ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24
SSLC പരീക്ഷാനേട്ടം2024
SSLC പരീക്ഷാ ഫലം വന്നപ്പോൾ സ്കൂളിന് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു.തുടർച്ചയായി നാലാം വർഷവും നൂറു ശതമാനം വിജയം നിലനിർത്താനായത് വലിയ നേട്ടമായി.മാത്രമല്ല 19 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായി.എട്ട് പേർക്ക് ഒമ്പത് എ പ്ലസും നേടാനായി.ഏറ്റവും കൂടുതൽ എ പ്ലസ് മലയാളത്തിനാണ് ലഭിച്ചത്.ഡി പ്ലസിന്റെ ശതമാനം താഴ്ത്താനായിയെന്നതും നേട്ടമായി.ഫുൾ എ പ്ലസ് ലഭിച്ച കുട്ടികളെ അന്നു തന്നെ സ്കൂളിൽ നിന്നും വിളിച്ച് അഭിനന്ദിക്കുകയും അടുത്ത ദിവസം മെയ് 9 ന് സ്കൂളിൽ വിളിച്ച് ആദരിക്കുകയും ചെയ്തു.
വർണ്ണക്കൂടാരം നിർമാണോദ്ഘാടനം
എസ് എസ് കെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി വിഭാഗത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയുടെ നിർമാണോദ്ഘാടനം 2024 ഫെബ്രുവരി 28 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അരുവിക്കര എം എൽ എ അഡ്വ.സ്റ്റീഫൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ,ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ,കാട്ടാക്കട ബിപിസി ശ്രീകുമാർ സാർ എന്നിവർ സന്നിഹിതരായിരുന്നു.പിടിഎ,എസ്എംസി,എംപിടിഎ ഭാരവാഹികളും പൂർവവിദ്യാർത്ഥി പ്രതിനിധികളും ബിആർസിയും സഹായസഹകരണങ്ങളുമായി ഉണ്ടായിരുന്നു.പത്ത് ലക്ഷം രൂപ പദ്ധതിയിട്ടിരിക്കുന്ന വർണക്കൂടാരത്തിൽ പതിമൂന്ന് ഇടങ്ങളാണ് ഒരുക്കേണ്ടത്.അതിൽ ഹരിത ഇടത്തിൽ തൈ നട്ട് കൊണ്ട് ഇടങ്ങളുടെ രൂപീകരണ ഉദ്ഘാടനം നടത്തി.
പഠനോത്സവം2024
2024 ഫെബ്രുവരി 24 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പഠനോത്സവം സംഘടിപ്പിച്ചു.എൽ പി,യു പി,എച്ച് എസ് വിഭാഗത്തിലെ കുട്ടികൾ ഈ ഒരു അധ്യയനവർഷം തങ്ങൾ ആർജ്ജിച്ചെടുത്ത അറിവുകൾ കഥയായും നാടകമായും പ്രസന്റേഷനായും കവിതയായും പ്രദർശനത്തിലൂടെയും എക്സ്പെരിമെന്റായും അവതരിപ്പിച്ചത് എല്ലാവരുടെയും പ്രശംസയ്ക്ക് കാരണമായി.സ്കൂളിലെ മുൻ അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ സുരേഷ്കുമാർ സാറാണ് ഉദ്ഘാടനം നിർവഹിച്ചത്.സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു. എച്ച് എസ് എസ് ആർ ജി കൺവീനർ പ്രിയങ്ക ടീച്ചറും യു പിയിലെ കണവീനർ കുമാരി ടീച്ചറും എൽ പിയിലെ കൺവീനർ ദീപാ കരുണ ടീച്ചറും ആശംസകളറിയിച്ചു.വിവിധ അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.3.30 ന് പഠനോത്സവം സമാപിച്ചു. വിവിധ മാഗസിനുകളുടെ പ്രകാശനവും നടന്നു.
സന്നദ്ധസംഘടന റീച്ച് ഡസ്ക്ടോപ്പ് വിതരണം2024
2024 ഫെബ്രുവരി 19 ന് ടെക്നോപാർക്ക് ആർ ആർ ഡി കമ്പനിയുടെ ഭാരവാഹികൾ അവരുടെ റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി യൂസ്ഡ് ഡസ്ക്ടോപ്പുകൾ കുട്ടികളുടെ പഠനാവശ്യങ്ങൾക്കായി ലഭ്യമാക്കി സാധാരണക്കാരായ കുട്ടികളെ പഠനമികവിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വീരണകാവ് സ്കൂളിലും എത്തി. എച്ച് എസ് ലാബിലേയ്ക്ക് സംഭാവന നൽകപ്പെട്ട ഡസ്ക്ടോപ്പുകൾ യു പി,എൽ പി വിഭാഗത്തിൽ പുതിയ ലാബ് തുടങ്ങാനായി പ്രൈമറി വിഭാഗത്തിനായി നൽകി.
യു പി തല ഗണിതോത്സവം2024
2024 ഫെബ്രുവരി 6 ന് സ്കൂളിലെ പ്രൈമറിവിഭാഗം കിഫ്ബി കെട്ടിടത്തിൽ വച്ച് യു പി തല ഗണിതോത്സവം സംഘടിപ്പിക്കുകയുണ്ടായി. ഗണിതോത്സവം എച്ച് എം സന്ധ്യ ഉദ്ഘാടനം ചെയ്യുകയും പിടിഎ പ്രസിഡന്റും എം പിടിഎ പ്രസിഡന്റും എസ്എംസി ചെയർമാനും ആശംസകളറിയിച്ചു. എല്ലാ ക്ലാസിലെയും കുട്ടികൾ ഉത്സാഹപൂർവമാണ് പങ്കെടുത്തത്.അവർ പേപ്പറുകളും പരിസ്ഥിതിസൗഹൃദസാധനങ്ങളുപയോഗിച്ചും ഗണിത രൂപങ്ങളും ഗണിതാശയങ്ങളും പ്രദർശിപ്പിച്ചു. ഗണിത പ്രാർത്ഥന വേറിട്ടൊരു അനുഭവമായിരുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും പ്രദർശന വസ്തുക്കളുടെ ഗുണമേന്മ കൊണ്ടും ഗണിതോത്സവം പഠനത്തിന്റെ ഒരു മികവുത്സവമായി മാറി.
ഒ ആർ സി മോട്ടിവേഷൻ ക്ലാസ്2024
വനിതാശിശുക്ഷേമ വികസന വകുപ്പ്,തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വീരണകാവ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ് 2024 ജനുവരി 25 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ 12.30 വരെ സംഘടിപ്പിക്കുകയുണ്ടായി.സ്കൂൾ തല ഒ ആർ സി ടീമിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പ്രസ്തുത പരിശീലനം നടത്തിയത്. ഒ ആർ സി ട്രെയിനർ അജോ പി ആണ് രസകരവും പ്രചോദനകരവുമായ ക്ലാസ് നയിച്ചത്. ക്ലാസിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സന്ധ്യ സി നിർവഹിച്ചു. ഏകദേശം എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസ് അജോ സാറിന്റെ ചടുലവും രസകരവും വിജ്ഞാനപ്രദവുമായ ഇടപെടലുകളിലൂടെ കുട്ടികളെ ജീവിതത്തെകുറിച്ചും പഠനത്തെ കുറിച്ചും വ്യക്തമായ ഉൾക്കാഴ്ചയുള്ളവരാക്കാനും ജീവിതത്തെ ക്രിയാത്മകമായി അഭിമുഖീകരിക്കാനും പരീക്ഷാപ്പേടി അകറ്റി പഠനം ആസ്വാദ്യകരമായ അനുഭവമാക്കിമാറ്റാനും സാധിച്ചു. രസകരമായ കളികളിലൂടെയും വിജ്ഞാനപ്രദമായ കാര്യങ്ങൾ പകർന്നു നൽകുന്നതിലൂടെയും കുട്ടികളെ ക്ലാസിൽ ഫലപ്രദമായി ഇടപെടുത്തിക്കൊണ്ടും മുന്നേറിയ ക്ലാസ് വളരെ പ്രയോജനകരമായിരുന്ന് പറഞ്ഞുകൊണ്ട് സ്കൂൾ തല കോർഡിനേറ്റർ സന്ധ്യ കെ എസ് നന്ദി അർപ്പിച്ചു.
സ്റ്റാഫ് ടൂർ2024
സ്റ്റാഫിന്റെ മാനസികോല്ലാസത്തിനും ഈ വർഷം വിരമിക്കുന്ന ശ്രീമതി ജയകുമാരി ടീച്ചറിന് സമ്മാനമായും സ്റ്റാഫ് ഒരുമിച്ച് ഒരു അവധിദിനം ചെലവിടാൻ തീരുമാനിച്ചു. 2024 ജനുവരി 15 ന് സ്റ്റാഫ് സെക്രട്ടറി ശ്രീ ഡീഗാൾ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂറിൽ പൂവാർ സന്ദർശനവും ബോട്ട് സവാരിയും ഫ്ലോട്ടിംഗ് റെസ്റ്റോറന്റിലെ ഭക്ഷണവും വി എച്ച് എസ് ഇ യിലെ ശ്രീ അഗസ്ത്യാനോസ് സാർ ഒരുക്കി. ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു. രാവിലെ ഒമ്പതിന് പുറപ്പെടുകയും പൂവാറിലെത്തി ബോട്ടിൽ എവിഎം കനാലിലൂടെ യാത്ര ചെയ്യുകയും പൊഴി സന്ദർശിക്കുകയും ഫ്ലോട്ടിംഗ് റെസ്റ്റൊറന്റിൽ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം അടിമലത്തുറ സന്ദർശിച്ച് എല്ലാവരും കടലിൽ കളിക്കുകയും തീരത്ത് പട്ടം പറത്തുകയും ചെയ്തു. ഫോട്ടോ ഷൂട്ട് എല്ലാവരെയും രസിപ്പിച്ചു. ശ്രീ ജേക്കബ് സാറിന്റെ വീട്ടിലൊരുക്കിയ ചായയും കേക്കും കഴിച്ച് വൈകിട്ട് അഞ്ചു മണിയോടെ ടൂർ അവസാനിപ്പിച്ച് എല്ലാവരും ആഹ്ലാദത്തോടെ തിരിച്ചെത്തി.
