നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ വിദ്യാലയം
- ഓർമ്മകളിൽ ഇന്നും നിറയുന്ന പഴയ നൊച്ചാട് ഹൈസ്‍കൂൾ
.............................. പ്രകാശൻ വെള്ളിയൂർ
വെള്ളിയൂർ യു.പി. സ്‍കൂളിൽ നിന്ന് ഏഴാം ക്ലാസ്സ് ജയിച്ചപ്പോൾ അച്ഛൻ എന്നെ നൊച്ചാട് ഹൈസ്‍കൂളിൽ എട്ടാം ക്ലാസ്‍സിൽ ചേർത്തു. കല്ല് കൊത്ത് കുഴികൾ നിറഞ്ഞതായിരുന്നു ചെറിയ ഗ്രൗണ്ടിന്റെ ഇരു ഭാഗങ്ങളും. ഒരു മലയുടെ താഴ്‌വരയിൽ അക്ഷര വെളിച്ചം തെളിയുന്ന ക്ലാസ്‍സ് മുറികൾ. ഇവിടെ പഠിച്ചിരുന്ന കുട്ടികൾ കൂടുതലും പ്രായം കൊണ്ട് മുതിർന്നവരായിരുന്നു. ജില്ലയിലെ തന്നെ സമരാവേശങ്ങളാൽ നയിക്കപ്പെടുന്ന നേതാക്കളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു സ്‍കൂളിൽ. താഴത്തെ ഭാഗത്ത് ആറോളം ക്ലാസ്‍സ് മുറികൾ ഉണ്ട്. ആസ്‍ബറ്റോസ് ഷീറ്റ് കൊണ്ട് പണിത മേൽക്കൂരയായിരുന്നു. അക്കാലത്തെ മിക്ക വിദ്യാലയങ്ങളിലുമെന്ന പോലെ, പാതിയിലധികം തുറന്നിട്ടവയായിരുന്നു അന്നത്തെ ക്ലാസ്‍സിന്റെ ചുമരുകൾ. ഒരു കാറ്റും മഴയും വന്നാൽ ക്ലാസ്‍സ് മുറികളിൽ നിറയെ വെള്ളം കയറും.
മുകൾഭാഗത്താണ് പത്താം ക്ലാസ്‍സ് പ്രവർത്തിച്ചിരുന്നത് 4 ക്ലാസ്സ് മുറികളും ചെറിയ ഒരു വരാന്തയും. ആ വരാന്തയിൽ നിന്ന് താഴേക്ക് ഇരുപതടിയോളം താഴ്‍ചയുണ്ടായിരുന്നു. അവിടെ നിന്ന് അബദ്ധത്തിൽ താഴോട്ട് വീണ പല കുട്ടികൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഗ്രൗണ്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന സേവന വാരത്തിലൂടെ കുട്ടികൾ തന്നെ നിരത്തിയെടുത്തതാണ്. അന്ന് സേവന വാരത്തിൽ കുട്ടികൾ ഒരു പാട്ട് പാടാറുണ്ടായിരുന്നു.
കല്ലും കൊത്ര നിറഞ്ഞൊരു ഗ്രൗണ്ട്
എന്നും നിരക്കാത്തഗ്രൗണ്ട്,
ഇന്നാൾക്കിന്നതാണെ-
ന്നെഴുതി വെച്ചല്ലോ മാഷ് ബുക്കിൽ.
അതിൽ ഞാനൊരു കൊത്തുകാരൻ
കുട്ടികൾ നൂറുണ്ട്...... കൊത്തുവാനാളുണ്ട്.
അവർക്കുള്ളിൽ വാശിയുണ്ട്.
അടുത്തുള്ള X-A അടുത്തുള്ള X-B
ഇരുവർക്കും വാശിയുണ്ട്.
