തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== ചിത്രം ==



ചേമഞ്ചേരിയുടെ ചരിത്രം

സാമൂഹിക ചരിത്ര പശ്ചാത്തലം

പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് എലത്തൂർ പുഴക്കും ഇടക്ക് നീണ്ടു കിടക്കുന്ന ഈ ഭൂപ്രദേശത്തിന് പണ്ട് പയ്യനാട് എന്നായിരുന്നു പേർ. മീൻ പിടുത്തവും, കൃഷിയും, ഉപ്പുകുറുക്കലും ആയിരുന്നു പ്രധാന തൊഴിൽ. തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ട് ബലിക്കല്ലുകളിലായി ആലേഖനം ചെയ്ത ലിഖിതങ്ങൾ ക്രിസ്തുവിന് ശേഷം 962 മുതലുള്ള സാമൂഹിക ഘടനയിലേക്ക് വെളിച്ചം വീശുന്നു. ഇക്കാലത്ത് നാടുവാണ ഭാസ്കര രവി പെരുമാളിന്റെ അപദാനങ്ങളാണ് ഈ ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ അന്നുണ്ടായിരുന്ന മറ്റ് അധിവാസ കേന്ദ്രങ്ങളിലെന്നപോലെ പയ്യനാടൻ പ്രദേശത്തും ക്ഷേത്രകേന്ദ്രീകൃത കാർഷിക സമൂഹത്തിന്റെ വളർച്ച ലിഖിതങ്ങളിലൂടെ വായിച്ചെടുക്കാൻ കഴിയും. പോർച്ചുഗീസ് നാവികനായ വാസ്കോഡഗാമ 1498 മെയ് 20-ന് ഈ പഞ്ചായത്തിലെ കാപ്പാട് കപ്പലിറങ്ങി. അങ്ങനെ കാപ്പാട് കടൽപ്പുറം ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചു. അറബികളും, ചീനക്കാരും വ്യാപാരാവശ്യത്തിനാണ് ഇവിടെയെത്തിയത്. എന്നാൽ പറങ്കികളുടെ ലക്ഷ്യം വ്യത്യസ്തമായിരുന്നു. വ്യാപാരത്തിലൂടെ രാഷ്ട്രീയ അധിനിവേശത്തിനാണവർ ശ്രമിച്ചത്. വൈദേശികാധിപത്യത്തിനെതിരെ ഈ പഞ്ചായത്തിലെ സേനാനികൾ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. 1930-ലെ ഉപ്പുസത്യാഗ്രഹകാലഘട്ടം മുതൽ തന്നെ വെള്ളക്കാർക്കെതിരെയുള്ള ജനമുന്നേറ്റത്തിന്റെ ബീജങ്ങൾ ഈ മണ്ണിൽ വേരൂന്നാൻ തുടങ്ങിയിരുന്നു. വൈദേശികാധിപത്യത്തിനെതിരെ കല്ലച്ചിൽ അച്ചടിച്ച് ആഴ്ചയിൽ ഒന്നാ രണ്ടോ തവണമാത്രം പ്രസിദ്ധീകരിച്ചിരുന്ന പത്രമായിരുന്നു സ്വതന്ത്രഭാരതമെന്ന പത്രം. വിജ്ഞാനവും ആയോധനമുറകളും പകർന്നു നൽകിയ പ്രാചീന വിദ്യാകേന്ദ്രങ്ങളായിരുന്നു ഇവിടുത്തെ കളരികൾ. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്ന കലാരൂപങ്ങൾക്കെല്ലാം മതവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ പരിവേഷമുണ്ടായിരുന്നു. തെയ്യം, കൂളികെട്ട്, ചപ്പകെട്ട്, വെള്ളരി, കൈകൊട്ടിക്കളി, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങൾ ഇതിനുദാഹരണമാണ്. പഴയ വിദ്യാകേന്ദ്രങ്ങൾ നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായിരുന്നു. ഈ പഞ്ചായത്തിൽ ഇന്നു നിലവിലുള്ള വിദ്യാലയങ്ങളിൽ പലതും പണ്ടത്തെ നാട്ടെഴുത്തു പള്ളിക്കൂടങ്ങളുടെയും, ഓത്തുപുരയുടെയും ആധാരശിലയിൽ കെട്ടിയുയർത്തിയ നവീന സ്ഥാപനങ്ങളാണ്. കടലിനും പുഴയ്ക്കും ഇടയിൽ കിടക്കുന്ന ഭൂപ്രദേശമായതിനാൽ ഇവിടുത്തെ ഭൂപ്രകൃതി