എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാടൻ ഭക്ഷണങ്ങൾ

പ്രദേശത്ത് പണ്ട് കാലം മുതൽ ഉണ്ടായിരുന്നതും എന്നാൽ ഇന്നും ഗൃഹാതുരത്വ സ്മരണപോലെ ജീവിച്ചിരിക്കുന്ന പഴമക്കാർ താൽപര്യപൂർവ്വം വീടുകളിൽ ഉണ്ടാക്കുന്ന ഒരു പാട് നാടൻ ഭക്ഷ്യ വിഭവങ്ങളുണ്ട്. ആധുനിക ജീവിത രീതിയും ഫാസ്റ്റ് ഫുഡ് സംസ്കാരവും പഴമയുടെ രുചിക്കൂട്ടിലേക്ക് അതിക്രമിച്ചു കയറിയപ്പോൾ പല നാടൻ വിഭവങ്ങളും അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്നു. നാടൻ ഭക്ഷണം നിർമ്മിക്കുന്ന അറിവ് അന്യം നിന്നുപോവാതിരിക്കാൻ ഇവ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

കറി

നാട്ടിൽ നട്ടുവളർത്തുന്ന ചേന, മറ്റ് കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയുണ്ടാക്കുന്ന കുഴമ്പ് രൂപത്തിലുള്ള കൂട്ടുകറി. ചോറിനോടാപ്പം ഉപയോഗിക്കുന്ന കറിക്ക് 'കൂട്ടാൻ' എന്ന പേരായിരുന്നു ഈയടുത്ത കാലം വരെ നാട്ടുകാർ ഉപയോഗിച്ചിരുന്നത്. കറി എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത് ആദ്യം പരാമർശിച്ചതിനെയും.

ഈന്ത് പിടി

ഈന്ത് മരത്തിന്റെ കുരു വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് വെള്ളം ചേർത്ത് ഉള്ളം കൈയിൽ ചേർത്ത് പിടിച്ച് നീളത്തിൽ തയ്യാറാക്കി കിഴങ്ങുവർഗങ്ങൾ, മാംസം എന്നിവയുടെ കൂടെ പാചകം ചെയ്ത് ഉപയോഗിക്കുന്ന കുഴമ്പു രൂപത്തിലുള്ള ഭക്ഷണം. ഈന്തിന്റെ ലഭ്യതക്കുറവ് മൂലം അപൂർവ്വമായി മാത്രമേ തയ്യാറാക്കുന്നുള്ളൂ.

പന

പന വൃക്ഷത്തിന്റെ ഉൾക്കാമ്പ് ചെറിയ കഷണങ്ങളാക്കി ഉരലിൽ വെച്ച് ചതച്ച് അത് തുണിയുപയോഗിച്ച് വെള്ളത്തിലേക്ക് അരിച്ചെടുക്കുന്നു. ഇങ്ങിനെ ഊറി വരുന്ന പൊടി രണ്ടു മൂന്ന് ദിവസം വെയിലത്ത് വെച്ച് ഉണക്കിയെടുത്ത ശേഷം വെള്ളം ചേർത്ത് അടുപ്പത്ത് വെച്ച് കുറുക്കിയെടുക്കുന്നു. ഇതിന് പന എന്നു തന്നെയാണ് അറിയപ്പെടുന്നത്. ശർക്കര, നാളികേരം, വെളളം എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം 'പന' യുടെ കൂടെ ഉപയോഗിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും വ്യാപകമായിരുന്ന പണ്ട് കാലത്ത് ജനങ്ങൾ ധാരാളമായി ഉപയോഗിച്ചിരുന്ന ഒരു ഭക്ഷ്യ വിഭവമായിരുന്നു ഇത്. നാട്ടിലോ പരിസര പ്രദേശങ്ങളിലോ ഒരു പന മുറിച്ചാൽ ആളുകൾ അകക്കാമ്പ് ചെത്തിയെടുക്കുന്നതിന് വേണ്ടി ഓടിയെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

കുവ്വ വെള്ളം

പ്രദേശത്ത് സുലഭമായി വളരുന്ന കുവ്വച്ചെടിയുടെ വെളുത്ത നിറത്തിൽ കാണപ്പെടുന്ന തടിച്ച് വേര് നന്നായി കഴുകിയെടുത്ത ശേഷം ഉരലിൽ വെച്ച് ഇടിച്ചുചതയ്ക്കുന്നു. ശേഷം ഇതിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പൊടിയെടുക്കുന്നതിന് വേണ്ടി വൃത്തിയുള്ള തുണിയിൽ കെട്ടി വെള്ളത്തിലേക്ക് ഊറാൻ അനുവദിക്കുന്നു. ഇങ്ങിനെ ഊറിയ വെളുത്ത പൊടി വെയിലത്ത് വെച്ച് രണ്ട് മൂന്നു ദിവസം നന്നായി ഉണക്കിയെടുക്കുന്നു. ഈ പൊടി വെള്ളത്തിൽ കലക്കി നന്നായി ചൂടാക്കി മധുരവും തേങ്ങാപ്പൂാലും ചേർത്ത് ഇളം ചൂടോടെ ഉപയോഗിക്കാം. ഏറ്റവും നല്ല ദാഹശമനിയായി ഇന്നും ഗ്രാമീണ കർഷകർ ഉപയോഗിച്ചുവരുന്നത് കുവ്വവെള്ളമാണ്.

