നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 16 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('<big>ഓർമ്മകളിൽ ഇന്നും നിറയുന്ന പഴയ നൊച്ചാട് ഹൈസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓർമ്മകളിൽ ഇന്നും നിറയുന്ന പഴയ നൊച്ചാട് ഹൈസ്കൂൾ

.............................. പ്രകാശൻ വെള്ളിയൂർ.

വെള്ളിയൂർ യു.പി. സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചപ്പോൾ അച്ഛൻ എന്നെ നൊച്ചാട് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ , ചേർത്തു. കല്ല് കൊത്ത് കുഴികളുടെ നിര തന്നെയായിരുന്നു ചെറിയ ഗ്രൗണ്ടിന്റെ ഇരു ഭാഗങ്ങളും .

.   ഒരു മലയുടെ താഴ്‌വരയിൽ അക്ഷര വെളിച്ചം തെളിയിരുന്ന ക്ലാസ്സ് റൂമുകൾ . ഇവിടെ പഠിച്ചിരുന്ന കുട്ടികൾ കൂടുതലും പ്രായം കൊണ്ട്മുതിർന്നവരായിരുന്നു. ഈ സ്കൂളിൽ, ജില്ലയിൽ തന്നെ സമരാവേശങ്ങളാൽ നയിക്കപ്പെടുന്ന നേതാക്കളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. KSF ന്റെ നേതാവ് വി.എം. കുഞ്ഞിരാമനും, K S U നേതാവ് ബീരാനുമായിരുന്നു. പലപ്പോഴും വലിയ തോതിലുള്ള സംഘട്ടനങ്ങൾ ഇവിടെ നടക്കാറുണ്ട്. താഴത്തെ ഭാഗത്ത് ആറോളം ക്ലാസ് റൂമുകൾ ഉണ്ട്. അത് ആസ്പറ്റോസ് കൊണ്ടാണ് മേൽക്കൂര പണിതിരുന്നത്. പാതിയിലധികം തുറന്നിട്ടവയായിരുന്നു അന്നത്തെ ക്ലാസ്സ് ഭാഗങ്ങൾ ഒരു മഴയും കാറ്റും വന്നാൽ ക്ലാസ് മുറികളിൽ നിറയെ വെള്ളം കയറും.

മുകൾഭാഗത്താണ് പത്താം ക്ലാസ് പ്രവർത്തിച്ചിരുന്നത് (4 ക്ലാസ്സ് റൂമുകൾ ) അവിടെ ചെറിയ ഒരു വരാന്ത, ആ വരാന്തയിൽ നിന്ന് താഴേക്ക് ഇരുപത്തഞ്ചടിയോളം താഴ്ചയുണ്ട്. അവിടെ നിന്ന് അബദ്ധത്തിൽ താഴോട്ട് വീണ പല കുട്ടികൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഗ്രൗണ്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന സേവന വാരത്തിലൂടെ കുട്ടികൾ തന്നെ നിരത്തിയെടുത്തതാണ്. അന്ന് സേവന വാരത്തിൽ ഒരു പാട്ട് കുട്ടികൾ പാടാറുണ്ടായിരുന്നു.

കല്ലും കൊത്ര നിറഞ്ഞൊരു ഗ്രൗണ്ട്

എന്നും നിരക്കാത്തഗ്രൗണ്ട്,

ഇന്നാൾക്ക് ഇന്നതാണ്

എഴുതി വെച്ചല്ലോ മാഷ് ബുക്കിൽ .

അതിൽ ഞാനൊരു കൊത്തുകാരൻ

കുട്ടികൾ നൂറുണ്ട് കൊത്തുവാനാളുണ്ട്

അവർക്കുള്ളിൽ വാശിയുണ്ട്. അടുത്തുള്ള X-A അടുത്തുള്ള X-B

ഇരുവർക്കും വാശിയുണ്ട്.