ഏതോ അധ്യാപകനെഴുതിയ പാരടികൾ കുട്ടികൾ ആവേശത്തോടെ പാടാറുണ്ടായിരുന്നു. അതിനു മുകൾഭാഗത്ത് എൽ ഷെയിപ്പിൽ 5 മുറികളിൽ എട്ടാം ക്ലാസ്‍സുകാരായിരുന്നു പഠിച്ചിരുന്നത്. മേൽക്കൂര ഓലയായിരുന്നു. മഴവന്നാൽ നനഞ്ഞൊലിക്കും. അവിടെ ഒരു സ്റ്റേജ് ഉണ്ടായിരുന്നു. അവിടെ വെച്ചായിരുന്നു കലാ പരിപാടികൾ നടക്കാറുള്ളത്. ഏറ്റവും മുകളിൽ വലിയൊരു ഗ്രൗണ്ടും ഓട്ടവും ചാട്ടവും അവിടെ വെച്ചായിരുന്നു. പിന്നെ തട്ടു തട്ടായുള്ള മല ആ മലയിൽ റബ്ബർ മരങ്ങൾ. സ്‍കൂളിലേക്ക് കുട്ടികളെല്ലാം അന്ന് നടന്നായിരുന്നു വന്നിരുന്നത്. കായണ്ണ, മൊട്ടന്തറ, ചെറുക്കാട്, കരുവണ്ണൂർ, മുളിയങ്ങൽ, നൊച്ചാട്, ചാലിക്കര ഭാഗങ്ങളിൽ നിന്നായിരുന്നു മിക്ക കുട്ടികളും പഠിക്കാൻ വന്നത്. ഏലിയമ്മ ടീച്ചർ, റോസമ്മ ടീച്ചർ, വാസു മാഷ് ,ചെറിയ കുഞ്ഞിരാമൻ മാഷ്, കുഞ്ഞിരാമൻ മാഷ്, മലയാളം അധ്യാപകൻ വാസുദേവൻ മാഷ്, കുഞ്ഞികൃഷ്‍ണൻ മാഷ് , ഡ്രോയിങ് അധ്യാപകൻ കുട്ടികൃഷ്‍ണൻ മാഷ്, രാഘവൻ മാഷ് എന്നിവരടങ്ങിയ വലിയൊരു കൂട്ടം അദ്ധ്യാപകർ. അറിവിന്റെ വെട്ടങ്ങൾ പകർന്നു തന്നവർ. കുഞ്ഞിരാമൻ മാഷും, രാഘവൻ മാഷും സുഹൃത്തുക്കളായിരുന്നു. ഹെഡ് മാസ്റ്ററായിരുന്നത് അബ്ദുള്ള മാസ്റ്ററാണ്. അദ്ദേഹം നല്ല ഒരധ്യാപകനായിരുന്നു. എല്ലാവരും ഗൗരവക്കാരാണെങ്കിലും കുട്ടികളോട് സുഹൃത്തുക്കളെ പോലെയാണ് പെരുമാറിയിരുന്നത്. വാസു മാഷെ അന്നത്തെ പഠിതാക്കളാരും മറക്കില്ല. പഠനത്തിന്റെ കാര്യത്തിൽ ഏറ്റവും സത്യസന്ധമായി പ്രവർത്തിക്കുന്നതിൽ രാഘവൻ മാസ്റ്ററെക്കാൾ മുമ്പൻ മറ്റൊരാളുമില്ല. സ്‍കൂളിനോട് അത്രയധികം ആദരവ് പുലർത്തിയ ഒരധ്യാപകനെ എന്റെ ജീവിതത്തിൽ ഞാനിതുവരെ പിന്നീട് കണ്ടിട്ടില്ല. വടക്ക് ഭാഗത്തെ ഇടവഴിയിലൂടെ വലിയൊരു വിഭാഗം കുട്ടികൾ സ്‍കൂളിലേക്ക് വരാറുണ്ടായിരുന്നു. ആ ഭാഗത്തുകൂടെയാണ് രാഘവൻ മാഷും സ്‍കൂളിലേക്ക് വരാറുള്ളത്. അബ്ദുള്ള മാഷ് ഹെഡ് മാസ്‍റ്ററായ സമയത്ത് ഞങ്ങൾ വെള്ളിയൂർ യു.