ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24
ഓണനിലാവ്2023
![](/images/thumb/c/c7/44055-onam4.jpg/300px-44055-onam4.jpg)
ഓണനിലാവ്@2023 വിപുലമായ ഒരുക്കങ്ങളോടെ 25 ഓഗസ്റ്റ് 2023 ന് നടത്തുകയുണ്ടായി.സ്റ്റാഫും പിടിഎ,എസ്എംസി മദർ പിടിഎ എന്നിവരുടെ സഹായസഹകരണത്തോടെ നടന്ന ഓണാഘോഷം ഒന്നിനൊന്ന് മികച്ചതായിരുന്നു.മീറ്റിംഗ് ഉദ്ഘാടനം ചെയ്തത് കോമഡി സ്റ്റാർസ് ഫെയിം ശ്രീ.രഞ്ചിത്ത് ആയിരുന്നു.രഞ്ചിത്ത് ആ സ്കൂളിലെ പൂർവവിദ്യാർത്ഥിയും കൂടെയായിരുന്നു എന്നത് അഭിമാനാർഹമായി മാറി.പൂക്കളമത്സരവും വടംവലിയും ക്ലാസ് തലത്തിൽ നടന്ന മത്സരങ്ങളായിരുന്നു.മത്സരാർത്ഥികൾ രാവിലെ തന്നെ സ്കൂളിലെത്തുകയും ക്ലാസിൽ അവരവരുടെ അത്തം ഒരുക്കുകയും ചെയ്തു.അത്തത്തിനുള്ള ഒരുക്കങ്ങളുമായി കുട്ടികൾ വർണാഭമായ പ്രപഞ്ചം സ്കൂളിലൊരുക്കി.
ചന്ദ്രയാൻ 3
ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം മുതൽ വിദ്യാർത്ഥികളും സ്റ്റാഫും ആകാംക്ഷയോടെ വീക്ഷിക്കുകയും സ്കൂളിൽ വിക്ഷേപണം ലൈവായി കാണിക്കുകയും ചെയ്തിരുന്നു.ഓരോ ഘട്ടത്തിലെയും മാറ്റങ്ങൾ അപ്പോഴപ്പോൾ വിദ്യാർത്ഥികളുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു.മാത്രമല്ല ലൂണാർ ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രന്റെ പ്രാധാന്യവും ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകളും അനിമേഷനുകളും പ്രദർശിപ്പിക്കുകയും ചെയ്തു.
സ്പെഷ്യൽ അസംബ്ലി 2023 ഓഗസ്റ്റ് 23
ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ തൊടുന്ന അസുലഭകാഴ്ചയ്ക്കായി 2023 ഓഗസ്റ്റ് മാസം 23 ന് ഉച്ചയ്ക്ക് സ്പെഷ്യൽ അസംബ്ലി കൂടുകയും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലൈവ് പ്രോഗ്രാം നടത്താനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് അറിയിക്കുകയും പ്രിൻസിപ്പൽ രൂപാനായർ ചന്ദ്രയാന്റെ പ്രത്യേകതകളും പ്രാധാന്യവും പങ്കു വയ്ക്കുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഇന്നത്തെ പ്രത്യേകതയും ചന്ദ്രയാൻ ചന്ദ്രനെ തൊടുന്ന രംഗം നേരിട്ട് അനുഭവവേദ്യമാക്കുന്നതിന്റെ അഭിമാനവും പങ്കുവച്ചു.സയൻസ് ക്ലബ് കൺവീനർ ഡീഗാൾ സാറും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറും നിമ ടീച്ചറും സന്നിഹിതരായിരുന്നു.പരീക്ഷയായതിനാൽ സാധിക്കുന്ന കുട്ടികൾ വീട്ടിൽ പോയ ശേഷം മാതാപിതാക്കളോടൊപ്പം തിരിച്ച് 5.15 ന് സ്കൂളിലെത്തണമെന്ന് സന്ധ്യ ടീച്ചർ അറിയിച്ചു. ലിറ്റിൽ കൈറ്റ്സിലെ അടുത്തുള്ള കുട്ടികൾ എത്തണമെന്ന് ലിസി ടീച്ചറും അറിയിച്ചു.തുടർന്ന് സ്പെഷ്യൽ അസംബ്ലി അവസാനിപ്പിച്ചു.ഉച്ച കഴിഞ്ഞുള്ള പരീക്ഷ എഴുതിയ ശേഷം വീട്ടിൽ പോയി സ്കൂളിലേയ്ക്ക വരുന്ന കുട്ടികൾക്കും വീട്ടുകാർക്കും താല്പര്യമുള്ള നാട്ടുകാർക്കും സ്കൂളിൽ ലാൻഡിങ് കാണാനുള്ള സൗകര്യം സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിട്ടുണ്ടെന്ന് ഐ ടി കോർഡിനേറ്റർ ലിസി ടീച്ചർ അറിയിച്ചു.
