എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രം
മികവിന്റെ തിരുമുറ്റത്ത് നിറച്ചാർത്തായ് വിടർന്നു നിൽക്കുകയാണ് ഇന്ന് ലിറ്റിൽ ഫ്ലവർ എന്ന ഈ വിദ്യാനികേതനം.വളർച്ചയുടെ പടവിൽ നിൽക്കുമ്പോൾ കൈപിടിച്ചു നടത്തിയവരെയും താങ്ങും തണലുമായി ഒപ്പം നിന്നവരെയും സ്മരിക്കാതെ വയ്യ. പിന്നിട്ട ഇന്നലെകളുടെ മിഴിവാർന്ന വർണ്ണഭംഗി കണ്ടറിഞ്ഞ് ദളമർമ്മരങ്ങൾക്ക് കാതോർത്ത് കൃതജ്ഞതാപൂർവ്വം ഒരു ജൈത്രയാത്ര നടത്തുക ചേതോഹരമായിരിക്കും .
ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ മഠാംഗങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുക എന്നത്. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ ആദ്യ പടിയായ് 1923മെയ് 28-ആം തിയ്യതി മഠത്തിന്റെ മുൻ വശത്തുള്ള തട്ടിൽ വറീതിന്റെ വീട് വാടകയ്ക്കെടുത്ത് പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 244കുട്ടികളാണ്അന്ന് ഇവിടെ വിദ്യാഭ്യാസത്തിന് വന്നു ചേർന്നത്. സി.ക്രിസ്തീന ആയിരുന്നു പ്രധാനാധ്യാപിക .1923 മെയ് 31 ന് ഈ വിദ്യാലയം ഒരു പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെട്ടു.ഇതിന്റെ പ്രധാന അധ്യാപികയായി ഈ നാട്ടുകാരിയായ കാളിയങ്കര വള്ളിവട്ടത്തുകാരൻ വറീത് റോസയെ നിയമിച്ചു. 1933 ൽ 4-ആം ക്ലാസ്സ് പുതിയ ഡിവിഷനും, തുടർന്നുള്ള വർഷങ്ങളിൽ 5, 6, 7 ക്ലാസ്സുകളും ആരംഭിച്ചു.
നാനാജാതി മതസ്ഥരുടേയും ഇരിങ്ങാലക്കുടയിലെ നല്ലവരായ നാട്ടുകാരുടേയും കൂട്ടായ ശ്രമഫലമായി മഠം കപ്ലോനായിരുന്ന പറപ്പൂക്കര ചിറയത്ത് യോഹന്നാനച്ചനും ഇരിങ്ങാലക്കുട എം.എൽ.സി ആയിരുന്ന ശ്രീ.ജോർജ്ജ് പാനികുളവും,സെന്റ് തോമസ് കോളേജിലെ പ്രൊഫ. ശ്രീ. ജോസഫ് പെട്ട അവർകളും ചേർന്ന് അന്നത്തെ കൊച്ചി ദിവാനെ ചെന്ന് കണ്ട് അദ്ദേഹത്തിന്റെ അനുമതി പ്രകാരം 1944 ജൂൺ 7 ന് ഹൈസ്ക്കൂളിന് ആരംഭം കുറിച്ചു.ജൂൺ 21 ന് ദിവാൻജിയുടെ രേഖാമൂലമുള്ള കൽപ്പന കിട്ടി.1945 ജൂൺ 14ന് പുതിയ സ്ക്കൂൾ കെട്ടിടം മഠം കപ്ലോൻ ചിറമ്മേൽ ഗീവർഗ്ഗീസച്ചന്റെ നേതൃത്വത്തിൽ പണിതുയർന്നു.മഠത്തിന്റെ കിഴക്കു ഭാഗത്തുള്ള കെട്ടിടത്തിന്റെ പണിക്കാവശ്യമായ മരം കിട്ടേണ്ടതിന് സിസ്റ്റേഴ്സ് കൊച്ചി രാജാവായ രവി വർമ്മയെ നേരിട്ടു കാണുകയുണ്ടായി .അദ്ദേഹത്തിന്റെ കല്പന പ്രകാരം മരം അനുവദിച്ച ശേഷം 1946ന് കെട്ടിടം പണിതു.ഡിവിഷനുകൾ കൂടിയതനുസരിച്ച് 1957,1959 എന്നീ വർഷങ്ങളിൽ പുതിയ കെട്ടിടങ്ങൾ പണിതു. 