കേണ്ടതുണ്ട്. ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന നിയമം മെക്കാളെ പ്രഭുവിന്റെ കാലത്ത് കൊണ്ടുവന്നതാണ്. വക്കീലന്മാരുടെ സ്വര്‍ഗ്ഗമെന്നാണ് ഇന്ത്യന്‍ നിയമസംഹിത അറിയപ്പെടുന്നത്. വക്കീലന്മാര്‍ ചേര്‍ന്നെഴുതി തയ്യാറാക്കിയതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടു പോകാന്‍ ധാരാളം അവസരങ്ങളുണ്ട്. ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഒരാള്‍ നിരപരാധി ആണോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടാണ്,1000 കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് പറയുന്നത്. ഗോവിന്ദച്ചാമിയെ  ശിക്ഷിക്കാന്‍ സാധ്യമാകാതിരുന്നതും ഇതുമൂലമാണ്.

	        മറ്റുള്ളവരുടെ ദേശീയതെയും സ്വകാര്യതയെയും അപമാനിക്കുന്നതാണ് മറ്റൊരു പ്രശ്നം.ഇ-കൊമേഴ്സ് വമ്പനായ ആമസോണില്‍ ഇന്ത്യന്‍ പതാകയുമായി സാമ്യമുള്ള ചവിട്ടുമെത്തവെച്ചത് വിവാദമായി വിദേശകാര്യമന്ത്രി താക്കീത് ചെയ്തതിനുശേഷവും അതേസൈറ്റില്‍ ഗാന്ധിജിയുടെ ഗ്രാഫിക് ഡിസൈനിലുള്ള ചെരുപ്പ് പ്രത്യക്ഷപ്പെട്ടു.3കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യത്തിന്റെ രാഷ്ട്ര പിതാവിന് വെറും 1190 രൂപയാണ് അവര്‍ ഇട്ടത്.മാധ്യമങ്ങളിലും പരസ്യങ്ങളിലും സ്ത്രീകളെ വളരെയധികം മോശമായി ചിത്രീകരിക്കുന്നത്.അവരുടെ അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണ്.സ്ത്രീകള്‍ക്ക് വീടുകളില്‍ നേരിടേണ്ടിവരുന്ന വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണ് 2005-ല്‍ ഗാര്‍ഹിക പീഡന നിരോധന നിയമം കേന്ദ്രസര്‍ക്കാര്‍  പ്രാബല്യത്തില്‍ വരുത്തിയത്,അവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായും അവരെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായും ആണ് വ്യോമസേനയിലും മറ്റും അവരെ ഇപ്പോള്‍ റിക്രൂട്ട് ചെയ്യുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് ഗാര്‍ഡ്ഓണര്‍ നല്കിയത് ഒരു വനിതയായിരുന്നു.ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തി രക്ഷാ സേനയായ പ്രശസ്ത സീമാബെല്‍ ‍ഡയറക്ടര്‍ ഇപ്പോഴൊരു വനിതയാണ്. അര്‍ച്ചന രാമസുന്ദരം,ഐക്യരാഷ്ട്രസംഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സമുദ്രസംഘടനയുടെ ധീരതാ അവാര്‍ഡ് നേടിയ രാധിക മേനോനും ഇന്ത്യന്‍ എന്ന അഭിമാനത്തിന് മകുടം ചാര്‍ത്തിയവരാണ്. ഇവരിലേക്ക് ഇന്ത്യന്‍ സ്ത്രീകളെ എത്തിച്ച ഇന്ത്യന്‍ ഫെമിനസത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതുമായ സാവിന്തി ഭായ് ഫുലെയാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. ആ മഹതിയുടെ ജന്മദിനത്തില്‍ അവര്‍ക്ക് ഗൂഗിള്‍ ആദരം അര്‍പ്പിച്ചത്. ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ എങ്ങനെ ലോകം കാണുന്നു എന്നതിനു തെളിവാണ്. മനുഷ്യാവകാശത്തിന്റെ കളിത്തൊട്ടിലായ ഗ്രീക്കിനെ മറികടന്ന് ഈ രംഗത്ത് ധാരാളം സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയും ആദ്യ നിയമസംഹിത ക്രോഡീകരിച്ച ഹമ്മുറാബിയില്‍ നിന്നും ലോകം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ജാതി മത മൗലികവാദവും അതുമൂലമുണ്ടാകുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. ജാതി തിരിക്കണമെന്നും മെച്ചമുള്ള സ്റ്റേറ്റുകള്‍ ഒന്നാവണമെന്ന ചിന്ത തുടങ്ങിയവ ഒഴിവാക്കപ്പെടേണ്ടതാ​ണ്.നമ്മുടെ ഭരണഘടനയില്‍ മൗലികാവകാശങ്ങളും കടമകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവകാശങ്ങള്‍ സംരക്ഷിക്കുമ്പോള്‍ തന്നെ മറ്റൊരു പൗരന്റെ അവകാശം ഇല്ലാതാക്കാനോ തടയാനോ നമുക്ക് അധികാരമില്ല. അധികാരസ്ഥാനങ്ങളില്‍ വരാന്‍ ചില രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന കുതന്ത്രങ്ങള്‍ പലപ്പോഴും വിഭാഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും കാരണമാവാറുണ്ട്. ജാതിമത ചിന്തയിലൂടെ വോട്ട് നേടുന്നത് ജനാധിപത്യപരമല്ല എന്ന് അവരും മനസ്സിലാക്കേണ്ടതുണ്ട്. എല്ലാവരും ഒരു പൊതുപൂര്‍വ്വികനില്‍ നിന്നുമാണുണ്ടായത്. ആ നിലയ്ക്ക് ചിന്തിച്ചാല്‍ മനുഷ്യാവകാശസംരക്ഷണം എളുപ്പമാകും. 