ബറ്റാലിയൻ വിസിറ്റ്@2024
തിരുവനന്തപുരം ജില്ലയിലെ ഏഴു ബറ്റാലിയനുകളിലെ സ്കൂളുകളും കോളേജുകളുമുൾപ്പെടെയുള്ള 25 സ്ഥാപനങ്ങളിൽ നിന്നും എൻ സി സി യിലെ മികച്ച പ്രകടനം വിലയിരുത്തി രണ്ടു സ്കൂളുകളാണ് ബ്രിഗേഡിയർ ആനന്ദ് കുമാർ വിസിറ്റിനായി തിരഞ്ഞെടുത്തത്.അതിൽ ഒരു സ്കൂൾ ഗവ.വി.എച്ച്.എസ്.എസ് വീരണകാവ് ആയതിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തെ സ്വീകരിക്കാനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചു.ചിട്ടയായ പരിശീലനവും മികച്ച പ്രകടനവും എൻ സി സി കേഡറ്റുകൾ എ എൻ ഓ ശ്രീകാന്ത് സാറിന്റെ ശിക്ഷണത്തിൽ നേടുകയും തുടർ പരിശീലനങ്ങൾക്കായി മുകളിൽ നിന്നുള്ള പട്ടാളക്കാർ എത്തുകയും ചെയ്തു.2024 ജനുവരി പതിനൊന്നാം തീയതി രാവിലെ തന്നെ സ്കൂളും ഓഡിറ്റോറിയവും ഒരുങ്ങി.മിലിറ്ററി ക്യാമ്പിൽ നിന്നും വേണ്ട സാധനങ്ങൾ കൊണ്ടുവരുകയും ഗേറ്റ് മുതൽ പരവതാനി വിരിക്കുയും ചെടിച്ചട്ടികളും സേനാ കൊടിതോരണങ്ങളും നാട്ടുകയും ചെയ്തു.പത്ത് മണിയ്ക്ക് ബ്രിഗേഡിയർ ആനന്ദ് കുമാർ എത്തിച്ചേർന്നു.പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ ബൊക്കെ നൽകുകയും എൻ സി സി കേഡറ്റുകൾ സല്യൂട്ട് നൽകി സ്വീകരിക്കുകയും ചെയ്തു.തുടർന്ന് ഓഫീസിലെത്തിയപ്പോൾ ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ പൂവ് നൽകി സ്വീകരിച്ചു.തുടർന്ന് അദ്ദേഹം ഓഫീസിൽ കുറച്ചുസമയം ചെലവിടുകയും പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,മദർ പിടിഎ പ്രസിഡന്റ് ശ്രീമതി രജിത തുടങ്ങിയവരെ പരിചയപ്പെടുകയും ചെയ്തു.തുടർന്ന് സ്റ്റേജിലേയ്ക്ക് എൻ സി സി കേഡറ്റുകൾ ആചാരപ്രകാരം ആനയിച്ചു.രൂപ ടീച്ചർ സ്വാഗതവും സന്ധ്യ ടീച്ചർ ആശംസയും പറഞ്ഞു.എൻ സി സി കുട്ടികൾക്കും അതിഥികൾക്കും സൽക്കാരം ഉണ്ടായിരുന്നു.പിടിഎ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്,പ്രിൻസിപ്പൽ മുതലായവർ അദ്ദേഹത്തിന് സമ്മാനം നൽകി.എ എൻ ഓ ശ്രീകാന്ത് സാറിനെ ട്രോഫി നൽകി ബ്രിഗേഡിയർ ആദരിച്ചു.സ്കൂളിനെ കുറിച്ചും എൻ സി സി കുട്ടികളെ കുറിച്ചും നല്ല അഭിപ്രായം രേഖപ്പെടുത്തി 1 മണിയോടെ അദ്ദേഹം തിരിച്ചുപോയപ്പോൾ സ്കൂളിന്റെ ചരിത്രത്തിലെ ഒരു പൊൻതൂവലായി മാറി ഈ വിസിറ്റ് എന്നതിൽ സംശയമില്ല.
ലിറ്റിൽ കൈറ്റ്സ് സബ്ഡിസ്ട്രിക്ട് ക്യാമ്പ്2023
കാട്ടാക്കട പി ആർ വില്യം സ്കൂളിൽ വച്ച് 2023 ഡിസംബർ 29,30 തീയതികളിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കാട്ടാക്കട സബ്ഡിസ്ട്രിക്ട് ക്യാമ്പിൽ സ്കൂൾ ക്യാമ്പിലെ എട്ടു കുട്ടികൾ വീതമാണ് പങ്കെടുത്തത്.മൂന്നു ബാച്ചുകളിലായി കാട്ടാക്കട സബ്ഡിസ്ട്രിക്ടിലെ എല്ലാ സ്കൂളുകളിലെയും നാലു കുട്ടികൾ വീതം അനിമേഷനും നാലു കുട്ടികൾ വീതം പ്രോഗ്രാമിങ്ങിനും പങ്കെടുത്തതിൽ വീരണകാവ് സ്കൂളിലെ പങ്കാളിത്തം ശ്രദ്ധേയമായി.അനിമേഷനിൽ പഞ്ചമി എം നായർ,മീര,രഞ്ചന,കീർത്തന എന്നിവരും പ്രോഗ്രാമിങ്ങിൽ ഗൗരി സുനിൽ,വിജിത,രഞ്ചു,ഹൃദ്യ അനിൽ എന്നിവരും പങ്കെടുത്തു.കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ പ്രോഗ്രാമിങ്ങിന്റെ ആർ പി യായി മൂന്നു ബാച്ചുകളിലും സതീഷ് സാറിന്റെ സഹായിയായി ക്ലാസെടുത്തു.
വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം
വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം ഡിസംബർ നാലിന് ഊരുട്ടമ്പലം പഞ്ചമി സ്മാരക യു പി എസിൽ വച്ചു നടന്നു. അഭിനയത്തിന് ട്വിങ്കിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജനാധിപത്യം പരിശീലനം
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2023 ഡിസംബർ നാലിന് നടന്നു.നവംബർ 28 ന് കുട്ടികൾ നാമനിർദേശപത്രിക സമർപ്പിക്കുകയും അടുത്ത ദിവസം ലിസ്റ്റ് നോട്ടീസ് ബോർഡിൽ പതിപ്പിക്കുകയും ചെയ്തു.തുടർന്ന് നാലിന് നടന്ന ഇലക്ഷൻ യു പി വിഭാഗത്തിൽ വേറിട്ടൊരു അനുഭവമായി മാറി.ശ്രീ.സജീഷ് സാറിന്റെ നേതൃത്വത്തിൽ ഇലക്ഷൻ സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്ത് മൊബൈലിന്റെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് പരിശീലിപ്പിച്ചു.കുട്ടികൾ പ്രിസൈഡിംഗ് ഓഫീസേഴ്സാകുകയും മഷി പുരട്ടി,ഒപ്പിട്ട ശേഷം വോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തുകയും ചെയ്തു.ഹൈസ്കൂൾ വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സ്,സോഷ്യൽ സയൻസ് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ ലാപ്‍ടോപ്പുകളിൽ സമ്മതി സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്ത്,കുട്ടികൾ തന്നെ സ്ഥാനാർത്ഥികളുടെ പേര് എന്റർ ചെയ്ത്,ഇലക്ഷൻ നടത്തി.ഇലക്ഷനായി ഓരോ ക്ലാസിനും ഈ രണ്ടു പേരെ വീതം നിയമിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗം ലാപ്‍ടോപ്പ് പ്രവർത്തിപ്പിക്കുകയും സോഷ്യൽ സയൻസ് ക്ലബംഗം ഇലക്ഷന്റെ മറ്റ് പ്രവർത്തനങ്ങൾ ക്ലാസ് അംഗങ്ങളുടെ സഹായത്തോടെ പൂർത്തീകരിക്കുകയും ചെയ്തു. ക്ലാസ് ടീച്ചേഴ്സ് എല്ലാം മോണിറ്റർ ചെയ്തു.ലിസി ടീച്ചറായിരുന്നു ഇലക്ഷൻ കമ്മീഷണർ.ടീച്ചറിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീനും എസ്എംസി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയും ഇലക്ഷൻ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉടനീളം ഉണ്ടായിരുന്നു.