1961ജൂണ് 5ന് ഹൈസ്ക്കൂൾ വിഭാഗവും,ലോവർ പ്രൈമറിയും വെവ്വേറെയായി പ്രവർത്തനം തുടങ്ങി.1982 -ൽ അധ്യാപകർക്കുള്ള നാഷണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മേരി ജസ്റ്റിന് ലഭിച്ചു.ഡൽഹിയിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.സെയിൽ സിംഗിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ എണ്ണം വളരെ വർദ്ധിച്ചപ്പോൾ സുഗമമായ പ്രവർത്തനം മുന്നിൽ കണ്ട് 1996 ഒക്ടോബർ 2ന് പുതിയ 3 നില കെട്ടിടത്തിന് തറക്കല്ലിട്ടു. 1999-ൽ പണിപൂർത്തിയായ ആ കെട്ടിടമാണ് ഇന്ന് നമ്മൾ കാണുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ 2002-ൽ അൺ എയ്ഡഡ് +2 അനുവദിച്ചു . 2003-ൽ +2 (സയൻസ് ) ആദ്യ ബാച്ച് ആരംഭിച്ചു. ഇന്ന് നേഴ്സറി മുതൽ +2 വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പഠന സൗകര്യവുമായി ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ ഇരിങ്ങാലക്കുടയുടെ പ്രൗഢിയായി നിലകൊള്ളുന്നു.
ഈ ഹൈടെക് യുഗത്തിൽ മൾട്ടി മീഡിയായിലൂടെ നൂതന അറിവുകൾ ലഭ്യമാക്കുന്നതിനു വേണ്ടി 2011-ൽ എഡ്യു കോമിന്റെ സ്മാർട്ട് ക്ലാസ്സ് റൂം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം കൂടുതൽ ആകർഷകവും വിജ്ഞാനപ്രദവും ആക്കാൻ ഇതിലൂടെ സാധിക്കുന്നു. ഗൈഡിങ്ങ് കൂടാതെ ലിറ്റിൽ കൈറ്റ്സ് ,2019 മുതൽ ജൂനിയർ റെഡ് ക്രോസ് സംഘടന എന്നിവയും എൽ.എഫിൽ പ്രവർത്തന സജ്ജമാണ്. 2020 ൽ കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ തളച്ചിട്ടപ്പോൾ പോലും ഓൺലൈനിലൂടെ വളരെ മികവുറ്റ രീതിയിൽ ക്ലാസ്സുകൾ തുടർന്നു എന്നുള്ളത് തികച്ചും അഭിനന്ദാർഹമാണ്. ഇതിനോടൊപ്പം തന്നെ ചരിത്ര വിജയം കാഴ്ചവെച്ചുകോണ്ട് 206 ഫുൾ A+ ഓടുകൂടി 2020-21 എസ്.എസ്.എൽ.സി ബാച്ച് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് വാനോളം
ഉയർത്തി .2021-22 എസ്.എസ്.എൽ.സി ബാച്ച് , വിദ്യാലയം 100 ആം വർഷം ആഘോഷിക്കുന്ന വേളയിൽ 100% വിജയത്തോടും 100 ഫുൾ എ പ്ലസ്സുകളോടും കൂടി വിദ്യാലയത്തെ നൂറിന്റെ നിറവിൽ എത്തിച്ചു.
എൽ.എഫിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും പിന്നിൽ അഭ്യുദയകാംക്ഷികളുടേയും , പി.ടി.എ .യുടേയും ശക്തമായ പിന്തുണ എന്നും ലഭിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിലേക്ക് നോക്കുമ്പോൾ ദൈവം കനിഞ്ഞു നൽകിയ വരദാനങ്ങളുടെ വിസ്മയക്കാഴ്ച്ചകൾക്കുമുമ്പിൽ എൽ.എഫ് നമ്രശീർഷയായ് നിൽക്കുന്നു.