എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം
ഞങ്ങളുടെ സ്ക്കൂൾ സ്ഥിതിചെയ്യുന്ന കൂത്താട്ടുകുളം പ്രദേശത്തെ ചരിത്രസ്മാരകങ്ങൾ, ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തികൾ, ഐതീഹ്യങ്ങൾ, സ്ഥലനാമങ്ങൾ, ആചാരങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുങ്ങിയവയാണ് ഈ നാടോടി വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. 2008 ൽ ആരംഭിച്ച പ്രദേശിക ചരിത്രരചനാശ്രമങ്ങളുടെ ഭാഗമായി ശേഖരിച്ച വസ്തുതകളും ചിത്രങ്ങളുമാണ് ഇവിടെ ചേർത്തിട്ടുള്ളത്. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിലെ ചരിത്ര രേഖകളും വിഭവ രേഖകളും ഞങ്ങൾക്ക് സഹായകമായിട്ടുണ്ട്. നമ്മുടെ സ്ക്കൂളിലെ അദ്ധ്യാപകരുട നേതൃത്വത്തിൽ സി.ജെ. സ്മാരകസമിതി 2000 ൽ പ്രസിദ്ധീകരിച്ച സ്മരണികയിലെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങളും നാടോടി വിജ്ഞാനകോശം തയ്യാറാക്കുന്നതിൽ സഹായകമായിട്ടുണ്ട്. ഈ സ്മരണികയിലെ ലേഖനങ്ങൾ പിന്നീട് പലരൂപത്തിലും പലരും സൈബർ ലോകത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് വിഭവഭൂപടം തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ശ്രീ പ്രകാശ് ജോർജ് കുര്യൻ (യു.പി.എസ്,എ., ഹൈസ്ക്കൂൾ, കൂത്താട്ടുകുളം) ആണ് ഈ നാടോടി വിജ്ഞാനകോശം തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത്
നാടോടി വിജ്ഞാനകോശം
അഞ്ചലാഫീസ്
ഇപ്പോൾ പോസ്റ്റോഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു അഞ്ചലാഫീസ്. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും കത്തുകളയയ്ക്കാൻ അഞ്ചൽ സമ്പ്രദായവും , ഇവിടന്ന് വെളിയിലേക്കുള്ള കത്തിടപാടുകൾക്ക് തപാൽ സമ്പ്രദായവുമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. കൂത്താട്ടുകുളത്ത് അക്കാലത്ത് അഞ്ചലാഫീസിനു പുറമേ തപാലാഫീസും പ്രവർത്തിച്ചിരുന്നു. മാർക്കറ്റ് റോഡിലുള്ള ഒരു പഴയ ഇരുനിലക്കെട്ടിടത്തിലായിരുന്നു തപാലാഫീസ് പ്രവർത്തിച്ചിരുന്നത്. 1951-ൽ തിരു-കൊച്ചിയിലെ അഞ്ചൽ സമ്പ്രദായം അഖിലേന്ത്യ തപാൽ വകുപ്പിൽ ലയിക്കുന്നതുവരെ രണ്ട് ആഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ അഞ്ചൽ നിലവിലിരുന്ന കാലത്തെ ഒരു അഞ്ചൽപ്പെട്ടി ഇന്നും കൂത്താട്ടുകുളം പോസ്റ്റ് ഓഫീസിനുമുമ്പിൽ നിലനിൽക്കുന്നുണ്ട്. കത്തുകൾ ശേഖരിക്കുന്നതിന് ഈ അഞ്ചൽപ്പെട്ടി ഉപയോഗിക്കുന്നുമുണ്ട്. കൂത്താട്ടുകുളം പിറവം റോഡിൽ അഞ്ചൽപ്പെട്ടി എന്നു പേരുള്ള ഒരു ജംങ്ഷനും ഉണ്ട്. കൂത്താട്ടുകുളം കഴിഞ്ഞാൽ അടുത്ത അഞ്ചൽപ്പെട്ടി സ്ഥാപിച്ചിരുന്ന സഥലമായിരുന്നു ഇത്.
