സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.

ഓണാഘോഷം : 2021

മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന ഓർമ്മകളുമായാണല്ലോ ഓരോ ഓണവും വന്നെത്തുന്നത്. ഓണത്തെക്കുറിച്ചും , ഓണാഘോഷങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്നവണത്തെ ഡിജിറ്റൽ ഓണാഘോഷം ഒരുക്കിയത്. ഓണത്തിന്റെ ചടങ്ങുകളെ സംബന്ധിക്കുന്ന വീഡിയോ നിർമ്മാണം, കുട്ടികളുടെ വീടുകളിലൊരുക്കിയ ഓണപ്പൂക്കളം, ഓണ സദ്യ എന്നിവയുടെ ഫോട്ടോ .പഴയ കാല ഓണ അനുഭവങ്ങളെക്കുറിച്ച് മുതിർന്ന വരുമായി അഭിമുഖം നടത്തിയ വീഡിയോ . 1 പഴമയുടെ രുചിഭേദങ്ങൾ, നാട്ടുവഴികളിലൂടെ കാട്ടുപൂക്കൾ തേടി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയ വീഡിയോ നിർമ്മാണം എന്നിങ്ങനെ പുതുമയാർന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. കൂടാതെ ഓണപ്പാട്ട് മത്സരം നടത്തി വിജയിയെ കണ്ടെത്തുകയും ചെയ്തു. ഈ വീഡിയോകൾ കാണുന്നതിനായി ഈ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കാണുക. ഇവിടെ ക്ലിക്ക് ചെയ്യുക

ജൂലൈ 15 : ബഷീർ അനുസ്മരണദിനം 2021

കുട്ടികൾക്കും ,മുതിർന്നവർക്കും ഒരു പോലെ പ്രിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ എന്ന വലിയ എഴുത്തുകാരന്റെ അനുസ്മരണ ദിനം വളരെ ഭംഗിയായി നടത്താൻ സാധിച്ചു. ബഷീർ എന്ന വലിയ കലാകാരന്റെ ചിത്രരചന നടത്തി , കഥയിലെ പല സന്ദർഭങ്ങളും വരയിലൂടെ ചിത്രീകരിച്ചു.. ബഷീറിന്റെ വ്യത്യസ്ത കഥകൾ കണ്ടെത്തി ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നൽകിയിരുന്നു. പുതുമയാർന്ന രീതിയിൽ ഓരോ കൃതിയും കുട്ടികൾ രംഗത്തെത്തിച്ചു. ചില കഥാസന്ദർഭങ്ങളെ കുട്ടികൾ അഭിനയത്തിലൂടെ അവതരിപ്പിച്ചു. ചില കഥാപാത്രങ്ങളെ വേഷവിധാനങ്ങളോടെ അവതരിപ്പിച്ചു. PTA യുടെ കൂടെ സഹകരണത്തോടെ "ഭൂമിയുടെ അവകാശികൾ "എന്ന കഥ ഒരു ഷോർട്ട് ഫിലിം ആയി ചിത്രീകരിക്കുകയുണ്ടായി. ഈ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇത് എടുത്ത പറയത്തക്കതായ ഒരു പ്രവർത്തനമായിരുന്നു നമ്മുടെ കുട്ടികൾ തന്നെയാണ് ഇതിലെ കഥാപാത്രങ്ങളായി രംഗത്തെത്തിയത്.

