എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ/ എബ്രഹാം മല്പാൻ

Schoolwiki സംരംഭത്തിൽ നിന്ന്
00:52, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കുന്നത്ത് എബ്രഹാം മല്പാൻ

പാലക്കുന്നത്ത് എബ്രഹാം മല്പാൻ

മലങ്കര സുറിയാനിസഭയിലെ നവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പുരോഹിതനായിരുന്നു അബ്രഹാം മല്പാൻ. ഇദ്ദേഹം പൌരോഹിത്യ പാരമ്പര്യമുള്ള മാരാമൺ പാലക്കുന്നത്തു കുടുംബത്തിൽ 1796-ൽ ജനിച്ചു.

ബാല്യകാലം

ഗർഭസ്ഥശിശുവായിരിക്കുമ്പോൾ തന്നെ സ്വപിതാവ് അന്തരിച്ചതിനാൽ പിതൃസഹോദരനായ തോമാമല്പാന്റെ സംരക്ഷണത്തിലും ശിക്ഷണത്തിലുമാണ് വളർന്നുവന്നത്. ചെറുപ്പത്തിൽ തന്നെ ഇദ്ദേഹത്തിന് ആധ്യാത്മികമായ പരിശീലനം സിദ്ധിച്ചിരുന്നു. കാലോചിതമായ നാട്ടുഭാഷാഭ്യസനം കഴിഞ്ഞ് അബ്രഹാം ശെമ്മാശനായി. പുതുപ്പള്ളിൽ പടിഞ്ഞാറേക്കൂറ്റു കോരമല്പാന്റെ കീഴിൽ സുറിയാനി പഠിക്കുകയും പ്രസ്തുത ഭാഷയിലും ദൈവശാസ്ത്രത്തിലും അവഗാഹം നേടുകയും ചെയ്തു. എട്ടാം മാർത്തോമ്മായിൽനിന്ന് കത്തനാരുപട്ടം ഏറ്റ ശേഷം ഇദ്ദേഹം മാരാമൺ പള്ളിയിലെ കൊച്ചുകത്തനാരായി സേവനം നടത്തിവന്നു.

കോട്ടയം പഴയസെമിനാരി

പുതുപ്പള്ളിയിൽ കോര മൽപ്പാന്റെ കീഴിനവീകരണൽ സുറിയാനി പഠിച്ചതിനുശേഷം പതിനാറാമത്തെ വയസ്സിൽ മാർത്തോമാ എട്ടാമനിൽനിന്നും വൈദികപട്ടം സ്വീകരിച്ചു. കോട്ടയം പഴയ സെമിനാരിയിൽ സുറിയാനി അദ്ധ്യാപകനായി (മൽപ്പാൻ) നിയമിക്കപ്പെട്ടു. ആംഗ്ളിക്കൻ മിഷനറിമാരുമായി സമ്പർക്കം സ്ഥാപിക്കുന്നതിനുള്ള സാഹചര്യം ഇങ്ങനെ ഉണ്ടായി. ബൈബിൾ പഠനത്തിനും സംവാദത്തിനും ഇത് അവസരമായി. ഇങ്ങനെ ലഭിച്ച ആത്മീയ ഉൾക്കാഴ്ചയുടെയും വേദനിശ്ചയത്തിന്റെയും പിൻബലത്തിൽ മലങ്കരയിലെ സഭയെ നവീകരിക്കണമെന്ന ഉൽക്കാഴ്ച അദ്ദേഹത്തിനുണ്ടായി. ഈ ലക്ഷ്യത്തോടെ സമാനചിന്താഗതിയുള്ള വൈദികരോടൊപ്പം അദ്ദേഹം ബ്രിട്ടീഷ് റെസിഡന്റ് കേണൽ ഫ്രയ്‌സറിനു നിവേദനം നൽകി. 1836 ൽ നൽകിയ ഈ നിവേദനം മലങ്കരയിലെ നവീകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന രേഖയായി നിലകൊള്ളുന്നു. 'നവീകരണ പോർക്കളത്തിലെ കാഹളം' എന്നാണ് ഈ രേഖയെ ചരിത്രകാരന്മാർ വിശേഷിപ്പിച്ചത്.എട്ടാം മാർത്തോമ്മായുടെ കാലത്താണ് കോട്ടയം പഴയസെമിനാരിയുടെ ആവിർഭാവം. 1810-ൽ കേണൽ മൺറോ ബ്രിട്ടിഷ് റസിഡന്റായി നിയമിക്കപ്പെട്ടശേഷം, പ്രത്യേകിച്ച് 1816 മുതൽ 1819 വരെയുള്ള കാലഘട്ടത്തിൽ, സി.എം.എസ്. മിഷനറിമാർ തിരിവിതാംകൂറിൽ വന്നുചേർന്നു. സുറിയാനി സഭയുടെ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടമാണിത്. മിഷനറിമാരുടെ സഹായത്തോടുകൂടി കോട്ടയം പഴയ സെമിനാരിയുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ അവിടെ സുറിയാനി പഠിപ്പിക്കാൻ കോനാടു മല്പാനോടൊപ്പം അബ്രഹാം മല്പാനും നിയമിതനായി.

