സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2020-21 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
ഓൺലൈൻ ക്ലാസുകൾ, ഗൂഗിൾ മീറ്റ് ക്ലാസുകൾ
കോവിഡ് പ്രതിസന്ധി കേരളത്തിൽ രൂക്ഷമായി പടർന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നേറുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പിന്റെ അഭിമുഖ്യത്തിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു . നമ്മുടെ സ്കൂളും ക്ലാസ് അടിസ്ഥാനത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഓൺലൈൻ ക്ലാസുകളുടെ സമയക്രമവും ലിങ്കുകളും ഷെയർ ചെയ്ത് കുട്ടികളെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്തു. പാഠഭാഗങ്ങളുടെ നോട്ടുകളും മറ്റ് കുറിപ്പുകളും വാട്സാപ്പിലൂടെ അദ്ധ്യാപകർ കുട്ടികൾക്ക് അയച്ചുകൊടുത്തു. ആവശ്യമായ സമയങ്ങളിൽ ഗൂഗിൾ ക്ലാസുകൾ സംഘടിപ്പിച്ച് കുട്ടികളുടെ സംശയങ്ങൾ ദൂരീകരിച്ചു.
ഓൺലൈൻ പഠനസഹായം എസ് പി സി യുടെ നേതൃത്വത്തിൽ
വീടുകളിൽ ടിവിയോ ഇൻറർനെറ്റ് സൗകര്യമോ മൊബൈൽഫോണോ ലഭ്യമല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന് നമ്മുടെ സ്കൂളിലെ അധ്യാപകരും എസ്പിസി വിദ്യാർത്ഥികളും കുട്ടികളുടെ വീടുകൾ സന്ദർശിച്ച് സ്കൂളിൽ ലഭ്യമായ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ കാണാൻ സഹായിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ഈ പ്രോഗ്രാം രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.
ടിവി, മൊബൈൽ ഫോൺ ചലഞ്ച്
ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ അവസ്ഥ മനസ്സിലാക്കിയ ശേഷം അധ്യാപകരുടെയും പി.ടി.എയുടെയും സാമ്പത്തികസഹായത്തോടെ 12 ടെലിവിഷനുകൾ വാങ്ങി നൽകാൻ കഴിഞ്ഞു. ഫാ. ഡേവിഡ് രണ്ട് ടെലിവിഷനുകൾ വാങ്ങി നൽകി. അങ്ങനെ ഈ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ 14 ടെലിവിഷനുകൾ ലഭ്യമാക്കാൻ സ്കൂളിന് കഴിഞ്ഞു.
എസ്എസ്എൽസി, എൽ .എസ് .എസ് പരീക്ഷ വിജയം
2020 21 അക്കാദമിക് വർഷത്തിലും എസ്എസ്എൽസി പരീക്ഷയിൽ നമുക്ക് 100% വിജയം നേടാൻ കഴിഞ്ഞു. നമ്മുടെ സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളിൽ 25 പേർ ഫുൾ എ പ്ലസും 11 പേർ 9 എ പ്ലസും കരസ്ഥമാക്കി. എസ്എസ്എൽസി പരീക്ഷ യോടൊപ്പം നടന്ന എൽഎസ്എസ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ 18 വിദ്യാർത്ഥികൾ വിജയം നേടി. ഈ മിടുക്കരെ 2021 ഫെബ്രുവരി മാസത്തിൽ സ്കൂൾ ആദരിച്ചു.
കുട്ടികളുടെ വീടുകളിലെത്തി ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് ഏർപ്പെടുത്തിയ ഭക്ഷണ കിറ്റുകൾ സ്കൂളിൽ നിന്നും മാനേജ്മെൻറ് ഏർപ്പെടുത്തിയ വാഹനത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ എത്തിച്ചു. കോവിഡ് വ്യാപനം കാരണം ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ ഈ ക്രമീകരണം കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായമായി.
സ്വാതന്ത്ര്യദിനാഘോഷം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 21 അധ്യായന വർഷത്തിൽ ഓൺലൈനായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കായി ഉപന്യാസ രചനാ മത്സരം,പ്രസംഗ മത്സരം, ക്വിസ് എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
നേർകാഴ്ച്ച ചിത്രരചന മത്സരം
കോവിഡ് കാല പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നേർകാഴ്ച ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും അനേകം കുട്ടികൾ പങ്കെടുത്തു.
ഓണാഘോഷം
ഓൺലൈനായി ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കാർട്ടൂൺ രചന മത്സരം, കഥാ രചന മത്സരം, അത്തപ്പൂക്കളമത്സരം, ഓണപ്പാട്ട് മത്സരം, പായസ മത്സരം, എന്നിവ സംഘടിപ്പിച്ചു.
ടിവി ചലഞ്ച്
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ കൂട്ടായ്മയുടെ ശ്രമഫലമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് 12 ടെലിവിഷനുകൾ വാങ്ങി നൽകാൻ കഴിഞ്ഞു.
സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം.
കേരള സംസ്ഥാനം സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ പദവിയിലേക്ക് മാറുന്നതിൻ്റെ സ്കൂൾ തല ഉദ്ഘാടനം ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്ന കുമാരി അവർകൾ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജോസ് ലാൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
2021-22 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
സുരീലി ഹിന്ദി പഞ്ചായത്ത് തല ഉദ്ഘാടനം
വിദ്യാർത്ഥികൾക്കിടയിൽ ഹിന്ദി ഭാഷ പഠനത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന സുരീലി ഹിന്ദി പദ്ധതിയുടെ കാഞ്ഞിരംകുളം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ബഹുമാന്യയായ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. തദവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് ബി ആർ സി കോഡിനേറ്റർ ശ്രീ ബിബിൻ സാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാ അവതരണങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
ക്രിസ്മസ് ആഘോഷം
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം രണ്ടുദിവസങ്ങളിലായി രണ്ടു ബാച്ചുകളിലെ കുട്ടികൾക്കായി നടത്തി. ആദരണീയനായ ലൂർദ്ദിപുരം ഇടവകവികാരി, സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ് എന്നിവർ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
വനിതാ ദിനാചരണം
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി 07/03/2022 തിങ്കളാഴ്ച ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ആരോഗ്യകരമായും രുചികരമായും തയ്യാറാക്കി നൽകുന്ന ശ്രീമതി അനിത, ശ്രീമതി റീന എന്നിവരെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു.
2022-23 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2022
കോവിഡ് മഹാമാരിക്ക് ശേഷം ഒരു പുതിയ അധ്യായന വർഷത്തിന് 2022 ജൂൺ ഒന്നിന് തുടക്കം കുറിച്ചു. പുതുമുഖങ്ങൾ ആയ അനേകം കുട്ടികൾ സ്കൂളിൽ എത്തി. സ്കൂൾ അധ്യാപകരും അനധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്വീകരിക്കുകയും പ്രവേശനോത്സവം ഒരു യഥാർത്ഥ ആഘോഷമാക്കി മാറ്റുകയും ചെയ്തു.