എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സാമൂഹിക ശാസ്ത്ര ക്ലബ്
വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവി നോടൊപ്പം അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും, സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവു കൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രായോഗികമാക്കുക, തൻറെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ അയൽസഭാ സന്ദർശനം, മോക്ക്പാർലമെൻറ്, സ്ക്കുൾ പാർലമെൻറ് തിരഞ്ഞെടുപ്പ്, ഗ്രാമസഭാ സന്ദർശനം, വിവിധ സർവ്വേകൾ എന്നിവയിലൂടെ ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു. കുട്ടികളിൽ ചരിത്രാവബോധം സൃഷ്‌ടിക്കുന്നതിന് സൗരയൂഥം എന്ന ചരിത്ര പ്രദർശനം ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
മന്ത്രിയുമായി കൂടിക്കാഴ്ച
2019ൽ കായംകുളം എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബഹു.സി. രവീന്ദ്രനാഥിന്റെ ഓഫിസ് സന്ദർശിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
*ചരിത്രം വെറും കഥയല്ല ചരിത്രമാണ്*
കായംകുളം NRPMHS ലെ സാമൂഹ്യശാസ്ത്ര വിഭാഗം സ്കൂൾ പ്രവർത്തനത്തിൻ്റെ ആദ്യ കാലം മുതൽ തന്നെ വിദ്യാർത്ഥികളെ കൈപിടിച്ച് കൂടെ നടത്തിയിരുന്നു . സാമൂഹ്യശാസ്ത്രം (അക്കാലത്തെ സാമൂഹ്യപാഠം ) ക്ലാസ്സിൽ വെറുതേ കേട്ടിരിക്കേണ്ടതല്ലെന്നും അറിഞ്ഞ് പഠിക്കേണ്ടതാണെന്നും വിശ്വസിച്ചിരുന്നവരായിരുന്നു ഇവിടത്തെ ആദ്യകാലം മുതൽ തന്നെ ഉള്ള അധ്യാപകർ - പിന്നാലെ വന്നു ചേർന്ന പുത്തൻ തലമുറയേയും ഇത്തരത്തിൽ പരിശീലിപ്പിച്ചതും അവരായിരുന്നു ഇന്നത്തെ തലമുറഅനുവർത്തിച്ചു വരുന്നതും നിരീക്ഷിച്ചും അനുഭവവേദ്യമാക്കിയും നേരിട്ടു കണ്ടും പഠിക്കുക എന്ന രീതി തന്നെയാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സാമൂഹ്യ ശാസ്ത്ര വിഭാഗം കഴിഞ്ഞ അനേകം വർഷങ്ങളായി നടപ്പാക്കി ക്കൊണ്ടിരിക്കുന്നതും ഇപ്പോഴും തുടരുന്നതുമായ കുറച്ച് പ്രവർത്തനങ്ങൾ താഴെ നൽകുന്നു. എല്ലാ പ്രവർത്തനങ്ങളും പരാമർശിക്കപ്പെടേണ്ടവ ആണെങ്കിലും വിസ്താരഭയത്താൽ ഏറ്റവും എടുത്തു പറയേണ്ടവ മാത്രം കുറിച്ചു പോകുന്നു….
* *ചരിത്ര സ്മാരകങ്ങൾ തേടി * *
ചരിത്ര പഠനം പലപ്പോഴും വിരസമാകുന്നത് വെറും പാഠപുസ്തക പഠനം മാത്രം നടക്കുന്നത് കൊണ്ടാണെന്ന തിരിച്ചറിവാണ് സ്മാരകങ്ങൾ കണ്ട് കുട്ടികൾ പഠിക്കട്ടെ എന്ന ചിന്തക്ക് ആധാരമായത്. സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ മാത്രം അനേകം യാത്രകൾ സംഘടിപ്പിക്കപ്പെട്ടു.കേരളത്തിലെ വൈദേശിക ആധിപത്യത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന കൊച്ചിയും വയനാടും,മട്ടാഞ്ചേരിയും തക്കലയും ഒക്കെ പോലെ പ്രാദേശിക ചരിത്രത്താളുകളിലെ ജീവിക്കുന്ന ഓർമ്മയായ പുന്നപ്രയും വയലാറും കരുമാടിയുമൊക്കെ ഞങ്ങളുടെ യാത്രകളിൽ ഇടം പിടിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ജൂതദേവാലയവും ചുറ്റും വസിക്കുന്ന ജൂത ജനതയും, പൊളിഞ്ഞു വീഴാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ള ശ്മശാനവും പറഞ്ഞു നൽകിയ ഇന്ത്യാ -ഇസ്രായേൽ ചരിത്ര ബന്ധം ഏത് ചരിത്ര പുസ്തകത്തിനാണ് നൽകാനാകുക! യാത്രയ്ക്കിടെ കണ്ടു തീർന്ന ഇടപ്പള്ളിയിലെ കേരള ചരിത്ര മ്യൂസിയം ഒരു കാലഘട്ടത്തിന്റെ മുഴുവൻ ചരിത്രവും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ നമ്മുടെ കുട്ടികൾക്ക് നൽകിയ ചരിത്ര ബോധം എത്ര വലുതായിരുന്നു.! പാവ മ്യൂസിയം ഫോർട്ട് കൊച്ചിയിലെ വാസ്കോഡഗാമ അടക്കം ചെയ്യപ്പെട്ട ദേവാലയവും വിക്ടറിമോണമെന്റും കുട്ടികൾക്ക് കാട്ടി നൽകിയത് സാമൂഹ്യശാസ്ത്ര ക്ലബ് ആയിരുന്നു. ടിപ്പു സുൽത്താന്റെ വേട്ടയാടലിൽ പെട്ട് ചുരുങ്ങിപ്പോയ കൊച്ചി രാജവംശത്തിന്റെ അടിസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കൊട്ടാരം കുട്ടികളിൽ വലിയ കൗതുകം തന്നെയാണ് സൃഷ്ടിച്ചത്.കൊട്ടാരത്തിന്റെ ഏറ്റവും വലിയ ആകർഷണം തീർച്ചയായും ആഭരണങ്ങളും മറ്റ് പുരാവസ്തുക്കളും നിറഞ്ഞിരിക്കുന്ന പ്രത്യേക മ്യൂസിയം തന്നെയാണ്.ശബരിഗിരി പദ്ധതിയിൽ നിന്ന് വൈദ്യുതി പ്രത്യേകമായി കൊണ്ടു വന്ന് പ്രവർത്തിപ്പിച്ചിരുന്ന ലിഫ്റ്റ്, പഴയ കുതിരവണ്ടികൾ, ആയുധങ്ങൾ, വിവിധ യുദ്ധോപകരണങ്ങൾ, മണ്ഡപങ്ങൾ എന്നിവ നൽകിയ ചരിത്ര പാഠങ്ങൾ വളരെ വലുതായിരുന്നു.തിരുവനന്തപുരം CESS ലേക്കും VSSC യിലേക്കും നടത്തിയ യാത്ര തീർച്ചയായും കുട്ടികളിലെ ബഹിരാകാശ ചിന്തകളേയും ഭൗമശാസ്ത്രചിന്തകളേയും പരിപോഷിപ്പിച്ചിരുന്നു. പാഠപുസ്തകളിൽ GPS, GISവരും മുൻപ് തന്നെ നമ്മുടെ കുട്ടികൾ അവയെ പരിചയപ്പെട്ടിരുന്നു എന്ന് അറിയണം . പരിസ്ഥിതിയും ഭൂമിയുടെ ഉള്ളറയും കുട്ടിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. വലിയ യാത്രകൾ ചിലവേറിയവയാണ് എന്നും സാമ്പത്തികം കണ്ടെത്താൻ കഴിയാത്തവരും ഉണ്ടെന്ന അറിവിൽ നിന്നാണ് കൃഷ്ണപുരം കൊട്ടാരം CPCRI കരുമാടിക്കുട്ടൻ, പുന്നപ്ര വയലാർ സ്മാരകങ്ങൾ ആലപ്പുഴയുടെ തുറമുഖചരിത്രത്തെ പറഞ്ഞു തരുന്ന ബീച്ച് എന്നിവിടങ്ങളിലേക്ക് തുടർ യാത്രകൾ നടത്താൻ ഉള്ള തീരുമാനത്തിനു പിന്നിൽ. കേരളത്തിലെ ബുദ്ധമത സ്വാധീനവും, രാജാ കേശവദാസന്റെ ദീർഘവീക്ഷണവും സർ CP യുടെ ക്രൂരതയും തൊഴിലാളി വർഗ്ഗത്തിന്റെ ധീരതയും പറഞ്ഞു കൊടുത്തു എന്നതിലുപരി അനുഭവമാക്കി എന്നു പറയുന്നതാകും ശരി. സമുദ്രയാത്ര ഒരു വേറിട്ട അനുഭവവും പഠനവും ആകും എന്ന ചിന്തയിൽ നിന്നാണ് സാഗരറാണിയിൽ ഒരു കടൽയാത്ര എന്ന ആശയം പിറക്കാൻ കാരണം. കടലിനെ അറിഞ്ഞ് പുറംകടൽ വരെ നമ്മുടെ കുട്ടികൾ യാത്ര ചെയ്തു.കടലിന്റെ വശീകരിക്കുന്ന സൗന്ദര്യമാണോ അതോ ഭയപ്പെടുത്തുന്ന ശൂന്യതയാണോ അവരെ ആർഷിച്ചത് !!! യാത്രകൾ പഠനങ്ങൾ തന്നെയാണ് - നേരിട്ടുള്ള പഠനങ്ങൾ - പുസ്തകത്താളുകൾ അപ്രസക്തമാകുന്നത് അവിടെയാണ്. ''ഞങ്ങളുടെ യാത്രകൾക്ക് അനുവാദം നൽകിയ നാളിതുവരെയുള്ള സ്കൂൾ മേലധികാരികൾ, സഹകരിച്ച അദ്ധ്യാപക സുഹൃത്തുക്കൾ, ഞങ്ങളോടൊപ്പം പഠിച്ചും പറഞ്ഞും ചേർന്നും നടന്ന പ്രിയ വിദ്യാർത്ഥികൾ എല്ലാവരോടും നന്ദി പറയുന്നു. ഔപചാരികതയ്ക്കു മാത്രം.