ലൈവ് ഷോ പ്രദർശനം
സ്കൂളിലെ കമ്പ്യൂട്ടർ ലാബിലെ സൗകര്യങ്ങളിൽ നിന്നുകൊണ്ട് ലൈവ് കാണിക്കാനുള്ള ഒരുക്കങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി.വൈകിട്ട് അഞ്ചു മണിയോടെ അടുത്തുള്ള കുട്ടികൾ പരീക്ഷ കഴിഞ്ഞ് വീട്ടിൽ പോയ ശേഷം തിരിച്ചെത്തി.ചിലരുടെ രക്ഷാകർത്താക്കളും എത്തിച്ചേർന്നു.അടുത്തുള്ള അധ്യാപകരും സ്റ്റാഫും ആകാംക്ഷയോടെ ലൈവ് വീക്ഷിക്കാനായി ലാബിൽ തന്നെയിരുന്നു.6.15 നു മുമ്പ് തന്നെ ആ അസുലഭദൃശ്യം കാണാനുള്ള ഭാഗ്യം ഉണ്ടായി.ലേസർ ഉപയോഗിച്ച് സ്കാൻ ചെയ്ത ശേഷം ലാൻഡർ ചന്ദ്രോപരിതലം തൊട്ടതും പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയോടൊപ്പം ചേർന്ന് ആത്മാഭിമാനത്തോടെ കൈയടിച്ചും ഭാരത് മാതാ കീ ജയ് വിളിച്ചും കുട്ടികളും സ്റ്റാഫും രക്ഷാകർത്താക്കളും ആഹ്ലാദം പങ്കിട്ടു.
-
സ്പെഷ്യൽ അസംബ്ലി (ചന്ദ്രയാൻ 3)
-
ചന്ദ്രയാൻ 3 ന്റെ ലാൻഡിങ് ലൈവ് വീക്ഷിക്കുന്നു
-
ചന്ദ്രയാൻ3 ന്റെ വിജയത്തിലെ ആഹ്ലാദം
യൂട്യൂബ് ചാനൽ വീഡിയോ
ചന്ദ്രയാൻ ലാൻഡിങുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ വീഡിയോയിൽ പകർത്തുകയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അത് വീഡിയോയാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.കൂടുതൽ കാഴ്ചകൾക്കായി ക്ലിക്ക് ചെയ്യൂ.https://youtu.be/c4AKE34dhrI
സ്വാതന്ത്ര്യം തന്നെ അമൃതം
അതിഗംഭീരമായി നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾ വീരണകാവ് പ്രദേശത്തിന്റെ ദേശസ്നേഹത്തിന്റെ വെളിപ്പെടുത്തലും പ്രഖ്യാപനവുമായി മാറിയ ചരിത്രമുഹൂർത്തത്തിനാണ് ഗവ.വി.എച്ച്.എസ് വീരണകാവ് സ്കൂളിലെ സ്റ്റാഫും വിദ്യാത്ഥികളും ചേർന്ന് ഒരുക്കിയത്.2023 ഓഗസ്റ്റ് മാസം 15 ന് രാവിലെ 9 ന് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചറും ബഹു.പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ ടീച്ചറും ബഹു.പിടിഎ പ്രസിഡന്റ് ശ്രീ സലാഹുദീനും ചേർന്ന് ത്രിവർണ പതാക എൻ സി സി കേഡറ്റുകളുടെ സല്യൂട്ടോടെയും ദേശീയഗാനത്തിന്റെ അകമ്പടിയോടെയും നിർവഹിച്ചതോടെ ദേശസ്നേഹം വിളിച്ചോതുന്ന സ്വാതന്ത്ര്യദിപരിപാടികൾക്ക് തുടക്കമിട്ടു.
