ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൂൺ
പ്രവേശനോത്സവം - 2022
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികളെ വരവേൽക്കാർ സ്കൂൾ കുരുത്തോലയും മാവിലയും ചെമ്പരത്തിയും കൊണ്ട് പൈതൃകപരമായി അലങ്കരിച്ചു. രാവിലെ 10 മണിയോടു കൂടി പരിപാടികൾ ആരംഭിച്ചു. ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് കുട്ടികൾ കളിക്കുന്നത് ശരിക്കും ഉത്സവ പ്രതീതിയുണർത്തി. കേരള കലാരൂപങ്ങളായ കഥകളി, ചാക്യാർ, തെയ്യം, കളരി, മോഹിനിയാട്ടം, തിരുവാതിര എന്നീ വേഷമിട്ട കുട്ടികളോട് ഘോഷയാത്ര നടത്തി. രാവിലെ 10.30 ന് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾ തന്നെ സ്വാഗതം, ആശംസകൾ, നന്ദി എന്നീ പ്രസംഗങ്ങൾ അവതരിപ്പിച്ചത്. Giant Group അംഗങ്ങൾ നമ്മുടെ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സ്, നഴ്സറി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 200 കുട്ടികൾക്കുള്ള കിറ്റായിരുന്നു. ഒരു കിറ്റിൽ നോട്ട് ബുക്ക്, പേന, പെൻസിൽ, കട്ടർ, റബർ, ക്രയോൺ എന്നിവയുണ്ടായിരുന്നു. Giant Group പ്രതിനിധി, CTMC ചെയർപേഴ്സൺ കവിത, വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി K. സുമതി, വാർഡ് മെമ്പർ ശ്രീദേവി, PTA President M സ്വാമിനാഥൻ, MPTA President ബിനി, ഹെഡ്മിസ്ട്രസ്സ് ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യം ഉത്ഘാടന ചടങ്ങിന്റെ മാറ്റുകൂട്ടി. രണ്ടാം ക്ലാസ്സിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും, രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. നാലാം ക്ലാസ്സിലെ ദേവശ്രീ മോഹിനിയാട്ട നൃത്തചുവടുകൾ വച്ചു. ആദ്യ ദിവസം തന്നെ ഉച്ചയൂണ് ഉണ്ടായിരുന്നു. പാഠ പുസ്തക വിതരണവും ഉണ്ടായിരുന്നു.
- വീഡിയോ കണ്ടു നോക്കാം- പ്രവേശനോത്സവം - 2022
അന്താരാഷ്ട്രപരിസ്ഥിതി ദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനം (ജൂൺ 5) വിപുലമായി തന്നേ അഘോഷിച്ചു. ജൂൺ 6ആം തിയതി തിങ്കളാഴ്ച്ച അസംബ്ലിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽ തന്നേ വൃക്ഷത്തൈകൾ നട്ടു. പതിപ്പ്, ബാഡ്ജ് എന്നിവ തയ്യാറാക്കി. ജൂൺ 6ന് പരിസ്ഥിതി ഗാനം, പ്രസംഗം, പതിപ്പുകളുടെ പ്രകാശനം എന്നിവ നടത്തി. വളരെ മനോഹരമായിട്ടാണ് ഓരോ കുട്ടികളും പതിപ്പ് തയ്യാറാക്കിയത്. PTA യുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് 2 മാവിൻതൈകൾ നട്ടു. പതിപ്പുകൾ, പ്ലക്കാർഡുകൾ ,പോസ്റ്റർ എന്നിവയുമായി കുട്ടികൾ സ്കൂൾ മുറ്റത്ത് റാലികൾ നടത്തി. ഹെഡ്മിസ്ട്രസ്സിൻ്റെ നേതൃത്വത്തിൽ പച്ചമുളക്, തക്കാളി, വഴുതന, അമര എന്നിവയുടെ തൈകൾ നട്ടു. കുട്ടികൾ തന്നേയാണ് പച്ചക്കറിത്തൈകൾ നട്ടത്. അധ്യാപകരും PTA ഭാരവാഹികളും പരിസ്ഥിതി ദിന ആശംസകൾ നേർന്നു. 2022 ലെ പരിസ്ഥിതി ദിന മുദ്രാവാക്യം - ഒരേ ഒരു ഭൂമി എന്നാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി ഈ വർഷത്തിലേ പരിസ്ഥിതി ദിനാഘോഷത്തിന് ശുഭപര്യാവസാനമായി.