സ്കൂൾ പാർലമെന്റ് 2023
സ്കൂൾ പാർലമെന്റ് ഇലക്ഷന് ശേഷം നാലാം തീയതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിജയികളായ കുട്ടികൾ സയൻസ് ലാബിലെത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ,വിഎച്ച്എസ്ഇ അധ്യാപകൻ ശ്രീ സന്തോഷ് സാർ,ഇലക്ഷൻ കമ്മീഷണർ ലിസി ടീച്ചർ,സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്സായ പ്രീജ,ആതിര ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ തുടങ്ങിയവരും ശ്രീകാന്ത് സാർ,സജീഷ് സാർ തുടങ്ങിയവരും ലാബിലെത്തി.തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.കുട്ടികൾ പരോക്ഷ തിരഞ്ഞെടുപ്പ് രീതി പരിചയപ്പെട്ടു.ചെയർ പേഴ്സണായി പത്ത് എയിലെ തസ്നിമോൾ എം എസും വൈസ് ചെയർ പേഴ്സണായി വിഎച്ച്എസ് ഇ സെക്കന്റ് എഫ് സി റ്റിയിലെ മയൂഖയും സെക്രട്ടറിയായി എഫ് സി റ്റിയിലെ മഞ്ചിമയും ജോയിന്റ് സെക്രട്ടറിയായി അഞ്ച് ബിയിലെ എബിൻ എ എസും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ജലജീവൻ മിഷൻ എക്സിബിഷൻ
2023 ഡിസംബർ 2 ശനിയാഴ്ച പൂവച്ചൽ പഞ്ചായത്തിന്റെ ജലജീവൻ മിഷൻ ഐഎസ്എ പ്രവർത്തനങ്ങളുടെ ഭാഗമായി പൂവച്ചൽ പഞ്ചായത്തിലെ സ്കൂളുകൾക്കായി നടത്തിയ എക്സിബിഷനിൽ വീരണകാവ് സ്കൂളിലെ എൽ പി,യു പി വിഭാഗം കുട്ടികളുടെ പങ്കാളിത്തം പ്രശംസനീയമായിരുന്നു.രാവിലെ തന്നെ കുട്ടികൾ സ്റ്റിൽ മോഡലുകളുമായി പൂവച്ചൽ യു പി എസിൽ എത്തിച്ചേർന്നു. എൽ പി യ്ക്ക് നാളെ ദഹിക്കാതിരിക്കാൻ ഇന്നേ കരുതാം എന്ന വിഷയവും യു പിയ്ക്ക് സംരക്ഷിക്കാം പ്രകൃതിയെ ജലത്തിനായി എന്നതും ഹൈസ്കൂളിന് മാലിന്യമുക്ത ജലസൗഹാർദ്ദഗ്രാമം എന്നതുമായിരുന്നു വിഷയം.എൽ പി,യു പി വിഭാഗം സ്റ്റിൽ മോഡൽ,ചാർട്ട് മുതലായവയ്ക്ക് ഒന്നാം സ്ഥാനം നേടാനായത് അഭിനന്ദനാർഹമാണ്.എൽ പി വർക്കിംഗ് മോഡലിന് അനശ്വർ ദേവ് ഒന്നാം സ്ഥാനവും എൽ പി സ്റ്റിൽ മോഡലിന് നന്ദന കിഷോർ ഒന്നാം സ്ഥാനവും യു പി സ്റ്റിൽ മോഡലിന് പ്രണയ&ടീം ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ലോക എയിഡ്സ് ദിനം
ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനം പ്രതിജ്ഞ എടുത്തുകൊണ്ട് അസംബ്ലിയിൽ ആചരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ,പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ തുടങ്ങിയവർ സന്ദേശം നൽകി.സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ ടീച്ചർ എയ്ഡ്സ് ദിനത്തിൽ ബോധവത്ക്കരണം നടത്തി.ശ്രീ.രാകേഷ് പ്രതിജ്ഞ ചൊല്ലിയത് കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി.
ഗോടെക് സെമി ഫൈനൽ
ഗോടെക് ടീമിന്റെ ഈ വർഷത്തെ സെമി ഫൈനൽ മത്സരം ജിഎച്ച്എസ്എസ് പാറശാലയിൽ വച്ച് ഡിസംബർ മാസം രണ്ടാം തീയതി നടന്നു.ഗോടെക് കൺവീനർ ശ്രീമതി.കുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുത്തു.എക്സെംപോർ,റോൾപ്ലേ,പേപ്പർ പ്രസെന്റേഷൻ മുതലായ മത്സരങ്ങളിലാണ് കുട്ടികൾ പങ്കെടുത്തത്.
നവകേരള സദസ്
നവകേരള സദസുമായി ബന്ധപ്പെട്ട് അരുവിക്കര നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി ബഹു എംഎൽഎ അഡ്വ.ജി സ്റ്റീഫന്റെ അധ്യക്ഷതയിൽ ആര്യനാട് വി കെ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പിടിഎയും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.രൂപാനായർ ടീച്ചറും നവംബർ 29 ന് പങ്കെടുത്തു.
ഡെങ്കിപ്പനിയ്ക്കെതിരെ ഡ്രൈഡേ
ഡെങ്കിപ്പനിയ്ക്കെതിരെ പൊരുതാം ക്യാമ്പയിനിന്റെ ഭാഗമായുള്ള ഡ്രൈഡേയിൽ എല്ലാ കുട്ടികളും സ്റ്റാഫും ഊർജിതമായി പങ്കെടുത്തു.2023 നവംബർ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്കൂളിനകത്തും പുറത്തുമുള്ള കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചത്.എല്ലാ ക്ലാസധ്യാപകരും കുട്ടികളോടൊപ്പം ക്ലാസും പരിസരവും വൃത്തിയാക്കി.പരിസരത്തിലെ കളകൾ നീക്കുകയും വെള്ളം കെട്ടി നിൽക്കുന്ന തരത്തിൽ കണ്ടവയെല്ലാം നീക്കുകയും ചെയ്തു.തുടർന്ന് എല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈഡേ ആചരിച്ചുവരുന്നു.
വർണ്ണക്കൂടാരം സ്റ്റാർസ് പദ്ധതി നടത്തിപ്പ്
വർണ്ണക്കൂടാരം സ്റ്റാർസ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനായി പിടിഎ,എസ്എംസി,പൂർവവിദ്യാർത്ഥി കൂട്ടായ്മകൾ യോഗം ചേർന്നു.ബിആർസി കോർഡിനേറ്ററുടെ സാന്നിധ്യത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും പദ്ധതി നടത്തിപ്പിന്റെ ചർച്ച പൂർത്തിയാക്കുകയും ചെയ്തു.ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട വിളപ്പിൽ സ്കൂൾ,നെയ്യാർഡാം,പരുത്തിപ്പള്ളി,കീഴാറൂർ എന്നിവയോടൊപ്പം വീരണകാവ് സ്കൂളിനും വർണക്കൂടാരം ലഭിച്ചതിൽ പിടിഎ സന്തോഷം രേഖപ്പെടുത്തി.
കായികം
നവംബർ 16 ന് നടന്ന കബഡി മത്സരത്തിൽ വിഎച്ച്എസ്ഇ കുട്ടികൾക്ക് രണ്ടാം സ്ഥാനവും ജൂനിയർ ബോയ്സിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ജില്ലാ ഗണിതശാസ്ത്ര ഐ ടി മേള
ജില്ലാ ഗണിതശാസ്ത്ര ഐ ടി മേള നവംബർ 15,16 തീയതികളിൽ കോട്ടൺഹിൽ സ്കൂളിൽ വച്ചു നടന്നു.ഐ ടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിങിന് ഗൗരി സുനിൽ എ ഗ്രേഡും അഞ്ചു പോയിന്റും പഞ്ചമി എം നായർ സി ഗ്രേഡും ഒരു പോയിന്റും നേടി. ഗണിത ശാസ്ത്ര മേളയിൽ അലൻ എ ഗ്രേഡും അഞ്ചു പോയിന്റും നേടി.
സ്റ്റെപ്സ് പരീക്ഷാ ഒരുക്കം2023
സ്റ്റേറ്റ് അച്ചീവ്മെന്റ് പരീക്ഷയ്ക്ക് മൂന്ന്,ആറ്,ഒമ്പത് ക്ലാസുകളിലെ കുട്ടികളെ പരിശീലിപ്പിച്ചു.അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.മാത്രമല്ല മോഡൽ ചോദ്യങ്ങൾ പരിചയപ്പെടുത്തുകയും അവ ഒ എം ആർ ഷീറ്റിൽ രേഖപ്പെടുത്തി പരിശീലിപ്പിക്കുകയും ഉത്തരങ്ങൾ അപ്പോൾ തന്നെ മൂല്യനിർണയം നടത്തി പുരോഗമനം വിലയിരുത്തുകയും ഇനിയും ശ്രദ്ധ വേണ്ട ഭാഗങ്ങൾ കണ്ടെത്തി കൂടുതൽ പരിശീലനം നൽകുകയും ചെയ്തു.
നിയമസഭാസന്ദർശനം2023
പുസ്തകപ്രദർശനവും നിയമസഭാമന്ദിരവും സന്ദർശിക്കാൻ നവംബർ നാലിന് അവസരം ലഭിക്കുകയും സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ രാവിലെ തന്നെ അധ്യാപികമാരായ ശ്രീജ ടീച്ചർ,ലിസി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ബസിൽ നിയമസഭയിലേയ്ക് യാത്ര പുറപ്പെടുകയും പത്തു മണിക്ക് മുമ്പ് അവിടെ എത്തിച്ചേർന്ന് പുസ്തകപ്രദർശനം കാണുകയും കുട്ടികൾ പുസ്തകങ്ങൾ പരിചയപ്പെട്ട് വാങ്ങുകയും ചെയ്തു.തുടർന്ന് നിയമസഭയ്ക്കകത്ത് കയറാനായത് എല്ലാവർക്കും വിജ്ഞാനപ്രദമായ അനുഭവമായി മാറി.നിയമസഭയുടെ ഉള്ളിലെ ക്രമീകരണങ്ങളും മേൽക്കൂരയിലെ പ്രത്യേക സിലിക്കോൺ കവറിംഗും കൗതുകമുണർത്തി.തുടർന്ന് കുട്ടികൾ ഫ്രീ പാസ് ഉപയോഗിച്ച് പ്ലാനറ്റോറിയവും മ്യൂസിയവും സന്ദർശിച്ചശേഷം വേളിയിൽ എത്തി വൈകുന്നേരം വരെ ചെലവഴിച്ച് 5.15 ന് തിരികെയെത്തി.
എന്റെ ഭാഷ എന്റെ ജീവൻ2023
കേരളപ്പിറവി ദിനം നവംബർ ഒന്നാം തീയതി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.വിജയൻ നിർവഹിച്ചു.പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ സ്വാഗതം ആശംസിച്ചു.തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മലയാളത്തിന്റെ പ്രാധാന്യം ബ്ലോക്ക് മെമ്പർ ചൂണ്ടിക്കാണിച്ചു.തനത് ശൈലിയിൽ മലയാളപ്പാട്ടുകൾ പാടികൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ മലയാളത്തനിമ നിലനിർത്തികൊണ്ട് കേരളപ്പിറവിയുടെ സന്ദേശം നൽകി.ഡോ.പ്രിയങ്ക പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും എല്ലാവരും ആശയം ഉൾക്കൊണ്ട് പ്രതിജ്ഞ ഏറ്റുച്ചൊല്ലുകയും ചെയ്തു.മേള,സ്പോർട്ട്സ്,കലാമത്സരങ്ങൾ തുടങ്ങി എല്ലാത്തിന്റെയും സമ്മാനവിതരണവും ഉണ്ടായിരുന്നു. പോസ്റ്റർ മത്സരം,ക്വിസ് മുതലായവ ഗാന്ധിദർശൻ,സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി.