ഫുട്ബോൾ ക്യാമ്പ് : 2021

പഠനത്തോടൊപ്പം കളികളും കായികവിനോദങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകിവരുന്നു. ഈ വിദ്യാലയത്തിലെ കായിക അധ്യാപകന്റെ നേതൃത്വത്തിൽ നവംബർ 1 ന് സ്ക്കൂൾ തുറന്നതു മുതൽ ഫുട്ബോൾ പരിശീലനം നൽകി വരുന്നു. പല മത്സരങ്ങളിലും നമ്മുടെ കുട്ടികളുടെ ടീം പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് Nov 4 ന് ആലപ്പുഴയിൽ വച്ച് SIDA ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൾ കേരള അക്കാഡമിക് ടൂർണ്ണമെന്റിൽ നമ്മുടെ വിദ്യാലയത്തിലെ ടീമുകൾ പങ്കെടുത്തിരുന്നു. Under-11 വിഭാഗത്തിൽ ഒന്നാം സ്ഥാനവും under - 13 വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മുൻ സന്തോഷ് ട്രോഫി താരം ശ്രീ ജീൻ ക്രിസ്റ്റിൻ കിക്ക് ഓഫ് നടത്തിയ ഈ മത്സരങ്ങളിൽ ശ്രീ ജീൻ ക്രിസ്റ്റിൻ, ശ്രീ ഷഹീർ എന്നിവരാണ് സമ്മാനദാനം നിർവ്വഹിച്ചത്. December - 19.-2021-ന് തൃശ്ശൂർ പുതുക്കാട് Brothers Group സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ Under - 10, Under-13 വിഭാഗത്തിലും നമ്മുടെ വിദ്യാർത്ഥികൾ Runner's up ആയി തിരഞ്ഞെടുക്കപ്പെട്ടു. Best Goal Keeper എന്ന സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ കൊച്ചു മിടുക്കൻ ആര്യാനന്ദാണ് . Retd. S I ശ്രീ അരവിന്ദാക്ഷൻ. ശ്രീ ബാബു ചിറയത്ത് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.

കേരളപ്പിറവിയും കൊയ്ത്തുപാട്ടിന്റെ താളവും

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടിട്ട് 62 വർഷം പൂർത്തിയായിരിക്കുന്നു. സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെമ്പാടും ഭാഷാദിനാചരണം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി സമൂഹം ഹൈസ്കൂളിലും കേരളപ്പിറവി ദിനം സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഈ വിദ്യാലയത്തിലെ കരനെൽകൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. കഴിഞ്ഞ ജൂലൈ നാലിന് കൃഷിഭവന്റെ നേതൃത്വത്തിൽ പള്ളിയാക്കൽ സഹകരണ സംഘത്തിൻറെ സഹായത്തോടെ "തവളക്കണ്ണൻ" എന്ന വിത്തിനമാണ് ഇവിടെ പരീക്ഷിച്ചത് .കുട്ടികളുടെ സഹായത്തോടെ അര ഏക്കറോളം സ്ഥലത്താണ് ഈ കൃഷി നടപ്പിലാക്കിയിരുന്നത്. 116 ദിവസത്തിനുശേഷം നവംബർ ഒന്നിന് വിളവെടുപ്പ് ഒരു കൊയ്ത്തുൽസവം ആയി ആഘോഷിച്ചു. കൃഷി വകുപ്പിന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും മാതൃഭൂമി സീഡ് ഇന്ത്യയുടെയും നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ ബഹുമാനപ്പെട്ട പറവൂർ മുനിസിപ്പൽ ചെയർമാൻ ശ്രീ രമേശ് ഡി കുറുപ്പാണ് നെൽക്കതിരുകൾ കൊയ്തെടുത്ത് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. തുടർന്ന് കുട്ടികളുടെ കൊയ്ത്തു സംഘം ഇത് ഏറ്റെടുത്തു. സ്കൂൾ പ്രധാന അധ്യാപിക എൻ പി വസന്തലക്ഷ്മി, സ്കൂൾ മാനേജർ ശ്രീ കെ ആർ ചന്ദ്രൻ, പിടിഎ പ്രസിഡണ്ട് എൻ എസ് അനിൽകുമാർ, കൃഷി ഓഫീസർ ബിപി മുഹമ്മദ് കോയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീ ഡെന്നി തോമസ്, സിനി ആർട്ടിസ്റ്റും പൂർവ്വ വിദ്യാർത്ഥിയും ആയ വിനോദ് കെടാമംഗലം, പിടിഎ - മദർ പി ടി എ അംഗങ്ങളും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു. നൂറുമേനി വിളവാണ് കൃഷിയിലൂടെ ലഭ്യമായത് .

സർഗ്ഗോത്സവം 2019

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സ സർഗോത്സവം ഈ വിദ്യാലയത്തിന് പേര് സംസ്ഥാന തലത്തിലേക്ക് ഉയർന്നു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഫർസാന ഷമീറാണ് സംസ്ഥാനതലത്തിൽ സർഗോത്സവത്തിൽ തന്റെ അഭിനയപാടവം തെളിയിച്ചത്. എണാകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് 2 ദിവസങ്ങളിലായിട്ടാണ് സംസ്ഥാനതല ക്യാമ്പ് നടന്നത്. വ്യത്യസ്ത മേഖലയിൽപ്പെട്ട പ്രഗൽഭരാണ് ക്ലാസുകൾ നയിച്ചത്.