ഏതോ അധ്യാപകൻ എഴുതിയ പാരടികൾ കുട്ടികൾ ആവേശത്തോടെ പാടാറുണ്ടായിരുന്നു. അതിനു മുകൾഭാഗത്ത് എൽ (L)ഷെയിപ്പിൽ 5 റൂമുകളിൽ എട്ടാം ക്ലാസുകാരായിരുന്നു പഠിച്ചിരുന്നത്. റൂമിന്റെ മേൽക്കൂര ഓലയായിരുന്നു. മഴവന്നാൽ നനഞ്ഞൊലിക്കും. അവിടെ ഒരു സ്റ്റേജ് ഉണ്ടായിരുന്നു അവിടെ വെച്ചായിരുന്നു കലാ പരിപാടികൾ നടക്കാറുള്ളത്. ഏറ്റവും മുകളിൽ വലിയൊരു ഗ്രൗണ്ട് , ഓട്ടവും ചാട്ടവും അവിടെ വെച്ച് . പിന്നെ അട്ടിയട്ടിയുള്ള മല ആ മലയിൽ റബ്ബർ മരങ്ങൾ . ഈ സ്കൂളിൽ കുട്ടികളെല്ലാം അന്ന് നടന്ന് വരികയായിരുന്നു. കായണ്ണ, മൊട്ടന്തറ ചെറുക്കാട്, കരുവണ്ണൂർ, മുളിയങ്ങൽ , നൊച്ചാട്, ചാലിക്കര ഭാഗങ്ങളിൽ നിന്നായിരുന്നു മിക്ക കുട്ടികളും സ്കൂളിൽ പഠിക്കാൻ വന്നത് - ഏല്യാമ്മ ടീച്ചർ, റോസമ്മ ടീച്ചർ, വാസു മാഷ് , ചെറിയ കുഞ്ഞിരാമൻ മാഷ് , അടുത്ത ദിവസം മരണമടഞ്ഞ മായഞ്ചേരി പ്പൊയിലിലെ കുഞ്ഞിരാമൻ മാഷ് , മലയാള അധ്യാപകൻ വാസുദേവൻ മാഷ് , കുഞ്ഞികൃഷ്ണൻ മാഷ് , ഡ്രോയിങ് അധ്യാപകൻ കുട്ടികൃഷ്ണൻ മാഷ് , രാഘവൻ മാഷ് എന്നിവരടങ്ങിയ വലിയൊരു അറിവിന്റെ വെട്ടങ്ങൾ തന്നവർ . കുഞ്ഞിരാമൻ മാഷും, രാഘവൻ മാഷും സുഹൃത്തുക്കളായിരുന്നു. ഹെഡ് മാസ്റ്റർ അബ്ദുള്ള മാസ്റ്ററാണ് അദ്ദേഹം സാധുവായ ഒരധ്യാപകനായിരുന്നു. എല്ലാവരും ഗൗരവക്കാരാണെങ്കിലും കുട്ടികളോട് സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. വാസു മാഷെ അന്നത്തെ പഠിതാക്കളാരും മറക്കില്ല. പഠനത്തിന്റെ കാര്യത്തിൽ ഏറ്റവും സത്യസന്ധമായി പ്രവർത്തിക്കുന്നതിൽ രാഘവൻ മാസ്റ്ററെക്കാൾ മുമ്പർ മറ്റൊരാളുമില്ല. സ്കൂളിനോട് അത്രയധികം ആദരവ് പുലർത്തിയ ഒരധ്യാപകനെ ഞാനിതുവരെ കണ്ടിട്ടില്ല.

ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും പ്രവർത്തിച്ചത് ഈ കെട്ടിടത്തിലായിരുന്നു.