- വീഡിയോ കണ്ടു നോക്കാം- പരിസ്ഥിതി ദിനം - 2022
ബാലവേല വിരുദ്ധ ദിനം
ദിനാചരണങ്ങളുടെ ഘോഷയാത്രയിൽ ബാലവേല വിരുദ്ധ ദിനം ജൂൺ 12ന് ആചരിച്ചു. അസംബ്ലിയിൽ ബോധവൽകരണ ക്ലാസ്സ് നടത്തി. എന്താണ് ബാലവേല ? അത് അനുഭവിക്കുന്ന കുട്ടികളുടെ അവകാശ നിഷേധം എന്നിവ വിശദീകരിച്ചു. ചെറിയ കുട്ടികൾ സ്കൂളിൽ വന്ന് പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്ന വിധം വിശദീകരിച്ചു. ബാല വേലവിരുദ്ധ സന്ദേശങ്ങൾ ക്ലാസ്സുകളിലേക്ക് കൈമാറിയതോടൊപ്പം, പോസ്റ്റർ രചനയും നടത്തി.
19 വായനദിനം
വായനദിന ദിവസം നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വായനദിന പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് പ്രധാനധ്യാപിക ജയലക്ഷ്മി. ടി വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ വായനദിന പതിപ്പ്, പോസ്റ്റർ തുടങ്ങിയവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. വായനാവാരാചരണത്തിന്റെയും, വായനാമാസാചരണത്തിന്റെയും ഭാഗമായി വായനമത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവയും കുട്ടികളോടൊപ്പം അവരുടെ അമ്മമാരുടെ കഴിവുകളും പുറത്തു കൊണ്ടുവരുവാൻ "അമ്മയോടൊപ്പം" എന്ന പ്രത്യേക മത്സര പരിപാടിയും നടത്തി, വിജയികൾക്ക് ട്രോഫി നൽകി ആശംസകൾ അർപ്പിച്ചു.
യോഗാ ദിനം
അന്തർദ്ദേശിയ യോഗ ദിനം ജൂൺ 21ന് ആചരിച്ചു. അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് യോഗ അദ്ധ്യാപിക ലീലാ ജനാർദ്ദനൻ (Art of living faculty) വിശദീകരിച്ചു. തുടർന്ന് കുട്ടികൾക്ക് പ്രാർത്ഥന ,യോഗ, ധ്യാനം, ചെറിയ പ്രാണായാമം എന്നിവ പരിശീലിപ്പിച്ചു. കുട്ടികൾക്ക് വളരെ ഇഷ്ടമായി. ചിറ്റൂർ പ്രതികരണ വേദിയിലെ ആളുകളും കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടി സമാധാനപരമായി അവസാനിച്ചു. ജൂലൈ 5 മുതൽ നമ്മുടെ സ്കൂളിൽ യോഗാ ക്ലാസ്സുകൾ ആരംഭിച്ചു. കൃഷ്ണമ്മാൾ എന്ന യോഗാ അദ്ധ്യാപികയാണ് പരിശീലിപ്പിക്കുന്നത്.
ജൂലൈ
ബേപ്പൂർ സുൽത്താന്റെ ഓർമ്മയിൽ .....
മലയാള സാഹിത്യത്തിന്റെ തനിമയും ഗരിമയും വിശ്വ വിഖ്യാതമാക്കിയ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജൂലൈ 5 ന് ആചരിച്ചു. ലളിത സുന്ദരമായ ബഷീറിന്റെ കഥാലോകം കുട്ടികൾക്ക് പരിചിതമാകാനുള്ള സുവർണാവസരമായിരുന്നു ഇത്. കുട്ടികൾ കുഞ്ഞു പാത്തുമ്മയും സുഹറയും മജീദും നാരായണിയും ബഷീറുമൊക്കെയായി വേഷമിട്ടു. ഓൺലൈനായും അല്ലാതെയും ദൃശ്യാവിഷ്കാരങ്ങൾ നടത്തി. മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ ചാരു കസേരയിലിരിക്കുന്ന ബഷീറിനെ അവതരിപ്പിച്ച് കയ്യടി നേടിയവരുമുണ്ടായിരുന്നു. ബഷീർ കൃതികളും കഥാപാത്രങ്ങളും നിറഞ്ഞ പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കുകയുണ്ടായി. മികച്ച പ്രകടനം കാഴ്ചവച്ചവരെ പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും പ്രശംസിച്ചു.
