ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രന്ഥസാമ്രാജ്യം

ആമുഖം

അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം പതിനായിരത്തി നാൽപ്പത്തിയാറ് പുസ്തകങ്ങളാം വർണ്ണപ്പൂമ്പാറ്റകൾ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.

പുസ്തകസമാഹരണം

സ്കൂൾ ലൈബ്രറി

ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.

പ്രവർത്തനരീതി

ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.

പ്രവർത്തനങ്ങൾ

വായനവാരാചരണം

അമ്മ വായന

അമ്മ വായന

അമ്മമാരുടെ വായന ശീലം കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുമെന്ന് മനസ്സിലായി. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ അമ്മമാർക്കും വായനയ്ക്കായി നല്കി. കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന അമ്മമാർക്ക് വായിക്കുവാനായി, വായനശാല തുറന്നു നല്കി. പത്രങ്ങൾ, വിദ്യാരംഗം, ഗ്രന്ഥാലോകം, ജനപഥം തുടങ്ങിയ ആനുകാലികങ്ങൾ ലൈബ്രറിയിൽ ഇരുന്ന് അമ്മമാർ വായിച്ചത്, വലിയൊരു മാതൃകയായി. അതോടൊപ്പം അവർക്ക് കുട്ടികളുടെ പേരിൽ ലൈബ്രറി പുസ്തകങ്ങൾ നല്കിത്തുടങ്ങി.

വായനചര്യ

കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ,കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുവാനും മുടക്കമില്ലാതെ തുടരുവാനും വേണ്ടി പുസ്തകങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി.

പുസ്തക വഴിയേ.....നിരനിരയായ്......

ലൈബ്രറി പുസ്തക ശേഖരങ്ങളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശനത്തിൽ പങ്കെടുക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.

മികച്ച വായനക്കാർ

ലോക് ഡൗൺ കാലത്തെ, മികച്ച വായനക്കാരിയായി, 10 എയിലെ സുകന്യ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച രണ്ടാമത്തെ വായനക്കാരിയായി 5 ഡിയിലെ അനിഷയെയും തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികൾ ഹെഡ്മിസ്ട്രസ്സിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

പുസ്തകവായന

യു.പി തലം വരെ ക്ലാസ് ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനശാലയിൽ എത്തി പുസ്തകങ്ങൾ വായിക്കാം. ഹൈസ്കൂൾ തലം മുതൽ 2 ആഴ്ചകാലാവധിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വീടുകളിൽ കൊണ്ടുപോയി വായിക്കാം.

പുസ്തകാസ്വാദനം

തക്ഷൻ കുന്ന് സ്വരൂപം,നോവൽ - യു കെ കുമാരൻ

കവിതാ ജോൺ (അധ്യാപിക)

ഒരെഴുത്തുകാരൻ ഗ്രാമീണപശ്ചാത്തലമുള്ള തന്റെ ദേശത്തെ വാക്കുകളിൽ ഭാവനയാൽ, ആവാഹിച്ചെടുക്കുന്നതിന്റെ സമ്മോഹനമായ അനുഭവമാണ് യു.കെ. കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപം'.

വടക്കേ മലബാറിൽ പയ്യോളിക്കടുത്തുള്ള തച്ചൻകുന്ന് (തക്ഷൻകുന്ന്) എന്ന ഗ്രാമത്തിന്റെ ഇതിഹാസമാണ് ഈ നോവൽ. തച്ചൻകുന്നിന് പുറമേ മേലടി, പള്ളിക്കര, കീഴൂർ, തുറയൂർ, മണിയൂർ തുടങ്ങിയ സമീപ ഊരുകളുടെ ഹൃദയരാഗങ്ങളും യു.കെ. കേൾപ്പിക്കുന്നു. ദേശത്തെ എഴുതിയ നോവലുകളൊക്കെയും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. എസ്.കെ.യുടെ 'ഒരു ദേശത്തിന്റെ കഥ', ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും', ചെറുകാടിന്റെ 'മുത്തശ്ശി', എം.ടി.യുടെ 'അസുരവിത്ത്', ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം', പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകൾ', എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'... തുടങ്ങിയവ ഉദാഹരണങ്ങളായുണ്ട്. ഇവയുടെ അഭിജാതശ്രേണിയിൽ ഇടംനേടാൻ അർഹതയുള്ള രചനയാണ് 'തക്ഷൻകുന്ന് സ്വരൂപം'. അക്ഷരജ്ഞാനമില്ലാത്ത രാമർ എന്ന കഥാപാത്രത്തിലൂടെയാണ്, അയാളുടെ ഓർമകളിലൂടെയാണ്, അനുഭവങ്ങളിലൂടെയാണ് 'തക്ഷൻകുന്നി'ലെ അനന്ത വൈചിത്രമാർന്ന ജീവിതമുഹൂർത്തങ്ങളുടെ ഘോഷയാത്ര യു.കെ. കുമാരൻ ഒരുക്കുന്നത്. രാമറിന് അക്ഷരം ഓതിക്കൊടുക്കുന്നത് ഭാര്യ കല്യാണിയാണ്. ഏകാകിയും ലജ്ജാലുവുമായ അയാളെ ഒരാണാക്കി മാറ്റുന്നതും കല്യാണിതന്നെ.