മലങ്കര സുറിയാനി സഭയുടെ നവീകരണം

നിവേദനത്തിൽ ആവശ്യപ്പെട്ട പരിഷ്കാരങ്ങൾ വരുത്തുവാൻ റെസിഡന്റിന്റെ സഹായം ലഭിക്കായ്കയാൽ എബ്രഹാം മൽപ്പാൻ തന്നെ അതിനു ശ്രമിക്കുകയായിരുന്നു. കുർബ്ബാന തക്സ പരിഷ്കരിച്ചു. സുറിയാനി ഭാഷയിലുള്ള കുർബാന ക്രമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സെമിനാരി ചാപ്പലിലും പിന്നീട് പല പള്ളികളിലും മലയാളത്തിലുള്ള തക്സ ഉപയോഗിച്ചു കുർബാന ചൊല്ലി. വളരെ പ്രശസ്തമായ 'മുത്തപ്പൻ ആരാധന' അദ്ദേഹം നിർത്തലാക്കി. മരിച്ചവരുടെ പേരിൽ നടക്കുന്ന ചാത്തം, മരിച്ചവരോടുള്ള പ്രാർത്ഥന, മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന, ആർഭാടപൂർവ്വം നടന്നിരുന്ന പെരുന്നാളാഘോഷം, പുരോഹിതന്മാരോട് പാപം ഏറ്റുപറയുക (കുമ്പസാരം), കബറിങ്കൽ നേർച്ചയിട്ട് കുർബാന സ്വീകരിക്കുക തുടങ്ങിയ എല്ലാ ആചാരങ്ങളും അദ്ദേഹം നിർത്തൽ ചെയ്തു. ഈ നവീകരണങ്ങളുടെ പേരിൽ മൽപാന് ഏറെ ഭീഷണികൾ അഭിമുഖീകരിക്കേണ്ടിവന്നു. എങ്കിലും അവയെ ധീരമായി അദ്ദേഹം നേരിട്ടു. മലങ്കര സഭയുടെ നവീകരണത്തിനും അതിലൂടെ സാമൂഹിക പരിഷ്കരണത്തിനും നേതൃത്വം നൽകി.

മലങ്കര സുറിയാനി സഭയിൽ അന്നുണ്ടായിരുന്ന ആചാരവൈകൃതങ്ങൾ തുടച്ചുനീക്കി സഭയെ ശുചീകരിക്കുക എന്ന മഹാസംരംഭത്തിലേർപ്പെടാൻ അബ്രഹാം മല്പാന് മിഷനറിമാരോടുള്ള സമ്പർക്കംകൊണ്ടും വേദപുസ്തകപഠനംകൊണ്ടും സിദ്ധിച്ച പുതിയ വെളിച്ചം പ്രചോദനം നൽകി. പന്ത്രണ്ടു പ്രമുഖ വൈദികർ അബ്രഹാം മല്പാന് പിന്തുണ നൽകി. അവർ കൂടിയാലോചിച്ച് ആരാധനാക്രമം പരിഷ്കരിച്ചു. സുറിയാനിയിലുള്ള വി. കുർബാനക്രമം മലയാളത്തിൽ തർജുമ ചെയ്ത് ഉപയോഗിക്കണമെന്നും തീരുമാനിച്ചു. എ.ഡി. 1837-ൽ അബ്രഹാം മല്പാൻ മാരാമൺ ഇടവകയിൽ ശുചീകരണ പരിപാടികൾ നടപ്പാക്കി. മലയാളത്തിൽ ആരാധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു. മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന ചേപ്പാട് മാർ ദിവന്യാസിയോസും അനുയായികളും അബ്രഹാം മല്പാൻ വരുത്തിയ നവീകരണത്തെ എതിർത്തു. തുടർന്നു മല്പാന് അതിശക്തമായ എതിർപ്പുകളെ നേരിടേണ്ടിവന്നു. ഇതിനിടയ്ക്ക് മിഷനറിമാരും മലങ്കരമെത്രാപ്പോലീത്തയും തമ്മിൽ പിണങ്ങിപ്പിരിഞ്ഞു.

വ്യക്തമായ ലക്ഷ്യബോധത്തോടും ദൃഢവിശ്വാസത്തോടുംകൂടി, സഭയുടെ നവീകരണത്തിനുവേണ്ടി അർപ്പിതബുദ്ധ്യായത്നിച്ച അബ്രഹാം മല്പാൻ 1845 ചിങ്ങം 24-ന് 50ആമത്തെ വയസ്സിൽ അന്തരിച്ചു.