പി. സ്‍കൂളിൽ നിന്ന് ഹൈസ്‍കൂളിൽ സമരവുമായി വന്നിരുന്നു. അന്ന് അബ്ദുള്ള മാഷ് രസകരമായി ഞങ്ങളോട് ചോദിച്ചു തോക്കിലേക്കാണോ വെടി വെക്കുന്നതെന്ന്. പത്താം ക്ലാസ്‍സിൽ നിന്ന് തോറ്റപ്പോൾ എനിക്ക് കണക്ക് വിഷയത്തിൽ കിട്ടിയ മാർക്ക് 6-5 ഇങ്ങനെയായിരുന്നു. എന്നാൽ, പിന്നീട് സമാന്തര വിദ്യാലയമായ യൂനിവേഴ്‍സലിൽ പഠിച്ച് ഞാൻ ജയിച്ചു 213 മാർക്ക് കിട്ടി. ഒരു രസകരമായ സംഭവം ഓർക്കുകയാണ്. ഞങ്ങൾ ഒരു തെരുവുനാടക ഗ്രൂപ്പുണ്ടാക്കി നാടകം കളിക്കാറുണ്ടായിരുന്നു. രാഘവൻ മാഷോട് ചോദിക്കാതെ മിക്ക ദിവസങ്ങളിലും സ്‍കൂളിലെ സ്റ്റേജിൽ വെച്ച് റിഹേഴ്‍സൽ നടത്തും. ഒരു ദിവസം രാത്രി 12 മണിക്ക് റിഹേഴ്‍സൽ തുടരുമ്പോൾ ടി.പി. ജയരാജൻ എന്നോട് വന്നു പറഞ്ഞു രാഘവൻ മാഷ് കോണിയിൽ നിന്ന് നോക്കി താഴേക്ക് പോയെന്ന്. ഞാൻ വിചാരിച്ചു എന്നെ രസമാക്കാൻ വേണ്ടി പറഞ്ഞതാണെന്ന്. നീ അയാളോട് എന്റെ അടുത്തേക്ക് വരാൻ പറ അയാളെ ഞാൻ നാടകം പഠിപ്പിക്കാമെന്ന് അപ്പോൾ ഞാൻ ഉറക്കെ പറഞ്ഞു. സത്യത്തിൽ വന്നത് രാഘവൻ മാഷായിരുന്നു. പിറ്റേ ദിവസം സ്‍കൂളിലെ സഹായി പുതുവാണ്ടി ചെക്കോട്ടിയും, പ്യൂൺ അഹമ്മത്ക്കായും എന്നെ തിരഞ്ഞ് വന്നു രാഘവൻ മാഷെ ചെന്ന് കാണണമെന്നു പറഞ്ഞു. അപ്പോഴാണ് തലേ ദിവസത്തെ അബദ്ധം മനസിലായത്. മാഷെന്നെ കുറെ ചോദ്യം ചെയ്‍തു, ഞാനന്ന് ഒരു കുഴപ്പക്കാരനായിരുന്നു. എന്റെ ഭാവം മാറി ഞാൻ സ്‍കൂളിൽ നിന്നുമിറങ്ങിപ്പോന്നു. പിന്നീട് ചെക്കോട്ടി വന്നു പറഞ്ഞു നിങ്ങൾക്ക് നാടകം നടത്താൻ മാഷ് അനുമതി തന്നിട്ടുണ്ടെന്ന്. ഞാൻ എന്നും ബഹുമാനിക്കുന്ന ഒരധ്യാപകനാണ് രാഘവൻ മാഷ്. ഓർമ്മകളിൽ വസന്തം വിരിയാറുള്ളത് പഴയ ആ പഠനകാലത്തെ ഓർക്കുമ്പോഴാണ്. അന്നെനിക്ക് പഠിക്കാൻ തീരെ താൽപര്യമില്ലായിരുന്നു. എന്നും സമരം നടക്കട്ടെയെന്ന് ചിന്തിക്കും. ചില അധ്യാപകർ മുദ്രാവാക്യം പോലും എഴുതിത്തരും. സമര ദിവസങ്ങളിൽ അവർ സ്റ്റാഫ്റൂമിൽ നിന്നും കേരംബോർഡ് കളിക്കും വാസു മാഷ്, ചെക്കോട്ടി, അഹമ്മത്ക്ക, കുട്ടിക്കൃഷ്‍ണൻ മാഷ് എന്നിവർ. ചിലപ്പോൾ കളിക്കാൻ എന്നെയും കൂടെ കൂട്ടും. പിന്നീട് എത്രയെത്ര പേർ വന്നു പഠിച്ചു പിരിഞ്ഞു പോയി. എത്രയെത്ര നല്ല അധ്യാപകർ.... എത്രയോ പേരുടെ നല്ല ഭാവി നെയ്‍തെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. അന്നത്തെ അധ്യാപകരായിരുന്നു ഈ പ്രദേശത്തിന്റെ വെളിച്ചമായി നിലക്കൊണ്ടത്. ഈ വിദ്യാലയം ഇനിയുംഎത്രയോ കാലം നിലനിൽക്കട്ടെ, മികച്ച അധ്യാപകർ കുട്ടികൾക്ക് അറിവ് പകരട്ടെ....