അത്താണി
പുരാതനകാലത്തെ വ്യാപാരമാർഗ്ഗങ്ങളായിരുന്ന നാട്ട് വഴികളുടെ സംഗമസ്ഥാനമായിരുന്നു കൂത്താട്ടുകുളം. പാണ്ടിനാട്ടിൽനിന്നും കാരിക്കോട്, ചുങ്കം, നെടിയശാല, മാറിക വഴി പടിഞ്ഞാറൻ തീരത്തേക്കും, മുവാറ്റുപുഴ യിൽ നിന്ന് ആരക്കുഴ, പാലക്കുഴ, വെളിയന്നൂർ, ഉഴവൂർ, കിടങ്ങൂർ വഴി തെക്കോട്ടും , വാണിഭശ്ശേരി, തിരുമാറാടി , കാക്കൂർ, ഓണക്കൂർ വഴി പിറവം പുഴക്കടവിലേക്കും ഉണ്ടായിരുന്ന പ്രധാനനാട്ടുവഴികൾ കടന്ന് പോയിരുന്നത് കൂത്താട്ടുകുളം കൂടിയായിരുന്നു. പാണ്ടിയിൽനിന്ന് കഴുതപ്പുറത്തായിരുന്നു ഈ വഴികളിലൂടെ ചരക്കുകൾ കൊണ്ടുവന്നിരുന്നത്. തലച്ചുമടായി കൊണ്ടുവരുന്ന ചരക്കുകൾ ഇറക്കിവച്ച് വിശ്രമിക്കാൻ ചുമട് താങ്ങികളും, അവ വിറ്റഴിക്കാൻ പല സ്ഥലങ്ങളിലും അങ്ങാടികളുമുണ്ടായിരുന്നു. കൂത്താട്ടുകുളത്തിന് ചുറ്റുപാടുമുള്ള പല വഴിയോരങ്ങളിലും തകർന്നടിഞ്ഞ നിലയിലുള്ള ധാരാളം ചുമടുതാങ്ങികൾ കാണാം. അവ നിന്നിരുന്ന സ്ഥലങ്ങൾ അത്താണി, അത്താണിയ്ക്കൽ എന്നീ പേരുകളിലാണ് ഇന്നറിയപ്പെടുന്നത്.
അനുരഞ്ജനം
കൂത്താട്ടുകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന പത്രം. ദേശസേവിനി പ്രസ്സ് ഉടമ വി. കെ. മാധവന്റെ മുഖ്യപത്രാധിപത്യത്തിൽ പ്രസിദ്ധീകിച്ചിരുന്ന പ്രാദേശിക പത്രമായിരുന്നു അനുരഞ്ജനം. ഏകദേശം 30 വർഷം ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നു.
അർജ്ജുനൻമല
കൂത്താട്ടുകുളം പട്ടണത്തോട് അടുത്ത് അർജ്ജുനൻമല എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്. ഈ മലയുമായി ബന്ധപ്പെട്ടതാണ് കൂത്താട്ടുകുളത്തിന്റെ സ്ഥലനാമചരിത്രം പ്രചാരത്തിലുള്ളത്. തറനിരപ്പിൽ നിന്നും ഏകദേശം അഞ്ഞുറ് മീറ്റർ ഉയരമുള്ള ഒരു കുന്നാണ് അർജ്ജുനൻമല. ഉള്ളാട സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളിൽ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്. മധ്യമപാണ്ഡവനായ അർജ്ജുനൻ പാശുപതാസ്ത്രം നേടുന്നതിനായി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് വിശ്വസിച്ചുപോരുന്നത്. അർജ്ജുനൻ തപസ്സിരുന്ന സ്ഥലമായതിനാലാണത്രേ അർജ്ജുനൻമല എന്ന പേരുവന്നത്.
