ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം ഒരോർമ്മ...

Anas M H Mirsabi- Designer/Trainer/Vlogger

ഓരോ വ്യക്തിക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ ഓർമ്മകൾ ഉള്ള നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് സ്കൂൾ ജീവിതം.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആ കുട്ടിക്കാലം. പുതിയ പുതിയ ഓരോ കാര്യങ്ങളെയും വളരെ കൗതുകത്തോടെ നോക്കി കാണുന്ന, തെറ്റിലേക്ക് ആയാലും ശരിയിലേക്ക് ആയാലും പെട്ടെന്ന് തിരിച്ചു വീഴാൻ സാധ്യതയുള്ള ആ പ്രായം.

ഞാൻ ഒന്നു മുതൽ അഞ്ചുവരെ പഠിച്ചത് എന്റെ മോൻ ഇന്ന് പഠിക്കുന്ന എന്റെ മാതാപിതാക്കൾ പഠിച്ചിട്ടുള്ള കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽപി സ്കൂളിലായിരുന്നു. ഒരുപാട് അകലെ അല്ലാത്തതിനാൽ വീട്ടിൽ നിന്നും നടന്നായിരുന്നു സ്കൂളിൽ പോയിരുന്നത് അടുത്തുള്ള കുറേ കൂട്ടുകാരും ഉണ്ടായിരുന്നു കൂടെ. ഞങ്ങൾ ഒരുമിച്ച് കളിയും ചിരിയും തമാശകളുമായി സ്കൂളിലേക്ക് പോകും.ഉച്ചയ്ക്കുള്ള ഊണ് വീട്ടിൽ വന്നിട്ടാണ് കഴിക്കുന്നത്. ഊണ് കഴിഞ്ഞ് വീണ്ടും സ്കൂളിലേക്ക് പോകും ഇതേ കൂട്ടുകാർക്കൊപ്പം. സ്കൂളിലേക്ക് ഇറങ്ങുന്ന വഴിയിൽ കുട്ടൻ ചേട്ടന്റെ കടയുണ്ടായിരുന്നു അന്ന്. കല്ലു പെൻസിൽ ,പേന മുതലായവയൊക്കെ അവിടുന്നാണ് വാങ്ങിയിരുന്നത് എന്തു മേടിച്ചാലും കൂടെ മിഠായി മസ്റ്റ് ആണ്. അന്നത്തെ ഫേവറേറ്റ് ആയിരുന്നു കമർക്കെട്ട് മിഠായി, തേൻ മിഠായി, നാരങ്ങാ മിഠായി , കടല മിഠായി ഒക്കെ.

മെയിൻ റോഡിൽ നിന്നും സ്കൂളിലേക്ക് ഇറങ്ങുന്ന വഴിയുടെ വലതു സൈഡിലായി ഒരു തോട് ഉണ്ടായിരുന്നു. അത് സ്കൂളിന്റെ ഗേറ്റിനോട് അടുത്തെത്തുമ്പോൾ കുറച്ച് പരന്നയിരുന്നു ഒഴുകിയിരുന്നത്. നല്ല തെളിഞ്ഞ വെള്ളം. പരൽ മീനുകളെ കാണാമായിരുന്നു.ആ വെള്ളത്തിൽ എന്നും കാലുകഴുകി തേച്ചു വെളുപ്പിക്കുന്നത് ഒരു ശീലമായിരുന്നു.

ഇങ്ങനെയുള്ള എത്രയെത്ര മധുര ഓർമ്മകളാണ് ആ കാലം നമുക്ക് സമ്മാനിച്ചത്.കാലം എത്ര കഴിഞ്ഞാലും നമ്മുടെ എൽപി കാലഘട്ടം ആരും മറക്കാൻ സാധ്യതയില്ല.അന്നത്തെ കൂട്ടുകാർ... അധ്യാപകർ... എല്ലാം നമുക്ക്  ഇന്നലെ കഴിഞ്ഞ പോലുള്ള തോന്നലാണ്. ഇനിയുമുണ്ട് ഒരുപാട് ഒരുപാട് ഓർമ്മകൾ. ആ ഓർമ്മകളുടെ കെട്ടഴിക്കാൻ ബാക്കി വച്ചുകൊണ്ട് ഒ. എൻ.വി. സാറിന്റെ കവിതയിലെ രണ്ടു വരി എഴുതി നിർത്തുന്നു...

"ഒരുവട്ടം കൂടി എന്നോർമ്മകൾ മേയുന്ന

തിരുമുറ്റത്തെത്തുവാൻ മോഹം " (ഒ. എൻ. വി.)