"കാലമിനിയുമുരുളും
വിഷു വരും, വർഷം വരും
തിരുവോണം വരും
പിന്നെയോരോ തളിരിലും പൂവരും കായ് വരും
അപ്പോൾ ആരെന്നുമെന്തെന്നും
ആർക്കറിയാം." - എൻ. എൻ. കക്കാടിന്റെ വരികളോർത്തു കൊണ്ട്...നിർത്തട്ടെ.
- എന്റെ ഹൈസ്‍കൂൾ ഓർമ്മകൾ
...........................കുഞ്ഞിക്കണ്ണൻ ചെറുക്കാട്.
1969ലാണ് എട്ടാം ക്ലാസ്‍സിൽ ചേർന്ന് പഠിക്കാനായി ഞാൻ നൊച്ചാട് ഹൈസ്‍കൂളിലെത്തുന്നത്. വീട്ടിൽനിന്ന് അഞ്ചോളം കിലോമീറ്റർ നടന്നു വേണം സ്‍കൂളിലെത്താൻ. ചെറിയ ഒരു കുന്നിൻ മുകളിലാണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്. താഴെ ഭാഗം മുഴുവനും കല്ല് വെട്ടുകുഴികൾ കുന്നിൻ മുകളിൽ മരത്തടി അപ്പാടെ തൂണായി നാട്ടി അതിൽ തെങ്ങിന്റെ തടിയിൽ തീർത്ത ഉത്തരങ്ങളും ഓലമേഞ്ഞ മേൽക്കൂരയും. വനമ്പ് കൊണ്ട് പാതിഭാഗം മാത്രം മറച്ച ക്ലാസ്‍സ് മുറികൾ. പല ദിക്കുകളിൽനിന്നും വന്നെത്തുന്ന കുട്ടികളിൽ ഏറെപേരും മുതിർന്നവരായിരുന്നു. അവരിൽ ചിലർ നേതാക്കളുമായിരുന്നു, അവർ തന്നെ കുഴപ്പക്കാരും.
വിദ്യാർത്ഥി സമരം എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു. തുടക്കത്തിൽ വലിയ ഭയം തോന്നി. മുതിർന്ന കുട്ടികൾ സമര സജ്ജരായി ജാഥയായി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി എത്തുകയായി. അദ്ധ്യാപകരെ അവർക്കു ഭയമില്ലായിരുന്നു. വേറെ സ്‍കൂളിൽ പയറ്റി തെളിഞ്ഞവരും കൂട്ടത്തിലുണ്ടായിരുന്നു. "വെയ് പുസ്‍തകം താഴെ, വാ വാ ഞങ്ങടെ കൂടെ" ആവേശകരമായ മുദ്രാവാക്യം ഞങ്ങളിൽ ചിലരെ വല്ലാതെയാകർഷിച്ചു. ആദ്യ ദിവസങ്ങളിലൊക്കെ പകച്ച് അകന്നു നിന്നെങ്കിലും ചില ദിവസങ്ങളിൽ സമരത്തിനിറങ്ങാൻ അവർ നിർബ്ബന്ധിച്ചു. ഇറങ്ങിയവർ നേതാക്കളുടെ പിടിയിലമർന്നു. പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരമായി. സമരക്കാർ തന്നെ ലോങ്ങ് ബല്ലടിച്ച് ക്ലാസ്‍സ് വിടുവിക്കും. അത് പതിവായി തുടങ്ങി. നാട്ടുകാർക്കും കച്ചവടക്കാർക്കും വരെ ശല്യമായി തുടങ്ങിയതോടെ പോലീസിന്റെ വരവായി. ലാത്തിയുമായി ഓടിയെത്തുന്ന പേലിസുകാരെ ഭയന്ന് ഓടി രക്ഷപ്പെട്ട സംഭവങ്ങളുണ്ടായി. എന്നിട്ടും കുഞ്ഞിരാമൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, വാസു മാസ്റ്റർ, അബ്‍ദുളള മാസ്റ്റർ തുടങ്ങിയവർ സൗമ്യമായിത്തന്നെ പെരുമാറുമായിരുന്നു. ഞങ്ങളെ പഠിപ്പിച്ച പല അദ്ധ്യാപകരും വിവിധ ഹൈസ്‍കൂൾ ഹെഡ്‍മാസ്‍റ്റർമാരായി പോവുകയുണ്ടായി. രാഘവൻ മാസ്‍റ്റർ ഇരുപതുവർഷം ഹെഡ്‍മാസ്‍റ്ററായും ഹയർ സെക്കണ്ടറിയായി സ്‍കൂൾ ഉയർത്തിയപ്പോൾ ഏതാനും വർഷം അതിന്റെ പ്രിൻസിപ്പലായും തുടർന്നു.
