ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം
നൊമ്പരങ്ങളുടെ കഥ വേദനകളുടെയും...
ഓർമ്മകുറിപ്പ്
വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ കണ്ണീരിൽ ചാലിച്ച കഥകളാണ് ഓർമ്മയിൽ വരുന്നത്.ദാരിദ്ര്യത്തിന്റേയും പട്ടിണിയുടെയും കാലഘട്ടത്തിലാണ് സ്കൂൾ ജീവിതം ആരംഭിക്കുന്നത്.സ്കൂളിൽ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണം കഴിക്കാനും അതിലൂടെ ഒരു നേരത്തെ പട്ടിണി അകറ്റാനും വേണ്ടി മാത്രം സ്കൂളിൽ വരുന്നവർ ആയിരുന്നു ഞാനടക്കമുള്ള അന്നത്തെ മഹാഭൂരിപക്ഷം കുട്ടികളും. ദാരിദ്ര രാജ്യങ്ങളിലേക്കുള്ള യുനസ്കയുടെ ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്തിരുന്ന മഞ്ഞപ്പൊടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രത്യേകമായ ഒരു ഭക്ഷണമായിരുന്നു അത്. അതിന്റെ മണംഇന്നും മായാതെ നിൽക്കുന്നു. ഓരോ തവണയും സ്കൂളിൽ പ്രവേശിക്കുമ്പോൾ അത് ഓർമ്മയിൽ വരുന്നു. പല ദിവസങ്ങളിലും അധ്യപകരുടെ അനുവാദം ഇല്ലാതെ സ്കൂളിനു പിറകുവശത്തെ ആമ്പൽ കുളത്തിൽ സംഘംചേർന്ന് കുളിക്കാൻ പോയതും, പിടിക്കപ്പെട്ട് അടികിട്ടിയതും ഇന്നലെ കഴിഞ്ഞത് പോലെ വേദനകളുടെ ഓർമ്മകളിലുണ്ട് .പിൻകാലത്ത് സ്കൂളിന്റെ എസ്.എം.സി. ചെയർമാൻ ചുമതല ഏറ്റെടുത്ത് മുന്നോട്ട് പോയ കാലമിത്രയും നമ്മൾക്ക് നഷ്ടപ്പെട്ടു പോയത് പുതിയ തലമുറക്ക് ലഭിക്കുന്നതിന് വേണ്ടി സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാം ഒരു നിഴൽ പോലെ കൂടെനടന്നുകൊണ്ടിരിക്കുന്നു...
താജുദ്ദീൻ ഫാളിൽ റഹ്മാനി
എസ്.എം.സി. ചെയർമാൻ
നീയാണ് എല്ലാം ...
കഥ
പ്രിയപ്പെട്ട എന്റെ വിദ്യാലയത്തിന്,
നീയും ഞാനും കണ്ടുമുട്ടിയിട്ട് ഏറെ നാളായെങ്കിലും നീയും ഞാനുമായുള്ള നമ്മുടെ ഓർമകൾക്ക് ഇന്നും പുതുജീവനാണ്. ഒരുസമയത്തെ എന്റെ എല്ലാമായിരുന്നു നീ. ഒരുപക്ഷെ എന്നെ ഞാനാക്കിയതിൽ പകുതി പങ്കുവഹിച്ചതും നീ. എന്റെ ചുവടുകൾക്ക് താളമേകിയതും എന്റെ പാട്ടുകൾക്ക് ഈണമേകിയതും നീ. എന്റെ വിശ്വാസങ്ങൾക്ക് ആക്കം കൂട്ടിയതും എന്റെ പ്രതീക്ഷകൾക്ക് മിഴിവേകിയതും നീ. വിജയങ്ങളിൽ സന്തോഷിക്കുവാനും പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുവാനും എന്നെ പഠിപ്പിച്ചത് നീയാണ്.സൗഹൃദങ്ങൾക്ക് വിലനൽകിയതും വിരഹത്തിന്റെ വേദനയറിഞ്ഞതും ഞാൻ നിന്നിലൂടെയാണ്. എന്റെ കുട്ടിക്കാലത്തിന് അഴകേകിയതും എന്റെ കുഞ്ഞോർമ്മകൾക്ക് നിറം ചാർത്തിയതും നീയാണ് .എന്നിലുള്ള നിന്റെ ഓർമകൾക്ക് ഒരിക്കലും മരണമില്ല എന്തെന്നാൽ എന്നെ ഓർമ്മകൾ സൃഷ്ടിക്കാൻ പഠിപ്പിച്ചത് പോലും lനീയാണ്. എന്റെ അറിവിനും കഴിവിനും മാറ്റ് കൂട്ടിയത് നീയാണ്.
