ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മുറ്റത്തെ മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മുറ്റത്തെ മാവ്

"ഇനിയും ഇതിവിടെ നിർത്തിക്കൂടാ..... "
മരുമകളുടെ സ്വരം ഒരലർച്ചപോലെ കേശവന്‌ തോന്നി. മുറ്റത്തെ മാവിനെപ്പറ്റിയാണ് പരാമർശം. കാര്യം നിസാരമാണ്. മരുമകൾ ലാളിച്ചുവളർത്തിയ മുന്തിയ ഇനം ചെടിയുടെ മേൽ മാവിന്റെ ഒരു ശിഖരം വന്നു വീണു. അതിന്റെ ഒരു തണ്ടൊടിഞ്ഞു ! അത്രേയുള്ളൂ. "അതവിടെനിന്നാൽ എന്താ ശോഭേ പ്രശ്നം? ഒന്നുമില്ലെങ്കിലും ആണ്ട് തോറും മാങ്ങയെങ്കിലും കിട്ടുന്നില്ലേ? "മകൻ വിറച്ചുകൊണ്ടാണെങ്കിലും പറഞ്ഞൊപ്പിച്ചു. "നിങ്ങൾക്കെന്തറിയാം? മാങ്ങ വേണമെങ്കിൽ പുറത്തുനിന്നു വാങ്ങാം. ഈ ചെടിക്കെന്ത് വിലയുണ്ടെന്നറിയോ? " "ശോഭേ..... !" "ഒന്നും പറയണ്ട ഞാൻ മരം മുറിക്കാനുള്ള ഏർപ്പാട് ചെയ്തോളാം, നിങ്ങൾക്ക് വയ്യെങ്കിൽ പറ. " "വേണ്ട ഞാൻ എന്താന്ന് വെച്ചാൽ ചെയ്തോളാം. " മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കൊച്ചുമകൾ ഓടിവന്നു. "എന്താ അപ്പൂപ്പാ പ്രശ്നം? " അമ്മയുടെ അട്ടഹാസം കേട്ട കുട്ടി വല്ലാതെ പേടിച്ചിരുന്നു. "ഒന്നുമില്ല മോളെ... ആ മാവില്ലേ? അതങ്ങ് മുറിക്കുന്നു അത്ര തന്നെ. "അയാൾ കുഞ്ഞിന്റെ തലയിൽ വാത്സല്യത്തോടെ തടവി. "എന്തിനാ ഇപ്പോ.....? " "കാലം കഴിയുമ്പോൾ എല്ലാം പഴയതാ മോളെ.പുതിയ പുതിയ ആളുകൾ വരും.... കൂടെ മാറ്റങ്ങളും " "ഈ മാവ് മുറിച്ചാൽ അതിലെ അണ്ണാനും കിളികളുമൊക്കെ എവിടെ പോകും? " "ഒന്നുപോയാൽ മറ്റൊന്ന് " "എല്ലാ വീട്ടിലേയും അമ്മമാർ മാവുകൾ മുറിച്ചാലോ? " നിഷ്കളങ്കമെങ്കിലും വരാൻ പോകുന്ന വിപത്തിലേക്ക് ആ ചോദ്യം വിരൽചൂണ്ടി. ഒരു ദീർഘനിശ്വാസത്തിൽ കേശവൻ അതിന്റെ ഉത്തരം ഒതുക്കി. "മോളേ.... നീയിതെവിടെയാ? " "ഇവിടെയുണ്ടമ്മേ, അപ്പൂപ്പന്റെ മുറിയിൽ " അവൾ പെട്ടെന്ന് അവിടേക്ക് വന്ന് കുട്ടിയേയുംകൊണ്ട് പോയി, കൂടെ പിറുപിറുക്കലും : "ഓരോന്ന് പറഞ്ഞ് കുഞ്ഞിനെ ചീത്തയാക്കിക്കോളും. "
പിറ്റേന്ന് പുലർച്ചെതന്നെ ഒരു വണ്ടിയിൽ മരം മുറിപ്പുകാർ എത്തി. മരം മുറിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ആദ്യ വെട്ട് വെട്ടിയപ്പോൾ കേശവന്റെ നെഞ്ച് ഒന്നുപിടഞ്ഞു. കിളികൾ ഭയന്ന് ഉയരേയ്ക്ക് പറന്നു. എല്ലാത്തിനും സാക്ഷിയാകുന്നു സൂര്യൻ മേഘങ്ങൾ കൊണ്ട് കണ്ണുപൊത്തി. മന്ദമാരുതൻ പോലും നിശ്ചലനായി. പ്രകൃതി രോഷം കൊള്ളുമ്പോലെ മഴ തുടങ്ങി. "മരംമുറിപ്പ് നടക്കട്ടെ ഇന്നുച്ചയ്ക്ക് മുന്നേ തീർക്കണം. "മരുമകളുടെ ആജ്ഞയെത്തി.
