ചമ്രവട്ടം

മലപ്പുറം ജില്ലയിലെ, തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു പുഴയോര ഗ്രാമമാണ് ചമ്രവട്ടം. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര ഗ്രാമം ചില പ്രത്യേക പദ്ധതികളിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

കൂടാതെ ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളാലും വിശേഷപ്പെട്ട ആരാധനാലയങ്ങളാലും ചില ദേശീയ പദ്ധതികളാലും തദ്ദേശീയമായും ദേശീയമായും അന്തർദേശീയമായും ശ്രദ്ധാകേന്ദ്രമായി തീർന്നിട്ടുണ്ട്.

പ്രത്യേകത

വിനോദ സഞ്ചാരകേന്ദ്രമായ ചമ്രവട്ടം സ്നേഹപാത, സവിശേഷമായ ക്ഷേത്രഗ്രാമം, ചമ്രവട്ടം പദ്ധതി , ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷര ഗ്രാമം എന്നിങ്ങനെ നിരവധി പദ്ധതികളാൽ ഈ ചെറുഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമായി തീർന്നിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻെ ജൻമദേശം കൂടിയാണ് ചമ്രവട്ടം

ചമ്രവട്ടം അയ്യപ്പക്ഷേത്രം

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളിലോന്നാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം. ശബരിമല ക്ഷേത്രത്തിൽ ചില പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ അയപ്പദർശനത്തിനായി സ്ത്രീകൾ ആശ്രയിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നണിത്.

ചമ്രവട്ടം പദ്ധതി

കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്. മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 70 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു

കമ്പ്യൂട്ടർ സാക്ഷര ഗ്രാമം

ഇന്ത്യലെ ആദ്യത്തെ നൂറു ശതമാനം കമ്പ്യൂട്ടർ സാക്ഷര ഗ്രാമമായി ചമ്രവട്ടത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഒരു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യമുണ്ടായിരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.