തുടക്കത്തിൽ നൊച്ചാട് സ്‍കൂളിന്റെ പാശ്ചാത്തല വികസനം വളരെ പിന്നോക്കമായിരുന്നു. നാട്ടുകാരുടെയും സഹാദ്ധ്യാപകരുടെയും സഹകരണത്തോടെ ആ സ്ഥിതി മാറ്റിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് രാഘവൻ മാസ്റ്റർ ഒരു സന്ദർഭത്തിൽ പറഞ്ഞതോർക്കുന്നു. പിൽക്കാലത്ത് മാനേജ്‍മെന്റ് ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തുടങ്ങിയതോടെ വിദ്യാർത്ഥി സമരത്തിൽ കുറവ് വരികയും സ്‍കൂളിന്റെ നിലവാരം ഉയരാൻ തുടങ്ങുകയും ചെയ്‍തു.
ആദ്യകാല ബാച്ചുളിൽ പുറത്തിറങ്ങിയ ഞങ്ങളിൽ പലർക്കും സർക്കാർ ജോലിയോ അദ്ധ്യാപക ജോലിയോ ലഭിച്ചിരുന്നു. ചിലരെയൊക്കെ ജീവിത വഴികളിൽ കണ്ടുമുട്ടാൻ കഴിഞ്ഞെങ്കിലും പഴയ സഹപാഠികളെയെല്ലാവരെയും നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. അത് നടക്കാനിടയില്ലെന്നുമറിയാം. നമ്മുടെ അദ്ധ്യാപകരുടെയും സ്‍കൂളിന്റെയും ഇന്നത്തെ ഉയർച്ചയിൽ ഏറെ അഭിമാനം കൊളളുന്നു.
'എട്ടു മുതൽ പന്ത്രണ്ട് വരെ...'
............................................ നജ്ം പാലേരി
ഇങ്ങ് ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ ഈ അതിശൈഥ്യത്തിനിടയിലും ഒരു ചെറുപുഞ്ചിരിയോടെ പലപ്പോഴും ഓർക്കാറുണ്ട് ആ കാലം..! അഞ്ചു വർഷക്കാലത്തെ കലാലയ ജീവിതം... പ്ലസ് റ്റു പരീക്ഷ കഴിഞ്ഞ് ആ ഗേറ്റിറങ്ങി വരുമ്പോൾ "ഇനി ഞാനിവിടുത്തെ വിദ്യാർത്ഥിയല്ലല്ലോ" എന്ന ഒരു ചെറിയ ദു:ഖം. അങ്ങനെ ആ കാലവും കഴിഞ്ഞു...
2015 ജൂൺ 7 നാണെന്ന് തോന്നുന്നു ആദ്യമായ് വിദ്യാർത്ഥിയായി നൊച്ചാടിന്റെ മണ്ണിലേക്ക് ഞാൻ കാലു വെക്കുന്നത്...
അന്നു മുതൽ ആ ദിവസം വരെ 'നൊച്ചാടിയൻ'.. പിന്നെയോ... 'പൂർവ്വ-നൊച്ചാടിയൻ'.
ആ മധുരമാർന്ന വസന്തകാലത്തെ ഒളിമങ്ങാത്ത ഓർമ്മകൾ കുറിക്കാൻ തുടങ്ങിയാൽ അവസാനിപ്പിക്കാൻ ഒരൽപം ബുദ്ധിമുട്ടായിരിക്കും....