                 ദേശീയത എത്രത്തോളം തീവ്രമാണോ അത്രയും തീവ്രമായിരിക്കണം അയല്‍ രാജ്യങ്ങളോടുള്ള പ്രതിപത്തിയും. ദേശീയത ഇടുങ്ങിയ ചിന്തകളുടെ ചിറകിലേറുമ്പോള്‍ അത് തീവ്രവാദമായി മാറും. മേന്‍കാഫ്(ഹിറ്റ്‌ലറുടെ ആത്മകഥ) മുതലായവയ്ക്ക് 20 വര്‍ഷത്തിനുശേഷം അംഗീകാരം ലഭിച്ചത് നാം ഭയത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു.' കര്‍മ്മണ്യേ വാധി കാരസ്വേ മാ ഫലേഷു കഥാചന മാ ഫലഹേതുര്‍ ഭൂര്‍ മാതേ സംഗോ സ്തകര്‍മണി' പ്രതിഫലം ഇച്ഛിക്കാതെയും മറ്റുള്ളവര്‍ക്കു ദോഷകരമല്ലാത്ത രീതിയിലും കര്‍മ്മം ചെയ്യുക നല്ലൊരു നാളേയ്ക്കായ്. ഇരുന്നിട്ട് വേണം കാല്‍നീട്ടുവാന്‍. ഈ വിഷയത്തില്‍ ഇനിയും ഇരുട്ടുകൊണ്ട് ഒാട്ട അടയ്ക്കുന്ന നിലപാടുകളുമായി മുന്നോട്ടു പോകാതിരിക്കട്ടെ. ഗ്ലോബല്‍ സ്ലേവറി ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനം എന്ന നാണം കെട്ട റെക്കോര്‍ഡ് നമുക്ക് കഴുകി കളയണം. ഭിക്ഷാടനം പോലെയുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നവരെ പുനഃരധിവസിപ്പാക്കാന്‍ പദ്ധതികളുണ്ടാക്കേണ്ടിയിരിക്കുന്നു.

SUJITHKUMAR A
11, [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
HSS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്.എസ്)
സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}


[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]]