എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

സാംസ്ക്കാരിക ചരിത്രം

കൂത്താട്ടുകുളത്തിന് തിളക്കമാര്‍ന്ന ഒരു സാംസ്ക്കാരിക പാരമ്പര്യമുണ്ട്. കൂത്താട്ടുകുളം എന്ന പേരുതന്നെ ഇവിടുത്തെ സാംസ്ക്കാരിക പൈതൃകം വിളിച്ചറിയിക്കുന്നതാണ്. സ്ഥലപുരാണം എന്തുതന്നെയാണെങ്കിലും ഈ നാട് കൂത്തിന്റേയും ആട്ടത്തിന്റേയും കളമായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ പുലര്‍ത്തുന്നു. വിവാഹം, മരണം എന്നീ അവസരങ്ങളില്‍ ഹരിജനങ്ങളുടെ പാട്ടും കരച്ചിലും ഒരു ചടങ്ങായി നിലനിന്നിരുന്നു. നാടന്‍ കലകളില്‍ പ്രഗത്ഭരായിരുന്നു. ത്രേതായുഗത്തില്‍ സ്വയംഭൂവായ ശൈവചൈതന്യമാണ് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിലുള്ളതെന്ന് ക്ഷേത്രസംബന്ധമായ രേഖകളില്‍ കാണുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തില്‍പ്പെട്ടിട്ടുള്ള ഈ ദേവാലയത്തിലെ ദാരുശില്പങ്ങളും മറ്റു സവിശേഷതകളും ആകര്‍ഷണീയങ്ങളും പഠനാര്‍ഹങ്ങളുമാണ്. ഇവിടെ രാമായണം കഥ തടിയില്‍ കൊത്തിവച്ചിട്ടുണ്ട്. മുമ്പ് എട്ട് ദിവസക്കാലം നീണ്ടുനിന്നിരുന്ന ഉത്സവം നടന്നിരുന്നു. 500 വര്‍ഷം പഴക്കമുള്ളതായി വിശ്വസിക്കുന്ന അര്‍ജ്ജുനന്‍മല ശിവക്ഷേത്രത്തിലെ പൂജാരികള്‍ ഗിരിജന സമുദായക്കാരാണ്. ആദ്യകാലത്ത് ക്ഷേത്രഭരണം നടത്തിയിരുന്നവര്‍ എട്ടുമുട്ടന്മാര്‍ എന്നറിയപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ തന്നെ എട്ട് ആണ്‍മക്കളെയാണ് ഈ പേരില്‍ വിളിച്ചിരുന്നത്. ഇവര്‍ വെയില്‍ കായാന്‍ ഇരുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന എട്ട് കല്ലുകള്‍ ഇന്നും ക്ഷേത്രപരിസരത്ത് കാണുവാന്‍ കഴിയും. ക്ഷേത്രത്തിനടുത്തുള്ള ചന്ദനക്കുളം പ്രസിദ്ധമാണ്. 150 വര്‍ഷം മുമ്പ് പുതുക്കിപ്പണിത ക്ഷേത്രത്തില്‍ ദേവപ്രീതിക്കായി കോലടികളി, പാളകൊട്ടിപ്പാട്ട് എന്നിവ ഇന്നും നടത്തപ്പെടുന്നു.പത്താം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ മലബാര്‍ വടകരയില്‍ നിന്നും യോഹന്നാന്‍ മുദാസയുടെ ചിത്രവുമായി കുറവിലങ്ങാട്ട് പള്ളിയിലേക്ക് യാത്ര തിരിച്ച ഒരു കൂട്ടം സിദ്ധന്മാര്‍ പെറ്റക്കുളം കരയില്‍ വിശ്രമിച്ചു. അന്നവരുടെ കൈവശമുണ്ടായിരുന്ന ചിത്രം സ്ഥാപിച്ച് പ്രാര്‍ത്ഥന നടത്തിയ സ്ഥലത്തിന് പിന്നീട് വടകര എന്ന പേര് ലഭിച്ചു. ഇന്നവിടെ രണ്ട് പള്ളികളുണ്ട്. 1775-ല്‍ പഴയകൂറ്റുകാര്‍ സ്ഥാപിച്ച ചെറിയ പള്ളിയുടെ സ്ഥാനത്ത് പേര്‍ഷ്യന്‍ വാസ്തുശില്പ മാതൃകയില്‍ പണിതിട്ടുള്ള മനോഹരമായ ഒരു ദേവാലയം തന്നെ ഉയര്‍ന്നിരിക്കുന്നു. ഉത്തരവാദ ഭരണപ്രക്ഷോഭകാലത്ത് കൊല്ലം കസ്ബ പോലീസ് സ്റ്റേഷനില്‍വച്ച് കൊല്ലപ്പെട്ട തമിഴ്നാട്ടുകാരനായ ശിവരാജപാണ്ഡ്യന്റെ ഓര്‍മ്മക്കായി കൂത്താട്ടുകുളത്ത് സ്ഥാപിച്ച ശിവരാജപാണ്ഡ്യന്‍ മെമ്മോറിയല്‍ വായനശാല യാണ് ഇന്നത്തെ സി.ജെ.സ്മാരക പഞ്ചായത്ത് ലൈബ്രറിയായി മാറിയത്. ഈ ലൈബ്രറി ഈടുറ്റ അനവധി ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഗ്രന്ഥശാലയാണ്. കൂത്താട്ടുകുളത്തിന് അഭിമാനിക്കത്തക്ക ഒരു കായിക ചരിത്രമുണ്ട്. 1966 മുതല്‍ 69 വരെ ചാക്കപ്പന്‍ മെമ്മോറിയല്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഇവിടെ സംഘടിപ്പിച്ചു. കോരപ്പന്‍ ട്രോഫി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, കൈമ ട്രോഫി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, സ്പാര്‍ട്ടന്‍സ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഇവയെല്ലാം ഈ നാടിനെ മധ്യകേരളത്തിലെ ശ്രദ്ധാകേന്ദ്രമാക്കിത്തീര്‍ത്തു. ഫുട്ബോളിന്റെ രംഗത്ത് ഏറെ സംഭാവനകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ള ക്ളബ്ബാണ് സ്പാര്‍ട്ടന്‍സ് കൂത്താട്ടുകുളം. കരാട്ടേ പരിശീലന രംഗത്ത് ഈ നാടിന് ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. ബ്ളാക്ക് ബെല്‍റ്റ് നേടിയ ധാരാളം ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. നവോത്ഥാനപരമ്പരയില്‍ കൂത്താട്ടുകുളം കൊച്ചുനാരായണനാശാന്‍, ഇന്ദിര-സുശീല സഹോദരിമാര്‍, ലീലാബിന്ദു സഹോദരിമാര്‍ സംഗീത നാടകരംഗങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ളവരാണ്. മണ്‍മറഞ്ഞ കലാകാരന്മാരായ സി.എം.ഏബ്രഹാം, കെ.ജെ.ഏബ്രഹാം എന്നിവരും ശ്രദ്ധേയരായിരുന്നു.