കണ്ണിന് കാഴ്ച്ച തീരെയില്ലെങ്കിലും ചുള്ളിക്കമ്പുപോലെയുള്ള ആ കാലുകൾ എടുത്തൂന്നി കേശവൻ മുറ്റത്തേയ്ക്ക് വന്ന് പടിയിലിരുന്നു. ഓരോ ശാഖകളും ഒടിഞ്ഞുവീണുകൊണ്ടിരുന്നു. അപ്പോഴെല്ലാം കേശവന്റെ ശരീരമാണ് വേദനിച്ചത്. ഓർമകൾ അയാളുടെ കണ്ണുകളിൽ ഇരച്ചുകയറി.
താനും സഹോദരങ്ങളും കൂടിച്ചേർന്നാണ് ഈ മാവുനട്ടത്. ഏറ്റവും അവസാനം ഈ പുരയിടത്തിൽ നട്ട മാവ്.... ഏറ്റവും ഇളയവനായ ഞാൻ തന്നെ നട്ടു, വെള്ളമൊഴിച്ചു. ആദ്യം മാവ് പൂത്തപ്പോൾ കേശവന്റെ മനസ്സിൽ സന്തോഷം അലതല്ലി. പലരും ഭാഗം വയ്ക്കൽ കഴിഞ്ഞ് പലവഴിപോയി. എനിക്ക് കിട്ടിയത് ഈ വീടും പുരയിടവും. കാലം കഴിഞ്ഞു. പരിഷ്കാരിയായ മരുമകളെത്തി. ഓരോരോ കാരണങ്ങൾ നിരത്തി മകനെക്കൊണ്ട് വീട്ടുവളപ്പിലെ എല്ലാ മരങ്ങളും നിഷ്കരുണം വെട്ടിമാറ്റി. അവസാനത്തെ ഊഴം ഈ മാവിനായവൾ മാറ്റി വെച്ചു. സഹോദരങ്ങളെല്ലാം മരിച്ചു. ഇനി ഞാനും മാവും മാത്രം ബാക്കി. ഇപ്പോഴിതാ... ഈ മാവും പോകുന്നു !
മരം വെട്ട് ഒരുത്സവമായിത്തന്നെ നടക്കുന്നു. മഴ കൂടുതൽ കടുത്തപ്പോൾ പണിക്കാർ തത്ക്കാലം പണി നിർത്തി വരാന്തയിലേയ്ക്കിരുന്നു. വലിയൊരു കാറ്റ് വീശി. കേശവനെന്തോ വല്ലാ ത്തൊരു അസ്വസ്ഥത. ഹൃദയം നുറുങ്ങുന്ന വേദന. ഒരു വലിയ അലർച്ചയോടെ മരം കടപുഴകി വീണു. ഒരു ചെടിക്കുപോലും ദോഷമുണ്ടാക്കാതെ സ്വസ്ഥമായി.ശോഭ ഓടി വന്നു. അവളുടെ മുഖത്ത് സന്തോഷത്തിന്റെ നിഴൽ മായാതെ നിന്നു.
"അയ്യോ.... അമ്മാവാ... !"പണിക്കാരിൽ ആരോ ഒരാൾ വിളിച്ചു.
കേശവന്റെ കണ്ണുകളടയുന്നു, കാതുകളിലേയ്ക്ക് ചില ശബ്ദങ്ങൾ മാത്രം കടന്നുവരുന്നു. ആരോക്കെയോ തന്നെ എടുത്തുപൊക്കുന്നതായി കേശവന് തോന്നി. അനങ്ങാൻ കഴിയുന്നില്ല. സൂര്യൻ മെല്ലെ പൊത്തിയ കണ്ണുകൾ തുറന്നു. പ്രകൃതി ശാന്തയായി. സർവത്ര പരന്ന നിശബ്ദത ഒരു കൊലയാളിയെപ്പോലെ എല്ലാവരെയും തുറിച്ചുനോക്കി!

അഞ്ജന എസ്. എസ്.
Plus one (Science) ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