സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ ചരിത്ര പശ്ചാത്തലം

അര  നൂറ്റാണ്ടിന്റെ ദീപ സ്മരണയിൽ അഭിമാന പുളകിതയായി ,നാടിൻറെ സ്വപ്ന സാക്ഷാൽക്കരമായി നന്മയുടെ ശ്രീ കോവിലായി തിളങ്ങി നിൽക്കുന്ന അമ്പൂരി സെന്റ് ജോർജ് എൽ.പി .സ്കൂൾ ,വിദ്യയുടെ ഈ കൊച്ചു കോവിൽ അമ്പൂരിക്ക് അറിവ് തെളിക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. കാടും മേടും വെട്ടിത്തെളിച്‌  കാട്ടുമൃഗങ്ങളോടും മാറാരോഗങ്ങളോടും മല്ലിട്ട് ജീവിതം പച്ച പിടിപ്പിച്ച ഇവിടുത്തെ കുടിയേറ്റക്കാരായ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലേക് ഒരു രക്ഷകനായി കടന്നു വന്ന,നാട്ടുകാർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു നാമധേയമാണ് റവറന്റ് ഫാദർ അദെയ്ദത്തൂസ് OCD (മുതിയവിള വലിയച്ഛൻ ).

                   ദുഃഖ ദുരിതങ്ങളിലും കഷ്ടാരിഷ്ടതകളിലും മുങ്ങി നിസഹായരായി കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഇടയിലേക്ക് സമാശ്വാസത്തിന്റെണി തിരി നാളവുമായി കടന്നു വന്ന ആബെൽജിയൻ മിഷനറി ക്രിസ്തീയ ത്യാഗത്തിന്റെ പരമോന്നത മാതൃക പകർന്നു നൽകി. അദ്ദേഹത്തിന്റെ ശ്രമം ഫലമായി 1950 ഇൽ ഇവിടൊരു ആരാധനാലയം സ്ഥാപിതമായി.അതെ തുടർന്ന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സൗകര്യം ഇല്ല എന്ന വിഷമം ഇവിടുത്തെ ജനങ്ങളെ അലട്ടാൻ തുടങ്ങി. അതിന്റെ ഫലമായി പള്ളി ഷെഡിൽ തന്നെ കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യം ഒരുക്കി.ശ്രീ.കെ.കുര്യാക്കോസ് കോട്ടൂരിനെ കുട്ടികളെ പഠിപ്പിക്കാനായി തിരഞ്ഞെടുത്തു. അദ്ദേഹം അമ്പൂരി പള്ളിയിലെ ഉപദേശിയായിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് 1955 ഇൽ അംഗീകാരം ലഭിച്ച സെന്റ്.ജോർജ്.എൽ.പി.സ്കൂൾ.ഈ മല നാടിനെ അക്ഷര പൂരിതമാക്കാൻ ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് ആണ് മുൻ കയ്യെടുത്തു പ്രവർത്തിച്ചത്.

1955 ജൂൺ ആറാം തിയതി  ആദ്യ  വിദ്യാർഥി അന്നമ്മ.കെ.ജെ. കിഴക്കേ നിരപ്പേൽ സ്കൂളിൽ ചേർന്ന്. ഈ കുടുംബം ഇന്നും സ്കൂളിന് സമീപത്തു തന്നെ ഉണ്ട്.ഏഴ് മക്കളുടെ അമ്മയും അംഗൻവാടി ടീച്ചറും ആണ്.ആ ദിവസം തന്നെ ഒന്ന്,രണ്ട്  ക്ലാസ്സുകളിലേക്കായി 136 കുട്ടികൾ വന്നു.കുടിയേറ്റക്കാരുടെ സേവനത്തിനായി ഇവിടെ എത്തി ചേർന്ന തിരു ഹൃദയ സന്യാസിനി സഭാംഗം ആയ സിസ്റ്റർ ഫെലിക്സ് ആദ്യ ഹെഡ്മിസ്ട്രെസ് ആയി.ഈ സന്യാസിനി സമൂഹം 1911  ഇൽ ആരംഭിച് 3600 അംഗങ്ങളോടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സേവനം ചെയ്യുന്നു.അന്ന് മുതൽ ഇന്ന് വരെ ഇവിടെ പ്രഥമ അദ്ധ്യാപകരായി തുടരുന്നത് ഈ സന്യാസിനി സമൂഹത്തിലെ അംഗങ്ങൾ തന്നെയാണ്.ഏകദേശം 95 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു.

അമ്പൂരി എന്ന പേര് ലഭിച്ചത് എങ്ങനെ?

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഒരു കുടിയേറ്റ കേന്ദ്രമാണ് അമ്പൂരി.കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 41 കിലോമീറ്റർ തെക്കു കിഴക്കു മാറി നെയ്യാറ്റിൻകര താലൂക്കിൽ തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഒരു മലയോര പ്രദേശമാണിത്. കുടിയേറ്റക്കാർക്ക് മുൻപ് പരിഷ്‌കാരം എന്തെന്ന് അറിയാത്ത ഈ വന പ്രദേശത് കാണിക്കർ,ഊരന്മാർ,എന്നീ രണ്ടു വർഗക്കാരാണ് താമസിച്ചിരുന്നത്.ഇതിൽ കാണിക്കർ ഗിരി വർഗക്കാർ ആണ്.ഇവർ ഇപ്പോഴും ഈ പ്രദേശത്തു ധാരാളം ഉണ്ട്.

             ഏതാണ്ട് 300 വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ഊരന്മാരുടെ അധീനതയിൽ ആയിരുന്നു. ശൈവമതാവലംബികളായിരുന്ന ഇവർ മുഖ്യമായും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു.അമ്മൂരി എന്ന് പേരുള്ള ഒരു രാജ്ഞി ഇവിടെ കുറെ കാലം ഭരണം നടത്തുകയുണ്ടായി.ഭരണ കാര്യങ്ങളിൽ ഇവരെ സഹായിച്ചിരുന്നത് വെട്ടൂരാൻ എന്ന മന്ത്രി ആയിരുന്നു.രാജ്ഞിയുടെ മരണ ശേഷം ഊരന്മാർ അവളുടെ വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ക്ഷേത്ര നാമം അമ്മൂരി എന്നാക്കുകയും ചെയ്തു.അതെ തുടർന്ന് ഈ പ്രദേസഘം അമ്മൂരി എന്നറിയപ്പെട്ടു.ബ്രിട്ടീഷ് ഗവണ്മെന്റ് നടത്തിയ സർവേയിൽ ഈ പ്രദേശത്തിന്റെ പേര് അമ്മൂരി എന്നാണ്  രേഖപ്പെടുത്തിയിരിക്കുന്നത്.