ഫീൽഡ് ട്രിപ്പ്/ഫ്രീഡം ഫെസ്റ്റ് വിസിറ്റ്
![](/images/thumb/9/97/44055-freedom_fest1.jpg/300px-44055-freedom_fest1.jpg)
2023 ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ രണ്ട് ബാച്ചുകളിൽ നിന്നുമായി 45 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും നിമ ടീച്ചറിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന വിജ്ഞാനോത്സവത്തിൽ പങ്കെടുത്തു.ശ്രീ.ഡീഗാൾ സാറിന്റെ സഹായത്തോടെ സ്കൂൾ ബസ് ക്രമീകരിച്ച് നടത്തിയ യാത്രയിൽ ഉച്ച വരെ പ്രദർശനം കണ്ട ശേഷം ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന്റെ നിർദ്ദേശമനുസരിച്ച് ഊണു കഴിക്കാനായി മ്യൂസിയത്തിൽ പോകുകയും തുടർന്ന് കുട്ടികൾക്ക് ഡീഗാൾ സാറിന്റെ നേതൃത്വത്തിൽ ടിക്കറ്റെടുത്ത് മൃഗശാല സന്ദർശിക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികൾ ഈ ഫീൽഡ് ട്രിപ്പ് വളരെയധികം ആസ്വദിച്ചു.
വിജ്ഞാനോത്സവം@ഐ ടി കോർണർ
![](/images/thumb/5/59/44055-it_corner.jpeg/300px-44055-it_corner.jpeg)
കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വിജ്ഞാനോത്സവത്തിന്റെ(ഫ്രീഡം ഫെസ്റ്റ്) ഭാഗമായി ലിറ്റിൽകൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച ഐ ടി കോർണർ വിദ്യാർത്ഥികളിൽ ജിജ്ഞാസ വളർത്താൻ കാരണമായി.കൈറ്റ് ലഭ്യമാക്കിയ പലതരത്തിലുള്ള ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും വളരെ കൗതുകത്തോടെയാണ് കുട്ടികളും നാട്ടുകാരും നോക്കികണ്ടത്.അധ്യാപകർക്കും ഇത് കൗതുകകരമായി തോന്നി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ പഠിക്കുന്നുണ്ടെന്നും പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാണെന്നും വിളിച്ചോതുന്നതായിരുന്നു പ്രസ്തുത പ്രദർശനം.അർഡുനോ കിറ്റുകളും എക്സ്പയസും എന്താണെന്നും അതിന്റെ സാധ്യതകളും ലിറ്റിൽ കൈറ്റ്സ് പല പ്രവർത്തനങ്ങളിലൂടെ പ്രദർശിപ്പിച്ചു. പ്രോഗ്രാമുപയോഗിച്ചുള്ള കോഴിയുടെ തീറ്റയും ഡിജെ ലൈറ്റും ട്രാഫിക് സിഗ്നൽ ലൈറ്റും ഡാൻസിംഗ് ലൈറ്റും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.