കല്യാണിയെപ്പോലെ സ്വത്വബലമുള്ള മറ്റൊരു കഥാപാത്രംകൂടിയുണ്ട്: ചായക്കട നടത്തുന്ന മാതാമ്മ. നാട്ടുകാർക്ക് സ്വാദിഷ്ടമായ ഭക്ഷണം വെച്ചുവിളമ്പി സ്വരുക്കൂട്ടിയ ചെറിയ തുക സമാഹരിച്ച്, വാഹനങ്ങളൊന്നും ഓടാത്ത ഗ്രാമപാതയിലൂടെ ആദ്യമായി, സ്വന്തമായൊരു ബസ് വാങ്ങി ഓടിക്കാൻ തയ്യാറായ ധീരയാണ് മാതാമ്മ! തക്ഷൻകുന്നിൽ ആദ്യമായി ബ്ലൗസ് ധരിച്ചതും അവർതന്നെ. സമ്പന്നയല്ല, സാക്ഷരയല്ലഎങ്കിലും ചങ്കൂറ്റമുള്ള സ്ത്രീ. അവകാശവാദങ്ങളില്ലാതെ, ഈ എഴുത്തുകാരൻ സ്ത്രീ ശാക്തീകരണത്തിന്റെ പതാകാവാഹകരായി മാതാമ്മയെയും കല്യാണിയെയും മെനഞ്ഞെടുത്തിരിക്കുന്നു. മഹാത്മാഗാന്ധിയും 'കേരളഗാന്ധി'യായ കെ. കേളപ്പനും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കേളപ്പനെ പ്രണയിക്കുന്ന അനുരാഗിണിയായ മെറ്റിൽഡ എന്ന അധ്യാപികയെയും യു.കെ. കുമാരൻ കാണാതെ പോവുന്നില്ല. പി. കൃഷ്ണപിള്ള, എ.കെ.ജി., അബ്ദുറഹിമാൻ സാഹിബ്, മൊയ്തുമൗലവി തുടങ്ങിയ മഹാത്മാക്കളായ അനേകം മനുഷ്യരും നോവലിൽ ഇടംതേടുന്നു.

ദേശത്തിന്റെ മണ്ണും മനസ്സും അക്ഷരങ്ങളിൽ പുനരവതരിക്കുമ്പോൾ, ചെരുപ്പുകുത്തി, ടെയ്ലർ, കല്ലുവെട്ടുകാരൻ, തെങ്ങുകയറ്റക്കാരൻ, ചാണകവില്പനക്കാരൻ, കുതിരക്കാരൻ, പട്ടാളക്കാരൻ, വക്കീൽഗുമസ്തൻ, ഡോക്ടർ, രാഷ്ട്രീയക്കാരൻ... തുടങ്ങി വലിയവരെന്നും ചെറിയവരെന്നുമുള്ള ഭേദചിന്തകളില്ലാതെ, ഓരോ മനുഷ്യനും അവന്റേതായ ജീവിതവും ജീവചരിത്രവുമുണ്ടെന്ന് എല്ലാ വലിയ സൃഷ്ടികളുമെന്നപോലെ ഈ നോവലും സാക്ഷ്യപ്പെടുത്തുകയാണ്.