വിജ്ഞാനോത്സവം - 2019

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഉപജില്ലാ തലത്തിൽ നടന്ന വിജ്ഞാനോത്സവത്തിൽ ഈ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ റെജിൻ പ്രിൻസും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഉണ്ണിയും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തിളക്കം 2018

കുട്ടികളിലെ മാതൃഭാഷയുടെ പോരായ്മ പരിഹരിച്ച് അവരെ മികവുറ്റതാക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. 8 ദിവസത്തോളം നീണ്ടുനിന്ന ഈ പദ്ധതിക്ക് യുപി / ഹൈസ്കൂൾ വിഭാഗത്തിലെ മലയാള അധ്യാപകർ നേതൃത്വം നൽകി. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പാട്ടും കഥകളും എല്ലാം ചേർന്ന വളരെ രസകരമായി നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും അതുവഴി അവരുടെ ഭാഷ നൈപുണി വർധിപ്പിക്കാനും കഴിഞ്ഞു. വായനയിൽ താൽപര്യം ജനിപ്പിക്കാനായി ഒരു കുട്ടിക്ക് ഒരു പുസ്തകമെന്ന നിലയിൽ കഥാപുസ്തകങ്ങൾ സമാപനദിവസം പ്രധാനാധ്യാപിക കുട്ടികൾക്ക് നൽകി.

കുട്ടിയുടെ പേര് കഥാപുസ്തകത്തിന്റെ പേര് രചയിതാവ്

യു എസ് എസ് സ്കോളർഷിപ്പിനുവേണ്ടിയുള്ള പഠന പരിശീലന പരിപാടി  : 2018

യുഎസ്എസ് സ്കോളർഷിപ്പിന് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പരിശീലന പരിപാടികൾ ഈ വിദ്യാലയത്തിൽ നടന്നുവരുന്നു. രാവിലെയും വൈകുന്നേരവും അധിക സമയം കണ്ടെത്തിയാണ് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

സുരീലി ഹിന്ദി

യു പി ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ദേശീയഭാഷയായ ഹിന്ദി യോട് ആഭിമുഖ്യം വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സുരേലി ഹിന്ദി കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ഭംഗിയായി നടന്നു കുട്ടികളുടെയും അധ്യാപകരുടെയും അഭിനയപാടവവും ഈ ക്ലാസ്സുകളിൽ കാണാൻ കഴിഞ്ഞു ബി പി ഓ, ഡി പി ഓ തുടങ്ങിയവർ ക്ലാസ് സന്ദർശിക്കുകയും വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

സമൂഹപത്രം - 2018

ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സമൂഹമെന്ന പത്രത്തിലെ പ്രകാശനകർമ്മം ജനുവരി ഏഴാംതീയതി പ്രമുഖ ചലച്ചിത്ര അഭിനേതാവും ഈ വിദ്യാലയത്തിലെ പിടിഎ അംഗവുമായ വിനോദ് കെടാമംഗലം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ എൻ എസ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സ്കൂൾ മാനേജർ ശ്രീ ചന്ദ്രനാണ്. ശ്രീമതി ഉഷാ രാധാകൃഷ്ണൻ, കൗൺസിലർമാരായ രാജ്കുമാർ, സുനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ചു. ഷീല മുരളീധരൻ, ഷീബ ശൈലേഷ് എന്നിവർ പത്രത്തിലെ മികച്ച രചനകൾക്കുള്ള സമ്മാനദാനം നടത്തി ശ്രീമതി കെ ആർ ശ്രീദേവി നന്ദി പ്രകാശിപ്പിച്ചു.