പ്രവർത്തിക്കാം പഠിക്കാം
![](/images/thumb/6/68/44055-vidyarangam_inau23.jpeg/300px-44055-vidyarangam_inau23.jpeg)
വിദ്യാർത്ഥികളിൽ പഠനത്തിന് ആഭിമുഖ്യമുണ്ടാകാനും വിവിധ പ്രവർത്തനങ്ങളിലൂടെ മികവുറ്റ വിദ്യാഭ്യാസം സ്വായത്തമാക്കാനും ഉതകുന്ന തരത്തിൽ വീരണകാവ് സ്കൂളിലെ എല്ലാ ക്ലബുകളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കാറുള്ളത്. എല്ലാ ക്ലബുകളും സമയബന്ധിതമായി അവരവരുടെ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും ക്ലബുകളുടെ ഔപചാരിക ഉദ്ഘാടനം നടത്തേണ്ടതുള്ളതിനാൽ 2023 ഓഗസ്റ്റ് ഒമ്പതാം തീയതി 3 മണിയ്ക്ക് പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ ടീച്ചറിന്റെ നേതൃത്തിലും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറിന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി.ജൂൺ,ജൂലായ് മാസങ്ങളിൽ കിഫ്ബി കെട്ടിട ഉദ്ഘാടനവും മറ്റ് തിരക്കുകളും കാരണം പല തവണ മാറ്റി വയ്ക്കേണ്ടി വന്ന ഈ ഉദ്ഘാടനം വൈകുന്നേരം സമുചിതമായി നടത്തി.ഇംഗ്ലീഷ് ക്ലബ്,സയൻസ് ക്ലബ്,ജൈവവൈവിധ്യ ക്ലബ്,ഇക്കോ ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഊർജ്ജ ക്ലബ്,ഗണിത ക്ലബ്,വിദ്യാരംഗം കലാസാഹിത്യ ക്ലബ്,വായനാ ക്ലബ് മുതലായ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു.
ഇലയും കലയും
![](/images/thumb/f/fc/44055-leaf_art23.jpeg/300px-44055-leaf_art23.jpeg)
ഇലകളുപയോഗിച്ചും കലാസപര്യ ചെയ്യാമെന്ന് തെളിയിച്ചുകൊണ്ട് പ്രൈമറി വിദ്യാർത്ഥികളൊരുക്കിയ ലീഫ് ആർട്ട് പ്രദർശനം വിഷയത്തിന്റെ തനിമ കൊണ്ടും പ്രകൃതിയോടിണങ്ങിയ കാലരൂപമെന്ന നിലയിലും വേറിട്ട ഒരു അനുഭവമായി മാറി. കുട്ടികളിലെ പ്രകൃതി സ്നേഹവും നന്മയും കലാഭിരുചിയും ആശയസമ്പുഷ്ടിയും വിളിച്ചോതിയ പ്രദർശനം എൽ പി തലത്തിൽ ഓഗസ്റ്റ് എട്ടാം തീയതി രാവിലെ പത്ത് മണിയ്ക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ ഏകദേശം എല്ലാ ക്ലാസുകളിലും നിന്നും പങ്കാളിത്തമുണ്ടായിരുന്നു. രക്ഷാകർത്താക്കളുടെ സാന്നിധ്യവും അവരുടെ സഹകരണവും ഉത്സാഹവും പ്രദർശനത്തിൽ പ്രതിഫലിച്ചിരുന്നു.
ആരോഗ്യം നല്ല വിദ്യാഭ്യാസത്തിന്
![](/images/thumb/f/fa/44055-health_clas23.jpeg/300px-44055-health_clas23.jpeg)
ആരോഗ്യം നല്ല വിദ്യാഭ്യാസത്തിന്റെ അടിത്തറയാണെന്ന അറിവിൽ നിന്നും സംഘടിപ്പിക്കപ്പെട്ട പരിശീലന കളരിയായിരുന്നു അസ്ഥിരോഗ അവബോധ ക്ലാസ്. ആതുരസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച്,കാട്ടാക്കട കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്തമായ നെയ്യാർ മെഡിസിറ്റിയുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിക്കപ്പെട്ടത്.പ്രസ്തുത പരിശീലനത്തിന് നേതൃത്വം നൽകിയത് നെയ്യാർ മെഡിസിറ്റിയിലെ ഡോക്ടർമാരാണ്.വീണും മറ്റും ഉണ്ടാതാവുന്ന ഫ്രാക്ച്ചറുകളും വിവിധ ഒടിവുകളും ചതവുകളും എങ്ങനെ കൈകാര്യം ചെയ്യണമെന്നും എങ്ങനെ ഇത്തരം സന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ ചെയ്യാമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലായെന്നും മറ്റും ക്ലാസുകളിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും മനസിലാക്കി. പത്ത്,പ്ലസ് വൺ,പ്ലസ് ടു ക്ലാസുകാർക്കാണ് ആദ്യഘട്ടത്തിലെ ഈ പരിശീലനം നൽകിയത്.
