സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PriyankaAntony (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി. എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ്‌ മാർഗ്ഗം 12 കി.മീ അകലെയാണിത്. ഒരു കി.മീ മാത്രമാണ് ജലമാർഗ ദൂരം. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. ഒരുപാട് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികൾ ഫോർട്ട് കൊച്ചി സന്ദർശിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ ഫോർട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്‌. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ആയിരുന്നു ഫോർട്ട് കൊച്ചി.

ഫോർട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള തദ്ദേശീയ നിയമം നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൌസുകളും‍ രൂപാന്തരപ്പെടുത്തിയവയാണ്. മനോഹരമായ പല മണിമാളികകളും ഇവയിൽ ഉൾപ്പെടും.

പേരിനു പിന്നിൽ

കൊച്ചി എന്ന പേരിനു കാരണം ഈ ഭാഗത്ത് ചേരുന്ന നദികളും കടലിന്റെ അഴിമുഖവുമാണ്‌. കൊച്ച് അഴി എന്ന പേരാണ്‌ കൊച്ചി ആയത്. എന്നാൽ ഫോർട്ട് കൊച്ചി എന്ന പേർ വന്നത് പോർത്തുഗീസുകാർ ഈ അഴിമുഖത്തിനഭിമുഖമായി കോട്ട കെട്ടിയതോടെയാണ്‌ (1503). ജനങ്ങൾ അങ്ങനെ കോട്ടക്കൊച്ചി എന്ന് ആദ്യം വിളിച്ചു പോന്നു. കോട്ടയുമായി ബന്ധപ്പെട്ട മിക്കവയേയും ജനങ്ങൾ കോട്ട ചേർത്ത് പറയുക സാധാരണമായി. ഉദാ: കോട്ടക്കാശ് (കോട്ടയിൽ നിന്ന് അടിച്ചിരുന്ന നാണയം), കോട്ടമാങ്ങ (കപ്പൽ വഴി കോട്ടയിൽ എത്തിച്ചേർന്നിരുന്ന വിദേശ മാങ്ങ. കോട്ടക്കൊച്ചി എന്നറിയപ്പെടുന്ന ഭൂപ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് കൊച്ചി എന്നും അറിയപ്പെട്ടു. എന്നാൽ ഫോർട്ട് കൊച്ചി ഇന്ത്യ സ്വതന്ത്രയായശേഷം കേരളസംസ്ഥാനം രൂപീകൃതമായശേഷം രൂപമെടുത്ത പേരാണ്‌. [1] കോട്ട എന്ന ഗ്രാമീണപദത്തേക്കാളും ഗമ ഫോർട്ട് എന്ന ഇംഗ്ലീഷ് പദത്തിനുണ്ടായിരുന്നതുകൊണ്ടാവാം ഇത് എന്നാണ്‌ ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ അഭിപ്രായം.

ഭൂമിശാസ്ത്രം

എത്തിച്ചേരാനുള്ള വഴി

കൊച്ചി നഗരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് ബസ്സു ലഭിക്കും. മറൈൻ ഡ്രൈവിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് ബോട്ടും ഉണ്ട്.

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ (എറണാകുളം ജങ്ക്ഷൻ) - 12 കി.മീ അകലെ.

ഏറ്റവും അടുത്തുള്ള വിമാനത്താവളം - നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 44 കി.മീ അകലെ.