വിനോദയാത്ര 2018

നവംബർ മാസത്തിൽ ഈ വിദ്യാലയത്തിൽ നിന്നും ഊട്ടിയിലേക്ക് ഒരു വിനോദയാത്ര നടത്തി. 83 വിദ്യാർത്ഥികൾക്കൊപ്പം അഞ്ച് അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർത്ഥികളെ അനുഗമിച്ചു. ഊട്ടി എന്നറിയപ്പെടുന്ന ഉദകമണ്ഡലം എന്ന പേര് വിദ്യാർത്ഥികൾക്ക് പുതിയ അറിവായിരുന്നു. ഇവിടേക്കുള്ള യാത്രാമധ്യേ പാലക്കാടിന്റെ കുടിവെള്ളസ്രോതസ്സും കേരളത്തിന്റെ നെല്ലറയിലേക്കുള്ള ജലസേചനമാർഗ്ഗവുമായ മലമ്പുഴ ഡാം സന്ദർശിച്ചു. ഊട്ടിയിൽ വെച്ച് കുട്ടികൾക്ക് വിവിധ പരിപാടികളിൽ പങ്കെടുക്കാനായത് ഒരു നവ്യാനുഭവമായിരുന്നു. ബൊട്ടാണിക്കൽ പൂന്തോട്ടം, തടാകം തേയില കമ്പനി, ചോക്ലേറ്റ് ഫാക്ടറി എന്നിവിടങ്ങളിലും അവർ സന്ദർശിച്ചു. രണ്ടു ദിവസം നീണ്ട യാത്ര കുട്ടികൾ നന്നായി ആസ്വദിച്ചു.

കൃഷി 2018

കൃഷിഭവന്റെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിലെ വിശാലമായ അങ്കണത്തിൽ വിപുലമായ രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നതിനുള്ള പ്രോജക്റ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. തുടക്കമെന്ന നിലയിലും കൃഷിജീവിതത്തിന്റെ സ്മരണയ്ക്കും പഠനത്തിനുമായി അര ഏക്കർ സ്ഥലത്താണ് വിപുലമായ തോതിൽ കൃഷി നടത്തുന്നത്. അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. നിലം കൃഷിക്ക് സജ്ജമാക്കി. പള്ളിയാക്കൽ സഹകരണ സംഘവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ സംഘവുമായി സഹകരിച്ച് ഇവിടെ കരനെൽകൃഷി നടത്തിയിട്ടുണ്ട്. 50 സെന്റ് സ്ഥലത്തിൽ നെൽകൃഷിയും മറ്റ് സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജയ ഇനത്തിൽപെട്ട നെൽവിത്ത് കൃഷി ചെയ്തിട്ടുണ്ട്. നെല്ല് വിളഞ്ഞ് കൊയ്ത്തു നടത്താൻ പാകം ആയിരിക്കുന്നു. കേരളിപ്പിറവി ദിനമായ നവംബർ ഒന്നിന് വിപുലമായ രീതിയിൽ കൊയ്ത്തുൽസവം നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിലെ ഒരേക്കറോളം വരുന്ന സ്ഥലത്ത് കൃഷി ആരംഭിക്കുകയും വിദ്യാർത്ഥികൾ അവ പരിപാലിക്കുകയും ചെയ്തുവരുന്നു. പയർ, വെണ്ട, തക്കാളി, വഴുതന എന്നിങ്ങനെ വിവിധയിനം പച്ചക്കറികൾ ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ഒരുമാസത്തോളമായി അതിന്റെ വിളവെടുപ്പ് നടത്തി വരുന്നു. വിഷമയമില്ലാത്ത പച്ചക്കറി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉൾപ്പെടുത്തുന്നു. മിച്ചമുള്ളത് അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ നാട്ടുകാർക്ക് വിൽപ്പന നടത്തുന്നു.

പരിസ്ഥിതി പഠന ക്യാമ്പ് - 2018

ഈ വിദ്യാലയത്തിലെ എക്കോ ക്ലബ്ബ് അംഗങ്ങൾക്കായി വനം വകുപ്പ് സംഘടിപ്പിച്ച പരിസ്ഥിതി പഠന ക്യാമ്പ് ജനുവരി 21ന് നടന്നു. 50 വിദ്യാർത്ഥികളും 5 അധ്യാപകരും അടങ്ങുന്ന സംഘം അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങൾ സന്ദർശിച്ചു. കുട്ടികൾക്ക് പ്രകൃതിയെ അറിയാനും അവ സംരക്ഷിക്കേണ്ട ആവശ്യത്തെ കുറിച്ചുള്ള ക്ലാസ് വനംവകുപ്പ് സംഘടിപ്പിച്ചിരുന്നു. കുട്ടികൾക്ക് യാത്ര വളരെ പ്രയോജനപ്രദമായിരുന്നു.