കലാസപര്യ
![](/images/thumb/4/42/44055_up_dance.jpeg/100px-44055_up_dance.jpeg)
കലാസപര്യയുടെ ഭാഗമായി പ്രൈമറികുട്ടികൾക്ക് നൃത്തപരിശീലനം നൽകാനായി ഒരു നൃത്താധ്യാപികയെ കണ്ടെത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു.ഉദ്ഘാടന ചടങ്ങ് നമ്മുടെ ബഹുമാനപ്പെട്ട എച്ച് എം നിർവഹിച്ചു.ഈ അവസരത്തിൽ ബഹുമാനപ്പെട്ട സീനിയർ അസിസ്റ്റൻറ് ശ്രീജ ടീച്ചർ സ്റ്റാഫ് സെക്രട്ടറി ശ്രീകാന്ത് സാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കലാപഠനവും പ്രാധാന്യം അർഹിക്കുന്നതാണെന്നും കുട്ടികളുടെ മാനസികവ്യാപാരം ക്രിയാത്മമാക്കാൻ കലാപഠനത്തിന് കഴിയുമെന്നും ഹെഡ്മിസ്ട്രസ് പറയുകയുണ്ടായി.വിവിധ കലാരൂപങ്ങൾ പരിചയപ്പെടുന്നത് സാംസ്കാരികമായ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും ടീച്ചർ തന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ ഓർമപ്പെടുത്തി.കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഏറ്റവും ഉചിതമായ കാര്യമാണ് യു പി ടീച്ചേഴ്സ് സീനിയർ ടീച്ചറായ ശ്രീമതി.ശ്രീലതയുടെയും ശ്രീ.സജീഷിന്റെയും നേതൃത്വത്തിൽ ചെയ്തതെന്നും പറഞ്ഞുകൊണ്ട് ടീച്ചർ യു പി ടീച്ചേഴ്സിനെ പ്രത്യേകം അഭിനന്ദിച്ചു.
ശ്രദ്ധ2023
![](/images/thumb/2/20/44055_sradda_2023_hm.jpeg/300px-44055_sradda_2023_hm.jpeg)
നമ്മുടെ വിദ്യാലയത്തിലെ ശ്രദ്ധ പദ്ധതി ബഹു: ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സലാഹുദീൻ സാർ, സീനിയർ അസിസ്റ്റന്റ ശ്രീജ ടീച്ചർ, ശ്രദ്ധ കോർഡിനേറ്റർ നിമ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീകാന്ത് സാർ, ഡീഗാൾ സാർ ,രാകേഷ് സാർ രേഖ ടീച്ചർ, അനീറ്റ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.ശ്രദ്ധയിലൂടെ പഠനവിടവ് പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ശ്രദ്ധ പദ്ധതിയുടെ പ്രാധാന്യവും ഉദ്ഘാടന പ്രസംഗത്തിൽ ശ്രീമതി.സന്ധ്യ ടീച്ചർ എടുത്തുപറഞ്ഞു.കൊറോണക്കാലത്ത് ഉണ്ടായ പഠനപിന്നാക്കാവസ്ഥ കഴിഞ്ഞവർഷത്തെ ശ്രദ്ധ ക്ലാസുകളിലൂടെ ഒരു പരിധിവരെ മറികടക്കാനായിയെന്നും ഈ വർഷത്തെ പ്രവർത്തനത്തിലൂടെ പഠനവിടവ് മാറ്റി പ്രത്യേക പരിഗണന ആവശ്യമുള്ളവരെ പരിഗണിച്ച് പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരണമെന്നും ഗണിതം,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഭാഷകൾ എന്നിവയിൽ അവർക്ക് അടിസ്ഥാനാശയങ്ങൾ നൽകി മുന്നോട്ടുള്ള ക്ലാസുകളിൽ ശ്രദ്ധേയമായ മാറ്റം കൈവരിക്കാനുള്ള പരിശീലനം ഉറപ്പാക്കണമെന്നും ടീച്ചർ ഓർമിപ്പിച്ചു.കോർഡിനേറ്റർ നിമ ടീച്ചർ ക്ലാസുകളുടെ സമയവും കുട്ടികളുടെ ലിസ്റ്റും വായിച്ചു.ഏകദേശം മുപ്പതോളം കുട്ടികളാണ് ആദ്യഘട്ട പരിശീലനത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്.നിരന്തരവിലയിരുത്തലിലൂടെയും നിരീക്ഷണത്തിലൂടെയും ക്ലാസ് ടീച്ചേഴ്സും മറ്റ് ടീച്ചേഴ്സും നൽകിയ ലിസ്റ്റിലെ കുട്ടികൾക്കാണ് ശ്രദ്ധ ക്ലാസ് നൽകുന്നതെന്നും കുട്ടികളുടെ ഹാജർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്റ്റാഫ് സെക്രട്ടറി ശ്രീ.ശ്രീകാന്ത് സാർ ഓർമിപ്പിച്ചു.