ശാസ്ത്ര,ഗണിതശാസ്ത്ര,ഐ ടി മേള സബ്‍ജില്ല
ശാസ്ത്ര ഗണിത ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഐ ടി മേള ഒക്ടോബർ 27,28 തീയതികളിൽ കാട്ടാക്കട പി ആർ വില്യം സ്കൂളിൽ വച്ചു നടന്നു.വീരണകാവ് സ്കൂളിലെ ചുണക്കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.സ്കൂൾതലത്തിൽ നടത്തിയ മത്സരവിജയികളാണ് സബ്‍ജില്ലാതലത്തിൽ പങ്കെടുത്തത്.വിവിധ ഗ്രേഡുകളോടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു. സയൻസ് എൽ പി വിഭാഗത്തിൽ അനശ്വർ ദേവ് എക്സ്പെരിമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് വലിയ നേട്ടമായി.എൽ പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടാൻ സ്കൂളിന് സാധിച്ചു. പ്രൈമറി വിഭാഗം അധ്യാപക ടീച്ചിംഗ് എയിഡ് മത്സരത്തിൽ പങ്കെടുത്ത ദീപാകരുണ സോഷ്യൽ സയൻസ് വിഭാഗത്തിലും ആശ ടീച്ചർ സയൻസ് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.
ഐ ടി യിൽ മികവാർന്ന വിജയത്തോടെ ഓവറോൾ മൂന്നാം സ്ഥാനം നേടി സബ്‍ജില്ലാതലട്രോഫി കരസ്ഥമാക്കാൻ സാധിച്ചു.അനിമേഷനിൽ ഹൈസ്കൂളിലെ പഞ്ചമി എം നായർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഗൗരി സുനിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മലയാളം കമ്പ്യൂട്ടിഗും ലേഔട്ടിലും പ്രതീക്ഷ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയപ്പോൾ ഡിജിറ്റൽ പെയിന്റിംഗിൽ അനുരൂപ് ബി ഗ്രേഡും നേടി.
സയൻസ് മേളയിൽ നാടകമത്സരത്തിൽ ഹൈസ്കൂളിലെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുക മാത്രമല്ല നല്ല നടിയായി അനുപമ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ജില്ലാതലം2023
2023 ഒക്ടോബർ 14 ശനിയാഴ്ച തിരുവനന്തപുരം എൽ ബി എസിൽ വച്ച്(പൂജപ്പുുര) നടത്തിയ യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിന്റെ ജില്ലാതല ആശയാവതരണത്തിൽ വീരണകാവ് സ്കൂളിലെ 9 മിടുക്കർ തിരഞ്ഞെടുക്കപ്പെട്ടു.4 ടീമുകളിലായി 4 ആശയങ്ങളാണ് ഇവർ പ്രസന്റ് ചെയ്തത്.
ധ്വനി2023
വീരണകാവ് സ്കൂൾ അങ്കണത്തിൽ വച്ച് കലോത്സവം ഒക്ടോബർ 3,4 തീയതികളിൽ അരങ്ങേറി.ഉദ്ഘാടനം രാവിലെ 9.30 ന് ഫ്ലവേഴ്സ് ഫെയിം സുരേഷ് കല്യാണി നിർവഹിച്ചു.പാട്ടുകൾ പാടി അദ്ദേഹം കുട്ടികളുടെ ഉത്സാഹത്തെ വർധിപ്പിക്കുകയും പ്രചോദനം നൽകുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സനൽ സാർ എല്ലാവിധ ഭാവുകങ്ങളും നേർന്നു.ശ്രീമതി രൂപ ടീച്ചർ സ്വാഗതം ആശംസിച്ച മീറ്റിംഗിൽ ശ്രീമതി.സന്ധ്യ ടീച്ചർ പാട്ടുപാടി കൊണ്ട് വിദ്യാർത്ഥികളെ കലാമത്സരവേദിയിലേയ്ക്ക് സ്വാഗതം ചെയ്തു.രണ്ട് സ്റ്റേജുകളിലായിട്ടാണ് മത്സരം അരങ്ങേറിയത്.
സ്പോർട്ട്സിൽ താരങ്ങളാകാം
കാട്ടാക്കട ഉപജില്ലാ സ്പോർട്ട്സ് മത്സരങ്ങളിൽ കുട്ടികൾ വിവിധയിനങ്ങളിൽ മത്സരിച്ചു.സെപ്റ്റംബർ മുപ്പതിന് ജി വി രാജ സ്പോർട്ട്സ് സ്കൂളിലും ഒക്ടോബർ ഒന്നാം തീയതി ജി.വി.എച്ച്.എസ്.എസ്,പരുത്തിപ്പള്ളിയിലും വച്ച് നടന്ന മത്സരങ്ങളിൽ കാഞ്ചന ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ ഒന്നാംസ്ഥാനവും ഹരികൃഷ്ണൻ ഹാമർ ത്രോ ജൂനിയറിൽ ഒന്നാം സ്ഥാനവും ദീജ ഡിസ്കസ് ത്രോയിൽ (പെൺ) ഒന്നാം സ്ഥാനവും രഞ്ചു ജൂനിയർ ത്രിപ്പിൾ ജമ്പിൽ രണ്ടാം സ്ഥാനവും അനന്തൻ നടത്തത്തിൽ മൂന്നാം സ്ഥാനവും ശിവ സബ് ജൂനിയർ ഹർഡിൽസിൽ മൂന്നാംസ്ഥാനവും ഹൈജമ്പിൽ ഒന്നാം സ്ഥാനവും നേടുകയുണ്ടായി.പരിശീലിപ്പിച്ച കായികാധ്യാപകൻ ശ്രീ.ജോർജ്ജ് സാറിന്റെ അക്ഷീണപ്രയത്നം കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും മാനസികോല്ലാസം നേടുന്നതിനും അതുവഴി ആരോഗ്യപരിപാലനത്തിനും പഠനമികവിനും സഹായിച്ചു.
സിനിമാല2023
2023 സെപ്റ്റംബർ 27 ന് സ്കൂളിലെ ചലച്ചിത്രക്ലബിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ നിർവഹിച്ചു.ചലച്ചിത്രോത്സവത്തിന്റെ ഭാഗമായ ആദ്യ ചിത്രം പ്രദശിപ്പിച്ചു.ചാർളി ചാപ്ലിന്റെ ദ കിഡ്സ് എന്ന ചിത്രമാണ് ആദ്യം പ്രദർശിപ്പിച്ചത്.പിടിഎ,എസ്എംസി അംഗങ്ങളും മദർ പിടിഎ ക്കാരും സന്നിഹിതരായിരുന്നു. ക്ലബ് അംഗങ്ങൾ കൺവീനർ ശ്രീ സന്തോഷ് സാറിന്റെ നേതൃത്വത്തിൽ ചലച്ചിത്രത്തിന്റെ ആസ്വാദനം തയ്യാറാക്കി.ശ്രീമതി.രൂപാനായർ ടീച്ചറും ശ്രീമതി സന്ധ്യ ടീച്ചറും ആശംസകളർപ്പിച്ചു.
എഴുതാം നേടാം
2023 സെപ്റ്റംബർ മാസം 24 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾതല രചനാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും 2023-2024 അധ്യയനവർഷത്തെ രചനാമത്സരങ്ങളുടെ തിരശ്ശീലയുയർത്തി.ചിത്രരചന,കഥാരചന,കവിതാരചന,ഉപന്യാസം തുടങ്ങിയവയിൽ വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.എഴുതി കൊണ്ട് ഉപജില്ലാ കലോത്സവ തിരഞ്ഞെടുപ്പിലും സ്കൂൾതല സമ്മാനങ്ങൾക്കും നേടാമെന്നതായിരുന്നു കുട്ടികളെ ആകർഷിച്ചത്.രാവിലെ 10 ന് ആരംഭിച്ച രചനാമത്സരങ്ങളിൽ പിടിഎ,എസ്എംസി അംഗങ്ങളുടെ പ്രോത്സാഹനവും പിന്തുണയും ഉണ്ടായിരുന്നു.
വീർഗാഥ-സൈനികരൊപ്പം
വീർഗാഥ പ്രോജക്ടുമായി ബന്ധപ്പെട്ട് സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥികളായ സൈനികരെ ക്ഷണിക്കുകയും അവർ സസന്തോഷം സ്കൂളിലെത്തി കുട്ടികളുമായി സംവദിക്കുകയും ചെയ്തു.ദേശസ്നേഹം ഊട്ടിയുറപ്പിക്കാനായി നടത്തിയ അഭിമുഖത്തിൽ കുട്ടികൾ ഒട്ടേറെ ചോദ്യങ്ങൾ ചോദിക്കുകയും സൈനികർ അവർക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകി സൈനികസേവനത്തിന്റെ വിവിധവശങ്ങളും ദേശസ്നേഹവും പകർന്നുനൽകി.സെപ്റ്റംബർ 23 ന് നടന്ന പ്രസ്തുത അഭിമുഖം ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ചരിത്രത്തിന്റെ ഏടുകളോടൊപ്പം
പ്രൈമറിവിദ്യാർത്ഥികളിൽ ചരിത്രാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാർത്ഥികളെ അധ്യാപകർ നെടുമങ്ങാട് കോയിക്കൽ കൊട്ടാരത്തിലേയ്ക്ക് ഫീൽഡ് ട്രിപ്പ് കൊണ്ടുപോയത് പഠനത്തിൽ ചരിത്രത്തിന്റെ നേരറിവിന് സഹായകമായിമാറി. കുട്ടികളിൽ കൗതുകവും വിനോദവും വിജ്ഞാനവും ഒരുമിപ്പിക്കുന്ന ഒരു ഫീൽഡ് ട്രിപ്പാണ് യു പി അധ്യാപകരുടെ നേതൃത്വത്തിൽ നടന്നത്.രാവിലെ സ്കൂൾ ബസിൽ പുറപ്പെട്ട സംഘം പത്ത് മണിയോടെ കോയിക്കൽ കൊട്ടാരത്തിലെത്തി.അറിവിന്റെയും ജിജ്ഞാസയുടെയും മണിക്കൂറുകളിലൂടെ കുട്ടികൾ കടന്നു പോയി.
ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഗണിത ഐ ടി മേള 2023
സ്കൂൾതലശാസ്ത്രമേള സെപ്റ്റംബർ 21 ന് ആരംഭിച്ചു.രൂപ ടീച്ചറും സന്ധ്യ ടീച്ചറും ശ്രീ.സലാഹുദീനും ശ്രീ മുഹമ്മദ് റാഫിയും ശ്രീമതി രജിതയും ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിൽ സജീവമായിരുന്നു.എൽ പി മുതൽ വി എച്ച് എസ് ഇ വരെയുള്ള കുട്ടികൾ അവരുടെ ശാസ്ത്രാഭിരുചിയും സാമൂഹ്യശാസ്ത്രത്തിന്റെ പ്രവർത്തനങ്ങളും ഗണിത പ്രക്രിയകളും ഐ ടി അറിവും മേളയിൽ പ്രദർശിപ്പിച്ചു.
വരയുത്സവം
പ്രീപ്രൈമറി കുഞ്ഞുങ്ങളുടെയും രക്ഷാകർത്താക്കളുടെയും മാനസികോല്ലാസത്തിനും കുഞ്ഞുങ്ങളുടെ ക്രിയാത്മകമായ വളർച്ചയ്ക്കും ഉതകുന്ന തരത്തിൽ ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വരയുത്സവം സ്കൂളിൽ രസകരമായ ഒരു അനുഭവമാക്കി മാറ്റി കൊണ്ട് കുഞ്ഞുങ്ങളും രക്ഷാകർത്താക്കളും ചേർന്ന് ചിത്രങ്ങൾ വരച്ച് പങ്കാളിത്തം ഉറപ്പാക്കി.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രീപ്രൈറി കുഞ്ഞുങ്ങൾ തങ്ങളുടെ ചിത്രങ്ങൾ പൂർത്തിയാക്കി പ്രദർശിപ്പിച്ചു.അവരുടെ ആത്മവിശ്വാസവും കഴിവും വളർത്താൻ അനുയോജ്യമായ പ്രവർത്തനമായിരുന്നു വരയുത്സവം.അമ്മമാരുടെ ചിത്രരചന കണ്ട കുഞ്ഞുങ്ങളിൽ അഭിമാനവും സന്തോഷവും ഉളവാക്കാനും പ്രസ്തുത പരിപാടിവഴി സാധിച്ചുവെന്നത് വലിയ നേട്ടമാണ്.
ക്യാമ്പോണം@2023
സെപ്റ്റംബർ രണ്ടാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി നടത്തിയ സ്കൂൾ ക്യാമ്പ് ഓണത്തിന്റെ ഹരം കുട്ടികളിൽ നിലനിർത്തിയ മികച്ച ഒരു ക്യാമ്പായിരുന്നു.ക്യാമ്പോണം എന്ന പേരിൽ കൈറ്റ് നടപ്പിലാക്കിയ പ്രസ്തുത ക്യാമ്പ് നിലവിൽ ഒമ്പതിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സിനു വേണ്ടിയായിരുന്നു.2022-2025 ബാച്ചിൽപ്പെട്ട കുട്ടികളുടെ ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീനും മദർ പിടിഎ പ്രസിഡന്റ് ശ്രീമതി രജിതയും ക്യാമ്പ് സന്ദർശിച്ചു പ്രോത്സാഹനം നൽകി.കൈറ്റ് മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ ശ്രീ.സതീഷ് സാർ ക്യാമ്പിന് വേണ്ട മാർഗനിർദേശങ്ങൾ നൽകി.കൈറ്റ് മിസ്ട്രസുമാരായ ലിസി ടീച്ചറും നിമ ടീച്ചറും കുട്ടികൾക്ക് സഹായവുമായി നിന്നു.എൻ സി സി എ എൻ ഒ ശ്രീ.ശ്രീകാന്ത് സാർ കുട്ടികൾക്കുള്ള ഭക്ഷണം ക്രമീകരിച്ചു സഹായിച്ചു.ലിസി ടീച്ചർ അനിമേഷനും പ്രോഗ്രാമിങ്ങും ക്ലാസ് എക്റ്റേണൽ ആർ പിയായ സതീഷ് സാരിനോടൊപ്പം കൈകാര്യം ചെയ്തു.
അധ്യാപകദിനം
സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിൽ പ്രൈമറി,ഹൈസ്കൂൾ,വി എച്ച് എസ് ഇ തലങ്ങളിൽ അധ്യാപകർക്ക് ആദരവായി പരിപാടികൾ സംഘടിപ്പിച്ചു.പ്രൈമറിതലത്തിൽ രാവിലെ 9.30 ന് കുട്ടികളുടെ അസംബ്ലിയിൽ അധ്യാപകരെ കുട്ടികൾ ആദരിക്കുകയും തുടർന്നുള്ള ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുകയും ചെയ്തു.സോഷ്യൽ സയൻസ് ക്ലബ് ഹെസ്കൂൾ തലത്തിൽ കുട്ടികളുടെ ക്ലാസ് നടത്തുകയുണ്ടായി.10 A യിലെ അബിയ ലോറൻസും ഗൗതമിയും 10 B യിലെ ഗൗരിയും അമൃതയും വിവിധവിഷയങ്ങളിൽ ക്ലാസെടുത്തതിൽ മികച്ചു നിന്നു.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന അധ്യാപകർക്കുള്ള ഡിജിറ്റൽ ആശംസാകാർഡ് മത്സരത്തിൽ 9 B യിലെ പഞ്ചമിയും ഗൗരിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.വി എച്ച് എസ് ഇ തലത്തിൽ വൈകിട്ട് 3.30 നു ശേഷം അസംബ്ലിയും സ്കൂളിലെ മുൻ അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ ശ്രീ.സുരേഷ്‍കുമാർ സാറിനെയും ഹെഡ്‍മിസ്ട്രസ് ശ്രീമതി സന്ധ്യടീച്ചറിനെയും എ പിജെ അബ്ദുൾകലാം കലാസാംസ്കാരിക കേന്ദ്രത്തിന്റെ അധ്യാപക അവാർഡ് ജേതാവായ പ്രിൻസിപ്പൽ ശ്രീമതി രൂപടീച്ചറിനെയും എൻ എസ് എസ് യൂണിറ്റ് പൊന്നാട അണിയിച്ച് ആദരിച്ചു.
ഓണനിലാവ്2023
ഓണനിലാവ്@2023 വിപുലമായ ഒരുക്കങ്ങളോടെ 25 ഓഗസ്റ്റ് 2023 ന് നടത്തുകയുണ്ടായി.സ്റ്റാഫും പിടിഎ,എസ്എംസി മദർ പിടിഎ എന്നിവരുടെ സഹായസഹകരണത്തോടെ നടന്ന ഓണാഘോഷം ഒന്നിനൊന്ന് മികച്ചതായിരുന്നു.മീറ്റിംഗ് ഉദ്ഘാടനം ചെയ്തത് കോമഡി സ്റ്റാർസ് ഫെയിം ശ്രീ.രഞ്ചിത്ത് ആയിരുന്നു.രഞ്ചിത്ത് ആ സ്കൂളിലെ പൂർവവിദ്യാർത്ഥിയും കൂടെയായിരുന്നു എന്നത് അഭിമാനാർഹമായി മാറി.പൂക്കളമത്സരവും വടംവലിയും ക്ലാസ് തലത്തിൽ നടന്ന മത്സരങ്ങളായിരുന്നു.മത്സരാർത്ഥികൾ രാവിലെ തന്നെ സ്കൂളിലെത്തുകയും ക്ലാസിൽ അവരവരുടെ അത്തം ഒരുക്കുകയും ചെയ്തു.അത്തത്തിനുള്ള ഒരുക്കങ്ങളുമായി കുട്ടികൾ വർണാഭമായ പ്രപഞ്ചം സ്കൂളിലൊരുക്കി.
ചന്ദ്രയാൻ 3
ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം മുതൽ വിദ്യാർത്ഥികളും സ്റ്റാഫും ആകാംക്ഷയോടെ വീക്ഷിക്കുകയും സ്കൂളിൽ വിക്ഷേപണം ലൈവായി കാണിക്കുകയും ചെയ്തിരുന്നു.ഓരോ ഘട്ടത്തിലെയും മാറ്റങ്ങൾ അപ്പോഴപ്പോൾ വിദ്യാർത്ഥികളുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു.മാത്രമല്ല ലൂണാർ ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രന്റെ പ്രാധാന്യവും ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകളും അനിമേഷനുകളും പ്രദർശിപ്പിക്കുകയും ചെയ്തു.