ചാന്ദ്രദിനാഘോഷം 2022
മാനവരാശിയുടെ ചരിത്രനേട്ടമായ ചന്ദ്രനിലെത്തൽ - ചാന്ദ്രദിനം ജൂലൈ 21 ന് വിപുലമായി ആഘോഷിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക യായിരുന്ന നളിനി നിർവഹിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ യാത്രികരുടെ വേഷമിടൽ, പതിപ്പ്, ചാർട്ട്, പ്ലക്കാർഡ്, ചാന്ദ്രദിന പാട്ട്, ക്വിസ്, ക്ലാസ്സ് തല പ്രദർശനം, സ്കൂൾതല പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ശാസ്ത്രക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് G V G H S ലെ അനിത, ഭുവനേശ്വരി, സുമജ എന്നീ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ എണ്ണയും തീപ്പെട്ടിയും ഇല്ലാതെ എങ്ങനെ തീ കത്തിക്കാം എന്ന് കാണിച്ചുകൊടുത്തു. അതേ തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ പരീക്ഷണങ്ങളും അവതരിപ്പിച്ചു. സംഖ്യാ ചിത്രങ്ങൾ പ്രദർശിപ്പിച്ചായിരുന്നു ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത്.
- വീഡിയോ കണ്ടു നോക്കാം- ചാന്ദ്രദിനം - 2022
ആഗസ്റ്റ്
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്യത്തിന്റെ 75-ാം വാർഷികാഘോഷം "ആസാദി കാ അമൃത് മഹോത്സവം" എന്ന പേരിലാണ് രാജ്യത്തുടനീളം ആഘോഷിച്ചത്. ഭാരത മാതാവ്, ഗാന്ധിജി, നെഹ്റു, ഭഗത്സിംഗ്, ഝാൻസി റാണി, ഭാരതീയാർ എന്നീ സ്വാതന്ത്രസമര സേനാനികളുടെ വേഷങ്ങളിലും കേരളം, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വസ്ത്രങ്ങൾ ധരിച്ചും കുട്ടികൾ ഈ വർഷത്തെ 76- മത് സ്വാതന്ത്ര്യദിനത്തിൽ പങ്കാളികളായി. ഓഗസ്റ്റ് 15 ന് രാവിലെ കൃത്യം 9 മണിക്ക് പ്രധാനധ്യാപിക ടി. ജയലക്ഷ്മി പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്യദിനാഘോഷ പരിപാടിക്ക് തുടക്കമിട്ടു. പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ് പരിപാടിക്ക് അധ്യക്ഷത വഹിച്ച് കൊണ്ട് സംസാരിച്ചു. വാർഡ് കൗൺസിലർ ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി കെ, എസ് എം സി ചെയർമാൻ കെ.പി രഞ്ജിത്ത്, പി ടി എ വൈസ് പ്രസിഡന്റ് സുഗതൻ ജി, ചിറ്റൂർ CRC ക്ലബ്ബിന്റെ പ്രസിഡന്റ് മനോജ് കെ മേനോൻ തുടങ്ങിയവർ സ്വാതന്ത്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുള്ള മധുരം CRC club ഉം Lions Club ഉം ചേർന്ന് വിതരണം ചെയ്തു. നമ്മുടെ വിദ്യാലയമുറ്റത്ത് നിന്നും അണിക്കോട് ജങ്ഷൻ വരെ കുട്ടികളുടെ ഘോഷയാത്രയും നടത്തിയിരുന്നു. ഘോഷയാത്ര മടങ്ങി വന്നതിനു ശേഷം സ്കൂളിലെ ഹാളിൽ വച്ച് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരിപാടികളും നടത്തി. ദേശഭക്തിഗാനം, പ്രസംഗം, ഡാൻസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടിയുടെ അവസാനം കുട്ടികൾക്കായി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ തത്സമയ സമ്മാന മത്സരം സംഘടിപ്പിച്ചു. പതിനഞ്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം പ്രദർശിപ്പിച്ചു കൃത്യമായി അവരെ തിരിച്ചരിഞ്ഞ വിജയികളായ മൂന്ന് പേർക്ക് പി ടി എ ഭാരവാഹികൾ സമ്മാനം നൽകി. രക്ഷിതാക്കൾക്കായി നടത്തിയ പ്രസംഗ മത്സരത്തിന്റെ വിജയികൾക്ക് ട്രോഫി നൽകി ആശംസകൾ അർപ്പിച്ചു.
- വീഡിയോ കണ്ടു നോക്കാം- സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം