ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം ഒരോർമ്മ...
ഓരോ വ്യക്തിക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ ഓർമ്മകൾ ഉള്ള നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് സ്കൂൾ ജീവിതം.
കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആ കുട്ടിക്കാലം. പുതിയ പുതിയ ഓരോ കാര്യങ്ങളെയും വളരെ കൗതുകത്തോടെ നോക്കി കാണുന്ന, തെറ്റിലേക്ക് ആയാലും ശരിയിലേക്ക് ആയാലും പെട്ടെന്ന് തിരിച്ചു വീഴാൻ സാധ്യതയുള്ള ആ പ്രായം.
ഞാൻ ഒന്നു മുതൽ അഞ്ചുവരെ പഠിച്ചത് എന്റെ മോൻ ഇന്ന് പഠിക്കുന്ന എന്റെ മാതാപിതാക്കൾ പഠിച്ചിട്ടുള്ള കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽപി സ്കൂളിലായിരുന്നു. ഒരുപാട് അകലെ അല്ലാത്തതിനാൽ വീട്ടിൽ നിന്നും നടന്നായിരുന്നു സ്കൂളിൽ പോയിരുന്നത് അടുത്തുള്ള കുറേ കൂട്ടുകാരും ഉണ്ടായിരുന്നു കൂടെ. ഞങ്ങൾ ഒരുമിച്ച് കളിയും ചിരിയും തമാശകളുമായി സ്കൂളിലേക്ക് പോകും.ഉച്ചയ്ക്കുള്ള ഊണ് വീട്ടിൽ വന്നിട്ടാണ് കഴിക്കുന്നത്. ഊണ് കഴിഞ്ഞ് വീണ്ടും സ്കൂളിലേക്ക് പോകും ഇതേ കൂട്ടുകാർക്കൊപ്പം. സ്കൂളിലേക്ക് ഇറങ്ങുന്ന വഴിയിൽ കുട്ടൻ ചേട്ടന്റെ കടയുണ്ടായിരുന്നു അന്ന്. കല്ലു പെൻസിൽ ,പേന മുതലായവയൊക്കെ അവിടുന്നാണ് വാങ്ങിയിരുന്നത് എന്തു മേടിച്ചാലും കൂടെ മിഠായി മസ്റ്റ് ആണ്. അന്നത്തെ ഫേവറേറ്റ് ആയിരുന്നു കമർക്കെട്ട് മിഠായി, തേൻ മിഠായി, നാരങ്ങാ മിഠായി , കടല മിഠായി ഒക്കെ.
മെയിൻ റോഡിൽ നിന്നും സ്കൂളിലേക്ക് ഇറങ്ങുന്ന വഴിയുടെ വലതു സൈഡിലായി ഒരു തോട് ഉണ്ടായിരുന്നു. അത് സ്കൂളിന്റെ ഗേറ്റിനോട് അടുത്തെത്തുമ്പോൾ കുറച്ച് പരന്നയിരുന്നു ഒഴുകിയിരുന്നത്. നല്ല തെളിഞ്ഞ വെള്ളം. പരൽ മീനുകളെ കാണാമായിരുന്നു.ആ വെള്ളത്തിൽ എന്നും കാലുകഴുകി തേച്ചു വെളുപ്പിക്കുന്നത് ഒരു ശീലമായിരുന്നു.
ഇങ്ങനെയുള്ള എത്രയെത്ര മധുര ഓർമ്മകളാണ് ആ കാലം നമുക്ക് സമ്മാനിച്ചത്.കാലം എത്ര കഴിഞ്ഞാലും നമ്മുടെ എൽപി കാലഘട്ടം ആരും മറക്കാൻ സാധ്യതയില്ല.അന്നത്തെ കൂട്ടുകാർ... അധ്യാപകർ... എല്ലാം നമുക്ക് ഇന്നലെ കഴിഞ്ഞ പോലുള്ള തോന്നലാണ്. ഇനിയുമുണ്ട് ഒരുപാട് ഒരുപാട് ഓർമ്മകൾ. ആ ഓർമ്മകളുടെ കെട്ടഴിക്കാൻ ബാക്കി വച്ചുകൊണ്ട് ഒ. എൻ.വി. സാറിന്റെ കവിതയിലെ രണ്ടു വരി എഴുതി നിർത്തുന്നു...
"ഒരുവട്ടം കൂടി എന്നോർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം " (ഒ. എൻ. വി.)
ഒരു വട്ടം കൂടി
ഒരിക്കൽ എങ്കിലും ഒരു വട്ടം കൂടി എനിക്ക് വീണ്ടും ആ ഒന്നാം ക്ലാസിലേക്ക് എൻറെ കൂട്ടുകാർക്കൊപ്പം ,ആടിയും പാടിയും ഇണങ്ങിയും പിണങ്ങിയും എല്ലാം എൻറെ പ്രിയപ്പെട്ട ടീച്ചർമാരുടെ സ്നേഹ സ്പർശങ്ങൾക്ക് നടുവിലേക്ക് ഒന്നുകൂടി ആ പഴയ ഒന്നാം ക്ലാസുകാരി അയി ചെല്ലാൻ കഴിഞ്ഞെങ്കിൽ .....ഒരിക്കലും ഇനി നടക്കില്ലെന്ന് അറിഞ്ഞിട്ടും വീണ്ടും ഇന്ന് വാകമരച്ചുവട്ടിൽ ഇരുന്നപ്പോൾ വെറുതെ ആശിച്ചുപോയി ......ഓർമ്മകളിൽ ഇന്നും ആ ഒന്നാം ക്ലാസുകാരി എവിടെയൊക്കെയോ ഉണ്ട് .ഇടവപ്പാതി തകർത്തു പെയ്ത ഒരു ദിവസം അമ്മയുടെ കയ്യും പിടിച്ച് ഞാനെൻറെ സ്കൂളിലേക്ക് ....ഒപ്പം കൂടെ കളിച്ചു വളർന്ന ഒരുപാട് കളി കൂട്ടുകാരും ഉണ്ടായിരുന്നു. അന്ന് ക്ലാസ്സിൽ ഇരുത്തി അമ്മ നടന്നപ്പോൾ വാവിട്ടു കരഞ്ഞ എന്നെ ചേർത്തുപിടിച്ച് കണ്ണുനീർ തുടച്ച് മിഠായികൾ തന്ന ആ സ്നേഹ സ്പർശം --എൻറെ അമ്മിണി ടീച്ചർ .ടീച്ചർക്ക് ഞങ്ങളെല്ലാം സ്വന്തം മക്കളെ പോലെയായിരുന്നു .അന്ന് ഒരു ദിവസം മധുരപലഹാരങ്ങളെ കുറിച്ച് പഠിപ്പിച്ചപ്പോൾ ഹൽവ എന്താ ടീച്ചർ എന്ന് കൂട്ടത്തിലൊരാൾ ചോദിച്ചു .നിനക്കറിയില്ലേ നീ ഹൽവ കഴിച്ചിട്ടില്ലേ ടീച്ചർ എനിക്കറിയാൻ മേല അത് എന്തോന്ന് സാധനമാ ?പിറ്റേന്ന് ക്ലാസിൽ വന്ന ടീച്ചറുടെ കയ്യിൽ ഞങ്ങൾക്കെല്ലാവർക്കും ഉള്ള ഹൽവ ഉണ്ടായിരുന്നു .ഉച്ച സമയത്ത് ഒരുമിച്ച് വരാന്തയിൽ ഇരുന്ന് കഞ്ഞിയും പയറും കുടിച്ചും സ്കൂൾ മുറ്റത്ത് ഓടിക്കളിച്ചും നടന്ന കാലം. ഞങ്ങൾക്കെന്ന് കഞ്ഞി വെച്ച് തന്ന സുശീല ചേച്ചിയെ കാലങ്ങൾക്ക് അപ്പുറം ഇന്നും ആ കഞ്ഞിപ്പുരയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എത്രയോ കുട്ടികളുടെ വിശപ്പു മാറ്റിയ ആളാണ് .ഒരു കടലോളം സ്നേഹം .ഞങ്ങൾ പഠിച്ച വർഷമാണ് ആദ്യമായി ഡി.പി .ഇ.പി എന്ന പുതിയ പദ്ധതി വരുന്നത് .അന്ന് ആഴ്ചയിൽ ഒരിക്കൽ ഡി.പി .ഇ.പി യുമായി ബന്ധപ്പെട്ട് വരുന്ന ഒരു ഓമനക്കുട്ടി ടീച്ചർ ഉണ്ടായിരുന്നു .ടീച്ചർ ഞങ്ങളെ കൂട്ടിയിരുത്തി കുളം കര കളിപ്പിച്ചും കാക്ക പറ പറ ,കുലകുലാ മുന്തിരി അങ്ങനെ എത്രയെത്ര പ്രകൃതിയോട് ഇഴ ചേർന്നു നിൽക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അന്യമായി തീർന്ന കളികൾ ,പാഠ്യരീതികൾ .പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന പുതിയൊരു പാഠ്യ ജാലകം തന്നെ ഞങ്ങൾക്കു മുൻപിൽ തുറന്നു .അങ്ങനെ കൂടെ ചേർത്ത് നിർത്തി ഒരുപാട് സ്നേഹവും സ്നേഹശകാരങ്ങളും ഒക്കെ തന്ന് പഠിപ്പിച്ച എൻറെ പ്രിയ അധ്യാപകർ .വ്യാഴാഴ്ച ദിവസത്തെ പാട്ട് ക്ലാസിൽ വരാന്തയിൽ ഇരുന്ന് അലസമായി പാടി ആ വരികളിലെ അർത്ഥവും ഈണവും എല്ലാം ഇന്ന് വീണ്ടും ഈ വരാന്തയിൽ ഇരുന്ന് മൂളുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ .
കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ
ഒഴിഞ്ഞുപോയ രാഗം കടലിനക്കരെ
ഓർമ്മകളെ നിന്നെ ഓർത്ത് കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ ......
എൻറെ പ്രിയ വിദ്യാലയം
ഒരുപാട് സ്നേഹത്തോടെ
ഷംസി എം എ
കുടയത്തൂർ
| ...തിരികെ പോകാം... |
|---|