പൊതുവെ നിമ്നോന്നതമല്ല. എന്നാൽ കടൽത്തീരത്ത് നിന്ന് 8 മീറ്റർ മുതൽ 4 മീറ്റർ വരെ ഉയരത്തിലാണ് പഞ്ചായത്തിലെ ഭൂപ്രദേശത്തിന്റെ 70% വും സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് അറബിക്കടലിനും തെക്കു കിഴക്കുള്ള എലത്തൂർ പുഴക്കും ഇടയിൽ ഒരു ഉപദ്വീപ് പോലെ കാണപ്പെടുന്ന ചേമഞ്ചരി പ്രദേശത്തിന് കാർഷികവൃത്തിയിൽ രണ്ടായിരം വർഷത്തിൽ കൂടുതൽ പാരമ്പര്യമുണ്ടായിരുന്നു എന്നതിന് ചരിത്രരേഖകൾ സാക്ഷ്യം വഹിക്കുന്നു. വള്ളിയൂർ കാവിൽ നിന്ന് വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്നിരുന്ന അടിമത്തൊഴിലാളിയും, കുടുംബാംഗങ്ങളും അടിമപ്പണിക്കാരും ഒന്നിച്ച് പാടത്തിലും പറമ്പിലും പണിയെടുത്തു. പറങ്കികളുടെ വരവോടെ ഇവിടെയെത്തിയ കശുമാവ് പിന്നീട് കുന്നിൻ മുകളിൽ സ്ഥാനം പിടിച്ചു. തട്ടൊത്ത സ്ഥലങ്ങളിൽ തെങ്ങും കവുങ്ങും മുഖ്യസ്ഥാനം വഹിച്ചു.
വ്യാവസായിക ചരിത്രം
പഞ്ചായത്തിലെ പൂക്കാട്, തിരുവങ്ങൂർ തെരുവുകളിൽ ശാലിയ സമുദായത്തിനിടയിലെ കുടിൽ വ്യവസായമായിരുന്നു കൈത്തറി. വസ്ത്രം നെയ്യുന്നതിനാവശ്യമായ നൂൽ കൊണ്ട് വന്ന് കുഴുത്തറികളിലും മഗ്ഗത്തിലുമായിരുന്നു നെയ്തിരുന്നത്. കുഴിത്തറികളെ കാക്കുഴിത്തറി എന്നാണ് വിളിച്ചിരുന്നത്. അതിന്റെ അവശിഷ്ടം ഇന്നും പൂക്കാട് തെരുവിൽ കാണാം. ഇവിടെ നിന്നും പ്രധാനമായും ഉൽപ്പാദിപ്പിച്ചിരുന്നത് പതിനാലിന്റെ തുണി എന്നു വിളിച്ചിരുന്ന മുണ്ടുകളായിരുന്നു. കൊപ്ര, എള്ള് എന്നിവ ആട്ടി ഈ പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും ആവശ്യമായ എണ്ണ ഉൽപാദിപ്പിക്കുന്ന ഒരു കുടിൽ വ്യവസായവും ഇവിടെയുണ്ടായിരുന്നു. കടൽത്തീരങ്ങളിൽ സുലഭമായിരുന്ന മത്സ്യസമ്പത്ത് ഉപയോഗിച്ചുകൊണ്ട് മത്സ്യത്തിൽ നിന്നും എണ്ണ എടുക്കുന്ന പ്രസ്സുകൾ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു. കൈതയോല ഉപയോഗിച്ച് പായ, വട്ടി, പനമ്പ്, തടുക്ക് എന്നിവ വ്യാപകമായി പഞ്ചായത്തിൽ നിർമ്മിച്ചിരുന്നു. പട്ടികജാതിയിൽപ്പെട്ടവരുടെ കുലത്തൊഴിലായിരുന്നു ഇത്. പഞ്ചായത്തിന്റെ തെക്കുഭാഗത്ത് വെങ്ങളം, കാപ്പാട് പ്രദേശത്ത് വ്യാപകമായ തോതിൽ നിലനിന്നിരുന്ന ഒരു വ്യവസായമായിരുന്നു കക്കവ്യവസായം. ഈ പഞ്ചായത്തിലെ മറ്റൊരു കുലത്തൊഴിലായിരുന്നു കൊല്ലപ്പണി. കാർഷിക വൃത്തിയിൽ ഏർപ്പെട്ടവർക്ക് കാർഷികോപകരണങ്ങൾ നിർമ്മിച്ചു കൊടുത്തിരുന്നത് ഇവരായിരുന്നു. കൂടാതെ ക്ഷേത്രങ്ങൾക്കും കളരികൾക്കും ആയോധന വിദ്യക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, ആധുനിക ലോക്കറുകളെപ്പോലും വെല്ലുന്ന നാടൻ പൂട്ടും താക്കോലും എന്നിവ ഇവർ നിർമ്മിച്ചിരുന്നു. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്തിരുന്ന ഒരു മേഖലയാണ് കയർ വ്യവസായം.