സ്പെഷ്യൽ അസംബ്ലി 2023 ഓഗസ്റ്റ് 23
ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ തൊടുന്ന അസുലഭകാഴ്ചയ്ക്കായി 2023 ഓഗസ്റ്റ് മാസം 23 ന് ഉച്ചയ്ക്ക് സ്പെഷ്യൽ അസംബ്ലി കൂടുകയും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലൈവ് പ്രോഗ്രാം നടത്താനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് അറിയിക്കുകയും പ്രിൻസിപ്പൽ രൂപാനായർ ചന്ദ്രയാന്റെ പ്രത്യേകതകളും പ്രാധാന്യവും പങ്കു വയ്ക്കുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഇന്നത്തെ പ്രത്യേകതയും ചന്ദ്രയാൻ ചന്ദ്രനെ തൊടുന്ന രംഗം നേരിട്ട് അനുഭവവേദ്യമാക്കുന്നതിന്റെ അഭിമാനവും പങ്കുവച്ചു.സയൻസ് ക്ലബ് കൺവീനർ ഡീഗാൾ സാറും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറും നിമ ടീച്ചറും സന്നിഹിതരായിരുന്നു.പരീക്ഷയായതിനാൽ സാധിക്കുന്ന കുട്ടികൾ വീട്ടിൽ പോയ ശേഷം മാതാപിതാക്കളോടൊപ്പം തിരിച്ച് 5.15 ന് സ്കൂളിലെത്തണമെന്ന് സന്ധ്യ ടീച്ചർ അറിയിച്ചു. ലിറ്റിൽ കൈറ്റ്സിലെ അടുത്തുള്ള കുട്ടികൾ എത്തണമെന്ന് ലിസി ടീച്ചറും അറിയിച്ചു.തുടർന്ന് സ്പെഷ്യൽ അസംബ്ലി അവസാനിപ്പിച്ചു.ഉച്ച കഴിഞ്ഞുള്ള പരീക്ഷ എഴുതിയ ശേഷം വീട്ടിൽ പോയി സ്കൂളിലേയ്ക്ക വരുന്ന കുട്ടികൾക്കും വീട്ടുകാർക്കും താല്പര്യമുള്ള നാട്ടുകാർക്കും സ്കൂളിൽ ലാൻഡിങ് കാണാനുള്ള സൗകര്യം സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിട്ടുണ്ടെന്ന് ഐ ടി കോർഡിനേറ്റർ ലിസി ടീച്ചർ അറിയിച്ചു.
ലൈവ് ഷോ പ്രദർശനം
സ്കൂളിലെ കമ്പ്യൂട്ടർ ലാബിലെ സൗകര്യങ്ങളിൽ നിന്നുകൊണ്ട് ലൈവ് കാണിക്കാനുള്ള ഒരുക്കങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി.വൈകിട്ട് അഞ്ചു മണിയോടെ അടുത്തുള്ള കുട്ടികൾ പരീക്ഷ കഴിഞ്ഞ് വീട്ടിൽ പോയ ശേഷം തിരിച്ചെത്തി.ചിലരുടെ രക്ഷാകർത്താക്കളും എത്തിച്ചേർന്നു.അടുത്തുള്ള അധ്യാപകരും സ്റ്റാഫും ആകാംക്ഷയോടെ ലൈവ് വീക്ഷിക്കാനായി ലാബിൽ തന്നെയിരുന്നു.6.15 നു മുമ്പ് തന്നെ ആ അസുലഭദൃശ്യം കാണാനുള്ള ഭാഗ്യം ഉണ്ടായി.ലേസർ ഉപയോഗിച്ച് സ്കാൻ ചെയ്ത ശേഷം ലാൻഡർ ചന്ദ്രോപരിതലം തൊട്ടതും പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയോടൊപ്പം ചേർന്ന് ആത്മാഭിമാനത്തോടെ കൈയടിച്ചും ഭാരത് മാതാ കീ ജയ് വിളിച്ചും കുട്ടികളും സ്റ്റാഫും രക്ഷാകർത്താക്കളും ആഹ്ലാദം പങ്കിട്ടു.
-
സ്പെഷ്യൽ അസംബ്ലി (ചന്ദ്രയാൻ 3)
-
ചന്ദ്രയാൻ 3 ന്റെ ലാൻഡിങ് ലൈവ് വീക്ഷിക്കുന്നു
-
ചന്ദ്രയാൻ3 ന്റെ വിജയത്തിലെ ആഹ്ലാദം
യൂട്യൂബ് ചാനൽ വീഡിയോ
ചന്ദ്രയാൻ ലാൻഡിങുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ വീഡിയോയിൽ പകർത്തുകയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അത് വീഡിയോയാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു.കൂടുതൽ കാഴ്ചകൾക്കായി ക്ലിക്ക് ചെയ്യൂ.https://youtu.be/c4AKE34dhrI
സ്വാതന്ത്ര്യം തന്നെ അമൃതം
അതിഗംഭീരമായി നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾ വീരണകാവ് പ്രദേശത്തിന്റെ ദേശസ്നേഹത്തിന്റെ വെളിപ്പെടുത്തലും പ്രഖ്യാപനവുമായി മാറിയ ചരിത്രമുഹൂർത്തത്തിനാണ് ഗവ.വി.എച്ച്.എസ് വീരണകാവ് സ്കൂളിലെ സ്റ്റാഫും വിദ്യാത്ഥികളും ചേർന്ന് ഒരുക്കിയത്.2023 ഓഗസ്റ്റ് മാസം 15 ന് രാവിലെ 9 ന് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചറും ബഹു.പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ ടീച്ചറും ബഹു.പിടിഎ പ്രസിഡന്റ് ശ്രീ സലാഹുദീനും ചേർന്ന് ത്രിവർണ പതാക എൻ സി സി കേഡറ്റുകളുടെ സല്യൂട്ടോടെയും ദേശീയഗാനത്തിന്റെ അകമ്പടിയോടെയും നിർവഹിച്ചതോടെ ദേശസ്നേഹം വിളിച്ചോതുന്ന സ്വാതന്ത്ര്യദിപരിപാടികൾക്ക് തുടക്കമിട്ടു.
ഫീൽഡ് ട്രിപ്പ്/ഫ്രീഡം ഫെസ്റ്റ് വിസിറ്റ്
2023 ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ രണ്ട് ബാച്ചുകളിൽ നിന്നുമായി 45 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും നിമ ടീച്ചറിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന വിജ്‍ഞാനോത്സവത്തിൽ പങ്കെടുത്തു.ശ്രീ.ഡീഗാൾ സാറിന്റെ സഹായത്തോടെ സ്കൂൾ ബസ് ക്രമീകരിച്ച് നടത്തിയ യാത്രയിൽ ഉച്ച വരെ പ്രദർശനം കണ്ട ശേഷം ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന്റെ നിർദ്ദേശമനുസരിച്ച് ഊണു കഴിക്കാനായി മ്യൂസിയത്തിൽ പോകുകയും തുടർന്ന് കുട്ടികൾക്ക് ഡീഗാൾ സാറിന്റെ നേതൃത്വത്തിൽ ടിക്കറ്റെടുത്ത് മൃഗശാല സന്ദർശിക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികൾ ഈ ഫീൽഡ് ട്രിപ്പ് വളരെയധികം ആസ്വദിച്ചു.
വിജ്ഞാനോത്സവം@ഐ ടി കോർണർ
കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വിജ്ഞാനോത്സവത്തിന്റെ(ഫ്രീഡം ഫെസ്റ്റ്) ഭാഗമായി ലിറ്റിൽകൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച ഐ ടി കോർണർ വിദ്യാർത്ഥികളിൽ ജിജ്ഞാസ വളർത്താൻ കാരണമായി.കൈറ്റ് ലഭ്യമാക്കിയ പലതരത്തിലുള്ള ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും വളരെ കൗതുകത്തോടെയാണ് കുട്ടികളും നാട്ടുകാരും നോക്കികണ്ടത്.അധ്യാപകർക്കും ഇത് കൗതുകകരമായി തോന്നി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ പഠിക്കുന്നുണ്ടെന്നും പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാണെന്നും വിളിച്ചോതുന്നതായിരുന്നു പ്രസ്തുത പ്രദർശനം.അർഡുനോ കിറ്റുകളും എക്സ്പയസും എന്താണെന്നും അതിന്റെ സാധ്യതകളും ലിറ്റിൽ കൈറ്റ്സ് പല പ്രവർത്തനങ്ങളിലൂടെ പ്രദർശിപ്പിച്ചു. പ്രോഗ്രാമുപയോഗിച്ചുള്ള കോഴിയുടെ തീറ്റയും ഡിജെ ലൈറ്റും ട്രാഫിക് സിഗ്നൽ ലൈറ്റും ഡാൻസിംഗ് ലൈറ്റും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.
പ്രവർത്തിക്കാം പഠിക്കാം
വിദ്യാർത്ഥികളിൽ പഠനത്തിന് ആഭിമുഖ്യമുണ്ടാകാനും വിവിധ പ്രവർത്തനങ്ങളിലൂടെ മികവുറ്റ വിദ്യാഭ്യാസം സ്വായത്തമാക്കാനും ഉതകുന്ന തരത്തിൽ വീരണകാവ് സ്കൂളിലെ എല്ലാ ക്ലബുകളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കാറുള്ളത്. എല്ലാ ക്ലബുകളും സമയബന്ധിതമായി അവരവരുടെ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും ക്ലബുകളുടെ ഔപചാരിക ഉദ്ഘാടനം നടത്തേണ്ടതുള്ളതിനാൽ 2023 ഓഗസ്റ്റ് ഒമ്പതാം തീയതി 3 മണിയ്ക്ക് പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ ടീച്ചറിന്റെ നേതൃത്തിലും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറിന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി.ജൂൺ,ജൂലായ് മാസങ്ങളിൽ കിഫ്ബി കെട്ടിട ഉദ്ഘാടനവും മറ്റ് തിരക്കുകളും കാരണം പല തവണ മാറ്റി വയ്ക്കേണ്ടി വന്ന ഈ ഉദ്ഘാടനം വൈകുന്നേരം സമുചിതമായി നടത്തി.ഇംഗ്ലീഷ് ക്ലബ്,സയൻസ് ക്ലബ്,ജൈവവൈവിധ്യ ക്ലബ്,ഇക്കോ ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഊർജ്ജ ക്ലബ്,ഗണിത ക്ലബ്,വിദ്യാരംഗം കലാസാഹിത്യ ക്ലബ്,വായനാ ക്ലബ് മുതലായ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു.