വടക്കുമ്പാട് സ്‍കൂളിൽ ഏഴാം ക്ലാസിലുള്ളപ്പോൾ 8ൽ പുതിയ എവിടേക്കെങ്കിലും മാറണം എന്ന് എനിക്കും ഉപ്പാക്കും ഒരാഗ്രഹം... അങ്ങനെയിരിക്കെ ഒരു ദിവസം അവിചാരിതമായാണ് കായണ്ണയിലെ ഒരു കല്യാണ വീട്ടിൽ വെച്ച് നൊച്ചാട് സ്‍കൂളിലെ അധ്യാപകരെ കാണുന്നത്... അന്ന് ആ കല്യാണ വീട്ടിൽ വച്ച് അവർ എന്നെ കൂട്ടി കുറച്ച് ആളുകളെ കാണിച്ചു തന്നു... ഓരോരുത്തരെക്കുറിച്ചും ചെറിയൊരു ആമുഖവും ... "ഇവൾ ഇപ്പോൾ ഡോക്ടറാണ്... മുമ്പത്തെ സ്റ്റേറ്റ് മോണോആക്ട്കാരിയാ..." "ഇവൻ സ്‍കൂളിലെ പാട്ട് കാരനായിരുന്നു.. എഞ്ചിനിയറാ... "ഇങ്ങനെ രണ്ടു മൂന്നു പേരെ അവിടെവച്ച് തന്നെ പരിചയപ്പെടുത്തി... ഇതൊക്കെ കണ്ടു നിന്ന ഉപ്പാക്ക് എന്തോ ഒരു സ്പാർക്ക് അടിച്ച പോലെ എനിക്ക് തോന്നി...!! പിന്നെ അതിന്റെ അടുത്ത ദിവസം തന്നെ അധ്യാപകര് വീട്ടിലും വന്നു... പിന്നെയെല്ലാം ശടപടേ ശടപടേ എന്നായിര്ന്നു ...
എട്ടാം ക്ലാസ് നൊച്ചാട് എച്ച്എസ്എസിൽ...!! ഉപ്പാക്ക് 100% ഓക്കെ ആവാൻ മാഷുടെ ഒരു ഉറപ്പും "ഇവനെ ഞങ്ങള് സ്റ്റേറ്റ് കലോത്സവത്തിലും പങ്കെടുപ്പിക്കും, പത്താം ക്ലാസിൽ ഫുൾ എപ്ലസും... " ഇതിൽപ്പരം ഉപ്പാക്ക് എന്ത് വേണം...!? ഞാനും ഡബിൾ ഓക്കെ...!
തുടർന്ന് നൊച്ചാട് ഹയർ സെക്കണ്ടറിയിൽ....
ഏറെ മധുരിക്കുന്ന ദിനങ്ങളും ഇച്ചിരി കയ്‍പുള്ള ദിവസങ്ങളും ചേർന്ന നീണ്ട അഞ്ചു വർഷങ്ങൾ...!
ഒരു കൗമാരക്കാരന്റെ ജീവിതത്തിലെ സിംഹഭാഗവും ചെലവഴിക്കുന്നത് സ്‍കൂളിൽ ആയിരിക്കുമല്ലോ... പ്രൈവറ്റ് ബസിൽ കയറിയുള്ള രാവിലത്തെയും വൈകുന്നേരത്തേയും അര മണിക്കൂറുകൾ... പാലേരി മുതൽ വെള്ളിയൂർ വരെ... അധികവും 'കേസീയാറിലെ' പകൽ യാത്ര... ആദ്യമൊക്കെ വയലായിരുന്നു സ്‍കൂളെത്താനായതിന്റെ അടയാളം... 'ആമിർ' അല്ലെങ്കിൽ 'നഷ്‍വ' ബസ്സിലാകും മടക്കം... സീറ്റ് കിട്ടണമെങ്കിൽ മിനിമം പേരാമ്പ്ര എത്തണം... മിക്കവാറും അരമണിക്കൂർ നിൽപ്പ് തന്നെ...
ആ വർഷത്തെ കലോത്സവത്തിൽ വട്ടപ്പാട്ട്, മോണോ ആക്റ്റ് എന്നിവയിൽ ഞാൻ ജില്ലയിൽ... രണ്ടിനും നാലാം സ്ഥാനം... പിന്നീട് ഒമ്പതിൽ... സത്യൻ മാഷിന്റെ (സത്യൻ മുദ്ര) കീഴിലെ ഏകാഭിനയ പരിശീലനം, ഒടുവിൽ ജില്ലയിൽ രണ്ടാം സ്ഥാനം... അപ്പീൽ വഴി ആദ്യമായ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്ക വേദിയിൽ...!!!
അന്ന് കണ്ണൂരിലെ ആ ഹർത്താൽ ദിവസത്തെ കലോത്സവവും മറ്റൊരു മറക്കാത്ത ദിനം.... ഹൈസ്‍കൂൾ ജീവിതത്തിലെ അവസാന വർഷം അപ്രതീക്ഷിതമായ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം..!