ഈ വിദ്യാലയത്തിലെ എക്കോക്ലബ്ബ് അംഗങ്ങൾ

ക്രമനമ്പർ പേര് ക്ലാസ്സ്

ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേള : 2018

സ്കൂൾ തലം

സബ് ജില്ലാതലം 2018 - 19 അധ്യയനവർഷത്തിലെ പറവൂർ സബ് ജില്ലാതല ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേള കോട്ടുവള്ളിക്കാട് എച്ച് എം വൈ എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് നടത്തപ്പെട്ടത്. ഈ വിദ്യാലയത്തിൽ നിന്നും നാല്പതിലേറെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു.

സബ് ജില്ലാതല ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേളയിലേക്ക് ഈ വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത പ്രതിഭകൾ : അപ്പർ പ്രൈമറി വിഭാഗം പേര് ക്ലാസ്സ് മത്സരയിനം നേടിയ ഗ്രേഡ് ഹൈസ്കൂൾ വിഭാഗം പേര് ക്ലാസ്സ് മത്സരയിനം നേടിയ ഗ്രേഡ്

ജില്ലാ തല മേളയിൽ പങ്കെടുക്കാൻ അർഹത നേടിയവർ : പേര് ക്ലാസ്സ് മത്സരയിനം നേടിയ ഗ്രേഡ്


2018 - 19 അധ്യയനവർഷത്തിലെ എറണാകുളം റവന്യൂ ജില്ലാതല ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേള നടത്തപ്പെട്ടത് എന്ന സ്കൂളിൽ വച്ചാണ്. ഈ വിദ്യാലയത്തിൽ നിന്നും വിവിധ മത്സരയിനങ്ങളിലായി പങ്കെടുത്ത പ്രതിഭകൾ ഇവരാണ്. വടക്കൻ പറവൂർ സബ് ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ തല മേളയിൽ പങ്കെടുത്തവർ : പേര് ക്ലാസ്സ് മത്സരയിനം നേടിയ ഗ്രേഡ്

സംസ്ഥാന തലം


ഹൈസ്കൂൾ ഐടി മേളയിൽ വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രസന്റേഷൻ എന്നീ വിഭാഗത്തിലും പ്രവർത്തി പരിചയമേളയിൽ ചന്ദനത്തിരി നിർമ്മാണം, ബുക്ക് ബൈൻഡിംഗ്, ചോക്ക് നിർമ്മാണം, ഫ്രൂട്ട് പ്രിസർവേഷൻ, കുട നിർമ്മാണം, മരപ്പണി എന്നീ വിഭാഗത്തിൽ പങ്കെടുത്ത വിദ്യാർഥികളും ജില്ലാ തല മത്സരത്തിന് അർഹത നേടി. കൂടാതെ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. ഈ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവി സംസ്ഥാനതല ഐടി മേളയിൽ എ ഗ്രേഡ് കരസ്ഥമാക്കി. വെബ്ഡിസൈനിംഗ് മേഖലയിലാണ് ദേവി തന്നെ പ്രാവീണ്യം തെളിയിച്ചത്. തുടർച്ചയായി നാലാം വർഷമാണ് സംസ്ഥാനതല ഐടി മേളയിൽ ഈ വിദ്യാലയം തന്റെ പ്രാതിനിധ്യം ഉറപ്പിക്കുന്നത്.


2018 - 19 അധ്യയനവർഷത്തിലെ കലോത്സവം

2018 - 19 അധ്യയനവർഷത്തിലെ കായികോത്സവം

സബ്ജില്ലാതല ഫുട്ബോൾ മത്സരം പറവൂർ ബോയ്സ് ഹൈസ്കൂളിൽ വച്ച് നടത്തുകയുണ്ടായി 19 ഓളം ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തു ഈ വിദ്യാലയത്തിലെ ജൂനിയർ ബോയ്സ് ടീമിന് സെമിഫൈനലിൽ വരെ എത്താനായത് അഭിമാനാർഹമായ നേട്ടം തന്നെയാണ്

ഫുട്ബോൾ സെമിഫൈനലിൽ പങ്കെടുത്ത ഈ വിദ്യാലയത്തിലെ കായിക പ്രതിഭകൾ

അധ്യാപകദിനം : 2018

അധ്യാപകദിനം 2018

2018 സെപ്റ്റംബർ 5 :

സെപ്റ്റംബർ 5 ന് ദേശീയ അധ്യാപകദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ലീഡർ കുമാരി രാജശ്രീ സ്കൂൾ അസംബ്ലിയിൽ വച്ച് അധ്യാപകരുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ എല്ലാ അദ്ധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. ഭാവിയിൽ അധ്യാപകർ ആകണമെന്ന് ആഗ്രഹമുള്ള വിദ്യാർത്ഥികൾ എല്ലാ ക്ലാസ്സുകളിലും സമഗ്ര ഉപയോഗിച്ച് കുറച്ച് നേരം ക്ലാസ്സുകൾ കൈകാര്യം ചെയ്തു.