ആരാച്ചാർ - കെ.ആർ മീര

അക്ഷരബിജു, 8 സി

എക്കാലത്തെയും മികച്ച സ്ത്രീകഥാപാത്രങ്ങളിൽ ഒന്നായ ചേതന ഗൃദ്ധ മാലികിനെ സൃഷ്‌ടിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഞാൻ ഇവിടെ പങ്ക്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് . 1970 ൽ 2 കൊല്ലും ജില്ലയിലാണ് കെ. ആർ മീര ജനിച്ചത്. മീരസേതു, ആവേമരിയ,സൂര്യനെ അണിഞ്ഞ സ്ത്രീ, ഘതകൻ എന്നിവയാണ് പ്രധാന കൃതികൾ . 2013-ലെ കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത അവാർഡ് 2014-ലെ വയലാർ അവാർഡ് . എന്നിങ്ങനെ ഒത്തിരി അവാർഡുകൾ വാരിക്കൂട്ടിയ നോവലാണ് ആരാച്ചാർ.
ഇരുപത്തിരണ്ടു വയസുകാരിയായ ചേതന ഗൃദ്ധമാലിക്കാ ണ് ഇതിലെ കേന്ദ്രകഥാപാത്രം. നൂറ്റാണ്ടുകളായി ആരാച്ചാർ ജോലി കുലത്തൊഴിലായി കൊണ്ടുനടക്കുന്ന മല്ലികുമാരിയുടെ കഥയാണ് ആരാച്ചാർ . ചേതനയുടെ അച്ഛൻ ഫണിഭുഷൻ, ഗൃദ്ധമല്ലിക, മുത്തശ്ശി, കൈകാലുകൾ മുറിക്കപ്പെട്ട സഹോദരൻ രാമുദ,മാധ്യമപ്രവർത്തകൻ സജ്ഞീവ് മിത്ര,കൊലക്കയർ കാത്ത് കിടക്കുന്ന യഥീന്ദ്രബാനർജി എന്നിവരാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. ഉല്പലവർണ്ണ, ത്രയ്ലോക്യദേവി, ചിൻമയിദേവി, അന്നപൂർണ തുടങ്ങി നിരവധി ഉപകഥാപാത്രങ്ങളും ഈ നോവലിനെ കൂടുതൽ ഭംഗിയാകുന്നു.
യഥീന്ദ്രനാഥ് ബാനർജിയുടെ കൊലപാതകം നിർത്തിച്ചു എന്ന വാർത്തയോടുകൂടിയാണ് ഈ നോവൽ ആരംഭിക്കിന്നത്. പരമ്പര്യമായി തൂക്കി ക്കൊലപാതകങ്ങൾ നടത്തുന്ന ഗൃഥമാലിക്, യഥീന്ദ്രനാഥ് ബാനർജിയുടെ തൂക്കി ക്കൊലപാതകം നടത്തണമെങ്കിൽ തന്റെ മകൾക്ക് ഒരു സർക്കാർ ജോലി നൽകണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ സി എൻ.സിചാനൽ റിപ്പോർട്ടറായ സഞ്ചിവ് മിത്ര അദ്ദേഹത്തിന്റെ മകൾക്ക് ആരാച്ചാർ ജോലി മാത്രമേ നൽകാൻ സാധിക്കൂ എന്ന് പറയുകയും തന്റെ മക്കളായ ചേദന ആ ജോലി സ്വീകരിക്കുമോയെന്ന ചോദ്യത്തോടെയാണ് ഈ നോവൽ മറ്റൊരു തലത്തിലേക്ക് മാറുന്നത്. സഞ്ചിവ്മിത്രയും ചേതനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചു അതിമനോഹരമായി ഇതിൽ കഥാകാരി വിവരിക്കുന്നുണ്ട്. ഈ നോവലിന്റെ ഈ മധ്യഭാഗത്തേക്ക് കടന്ന് ചെല്ലുമ്പോൾ സഞ്ചിവ് മിത്രയോട് പ്രണയം തോന്നുന്ന ചേതനയെ നമുക്ക് കാണാൻ കഴിയും. പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണെന്നും ഇത്രയും കാലത്തിന്റെ അനുഭവത്തിൽ നിന്നു പറയാം. ഭൂമിയിൽ മരണത്തേക്കാൾ അനീശ്ചിത്വം പ്രണയത്തിന് മാത്രമേയുള്ളു "എന്നാണ് എഴുത്തുകാരി പ്രണയത്തെ നിർവചിച്ചത്. ഒരു ഘട്ടത്തിൽ ചേതന സഞ്ജീവ് മിത്രയുടെ കപട സ്നേഹം തിരിച്ചറിയുന്നുണ്ട്. ആദി പകുതിയിൽ സഞ്ചിവ് മിത്രയുടെ മുന്നിൽ നിസ്സഹായയായ ചേതനയെയും അവസാന ഭാഗത്ത് ധൈര്യശാലിയായ ചേതനയെയും കാണാൻ കഴിയുന്നുണ്ട്.