ഗതാഗത ചരിത്രം
വാണിജ്യ ആവശ്യങ്ങൾക്കുള്ള മുള, മരത്തടികൾ തുടങ്ങിയവ തെരപ്പൻകെട്ടി കോരപ്പുഴയിലൂടെ കല്ലായിലേക്ക് കൊണ്ടുപോയിരുന്നു. കൊപ്ര, ചൂടി, കുരുമുളക്, അടയ്ക്ക തുടങ്ങിയ കാർഷിക ഉല്പന്നങ്ങൾ പട്ടണത്തിലേക്ക് കൊണ്ടുപോയിരുന്നതും, അവിടേക്ക് വേണ്ടതായ അവശ്യസാധനങ്ങൾ കൊണ്ടുവന്നിരുന്നതും ഈ ജലഗതാഗത മാർഗ്ഗത്തിലൂടെയായിരുന്നു. വ്യാപാരത്തിനായി അറബികളും ചീനക്കാരും വാസ്കോഡഗാമയുടെ വരവിന് മുമ്പ് തന്നെ കാപ്പാട് തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. വയനാട്ടിൽ നിന്നും ജലമാർഗ്ഗം കൊണ്ടുവന്നിരുന്ന സുഗന്ധവ്യജ്ഞനങ്ങൾ ഈ തുറമുഖത്ത് നിന്നും അറബികളും ചീനക്കാരും സ്വദേശത്തേക്ക് അയച്ചിരുന്നു. മോട്ടോർ വാഹനങ്ങൾ വ്യാപകമാവുന്നതിന് മുമ്പ് കോരപ്പുഴയിലൂടെയുള്ള ജലഗതാഗതത്തെയാണ് ഇവിടത്തുകാർ ആശ്രയിച്ചിരുന്നത്. കോരപ്പുഴ മുതൽ പറശ്ശിനിക്കടവ് വരെയുള്ള ദീർഘദൂര ബോട്ട് സർവ്വീസും, എലത്തൂർ മുതൽ തെരുവത്തക്കടവ് വരെയുള്ള ഹ്രസ്വദൂരസർവ്വീസും ജനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു. പഴയ കാലത്തെ തപാൽ സർവ്വീസായ അഞ്ചൽകാരൻ കൊയിലാണ്ടിയിൽ നിന്ന് കിഴക്കൻ പ്രദേശങ്ങളിലേക്ക് പോകാൻ ചാത്തനാടത്ത് കടവാണ് ഉപയോഗപ്പെടുത്തിയിരുന്നത്. തോരായിക്കടവ്, ചാത്തനാടത്ത് കടവ്, കുനിയിൽക്കടവ്, വള്ളിലക്കടവ്, പുളിക്കൂൽക്കടവ് എന്നിവിടങ്ങളിലെ കടത്ത് തോണികൾ ജനങ്ങളുടെ സഞ്ചാരത്തിന് മുഖ്യപങ്ക് വഹിച്ചിരുന്നു. കരയിലൂടെയുള്ള ചരക്ക് നീക്കത്തിന് പ്രധാനമായും കാളവണ്ടികൾ ഉപയോഗപ്പെടുത്തിയിരുന്നു. കോരപ്പുഴപ്പാലം നിർമ്മിക്കുന്നതിന് മുമ്പ് കാളവണ്ടികളേയും മറ്റും ചങ്ങാടം ഉപയോഗിച്ചായിരുന്നു മറുകര എത്തിച്ചിരുന്നത്. അപൂർവമായി കുതിരവണ്ടികളും ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച റെയിൽ ഗതാഗതം ചേമഞ്ചേരി പ്രദേശത്തുള്ള ജനങ്ങളുടെ ദീർഘദൂരയാത്രയ്ക്ക് ആക്കം കൂട്ടുകയുണ്ടായി. ചേമഞ്ചേരിയിലും, തിരുവങ്ങൂരിലും ഓരോ റെയിൽവേസ്റ്റേഷനുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. ദേശീയപാത 17 ചേമഞ്ചേരി മുതൽ കോരപ്പുഴവരെ 7 കിലോമീറ്റർ ദൈർഘ്യത്തിൽ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തുകൂടെ കടന്നു പോകുന്നുണ്ട്.