ഫയർ&സേഫ്റ്റി
![](/images/thumb/3/3c/44055_fire_and_safety.jpg/300px-44055_fire_and_safety.jpg)
ജൂലായ് ഏഴാം തീയതി രാവിലെ പത്തു മുതൽ ഫയർ&സേഫ്റ്റി വിഭാഗത്തിന്റെ പ്രത്യേക ക്ലാസ് വിഎച്ച്എസ്ഇ വിഭാഗത്തിലെ കുട്ടികൾക്കായി നൽകി.വിവിധതരത്തിലുള്ള അപകടങ്ങളെ കുറിച്ചും അവ എങ്ങനെ അഭിമുഖീകരിക്കണമെന്നുമുള്ള ബോധവത്ക്കരണം നൽകി.ഗ്യാസ് ചോർച്ച തിരിച്ചറിയുന്നത് അത് കൈകാര്യം ചെയ്യുന്നത്,പെട്ടെന്നുള്ള അത്യാഹിതങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നുള്ളത്,സിപിആർ നൽകുന്നത് തുടങ്ങി ഉപകാരപ്രദങ്ങളായ ഒട്ടനവധി കാര്യങ്ങൾ ഈ ക്ലാസിലൂടെ പകർന്നു നൽകി.എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണക്ലാസിൽ പ്രിൻസിപ്പൽ രൂപാനായറും ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും ആശംസകളറിയിച്ചു സംസാരിച്ചു.
പ്രീപ്രൈമറി കഥോത്സവം2023
പ്രീപ്രൈമറി കുട്ടികൾക്കായുള്ള കഥോത്സവം ജൂലായ് ആറാം തീയതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിച്ചു.സ്കൂളിലെ മുൻ അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറും സാമൂഹ്യപ്രവർത്തകനുമായ ശ്രീ.സുരേഷ് കുമാർ സാർ കഥോത്സവത്തിന്റെ മാറ്റ് കൂട്ടികൊണ്ട് കുട്ടികളെ കഥയുടെയും കവിതയുടെയും ലോകത്തേക്കാകർഷിച്ചു.രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും മാനസികസന്തോഷത്തിനും കുട്ടികളിലെ മികവ് വർധിപ്പിക്കാനും കഥോൽസവം കാരണമായി.എൽ പി അധ്യാപകരായ ഡോ.ആശ,ശ്രീമതി.ബിന്ദു എസ്,ശ്രീമതി.ജയകുമാരി,ശ്രീമതി.ദീപാകരുണ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കഥോൽസവം കുഞ്ഞുങ്ങളുടെ കഥപറച്ചലിലൂടെ രസകരമായി മാറി.കുഞ്ഞുങ്ങൾ ഈ പരിപാടി നന്നായി ആസ്വദിച്ചു.അവരുടെ സഭാകമ്പം മാറാനും അവരിലെ സർഗവാസനകൾ പരിപോഷിപ്പിക്കാനും കഥോൽസവം കാരണമായി.അധ്യാപകരും തങ്ങളുടെ ഓരോ കുട്ടികളെയും മികവിലേയ്ക്ക് എത്തിക്കാൻ കഠിനപരിശ്രമം നടത്തി.
വിഎച്ച്എസ്ഇ പ്രവേശനോത്സവം2023
പുതുതായി വി എച്ച് എസ് ഇ യിൽ പ്രവേശനം നേടിയ കുട്ടികളുടെ സ്കൂൾ പ്രവേശനം സമുചിതമായി ആഘോഷിച്ചു.ജില്ലാ പഞ്ചായത്തംഗം ശ്രീമതി.രാധിക ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ ആശംസകളറിയിച്ചു.പ്രിൻസിപ്പൽ ശ്രീമതി.രൂപാനായർ അച്ചടക്കത്തെകുറിച്ചും പൊതു കാര്യങ്ങളെ കുറിച്ചും ബോധവത്ക്കരണം നടത്തി.വിഎച്ച്എസ് ഇ അധ്യാപകർ തങ്ങൾ പഠിപ്പിക്കുന്ന കോഴ്സുകളെ കുറിച്ചും എൻ എസ് എസ് പോലുള്ള സംവിധാനങ്ങളെ കുറിച്ചും കുട്ടികൾക്ക് ബോധവത്ക്കരണം നടത്തി.
പുതിയ കെട്ടിടം ഉദ്ഘാടനം
2023 ജൂലായ് മൂന്നാം തീയതി ഉച്ചയ്ക്ക് കൃത്യം 12.30 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസതൊഴിൽ മന്ത്രി ശ്രീ.ശിവൻകുട്ടി സാർ കിഫ്ബി കില ഫണ്ടുപയോഗിച്ചുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്ന മീറ്റിംഗ് വർണാഭമായ അലങ്കാരങ്ങൾ കൊണ്ടും വിശിഷ്ടവ്യക്തികളുടെ മഹനീയ സാന്നിധ്യം കൊണ്ടും വളരെ മനോഹരമായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സനൽകുമാർ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.വിജയൻ,വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
വായിക്കാം വളരാം
![](/images/thumb/3/3a/44055-deshabhimani.jpg/300px-44055-deshabhimani.jpg)
വായന പ്രോത്സാഹിപ്പിക്കാനായി വീരണകാവ് സർവീസ് സഹകരണ സംഘം സ്പോൺസർ ചെയ്ത ദിനപത്രം സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകികൊണ്ട് ബഹുമാനപ്പെട്ട എം എൽ എ അഡ്വക്കേറ്റ് സ്റ്റീഫൻ അവർകൾ വായനയുടെ വസന്തം ഉദ്ഘാടനം ചെയ്തു.വായിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.
ബീറ്റ് പ്ലാസ്റ്റിക്&സേവ് എർത്ത് ക്യാംമ്പെയ്ൻ
പരിസ്ഥിതിദിനാചരണം
മാലിന്യമുക്തം നവകേരളം
മാലിന്യമുക്തം നവകേരളം പരിപാടി ജൂൺ രണ്ടാം തീയതി ഗവ.വി.എച്ച്.എസ്.എസ് സ്കൂളിൽ നടത്തുകയുണ്ടായി.മാലിന്യവിമുക്ത കേരളത്തിന്റെ ആവശ്യകതയും വിദ്യാർത്ഥികൾക്ക് കേരളത്തെ മാലിന്യമുക്തമാക്കാൻ സാധ്യമാകുന്ന രീതികളും ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി രൂപാ നായർ ടീച്ചറും കുട്ടികളെ ബോധ്യപ്പെടുത്തി. അസംബ്ലി കഴിഞ്ഞതിനാൽ ക്ലാസ് തലത്തിൽ മാലിന്യവിമുക്ത പ്രതിജ്ഞ എടുക്കാനായി ക്ലാസ് ടീച്ചേഴ്സിനെ ചുമതലപ്പെടുത്തുകയും ഒന്നാമത്തെ പിരീഡിൽ അതത് ക്ലാസ് ടീച്ചേഴ്സ് മാലിന്യ മുക്തം കേരളം പ്രതിജ്ഞ ഏറ്റുചൊല്ലി അവരവരുടെ പങ്കും കർത്തവ്യവും മനസിലാക്കി മാലിന്യ മുക്ത കേരളത്തിനായി പ്രയത്നിക്കുമെന്ന് തീരുമാനമെടുത്തു.ഹൈസ്കൂൾതലത്തിലും പ്രൈമറിതലത്തിലും വിഎച്ച്.എസ് ഇ തലത്തിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി.
ഹൈസ്കൂൾ തലത്തിൽ മാലിന്യമുക്തകേരളമെന്ന ആശയം കുട്ടികളിൽ എത്തിക്കാനായി ഒരു ഉപന്യാസ മത്സരം നടത്തുകയുണ്ടായി. സയൻസ് ലാബിൽ വച്ച് നടന്ന പ്രസ്തുത മത്സരത്തിന്റെ വിഷയം മാലിന്യമുക്തകേരളം എന്നതായിരുന്നു.ക്ലാസ് തലത്തിൽ നിന്നും ശേഖരിച്ച രചനകളിലെ മികച്ച രചനകളുടെ സൃഷ്ടാക്കളാണ് സയൻസ് ലാബിലെ മത്സരത്തിൽ പങ്കെടുത്തത്.അതിൽ നിന്നും ഗൗതമി എസ് കൃഷ്ണ,ശിവാനി ആർ,അമൃത എന്നീ കുട്ടികൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചന നടത്തിയത് യു പി തലത്തിലെ കുട്ടികൾക്കാണ്.
പ്രവേശനോത്സവം അക്ഷരപ്പൂക്കളുമായ്
![](/images/thumb/0/02/44055_praveshanolsavam2023.jpg/300px-44055_praveshanolsavam2023.jpg)
ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
സ്കൂൾ ജാഗ്രതാസമിതി2023
2023 മെയ് 30 ന് സ്കൂൾ ജാഗ്രതാസമിതി മീറ്റിംഗ് കൂടി പുതിയ അധ്യയനവർഷത്തിന്റെ പ്രവർത്തനങ്ങളും പദ്ധതികളും വിലയിരുത്തി.
വരവേൽപ്പ്@വീരണകാവ്
![](/images/thumb/3/36/44055_2023_arch.jpg/200px-44055_2023_arch.jpg)
പുതിയ അധ്യയന വർഷത്തിന്റെ വരവേൽപ്പിനായി വിദ്യാലയം ഒരുങ്ങിയത് പിടിഎ,എസ്എംസി,സ്റ്റാഫ് തുടങ്ങി എല്ലാവരുടെയും ഒത്തൊരുമയോടെയാണെങ്കിലും വിദ്യാലയ പരിസരത്തുള്ള ഓട്ടോക്കാർ ഉൾപ്പെടെയുള്ള ഒരു സമൂഹത്തിന്റെ സന്മനസ്സും സഹായസഹകരണങ്ങളും പതിവു പോലെ ഈ അധ്യയനവർഷാരംഭ ഒരുക്കത്തിലും കാണാനുണ്ടായിരുന്നുവെന്നത് വിദ്യാലയത്തോടുള്ള സമൂഹത്തിന്റെ കരുതലിന്റെ ഭാഗമാണെന്നതിൽ സംശയമില്ല.കഴിഞ്ഞ ഏപ്രിലിലുണ്ടായ കാറ്റിലും മഴയത്തും വീണു പോയ സ്കൂളിന്റെ പ്രധാന കമാനം പെയിന്റ് ചെയ്ത് വൃത്തിയാക്കിയത് പൂർവ്വവിദ്യാർത്ഥിയായിരുന്ന ആർട്ടിസ്റ്റ് സനലും കൂട്ടുകാരും പിടിഎ സഹായത്തോടെയായിരുന്നു.കമാനം പണി പൂർത്തിയാക്കി ഉയർത്താനായി നാട്ടുകാരും സഹായിച്ചു.ബിജു സാറും ഡീഗാൾ സാറും മുൻനിരയിലുണ്ടായിരുന്നു.