ഇന്ന് ഞാൻ ഒരു അധ്യാപിക ആകാനുള്ള വഴിയിലാണ്. ആ വഴിയിലൂടെ നടക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്നെ ആദ്യാക്ഷരം പഠിപ്പിച്ച അവിടുത്തെ ഗുരുക്കളാണ്. ‘കാട്ടുപള്ളിക്കൂടം’ എന്ന് പറഞ്ഞവരെ കൊണ്ട് ഗവണ്മെന്റ് എച്ച്. എ. എൽ. പി. എസ് എന്ന് തിരുത്തി പറയിപ്പിച്ചതും നീ എനിക്ക് പകർന്ന് നൽകിയ വിശ്വാസമാണ്, നിന്നിൽ നിന്ന് ഞാൻ ആർജിച്ചെടുത്ത ധൈര്യമാണ്. ഇന്നും വാക്കുകൾ കൊണ്ട് ഞാൻ വാചാലയാകുന്നെങ്കിൽ അതിനുള്ള കാരണവും നീ തന്നെയാണ്. മനസ്സിൽ വിഷമമോ സങ്കടമോ ഉണ്ടാകുന്നെങ്കിൽ ഞാൻ നിന്റെ ഓർമകളെ പൊടിതട്ടിയെടുക്കുന്നു, അത് എനിക്ക് നൽകുന്ന ആശ്വാസം വലുതാണ്. അപ്പോഴൊക്കെയും ഇനിയുമൊരു വിദ്യാലയജീവിതമുണ്ടായിരുന്നെങ്കിൽ എന്ന് മനസ്സ് വല്ലാതെ കൊതിച്ചുപോകുന്നു, അത് വെറും സ്വപ്നമാണെന്നറിയാമെങ്കിലും.
ഇപ്പോഴും നിന്റെ മാറ്റങ്ങളും നേട്ടങ്ങളും കണ്ട് ഞാൻ അഭിമാനം കൊള്ളുന്നു. നിന്റെ ഉയർച്ച കണ്ട് സന്തോഷിക്കുന്നു. നിന്റെ വിജയത്തിൽ ഞാനും ആഹ്ലാദിക്കുന്നു. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുറച്ച് വാക്കുകൾ കൊണ്ട് മാത്രം കോറിയിടാൻ പറ്റുന്നതല്ല നിന്റെ ഓർമകളും നീ നൽകിയ അനുഭവങ്ങളും. ഇനിയും ഒത്തിരി കുട്ടിക്കാലങ്ങൾക്ക് നിന്റെ മഴവില്ലഴക് കാണാൻ ഭാഗ്യമുണ്ടാകട്ടെ....
ഇർഫാന ജാസ്മിൻ. എസ്,
പൂർവ്വ വിദ്യാർത്ഥി ( 2003-2007),
നിലവിൽ കാര്യവട്ടം ബി .എഡ് . ട്രെയിനിങ് കോളേജ് വിദ്യാർത്ഥിനിയാണ്
എന്റെ അഭിമാനം
കുറിപ്പ്
1980 - കളിൽ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.തൊട്ടടുത്ത് ഇരുനില കെട്ടിടത്തിൽ 3 ,4 ക്ലാസിലെ കുട്ടികളും പഠിച്ചിരുന്നു.ശുചീകരണ മുറികൾ അന്ന് പ്രത്യേകമായി ഉണ്ടായിരുന്നില്ല.ഈയടുത്തകാലത്ത് മരണപ്പെട്ട സരോജിനി ടീച്ചർ ആയിരുന്നു എന്റെ അധ്യാപിക. പലപ്പോഴും കുട്ടികൾക്കിടയിൽ നടക്കുന്ന കുസൃതികൾക്ക് കാരണക്കാരി അവാറുണ്ടെങ്കിലും മറ്റുള്ളവർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ മിടുക്കിയായിരുന്നു. അക്കാലത്ത് വിദ്യാലയത്തിനു തൊട്ടടുത്ത് ഉണ്ടായിരുന്ന വയലിൻ ഒരു കുഞ്ഞു മരണപ്പെട്ടത് വേദനയോടെ ഓർക്കുന്നു.പിന്നീട് തിരുവനന്തപുരം കോർപ്പറേഷനിൽ 2015 - 20 കാലയളവിൽ കൗൺസിലർ ആയിരുന്ന കാലഘട്ടത്തിൽ ഈ പഴയ കെട്ടിടം പൊളിച്ച് പുതിയ ഇരു നില കെട്ടിടം നിർമ്മിക്കുവാനും ,അഞ്ഞൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം പണിയാനും, നാല് പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുവാനും കഴിഞ്ഞത് ചാരുതാർത്ഥ്യത്തോടെ ഓർക്കുകയും, അത് തന്റെ പഴയ പ്രാഥമിക വിദ്യാലയത്തിനോടുള്ള ബാധ്യതയുമായിരുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു .എന്റെ മാതൃവിദ്യാലയത്തിൽ വര്ഷങ്ങളോളാമായി പ്രീ പ്രൈമറി വിഭാഗത്തിൽ ടീച്ചറായി ജോലി ചെയ്യാനും സാധിച്ചതിൽ അഭിമാനവും ഉണ്ട് .
നിസാ ബീവി എൽ. എം.
മുൻ തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ (2015 - 2020),
വിഴിഞ്ഞം ഹാർബർ വാർഡ് കുടുംബശ്രീ ADS