വടക്ക് ഭാഗത്തെ ഇടവഴിയിലൂടെ വലിയൊരു വിഭാഗം കുട്ടികൾ സ്കൂളിലേക്ക് നടന്നു വരാറുണ്ട് , ആ ഭാഗത്തുകൂടെയാണ് രാഘവൻ മാഷ് സ്കൂളിൽ വരാറുള്ളത്. അബ്ദുള്ള മാഷ് ഹെഡ് മാഷായ സമയത്ത് ഞങ്ങൾ വെള്ളിയൂർ UP സ്കൂളിൽ നിന്ന് നൊച്ചാട് സ്കൂളിൽ സമരവുമായി വന്നു. അന്ന് അബ്ദുള്ള മാഷ് രസകരമായി ഞങ്ങളോട് ചോദിച്ചു, തോക്കിലേക്കാണോ വെടി വെക്കുന്നതെന്ന് . പത്താം ക്ലാസിൽ നിന്ന് തോറ്റപ്പോൾ എനിക്ക് കണക്ക് വിഷയത്തിൽ കിട്ടിയ മാർക്ക് 6-5 ഇങ്ങനെയായിരുന്നു . എന്നാൽ ,പിന്നീട് യൂനിവേഴ്സലിൽ പഠിച്ച് ഞാൻ ജയിച്ചു 213 മാർക്ക് കിട്ടി. അന്ന് കണക്കിന്റെ മാർക്ക് 4-3 എന്നായി ചുരുങ്ങി. കണക്ക് എനിക്ക് അസാധ്യമായ ഒരു ഭാഗമായിരുന്നു. പിന്നീട് എല്ലാം ഞാൻ താനേ പഠിച്ചു. ഒരു രസകരമായ സംഭവം ഓർക്കുകയാണ്. ഞങ്ങൾ ഒരു തെരുവുനാടക ഗ്രൂ പ്പുണ്ടാക്കി നാടാകെ നാടകം കളിക്കാറുണ്ടായിരുന്നു. രാഘവൻ മാഷോട് ചോദിക്കാതെ ,മിക്ക ദിവസങ്ങളിലും സ്റ്റേജിൽ വെച്ച് റിഹേഴ്സൽ നടക്കും. ഒരു ദിവസം രാത്രി 12 മണിക്ക് റിഹേഴ്സൽ തുടരുമ്പോൾ  T.P. ജയരാജൻ എന്നോട് പറഞ്ഞു രാഘവൻ മാഷ് കോണിയിൽ നിന്ന് നോക്കി താഴേക്ക് പോയെന്ന് .ഞാൻ വിചാരിച്ചു എന്നെ രസമാക്കാൻ വേണ്ടി പറഞ്ഞതാണെന്ന് .ഞാൻ പറഞ്ഞു നീ അയാളോട് എന്റെ അടുത്തേക്ക് വരാൻ പറ ....അയാളെ ഞാൻ നാടകം പഠിപ്പിക്കാമെന്നും ഉറക്കെ പറഞ്ഞു. സത്യത്തിൽ വന്നത് രാഘവൻ മാഷായിരുന്നു. പിറ്റേ ദിവസം സ്കൂളിലെ സഹായി പുതു വാങ്ങി ചെക്കോട്ടിയും , പ്യൂൺ അയമ്മത്ക്കായും എന്നെ തിരഞ്ഞ് വന്ന് , രാഘവൻ മാഷെ ചെന്ന് കാണണമെന്ന് പറഞ്ഞു. അപ്പോഴാണ് തലേ ദിവസത്തെ അബദ്ധം മനസിലായത് . മാഷെന്നെ ചോദ്യം ചെയ്ത് 11 മണിയായി ഞാനന്ന് ഒരു കച്ചറക്കാരനായിരുന്നു , പിന്നീടെന്റെ ഭാവം മാറി ഞാൻ സ്കൂളിൽ നിന്നിറങ്ങിപ്പോന്നു. അപ്പോൾ ചെക്കോട്ടി വിളിക്കുന്നു  എന്നെ നിങ്ങൾക്ക് നാടകം നടത്താൻ മാഷ് അനുമതി തന്നിട്ടുണ്ട്. ഞാൻ എന്നും ബഹുമാനിക്കുന്ന ഒരധ്യാപകനാണ് രാഘവൻ മാഷ്. ഓർമകളിൽ വസന്തം വിരിയാറുള്ളത് പഴയ ആ പഠനകാലത്തെ ഓർക്കുമ്പോഴാണ് . അന്നെനിക്ക് പഠിക്കാൻ ആഗ്രഹമില്ലായിരുന്നു. എന്നും സമരം നടക്കട്ടെയെന്ന് ചിന്തിക്കും, ചില അധ്യാപകൻമാർ മുദ്രാവാക്യം പോലും എഴുതിത്തരും , സമരം നടന്നാൽ സ്റ്റാഫ്റൂമിൽ നിന്നും കേരംബോർഡ് കളിക്കും വാസു മാഷ് ചെക്കോട്ടി , അയമ്മത്ക്ക, കുട്ടിക്കൃഷ്ണൻ മാഷ് എന്നിവർ , ചിലപ്പോൾ കളിക്കാൻ എന്നെയും കൂടെ കൂട്ടും. എത്രയെത്ര പേർ വന്നു പഠിച്ചു പിരിഞ്ഞു പോയി , എത്രയെത്ര നല്ല അധ്യാപകർ , എത്രയോ പേരുടെ നല്ല ഭാവി നെയ്തെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. അന്നത്തെ അധ്യാപകരായിരുന്നു. ഈ പ്രദേശത്തിന്റെ വെളിച്ചമായി നിലക്കൊണ്ടത്.ഈ സ്കൂൾ ഇനിയുംഎത്രയോ കാലം നിലനിൽക്കട്ടെ, മികച്ച അധ്യാപകർ ക്ലാസ്സെടുക്കട്ടെ, അപ്പോൾ ഞാൻ ചിന്തിക്കുകയാണ്

കാലമിനിയുമുരുളും

വിഷു വരും,

വർഷം വരുംതിരുവോണം വരും പിന്നെ ഓരോ തളിരിനും

പൂവരും കായ് വരും

പിന്നെ ആരെന്നു മെന്തെന്നു മാർക്കറിയാം.