ഇലയും കലയും
ഇലകളുപയോഗിച്ചും കലാസപര്യ ചെയ്യാമെന്ന് തെളിയിച്ചുകൊണ്ട് പ്രൈമറി വിദ്യാർത്ഥികളൊരുക്കിയ ലീഫ് ആർട്ട് പ്രദർശനം വിഷയത്തിന്റെ തനിമ കൊണ്ടും പ്രകൃതിയോടിണങ്ങിയ കാലരൂപമെന്ന നിലയിലും വേറിട്ട ഒരു അനുഭവമായി മാറി. കുട്ടികളിലെ പ്രകൃതി സ്നേഹവും നന്മയും കലാഭിരുചിയും ആശയസമ്പുഷ്ടിയും വിളിച്ചോതിയ പ്രദർശനം എൽ പി തലത്തിൽ ഓഗസ്റ്റ് എട്ടാം തീയതി രാവിലെ പത്ത് മണിയ്ക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ ഏകദേശം എല്ലാ ക്ലാസുകളിലും നിന്നും പങ്കാളിത്തമുണ്ടായിരുന്നു. രക്ഷാകർത്താക്കളുടെ സാന്നിധ്യവും അവരുടെ സഹകരണവും ഉത്സാഹവും പ്രദർശനത്തിൽ പ്രതിഫലിച്ചിരുന്നു.
നിലാവ് 2023
ജൂലായ് 20 ന് ലോകചാന്ദ്രദിനം സ്കൂളിലെ വിവിധ സെക്ഷനുകളിൽ ആചരിച്ചു.എൻ എസ് എസ് യൂണിറ്റ് വി എച്ച് എസ് ഇ വിഭാഗത്തിലും സോഷ്യൽ സയൻസ് ക്ലബും ലിറ്റിൽ കൈറ്റ്സും സ്കൂൾ വിഭാഗത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എൻ എസ് എസിന്റെ സെമിനാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന അനിമേഷൻ മത്സരത്തിലും(വിഷയം-ചന്ദ്രയാൻ വിക്ഷേപണം)ഡിജിറ്റൽ പെയിന്റിംഗ്(വിഷയം-നിലാവ്)മത്സരത്തിൽ മികവാർന്ന പങ്കാളിത്തം ഉണ്ടായിരുന്നു.സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസിലും നിലാവ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിലും സജീവമായി കുട്ടികൾ പങ്കെടുത്തു.
ആരോഗ്യം നല്ല വിദ്യാഭ്യാസത്തിന്
ആരോഗ്യം നല്ല വിദ്യാഭ്യാസത്തിന്റെ അടിത്തറയാണെന്ന അറിവിൽ നിന്നും സംഘടിപ്പിക്കപ്പെട്ട പരിശീലന കളരിയായിരുന്നു അസ്ഥിരോഗ അവബോധ ക്ലാസ്. ആതുരസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച്,കാട്ടാക്കട കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്തമായ നെയ്യാർ മെഡിസിറ്റിയുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിക്കപ്പെട്ടത്.പ്രസ്തുത പരിശീലനത്തിന് നേതൃത്വം നൽകിയത് നെയ്യാർ മെഡിസിറ്റിയിലെ ഡോക്ടർമാരാണ്.വീണും മറ്റും ഉണ്ടാതാവുന്ന ഫ്രാക്ച്ചറുകളും വിവിധ ഒടിവുകളും ചതവുകളും എങ്ങനെ കൈകാര്യം ചെയ്യണമെന്നും എങ്ങനെ ഇത്തരം സന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ ചെയ്യാമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലായെന്നും മറ്റും ക്ലാസുകളിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും മനസിലാക്കി. പത്ത്,പ്ലസ് വൺ,പ്ലസ് ടു ക്ലാസുകാർക്കാണ് ആദ്യഘട്ടത്തിലെ ഈ പരിശീലനം നൽകിയത്.
കലാസപര്യ
കലാസപര്യയുടെ ഭാഗമായി പ്രൈമറികുട്ടികൾക്ക് നൃത്തപരിശീലനം നൽകാനായി ഒരു നൃത്താധ്യാപികയെ കണ്ടെത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു.ഉദ്ഘാടന ചടങ്ങ് നമ്മുടെ ബഹുമാനപ്പെട്ട എച്ച് എം നിർവഹിച്ചു.ഈ അവസരത്തിൽ ബഹുമാനപ്പെട്ട സീനിയർ അസിസ്റ്റൻറ് ശ്രീജ ടീച്ചർ സ്റ്റാഫ് സെക്രട്ടറി ശ്രീകാന്ത് സാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കലാപഠനവും പ്രാധാന്യം അർഹിക്കുന്നതാണെന്നും കുട്ടികളുടെ മാനസികവ്യാപാരം ക്രിയാത്മമാക്കാൻ കലാപഠനത്തിന് കഴിയുമെന്നും ഹെഡ്മിസ്ട്രസ് പറയുകയുണ്ടായി.വിവിധ കലാരൂപങ്ങൾ പരിചയപ്പെടുന്നത് സാംസ്കാരികമായ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും ടീച്ചർ തന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ ഓർമപ്പെടുത്തി.കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഏറ്റവും ഉചിതമായ കാര്യമാണ് യു പി ടീച്ചേഴ്സ് സീനിയർ ടീച്ചറായ ശ്രീമതി.ശ്രീലതയുടെയും ശ്രീ.സജീഷിന്റെയും നേതൃത്വത്തിൽ ചെയ്തതെന്നും പറഞ്ഞുകൊണ്ട് ടീച്ചർ യു പി ടീച്ചേഴ്സിനെ പ്രത്യേകം അഭിനന്ദിച്ചു.
ശ്രദ്ധ2023
നമ്മുടെ വിദ്യാലയത്തിലെ ശ്രദ്ധ പദ്ധതി ബഹു: ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സലാഹുദീൻ സാർ, സീനിയർ അസിസ്റ്റന്റ ശ്രീജ ടീച്ചർ, ശ്രദ്ധ കോർഡിനേറ്റർ നിമ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. സ്‌റ്റാഫ് സെക്രട്ടറി ശ്രീകാന്ത് സാർ, ഡീഗാൾ സാർ ,രാകേഷ് സാർ രേഖ ടീച്ചർ, അനീറ്റ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.ശ്രദ്ധയിലൂടെ പഠനവിടവ് പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ശ്രദ്ധ പദ്ധതിയുടെ പ്രാധാന്യവും ഉദ്ഘാടന പ്രസംഗത്തിൽ ശ്രീമതി.സന്ധ്യ ടീച്ചർ എടുത്തുപറഞ്ഞു.കൊറോണക്കാലത്ത് ഉണ്ടായ പഠനപിന്നാക്കാവസ്ഥ കഴിഞ്ഞവർഷത്തെ ശ്രദ്ധ ക്ലാസുകളിലൂടെ ഒരു പരിധിവരെ മറികടക്കാനായിയെന്നും ഈ വർഷത്തെ പ്രവർത്തനത്തിലൂടെ പഠനവിടവ് മാറ്റി പ്രത്യേക പരിഗണന ആവശ്യമുള്ളവരെ പരിഗണിച്ച് പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരണമെന്നും ഗണിതം,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഭാഷകൾ എന്നിവയിൽ അവർക്ക് അടിസ്ഥാനാശയങ്ങൾ നൽകി മുന്നോട്ടുള്ള ക്ലാസുകളിൽ ശ്രദ്ധേയമായ മാറ്റം കൈവരിക്കാനുള്ള പരിശീലനം ഉറപ്പാക്കണമെന്നും ടീച്ചർ ഓർമിപ്പിച്ചു.കോർഡിനേറ്റർ നിമ ടീച്ചർ ക്ലാസുകളുടെ സമയവും കുട്ടികളുടെ ലിസ്റ്റും വായിച്ചു.ഏകദേശം മുപ്പതോളം കുട്ടികളാണ് ആദ്യഘട്ട പരിശീലനത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്.നിരന്തരവിലയിരുത്തലിലൂടെയും നിരീക്ഷണത്തിലൂടെയും ക്ലാസ് ടീച്ചേഴ്സും മറ്റ് ടീച്ചേഴ്സും നൽകിയ ലിസ്റ്റിലെ കുട്ടികൾക്കാണ് ശ്രദ്ധ ക്ലാസ് നൽകുന്നതെന്നും കുട്ടികളുടെ ഹാജർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്റ്റാഫ് സെക്രട്ടറി ശ്രീ.ശ്രീകാന്ത് സാർ ഓർമിപ്പിച്ചു.
ഫയർ&സേഫ്റ്റി
ജൂലായ് ഏഴാം തീയതി രാവിലെ പത്തു മുതൽ ഫയർ&സേഫ്റ്റി വിഭാഗത്തിന്റെ പ്രത്യേക ക്ലാസ് വിഎച്ച്എസ്ഇ വിഭാഗത്തിലെ കുട്ടികൾക്കായി നൽകി.വിവിധതരത്തിലുള്ള അപകടങ്ങളെ കുറിച്ചും അവ എങ്ങനെ അഭിമുഖീകരിക്കണമെന്നുമുള്ള ബോധവത്ക്കരണം നൽകി.ഗ്യാസ് ചോർച്ച തിരിച്ചറിയുന്നത് അത് കൈകാര്യം ചെയ്യുന്നത്,പെട്ടെന്നുള്ള അത്യാഹിതങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നുള്ളത്,സിപിആർ നൽകുന്നത് തുടങ്ങി ഉപകാരപ്രദങ്ങളായ ഒട്ടനവധി കാര്യങ്ങൾ ഈ ക്ലാസിലൂടെ പകർന്നു നൽകി.എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണക്ലാസിൽ പ്രിൻസിപ്പൽ രൂപാനായറും ഹെഡ്‍മിസ്ട്രസ് സന്ധ്യടീച്ചറും ആശംസകളറിയിച്ചു സംസാരിച്ചു.
