എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/നിഷില ബസ്സിൽ കയറിയിട്ടുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 28 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നിഷില ബസ്സിൽ കയറിയിട്ടുണ്ട് / പി അബ്ദൂൽസലീം

സമയം വൈകുന്നേരം 5 മണി. കുന്നമംഗലത്ത് പതിവിലും വിപരീതമായി റോഡിൽ തിരക്ക് കുറവാണ്. റോഡ് എളുപ്പത്തിൽ മുറിച്ചു കടന്ന് മോഹശ്രീ മെഡിക്കൽസിലെ ഫാർമസിസ്റ്റിനോട് പയോസ് 20 എണ്ണം ചോദിച്ചു. ഫാർമസിസ്റ്റ് പുതിയ ആളായതുകൊണ്ട് മരുന്ന് എവിടെയാണെന്നറിയാതെ ഷെൽഫിൽ തിരഞ്ഞു കൊണ്ടിരുന്നു. ഞാൻ അക്ഷമനായി കാത്തിരുന്നു. എന്റെ പോക്കറ്റിലെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി. ഫോൺ എടുക്കാത്തതുകൊണ്ട് തൊട്ടടുത്തുള്ള വലിയ മനുഷ്യൻ എന്നെ തുറിച്ചു നോക്കാൻ തുടങ്ങി.

മൊബൈൽ വീണ്ടും ശബ്ദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. എന്റെ ദൈവമേ..... ഹെഡ്മിസ്ട്രസ്. എന്തിനാവുമോ ഈ സമയത്ത് എന്നെ... ഞാൻ കോൾ സ്വീകരിച്ചു. മാഷേ നിങ്ങളുടെ ക്ലാസിലെ നിഷില വൈകീട്ട് വീട്ടിൽ എത്തിയിട്ടില്ല. ബസ്സിലാണ് സാധാരണ എത്താറുള്ളത്. ഉമ്മയും വീട്ടുകാരും സ്‌കൂളിൽ എത്തിയിട്ടുണ്ട്. നിങ്ങൾ ഉടനെത്തന്നെ സ്‌കൂളിലേക്ക് വരണം. ഫാർമസിസ്റ്റ് അപ്പോഴും മരുന്ന് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാൻ അപ്പോൾ തന്നെ കിട്ടിയ സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് തിരിച്ചു. സ്‌കൂളിനു സമീപം അപ്പോഴേക്കും അവിടെവിടെയായി ചെറിയ ചെറിയ ആൾക്കൂട്ടം. പലരും ചെറിയ കൂട്ടങ്ങളായി സ്വകാര്യം പറയുന്നുണ്ട്. എന്റെ കണ്ടയുടനെ നിഷിലയുടെ ഉമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെയടുത്ത് ഓടിയെത്തി. മാഷേ ഇന്ന് രാവിലെ എന്റെ മകളെ നിങ്ങളുടെ വശം ഏൽപ്പിച്ചതാണല്ലോ എന്നു പറഞ്ഞതും കരച്ചിൽ ഉറക്കെയായി. ഞാൻ വല്ലാത്ത ഒരവസ്ഥയിലായി. അപ്പോഴേക്കും പ്യൂൺ ക്ലാസുകളെല്ലാം തുറന്ന് പരിശോധന തുടങ്ങിയിരുന്നു. കോയമാഷ് തിടുക്കത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.

സാധാരണ ദിവസങ്ങളിൽ നിഷില ബസ്സിൽ കയറുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇന്ന് ഞാൻ ഉച്ചയ്ക്കുശേഷം ലീവായിരുന്നല്ലോ. ആരായിരിക്കും ലാസ്റ്റ് പിരീയഡ് ഉണ്ടായിരുന്നത് എന്ന് ആലോചിക്കുമ്പോഴേക്കും അവിടെ വൈകുന്നേരം റജ്‌നയാണ് ഉണ്ടായിരുന്നതെന്ന വിവരം കോയ മാഷ് ഇങ്ങോട്ട് പറഞ്ഞു. ടീച്ചർ കുട്ടിയെ ബസ്സിൽ കൈപിടിച്ച് കയറ്റിയിട്ടുണ്ട്. കമ്പ്യൂട്ടർ ടീച്ചറും കണ്ടിട്ടുണ്ട്. ബസ്സിൽ ഒന്നാമത്തെ സ്റ്റോപ്പിലാണ് കുട്ടി ഇറങ്ങേണ്ടത്. ഉമ്മയും ബസ്സിൽ കുട്ടികൾക്ക് അകമ്പടി പോയ അധ്യാപകരും നോക്കുമ്പോൾ കുട്ടിയെ കാണുന്നില്ല. ദൈവമേ, ഇതെന്ത് മായാജാലം! ബസ്സിൽ കയറിയ കുട്ടി പിന്നെ എവിടെപോയി? സ്‌കൂളിനു സമീപം ആളുകൾ കൂടിക്കൂടി വന്നു. ദേശീയ പാതയിൽ വാഹനങ്ങൾ നിർത്തി ആളുകൾ അന്വേഷിക്കാൻ തുടങ്ങി.

ഉടനെ പോലീസിൽ വിവരം അറിയിക്കണം. ആളുകൾ ഹെഡ്മിസ്ട്രസ്സിനോട് തിടുക്കം കൂട്ടി. ടീച്ചർ ഓഫീസിലെ ഫോണിനടുത്തേക്ക് പോകുമ്പോൾ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. കൊടുവള്ളി ഭാഗത്തേക്കുള്ള ബസ്സിൽ പോയ ടീച്ചറാണ്. ഈ ബസ്സിൽ സാധാരണ യാത്ര ചെയ്യാത്ത ഒരു ചെറിയ കുട്ടിയുണ്ട്. എവിടെയാണ് ഇറക്കേണ്ടത് എന്നറിയില്ല. ഞാൻ ഡ്രൈവറോടൊപ്പം തിരിച്ചയക്കാം. ഹാവൂ....ആശ്വാസമായി. കുട്ടി ബസ്സ് മാറിക്കയറിയതാണ്. ഉടനെ വരുമെന്ന വിവരം ടീച്ചർ കൂടി നിന്നവരോട് പറഞ്ഞു. കേട്ടയുടനെ ആളുകൾ പുഞ്ചിരിയോടെ അപ്രത്യക്ഷരായി.