കൊൽക്കത്ത എന്ന വൻനഗരത്തെ കുറിച്ചും അവിടെ അരങ്ങേറിയ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെ കുറിച്ചും ഭംഗിയായി എഴുത്തുകാരി വിശദീകരിക്കുന്നുണ്ട് . ആരാച്ചാർ ആയ ഫാനാഭുഷൺ ഗൃതമലിക് ഒരു കൊലപാതക കേസിൽ അകപ്പെടുകയും ആരാച്ചാർ ജോലി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ മകളായ ചേതനയാണ് യാദൃച്ഛികമായി യെ ഥീന്ദർനാഥ്‌ ബാനർജീയെ തൂക്കികൊല്ലാൻ നിയോഗിക്കപ്പെടുന്നത്. ഒരാളെ തൂക്കിക്കൊല്ലണമെങ്കിൽ അയാളുടെ ഭാരം,കുരുക്കിടുന്നവിധം,എന്നിവ കൃത്യമായി അറിഞ്ഞിരിക്കണമെന്ന് ഈ നോവലിൽ കൃത്യമായി വിവരിക്കുനുണ്ട്.
മരണത്തിന്റെ തൊട്ടുമുമ്പിൽ നിൽകുമ്പോൽപോലും തന്നെ തൂക്കിക്കോലാൻ വരുന്ന ആരാച്ചാരോട് പ്രണയം തോന്നുന്ന ഗതിന്ദ്രനാഥിനെയാണ് ഈ നോവലിന്റെ അവസാന ഭാഗത്ത് കാണാൻ കഴിന്നത്. തന്റെ അനുജനെ വിവാഹം കഴിക്കാനും അന്ത്യാഭിലക്ഷമായി തനിക്കൊരു കഥ പറഞ്ഞ് തരണമെന്നും ചേതനയോട് യഥിന്ദ്രനാഥ് ആവശ്യപെടുന്ന ഭാഗമാണ് ഏറ്റവുമധികം വായനക്കാരെ സ്പർശിക്കുന്നത്.
ഒരുപാട് മാനസിക സംഘർഷങ്ങൾക്കൊടുവിൽ ചേതന ഒരു മടിയും കൂടാതെ പിഴവുകൾ സംഭവിക്കാതെ തുക്കികൊല്ലുകയും അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു വനിത ആരാച്ചാർ ആവുകയും ചെയ്യുന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ ആകർഷണം.യഥീന്ദ്രനാഥ്‌ ബാനർജീയുടെ അന്ത്യ നിമിഷങ്ങളെ പുനരാവിഷ്കരിക്കാൻ ചേതനയെ ചാനലിലേക്ക് സഞ്ജീവ് മിത്ര ക്ഷണിക്കുന്നു. അവിടെ വച്ച് നഷ്ടപ്രണയത്തിന്റെ പ്രതികാരം എന്നപോലെ ചേതന സഞ്ചിവ് മിത്രയുടെ കഴുത്തിൽ കുരുക്കിടുകയും ചെയ്യുന്നു. ഈ നിമിഷം ചേതന പറയുന്നു "ഈ ലോകം എനിക്ക് ഞാൻ തിരിച്ചുകൊടുത്തു "എന്നാണ്.19-ാം അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്."ഞാൻ ചേതന ഗൃദ്ധമാലിക് ഭാരതത്തിന്റെയും മുഴുവൻ ലോകത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകം എന്നാണ്".
ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ ഒരു യുഗത്തിന്റെ കഥകൂടിയാണ് കഥാകാരി ആരാച്ചാർ എന്ന നോവലിലൂടെ വായനക്കാർക്ക് മുമ്പിൽ ആനാവരണം ചെയ്തിരിക്കുന്നത് .

വായനക്കുറിപ്പുകൾ

കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു.

നേട്ടങ്ങൾ

കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.

ചിത്രശാല

ഗ്രന്ഥസാമ്രാജ്യം

പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . കുട്ടികൾ നേരിട്ടും ക്ലാസ്സ ധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. രണ്ട് സ്റ്റോക്ക് രജിസ്റ്ററുകളിലായി നിറഞ്ഞു കിടക്കുന്ന പതിനായിരത്തിലധികം വരുന്നർ വിവിധ പുസ്തകങ്ങളുടെ പട്ടികയാണ് ചുവടെ ചേർക്കുന്നത്. ലൈബ്രറി കാറ്റലോഗ് നിർമ്മാണത്തിന്റെ ആദ്യപടിയായിട്ടാണ് പുസ്തകങ്ങളുടെ പേരുകൾ സ്കൂൾവിക്കിയിൽ ചേർത്തത്. ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിലെ അംഗങ്ങളാണ് ഈ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.