വിദ്യാഭ്യാസ ചരിത്രം
ചേമഞ്ചേരി പഞ്ചായത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുടിപ്പള്ളിക്കൂടവും പഞ്ചമ സ്കൂളും ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. സംസ്കൃത പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്ന ഒരു പ്രദേശമാണിത്. അയ്യാടത്ത് ഇല്ലത്തുവെച്ച് സംസ്കൃത പഠനം നടത്തുകയും ഇവിടെ പുന്നശ്ശേരി നമ്പി പരീക്ഷകനായി എത്തുകയും ചെയ്തതായാണ് കേട്ടറിവ്. മലബാറിലെ അധ്യാപക പ്രസ്ഥാനത്തിന് ഉണർവ്വ് നൽകിയ പല പ്രമുഖർക്കും ജന്മം നൽകിയ പ്രദേശമാണ് ചേമഞ്ചേരി. ക്ഷേത്രങ്ങളെയും പള്ളികളേയും ബന്ധപ്പെടുത്തി ലഭിച്ച മതവിദ്യാഭ്യാസമായിരുന്നു ഒട്ടുമിക്ക പേരുടേയും ആദ്യാനുഭവം. ഈ പഞ്ചായത്തിൽ സ്ഥാപിച്ച ആദ്യത്തെ വിദ്യാലയം തുവ്വക്കോട് എൽ.പി.സ്കൂൾ ആണ്. 1887-ൽ കീക്കോത്ത് ചന്തുക്കുട്ടിനായർ സ്ഥാപിച്ചതാണ് ഇത്. 1967-ലാണ് തിരുവങ്ങൂർ യു.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഹൈസ്കൂളാക്കി ഉയർത്തിയത്. 1995 മുതൽ കാപ്പാട് ഇല്ലാഹിയാ സെക്കന്ററി ഹൈസ്കൂൾ പ്രവർത്തിച്ചു വരുന്നു.
സാംസ്കാരിക ചരിത്രം
ഹിന്ദുക്കളും മുസ്ളീങ്ങളുമാണ് ചേമഞ്ചേരിയിലെ പ്രധാന മതവിഭാഗങ്ങൾ. കാപ്പാട് ജുമാഅത്ത് പള്ളി വളരെ പ്രാചീനമാണ്. പുരാതനമായ ഒരു ശിലാലിഖിതം ഇവിടെയുണ്ട്. ചീനച്ചേരിപ്പള്ളിയും വളരെ പുരാതനമാണ്. സാമൂതിരിയുടെ അധീശത്വത്തിന്റെ തെളിവുകളുമായി നിലകാള്ളുന്ന കാഞ്ഞിലശ്ശേരി ശിവക്ഷേത്രം പുരാതനവും പ്രസിദ്ധവുമാണ്. നൂറ്റാണ്ടുകൾപ്പുറം തകർക്കപ്പെട്ടതും 50 വർഷത്തിനിപ്പുറം ജീർണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയതുമായ നരസിംഹപാർഥസാരഥി ക്ഷേത്രസമുച്ചയം പുരാതനവും ഇന്ന് ദേശീയ പാതയിൽ ഏറ്റവും ശ്രദ്ധേയവുമാണ്. ജാതിവ്യവസ്ഥയുടെ അറപ്പുളവാക്കുന്ന ചരിത്രം ചേമഞ്ചേരിക്കുമുണ്ട്. അവർണർക്കും സഞ്ചാരത്തിന് നിർദ്ദിഷ്ട വഴികളുണ്ടായിരുന്നു. കൊയ്തുകഴിഞ്ഞ് നെല്ല് പത്തായത്തിലെത്തുവോളം സവർണ്ണഗൃഹങ്ങളിൽ പുലയർ ജോലികളിലേർപ്പെട്ടാൽ മറ്റു സവർണ്ണർ പടികയറിവന്നു തീണ്ടിപ്പോകാതിരിക്കാനുള്ള അടയാളമായി കോണിക്കുതാഴെ കട്ടയും തോലും വയ്ക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാൽ കർഷകന്റെ കളവും പത്തായവും നിറയാൻ, കാലത്ത് കതിരറുത്ത് വന്ന് മുളങ്കാലിൽ കെട്ടിപ്പൊക്കി പൊലിപൊലിയോ എന്ന് കളംപെരുക്കുന്നത് കർഷകത്തൊഴിലാളി മുഖ്യനായ പുലയനായിരിക്കും. ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിപാടുകൾ താഴ്ന്നജാതിക്കാർ തീണ്ടി അശുദ്ധമാക്കിയാൽ മാപ്പിളയെക്കൊണ്ട് തൊടീച്ച് ശുദ്ധമാക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാൽ ഒരു മുസ്ളീം ശവം കണ്ടാൽ ആ പാപം തീരാൻ ആയിരം പുലയശവം കാണണമെന്നും വിശ്വസിച്ചിരുന്നു. അഞ്ചാറു ദശാബ്ദങ്ങൾക്കുമുമ്പ് സാമൂഹ്യപരിഷ്ക്കരണത്തിന്റെ ഭാഗമായി പന്തിഭോജനവും അയിത്തോച്ചാടനവും പ്രോത്സാഹിപ്പിച്ച ഒരു പ്രസ്ഥാനം നാട്ടിൽ നിലവിലുണ്ടായിരുന്നു. പ്രമുഖരായ വൈദ്യന്മാരും മന്ത്രവാദികളും ഈ ഗ്രാമത്തിൽ ആവേശവും അഭിമാനവുമായി ജീവിച്ചിരുന്നു. പ്രശസ്ത വൈദ്യനും മന്ത്രവാദിയുമായിരുന്ന ഒറവങ്കര ചന്തുനായർ ഇന്ദ്രജാലം, മഹേന്ദ്രജാലം എന്നിവകൂടി വശമാക്കിയിരുന്നു. ഇദ്ദേഹം ധനാഢ്യരും സ്ഥാനികളുമായ കാരംവെള്ളി കുറുപ്പന്മാരുടെ ആസ്ഥാന വൈദ്യനായിരുന്നു. സംസ്കൃതത്തിൽ സാഹിത്യശിരോമണി ബിരുദം നേടിയ കുഞ്ഞിക്കണ്ണൻ വൈദ്യർ പണ്ഡിതനും ഉപനിഷത്തുക്കളിലെ പതിനാലുരത്നങ്ങൾ എന്ന കൃതിയുടെ കർത്താവുമാണ്. കോൽക്കളിരംഗത്ത് പേരുകേട്ട കുന്നുമ്മൽ രാവുണ്ണിനായരാശാൻ മഹാമാന്ത്രികൻ കൂടിയായിരുന്നു. പൊൻതോട്ട് രാവുണ്ണിനായരിൽനിന്ന് മന്ത്രവാദം പഠിച്ച ഇയാൾ പല പ്രമുഖരേയും തോല്പ്പിച്ചിരുന്നു. മാടായിപ്പീടിക, വൈറ്റിലപ്പാറയിൽ, വരിക്കോളി തുടങ്ങിയ സ്ഥലങ്ങളിൽ കോൽക്കളിപ്പന്തലുകൾ ഉണ്ടായിരുന്നു. മഹാഭാരതം കഥയെ അടിസ്ഥാനമാക്കി രചിച്ച രാജസൂയവും കോലില്ലാതെ കളിക്കുന്ന ചുവടുകളിയും മറ്റും പ്രസിദ്ധമാണ്. നാടൻ പാട്ടുകളുടെ മഹത്തായ പാരമ്പര്യം തന്നെ ഈ ഗ്രാമത്തിനുണ്ട്. മലയ സമുദായക്കാരാണ് ഇവരിൽ പ്രമുഖർ. പുലയ സമുദായക്കാരുടെ ഇടയിൽ തുടികൊട്ട് നടപ്പുണ്ടായിരുന്നു. കൂളികെട്ടെന്ന അനുഷ്ഠാന കലാരൂപവും ഇവരുടെ ഇടയിൽ നിലനിന്നിരുന്നു. പഴയ തമിഴ് നാടകത്തിന്റെ സ്വാധീനത്തിൽ രൂപംകൊണ്ട സംഗീത നാടകങ്ങൾ ഇവിടെയും സജീവമായി പ്രചരിച്ചിരുന്നു. ഏകദേശം 60 കൊല്ലങ്ങൾക്കുമുമ്പ്, അരങ്ങേറിയ രാമായണം ശ്രദ്ധേയമായിരുന്നു. പവിഴക്കൊടി, അല്ലിഅർജ്ജുന, സുഭദ്രാഹരണം, നല്ലതങ്ക, സദാരാമ, സ്യമന്തകം എന്നീ നാടകങ്ങൾ മുഖ്യങ്ങളാണ്. പഞ്ചായത്തിന്റെ തെക്കൻഭാഗത്ത് തിയ്യസമുദായക്കാരുടെ ഇടയിൽ വട്ടക്കളി പ്രചാരത്തിലുണ്ടായിരുന്ന