ആ പ്രാവശ്യത്തെ കലാത്സവനഗരിയായ തൃശൂരിലേക്ക് പുറപ്പെട്ടത് ടെംബോ ട്രാവലറിൽ! വീട്ട്കാരും, കുറച്ച് ബന്ധുക്കളും, പ്രിയപ്പെട്ട നവാസ്‍ക്കയും, എന്റെ ചങ്ങായ്‍മാരും എന്റെ അധ്യാപകരും... അവിസ്‍മരണീയമായ ആ യാത്ര ഇന്നും ഒരു കൗതുകമാണ്... വട്ടപ്പാട്ട്, ഇംഗ്ലീഷ് സ്‍കിറ്റ്, അറബി നാടകം തുടങ്ങിയ പരീക്ഷണങ്ങളെല്ലാം ജില്ലവരെയെത്തി...!
ഇവയൊക്കെയാണ് പെട്ടെന്നോർത്തെടുക്കാൻ കഴിയുന്ന കലോത്സവ ഓർമ്മകൾ...
പിന്നീടുള്ള വലിയ കടമ്പ 10ാം ക്ലാസ് പരീക്ഷ.... 10-K ക്ലാസിലായിരുന്നു ഈയുള്ളവന്റെ ഇടം. "എസ്.എസ്.എൽ.സി ഫുൾ എ പ്ലസ". വാക്ക് കൊടുത്തത് മാഷാണെങ്കിലും നിറവേറ്റേണ്ടത് എന്റെ കടമയാണല്ലോ...? സ്‍കൂളിലെ നിഷ്‍കർഷയാർന്ന പഠനവും... തുടർന്ന് ട്യൂഷൻ, നൈറ്റ് ക്ലാസ്, എ പ്ലസ് ക്ലബ്, ഏറ്റവും മനോഹരമായ കമ്പയിൻ സ്‍റ്റഡി എന്ന ആചാരവും... ഒടുവിൽ പത്ത് എ പ്ലസ്സോടെ പത്താം ക്ലാസ്‍സും ഗുഡ് ബൈ പറഞ്ഞു...
ഏറെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു ഹൈസ്‍കൂളിൽ മിക്കവരും.....
ഫുൾ എ പ്ലസുകാരന് സയൻസ് തന്നെ വേണമെന്ന ക്ലീഷെ നാട്ടുനടപ്പിനോട് പണ്ടേ യോജിപ്പില്ലാത്തത് 'സയൻസി'നോടുള്ള ഇഷ്‍ടക്കുറവ് കൊണ്ടാണ്.
ഒരുപാട് സമ്മർദ്ധത്തിനൊടുവിലും കൊമേഴ്‍സെടുക്കാൻ എടുത്ത തീരുമാനത്തിൽ ഉറച്ച എന്നോട് അവസാനം ഉപ്പയും വഴങ്ങി. പിന്നെയുള്ളത് "എവിടെ പഠിക്കും!?" എന്നതാണ്.... ഏതെങ്കിലും ഒരു സ്‍കൂളിലെ 'പൂർണ്ണ വിദ്യാർത്ഥി' ആകണം എന്ന ആശയുള്ളതിനാൽ, എനിക്ക് നൊച്ചാടല്ലാതെ മറ്റൊരു ഒപ്ഷനും ഉണ്ടായിരുന്നില്ല...
ചന്ദനക്കളർ യൂനിഫോം മാറ്റി നീലകള്ളിയിൽ പ്ലസ് ടുവിലേക്ക്...
മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ഒരേയൂണിഫോമിൽ സയൻസ് ക്ലാസിലേക്കാണെങ്കിലും കൂടെ നിദയും (ഇരട്ട സഹോദരി).... അതൊരു പണിയാണ്...!!
പുതിയ അധ്യാപകർ, ചങ്ങായിമാർ... ഏറെക്കുറേയൊക്കെ എനിക്കും എന്നെയും അറിയാവുന്ന മുഖങ്ങൾ... പുതിയ സൗഹൃദങ്ങൾ കിട്ടിയതിന്റെയും, ഏറ്റവും ഉഴപ്പരുടെ ക്ലാസിൽ തന്നെ എത്തിയതിന്റെയും സന്തോഷം...
കോമഡിയും ട്രാജഡിയും നിറഞ്ഞ മറ്റാരു ലോകം...!
പതിയെ C2A യിലേക്ക്... കയ്പ്പാർന്ന തുടക്കവും മധുരമൂർന്ന ഒടുക്കവും ഈ വർഷമാണ്...