പ്രളയ ദുരിതാശ്വാസ ക്യാമ്പ് :

പ്രളയദുരിതാശ്വാസം 2018

2018 സെപ്റ്റംബർ 5 : കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് പറവൂർ നിവാസികൾ. നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി. ഇതിനിടയിലും നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തില്ല എന്നത് ആശ്വാസകരമാണ്. നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. 360 ഓളം കുടുംബങ്ങൾക്ക് താമസിക്കാനും അവർക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു. പറവൂരിലെ സമീപപ്രദേശങ്ങളിൽ മുന്നൂറോളം വീടുകളിൽ വസ്ത്രങ്ങൾ, പാത്രങ്ങൾ, പുതപ്പ് തുടങ്ങിയ അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് വീടുകളിലെത്തി നേരിട്ട് നൽകാനായി.

പ്രളയ ദുരിതം നേരിട്ടനുഭവിച്ച ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ടതായ വസ്ത്രങ്ങൾ, പാദരക്ഷകൾ, പുസ്തകങ്ങൾ, സഞ്ചി, പഠനോപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സന്മനസ്സുകളുടെ സഹായസഹകരണത്തോടെ നൽകി.


സ്വാതന്ത്ര്യ ദിനം : 2018

സ്വാതന്ത്ര്യദിനം 2018

2018 ആഗസ്റ്റ് 15 :

രാവിലെ 7.30ന് സ്കൂൾ മാനേജർ കെ ആർ ചന്ദ്രൻ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളും ഏകദേശം ഇരുനൂറോളം വിദ്യാർത്ഥികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് എൻ എസ് അനിൽകുമാർ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഈ വർഷത്തെ പേമാരിയും പ്രളയവും മൂലം ഘോഷയാത്രയോ മറ്റ് ആഘോഷ പരിപാടികളോ നടത്തേണ്ടതില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ കച്ചേരി മൈതാനത്തേക്ക് നടത്താനിരുന്ന ഘോഷയാത്ര നടത്തിയില്ല.



വായനാ വാരാചരണം

25070_വായന2018

ഈ വർഷത്തെ വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും തമ്മിൽ വിദ്യാലയത്തിൽ വച്ച് സംവാദം നടന്നു. ഇതിൽ വായനയുടെ മഹത്വത്തെക്കുറിച്ച് ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിദ്യാർത്ഥകൾക്ക് അറിവുകൾ പകർന്നു നൽകി. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയുമായ വിനോദ് കെടാമംഗലം, സ്കൂൾ മാനേജർ ശ്രീ ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.


കരനെൽകൃഷി

കരനെൽകൃഷി2018_25070

2018 ജൂലൈ 4 :

ഈ വിദ്യാലയത്തിൽ കൃഷി ഭവന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും സഹായത്തോടെ ആരംഭിച്ച കരനെൽകൃഷിയുടെ വിത്ത് വിതക്കൽ പറവൂർ നഗരസഭാ ഉപാധ്യക്ഷ ജെസ്സി രാജു നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നെൽകൃഷിയെ നേരിട്ടറിയാൻ ഒരേക്കറോളം സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എൻ എസ് അനിൽകുമാർ, മാനേജർ കെ ആർ ചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥിയും നടനുമായ വിനോദ് കെടാമംഗലം, പ്രധാനാദ്ധ്യാപിക എൻ പി വസന്തലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.


ഹരിത ജീവനം

വിശാലമായ മൈതാനമുള്ള ഈ വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷിക്കുള്ള സാധ്യതകൾ മുന്നിൽ കണ്ട്, കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്ത് സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടി അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു. ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ ശേഖരിച്ചതിന് ശേഷം ബാക്കിയുള്ളവ വിപണനം ചെയ്ത് മറ്റ് ക്ലബ് പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തി വരുന്നു.

കനിവ്

അവശതയനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ട് ഈ വിദ്യാലയത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബ് അംഗങ്ങൾ അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ പറവൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു.

ഊർജ്ജ സംരക്ഷണം

ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു.


നേർക്കാഴ്ച