പ്രീപ്രൈമറി കഥോത്സവം2023
പ്രീപ്രൈമറി കുട്ടികൾക്കായുള്ള കഥോത്സവം ജൂലായ് ആറാം തീയതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിച്ചു.സ്കൂളിലെ മുൻ അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറും സാമൂഹ്യപ്രവർത്തകനുമായ ശ്രീ.സുരേഷ് കുമാർ സാർ കഥോത്സവത്തിന്റെ മാറ്റ് കൂട്ടികൊണ്ട് കുട്ടികളെ കഥയുടെയും കവിതയുടെയും ലോകത്തേക്കാകർഷിച്ചു.രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും മാനസികസന്തോഷത്തിനും കുട്ടികളിലെ മികവ് വർധിപ്പിക്കാനും കഥോൽസവം കാരണമായി.എൽ പി അധ്യാപകരായ ഡോ.ആശ,ശ്രീമതി.ബിന്ദു എസ്,ശ്രീമതി.ജയകുമാരി,ശ്രീമതി.ദീപാകരുണ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കഥോൽസവം കുഞ്ഞുങ്ങളുടെ കഥപറച്ചലിലൂടെ രസകരമായി മാറി.കുഞ്ഞുങ്ങൾ ഈ പരിപാടി നന്നായി ആസ്വദിച്ചു.അവരുടെ സഭാകമ്പം മാറാനും അവരിലെ സർഗവാസനകൾ പരിപോഷിപ്പിക്കാനും കഥോൽസവം കാരണമായി.അധ്യാപകരും തങ്ങളുടെ ഓരോ കുട്ടികളെയും മികവിലേയ്ക്ക് എത്തിക്കാൻ കഠിനപരിശ്രമം നടത്തി.
വിഎച്ച്എസ്ഇ പ്രവേശനോത്സവം2023
പുതുതായി വി എച്ച് എസ് ഇ യിൽ പ്രവേശനം നേടിയ കുട്ടികളുടെ സ്കൂൾ പ്രവേശനം സമുചിതമായി ആഘോഷിച്ചു.ജില്ലാ പഞ്ചായത്തംഗം ശ്രീമതി.രാധിക ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ ആശംസകളറിയിച്ചു.പ്രിൻസിപ്പൽ ശ്രീമതി.രൂപാനായർ അച്ചടക്കത്തെകുറിച്ചും പൊതു കാര്യങ്ങളെ കുറിച്ചും ബോധവത്ക്കരണം നടത്തി.വിഎച്ച്എസ് ഇ അധ്യാപകർ തങ്ങൾ പഠിപ്പിക്കുന്ന കോഴ്സുകളെ കുറിച്ചും എൻ എസ് എസ് പോലുള്ള സംവിധാനങ്ങളെ കുറിച്ചും കുട്ടികൾക്ക് ബോധവത്ക്കരണം നടത്തി.
പുതിയ കെട്ടിടം ഉദ്ഘാടനം
2023 ജൂലായ് മൂന്നാം തീയതി ഉച്ചയ്ക്ക് കൃത്യം 12.30 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസതൊഴിൽ മന്ത്രി ശ്രീ.ശിവൻകുട്ടി സാർ കിഫ്ബി കില ഫണ്ടുപയോഗിച്ചുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്ന മീറ്റിംഗ് വർണാഭമായ അലങ്കാരങ്ങൾ കൊണ്ടും വിശിഷ്ടവ്യക്തികളുടെ മഹനീയ സാന്നിധ്യം കൊണ്ടും വളരെ മനോഹരമായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സനൽകുമാർ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.വിജയൻ,വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
-
വിദ്യാഭ്യാസമന്ത്രി ശ്രീ.ശിവൻകുട്ടി നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
-
വിദ്യാഭ്യാസമന്ത്രി ശ്രീ.ശിവൻകുട്ടി നിലവിളക്ക് കൊളുത്തുന്നു
-
വിദ്യാഭ്യാസമന്ത്രി ശ്രീ.ശിവൻകുട്ടി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു
-
വിദ്യാഭ്യാസമന്ത്രി ശ്രീ.ശിവൻകുട്ടി നിലവിളക്ക് കൊളുത്തുന്നു
-
പത്രവാർത്ത
വായിക്കാം വളരാം
വായന പ്രോത്സാഹിപ്പിക്കാനായി വീരണകാവ് സർവീസ് സഹകരണ സംഘം സ്പോൺസർ ചെയ്ത ദിനപത്രം സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകികൊണ്ട് ബഹുമാനപ്പെട്ട എം എൽ എ അഡ്വക്കേറ്റ് സ്റ്റീഫൻ അവർകൾ വായനയുടെ വസന്തം ഉദ്ഘാടനം ചെയ്തു.വായിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.
ബീറ്റ് പ്ലാസ്റ്റിക്&സേവ് എർത്ത് ക്യാംമ്പെയ്ൻ
പരിസ്ഥിതിദിനാചരണം
മാലിന്യമുക്തം നവകേരളം
മാലിന്യമുക്തം നവകേരളം പരിപാടി ജൂൺ രണ്ടാം തീയതി ഗവ.വി.എച്ച്.എസ്.എസ് സ്കൂളിൽ നടത്തുകയുണ്ടായി.മാലിന്യവിമുക്ത കേരളത്തിന്റെ ആവശ്യകതയും വിദ്യാർത്ഥികൾക്ക് കേരളത്തെ മാലിന്യമുക്തമാക്കാൻ സാധ്യമാകുന്ന രീതികളും ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി രൂപാ നായർ ടീച്ചറും കുട്ടികളെ ബോധ്യപ്പെടുത്തി. അസംബ്ലി കഴിഞ്ഞതിനാൽ ക്ലാസ് തലത്തിൽ മാലിന്യവിമുക്ത പ്രതിജ്ഞ എടുക്കാനായി ക്ലാസ് ടീച്ചേഴ്സിനെ ചുമതലപ്പെടുത്തുകയും ഒന്നാമത്തെ പിരീഡിൽ അതത് ക്ലാസ് ടീച്ചേഴ്സ് മാലിന്യ മുക്തം കേരളം പ്രതിജ്ഞ ഏറ്റുചൊല്ലി അവരവരുടെ പങ്കും കർത്തവ്യവും മനസിലാക്കി മാലിന്യ മുക്ത കേരളത്തിനായി പ്രയത്നിക്കുമെന്ന് തീരുമാനമെടുത്തു.ഹൈസ്കൂൾതലത്തിലും പ്രൈമറിതലത്തിലും വിഎച്ച്.എസ് ഇ തലത്തിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി.
ഹൈസ്കൂൾ തലത്തിൽ മാലിന്യമുക്തകേരളമെന്ന ആശയം കുട്ടികളിൽ എത്തിക്കാനായി ഒരു ഉപന്യാസ മത്സരം നടത്തുകയുണ്ടായി. സയൻസ് ലാബിൽ വച്ച് നടന്ന പ്രസ്തുത മത്സരത്തിന്റെ വിഷയം മാലിന്യമുക്തകേരളം എന്നതായിരുന്നു.ക്ലാസ് തലത്തിൽ നിന്നും ശേഖരിച്ച രചനകളിലെ മികച്ച രചനകളുടെ സൃഷ്ടാക്കളാണ് സയൻസ് ലാബിലെ മത്സരത്തിൽ പങ്കെടുത്തത്.അതിൽ നിന്നും ഗൗതമി എസ് കൃഷ്ണ,ശിവാനി ആർ,അമൃത എന്നീ കുട്ടികൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചന നടത്തിയത് യു പി തലത്തിലെ കുട്ടികൾക്കാണ്.
പ്രവേശനോത്സവം അക്ഷരപ്പൂക്കളുമായ്
ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
സ്കൂൾ ജാഗ്രതാസമിതി2023
2023 മെയ് 30 ന് സ്കൂൾ ജാഗ്രതാസമിതി മീറ്റിംഗ് കൂടി പുതിയ അധ്യയനവർഷത്തിന്റെ പ്രവർത്തനങ്ങളും പദ്ധതികളും വിലയിരുത്തി.
വരവേൽപ്പ്@വീരണകാവ്
പുതിയ അധ്യയന വർഷത്തിന്റെ വരവേൽപ്പിനായി വിദ്യാലയം ഒരുങ്ങിയത് പിടിഎ,എസ്എംസി,സ്റ്റാഫ് തുടങ്ങി എല്ലാവരുടെയും ഒത്തൊരുമയോടെയാണെങ്കിലും വിദ്യാലയ പരിസരത്തുള്ള ഓട്ടോക്കാർ ഉൾപ്പെടെയുള്ള ഒരു സമൂഹത്തിന്റെ സന്മനസ്സും സഹായസഹകരണങ്ങളും പതിവു പോലെ ഈ അധ്യയനവർഷാരംഭ ഒരുക്കത്തിലും കാണാനുണ്ടായിരുന്നുവെന്നത് വിദ്യാലയത്തോടുള്ള സമൂഹത്തിന്റെ കരുതലിന്റെ ഭാഗമാണെന്നതിൽ സംശയമില്ല.കഴിഞ്ഞ ഏപ്രിലിലുണ്ടായ കാറ്റിലും മഴയത്തും വീണു പോയ സ്കൂളിന്റെ പ്രധാന കമാനം പെയിന്റ് ചെയ്ത് വൃത്തിയാക്കിയത് പൂർവ്വവിദ്യാർത്ഥിയായിരുന്ന ആർട്ടിസ്റ്റ് സനലും കൂട്ടുകാരും പിടിഎ സഹായത്തോടെയായിരുന്നു.കമാനം പണി പൂർത്തിയാക്കി ഉയർത്താനായി നാട്ടുകാരും സഹായിച്ചു.ബിജു സാറും ഡീഗാൾ സാറും മുൻനിരയിലുണ്ടായിരുന്നു.