ഈ രണ്ടു വർഷം കൂടുതൽ മനോഹരമായ് തോന്നിയത് അത് ഈ പ്രായത്തിലായതുകൊണ്ടാവാം ... പാട്ട്, ഡാൻസ്, തേപ്പ്, തള്ള് എന്നിവയോടൊപ്പം പഠനവും അടങ്ങിയ ക്ലാസ് റൂം ... ബെഞ്ചിലിരിക്കുമ്പോഴുള്ള തള്ളുകൾക്കിടയിലെ യാത്രകൾ... അങ്ങ് തെക്കേ ഇന്ത്യയിലെ 'ജാനകിക്കാട് ' മുതൽ ഇങ്ങ് വടക്കേ ഇന്ത്യയിലെ 'മണാലി' വരെ. ഡെസ്‍ക്കിൽ മുട്ടിയുള്ള പാട്ടിൽ ഏറ്റവും പ്രിയപ്പെട്ടത് "തളിർമുല്ല" തന്നെ... സ്‍കൂളിലെ എല്ലാ ടീച്ചർമാർക്കും ഏറേ ഇഷ്‍ടപ്പെട്ട ബേച്ചായതിനാൽ ഒരിക്കലും മറക്കാൻ സാധ്യതയില്ല...!!
പേപ്പർ വിമാനം ഉണ്ടാക്കിക്കളിച്ച കാലം മുതൽ, സമരങ്ങൾ നടത്തിയ കാലം വരെ ആ കുന്നിൻ മുകളിൽ.....
ഇസ്‍മായിൽക്കാന്റെ പഴംപൊരിയിലും മജ്ബൂസിലും തുടങ്ങി, ആഷിർവാദിലെ 'ചത്ത പൊറാട്ട', താഴത്തെ 'ചില്ലി സോഡ', മുളിയങ്ങലെ 'ബിരിയാണി', ഒടുക്കം അബ്റാജിലെ 'മന്തി' വരെ നീളുന്ന തീറ്റയോർമ്മകൾ. 'അയ്യങ്കാളി'യിൽ തുടങ്ങി ' കെവിൻ കാർട്ടറി'ലൂടെ 'സഫ്ദർ ഹാഷ്‍മി' വരെയുള്ള ഏകാഭിനയങ്ങൾ...! എം.എസ്.എഫ്, കെ എസ് യു, റാലി, ശക്തി പ്രകടനം, പ്രതിഷേധ പ്രകടനം, സമരം, ബസ് തടയൽ എന്നിവ അടങ്ങിയ രാഷ്‍ട്രീയ മുഹൂർത്തങ്ങൾക്കൊടുവിലെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടങ്ങൾ വരെ. സേവന യാത്ര, വെൽക്കം പാർട്ടി, ഐ വി എന്നിങ്ങനെ തുടങ്ങി 'എൽ ക്യാമ്പിയോ' വരെ... വെറൈറ്റിയിലെ സലാംക്ക മുതൽ പേരറിയാത്ത ബസ്സിലെ കണ്ടക്ടർമാർ വരെ നീളുന്ന സൗഹൃദ വൃത്തം..... പല പല 'സ്‍കീമിട്ട' പരീക്ഷകൾക്കൊടുവിൽ 'മാസ്‍ക്കിട്ട' പരീക്ഷകൾ വരെ....!!
അങ്ങനെ എണ്ണിയാൽ തീരാത്ത മുഖങ്ങളും അനുഭവങ്ങളും ദിനങ്ങളും നിറഞ്ഞ "എട്ടു മുതൽ പന്ത്രണ്ടു വരെ"...
ഒരു ചങ്ങായ്‍മാരെ പേരുപോലും ഉൾപ്പെടുത്താഞ്ഞത്, കുറഞ്ഞ് പോകുമെന്ന ഉറപ്പുള്ളതിനാലാണ്...
"ഇനിയും മുന്നോട്ട് "....
ഇന്ന് ഇന്ത്യയിലെ തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ചു നിൽക്കുന്ന ഡൽഹി സർവ്വകലാശാലയിലെ അവസാന വർഷ ബിരുധ വിദ്യാർത്ഥിയായിരിക്കെതന്നെ അതിലും മനോഹര കാലം ഇനി വരുമോ എന്നത് സംശയമാണ്...! എങ്കിലും ശുഭ പ്രതീക്ഷയിൽ മുന്നോട്ട് തന്നെ...
നിർത്തുന്നു... നന്മകൾ നേരുന്നു...