കൊച്ചിക്കുഴ

നാടൻ പൂവൻ പഴവും പാൽ, പഞ്ചസാര, അവിൽ, ഇഞ്ചി സത്ത്, ജീരകം തുടങ്ങിയവ ചേർത്ത് മിശ്രിതമാക്കി ഉപയോഗിക്കുന്ന നാടൻ വിഭവമാണ് കൊച്ചിക്കുഴ. കർഷകരും തൊഴിലാളികളും വൈകുന്നേരങ്ങളിൽ കൊച്ചിക്കുഴക്ക് വേണ്ടി ഒത്തുകൂടുന്നത് ഗ്രാമങ്ങളിൽ പതിവാണ്.

കിണ്ണത്തപ്പം

അരി നന്നായി അരച്ച് വെള്ളം ചേർത്തിളക്കിയ ശേഷം ശർക്കരയും ജീരകവും തേങ്ങാപ്പൂളും ചേർത്ത് ഒരു കിണ്ണത്തിലേക്ക് ഒഴിക്കുന്നു. ശേഷം ഒരു രാത്രി മുഴുവൻ നേരിയ കനലിൽ അടുപ്പത്ത് വെക്കുന്നു. പിറ്റേന്ന് രാവിലെയാവുമ്പോഴേക്കും ഖര രൂപത്തിൽ കിണ്ണത്തപ്പം തയ്യാറായിട്ടുണ്ടായിരിക്കും. മതപരമായ ചടങ്ങുകളോടനുബന്ധിച്ചാണ് കിണ്ണത്തപ്പം കൂടുതലായും ഉപയോഗിച്ചുവരുന്നത്.

കുമ്പിളപ്പം

പത്തിരിപ്പൊടി നന്നായി കുഴച്ചത് കോണാകൃതിയിൽ മടക്കി ഈർക്കിൽ കൊണ്ട് യോജിപ്പിച്ച പ്ലാവിലയുടെ ഉൾഭാഗത്ത് മുഴുവൻ ഒരു നേർത്ത് പാളിയായി തേച്ച് പിടിപ്പിക്കുന്നു. തേങ്ങ ചിരവിയതും ശർക്കര പൊടിച്ചതും ഇതിനുള്ളിൽ നിറക്കുന്നു. പ്ലാവിലയുടെ വായ്ഭാഗം പത്തിരിപ്പൊടി കൊണ്ട് തന്നെ അടയ്ക്കുന്നു. ഇതിന് ശേഷം അടുപ്പത്ത് വെച്ച് ആവിയിൽ വേവിച്ചെടുക്കുന്നതാണ് കുമ്പിളപ്പം.

അവിൽ കുഴച്ചത്

വൃത്തിയാക്കിയ അവിൽ ഒരു പരന്ന പാത്രത്തിൽ ഇടുക. ചിരവി വെച്ച തേങ്ങ യിലേക്ക് ശർക്കര ചെറുതായി ചെത്തി ഇടുക. തേങ്ങയും ശർക്കരയും കുഴച്ച് അവിലിലേക്ക് ചേർത്തു കൊടുക്കുക. ഒരുക്കപ്പ് വെള്ളത്തിൽ അരടീസ്പൂൺ ഉപ്പു ചേർത്ത് കലക്കിയെടുക്കുക. ആ വെള്ളം അവിലും തേങ്ങയും ശർക്കരയും ചേർത്തതിലേക്ക് ഒഴിച്ച് നന്നായി കുഴയ്ക്കുക. അരിഞ്ഞുവെച്ച ചെറിയുള്ളിയും വലിയ ജീരകവും ചേർത്തു കൊടുക്കുക. രാവിലെയും വൈകിട്ടും ചായക്ക് പറ്റിയൊരു നാടൻ പലഹാര മാണിത്.

വെളിച്ചെണ്ണ പത്തിരി

ചേരുവകൾ പച്ചരിപ്പൊടി 2 ഗ്ലാസ് വെള്ളം 4ഗ്ലാസ് ഉപ്പ് ആവശ്യത്തിന് തേങ്ങ ചിരവിയത് 1 കപ്പ് വെളിച്ചെണ്ണ പൊരിക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചേരുവകൾ
പച്ചരിപ്പൊടി 2 ഗ്ലാസ്
വെള്ളം 4 ഗ്ലാസ്
ഉപ്പ് ആവശ്യത്തിന്
തേങ്ങ ചിരവിയത് 1 കപ്പ്
വെളിച്ചെണ്ണ പൊരിക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പു ചേർത്ത് അരിപ്പൊടി ഇട്ടു വേവിച്ചു ഇളക്കുക. ഒരു തട്ടിലോട്ടു മാറ്റി തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ഓരോ ഉരുളകൾ എടുത്തു കൈവെള്ളയിൽ വച്ച് ഉരുട്ടി പത്തിരി പ്രസ്സിൽ നേർമ്മയായി അമർത്തി അതിനുശേഷം വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.