അർജ്ജുനൻമല ശിവക്ഷേത്രം
കൂത്താട്ടുകുളത്തെ അർജ്ജുനൻമല ശിവക്ഷേത്രം ആദിമ നിവാസികളായ ഉള്ളാരുടെതാണ്. ഗിരിജന വിഭാഗത്തിൽ പെട്ടവരാണ് ഇവിടത്തെ പൂജാരികൾ. ആദ്യകാലത്ത് ഈ ക്ഷേത്രഭരണം നടത്തിയിരുന്നവർ ‘ എട്ടുമുട്ടൻമാർ ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
ആനുകാലികങ്ങൾ
കൂത്താട്ടുകുളത്തുനിന്ന് ശ്രദ്ധേയമായ ഏതാനും ആനുകാലികങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ എടുത്തുപറയേണ്ട മികവുറ്റ ഒരു സാഹിത്യമാസികയായിരുന്നു ‘ ലാവ’ 1970 കളുടെ തുടക്കത്തിൽ മലയാളത്തിലുണ്ടായ ബദൽ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തിൽ ഒന്നായിരുന്നു ഇത്. ‘ ലാവ’ യുടെ പത്രാധിപർ കെ.എം.രാജുവായിരുന്നു. ഇതിനു പുറമെ ‘അഷ്ടപദി’ ,‘കാമന’,‘കനക’,‘ഭാരതപ്പുഴ’,‘ഭാവന’,‘രാജ്യകാര്യം’ തുടങ്ങിയ മാസികകളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.കൂത്താട്ടുകുളത്തെ ദേശസേവിനി പ്രസ്സിൽ നിന്ന് ‘അഷ്ടപദി’ പ്രസിദ്ധീകരിച്ചിരുന്നത്. ‘ അഷ്ടപദി’ ക്കു പുറമെ ‘ അനുരജ്ഞനം’ എന്ന സായാഹ്ന പത്രവും പ്രസിദ്ധീകരിച്ചിരുന്നു.ഇന്നത്തേതു പോലെ അച്ചടിയുടെ സാങ്കേതികസൌകര്യങ്ങൾ ഇല്ലാതിരുന്നകാലത്ത് ലറ്റർ പ്രസ്സിലാണ് ‘ അനുരഞ്ജനം’ അച്ചടിച്ചിരുന്നത്. രണ്ടിന്റേയും പത്രാധിപർ പ്രസ്സുടമയായ വി.കെ.മാധവനായിരുന്നു.യുവ സാഹിത്യകാരനായിരുന്ന സതീഷ് ചേലാട്ടായിരുന്നു കാമനയുടെ പത്രാധിപർ.
ആമ്പക്കാട്ട് കർത്താക്കൾ
വടക്കുംകൂർ രാജവംശത്തിന്റെ പ്രതിനിധികളായി കൂത്താട്ടുകുളത്തിന്റെ ഭരണം നിർവഹിച്ചിരുന്നത് ആമ്പക്കാട്ട് കർത്താക്കളായിരുന്നു. കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന് തെക്ക് ഭാഗത്ത്, വിശാലമായ നെൽവയലിന്റെ കരയിലായിരുന്നു ആമ്പക്കാട്ട് കർത്താക്കൾ താമസിച്ചിരുന്നത്. അവിടന്ന് അരകിലൊമീറ്റർ പടിഞ്ഞാറ് മാറി ഇന്ന് ശിർദ്ദിസായി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ആമ്പക്കാട്ട് കർത്താക്കളുടെ കളരി. ആ സ്ഥലത്തുനിന്ന് ധാരാളം ആയുധങ്ങളും വിഗ്രഹങ്ങളും മറ്റും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഭരദേവതയായിരുന്നു ഓണംകുന്ന് ഭഗവതി. തന്റെ അധികാര അതിർത്തിയിൽ കുറ്റം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷകൾ നല്കിയിരുന്ന കർത്താക്കൾ വധശിക്ഷ നടപ്പാക്കിയിരുന്നത് കഴുവേറ്റിയായിരുന്നു. കൂത്താട്ടുകുളത്തുനിന്ന് കോഴിപ്പിള്ളിക്കുള്ള വഴിയിൽ ചാരഞ്ചിറ ഭാഗത്തുകൂടി അന്നുണ്ടായിരുന്ന നടപ്പ് വഴിയുടെ സമീപത്തായിരുന്നു കുറ്റവാളികളെ കഴുവേറ്റിയിരുന്നത്. അന്ന് കഴുമരമായി ഉപയോഗിച്ചിരുന്ന രണ്ട് ഇലവു മരങ്ങൾ ഏതാനും കൊല്ലം മുൻപ് വരെ അവിടെ നിലനിന്നിരുന്നു.
ആഴ്ചചന്ത
കൂത്താട്ടുകുളത്ത് ആദ്യകാലത്തുണ്ടായിരുന്ന അങ്ങാടിയുടെ സ്ഥാനത്താണ് ആഴ്ചചന്ത തുടങ്ങിയത്. ദിവാൻ പേഷ്കാർ നേരിട്ടെത്തിയാണ് ഇവിടെ ആഴ്ച ചന്ത തുടങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് അനേഷണം നടത്തിയത്. പരിശോധനക്കെത്തിയ അദ്ദേഹത്തെ അങ്ങാടിയുടെ വലിപ്പം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നാട്ടുകാർ ഏതാനും നെടുമ്പുരകൾകൂടി അവിടെ കൂടുതലായി കെട്ടിയുണ്ടാക്കിയിരുന്നു.അതെല്ലാം നേരത്തെതന്നെ അവിടെ ഉണ്ടായിരുന്നതായി തോന്നാൻ ഓല മേഞ്ഞ പഴയകെട്ടിടങ്ങൾ പൊളിച്ചുകൊണ്ടുവന്നാണ് അവിടെ സ്ഥാപിച്ചത്. തുരുത്തേൽ ഉതുപ്പ് തന്റെ വീട്ടിലെ തൊഴുത്തും ആട്ടിൻ കൂടും പൊളിച്ചുകൊണ്ടുവന്ന് അങ്ങാടിയിൽ സ്ഥാപിക്കുകയുണ്ടായി. അതിനുള്ളിൽ വിൽപ്പനക്കുള്ള കാർഷികോല്പന്നങ്ങൾ കൊണ്ടു വന്നു കൂട്ടി. ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെയും ചന്തയിൽ കൊണ്ടുവന്ന് കെട്ടി. ഇതെല്ലാം കണ്ട് തൃപ്തനായ ദിവാൻ പേഷ്ക്കാർ കൂത്താട്ടുകുളത്ത് ആഴ്ചചന്ത തുടങ്ങാൻ സർക്കാരിന് റിപ്പോർട്ടുനൽകുകയും ചെയ്തു. 1865-നോട് അടുത്ത്. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച ഈ ആഴ്ചചന്ത രാമവർമ്മപുരം മാർക്കറ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ സെൻട്രൽ ജംഗ്ഷന് സമീപം പോലീസ് സ്റ്റേഷന്റെ തെക്ക് ഭാഗത്തായിരുന്നു മാർക്കറ്റ് ആദ്യം തുടങ്ങിയത്. അവിടെ രാമവർമപുരം മാർക്കറ്റ് എന്നെഴുതിയ തിരുവിതാംകൂറിന്റെ മുദ്രയുള്ള വലിയ ശിലാഫലകം സ്ഥാപിച്ചിരുന്നു. കാലക്രമേണ മാർക്കറ്റ് വികസിച്ചപ്പോൾ കൂടുതൽ സൌകര്യത്തിനായി ടൌണിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് കാണുന്ന ആഴ്ചചന്ത.
ആടുമാടുകൾക്ക് പുറമെ, കോഴി, താറാവ്, പന്നി മുതലായ വളർത്തുമൃഗങ്ങളുടെയും, കാർഷികോല്പന്നങ്ങളുടെയും പ്രധാനവിപണന കേന്ദ്രമായിരുന്നു ഈ ആഴ്ചചന്ത. ബുധനാഴ്ചയാണ് ചന്തദിവസം. ചന്തയിൽ എത്തിച്ചേരുന്ന കാർഷികോൽപ്പന്നങ്ങൾ അധികവും അന്നത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ആലപ്പുഴയ്ക്കായിരുന്നു കയറ്റി അയച്ചിരുന്നത് . അവിടന്നു പായ, കരിപ്പട്ടി ശർക്കര, ഉപ്പ്, പുകയില , ഉണക്കമീൻ, ഇരുമ്പ് സാധനങ്ങൾ എന്നിവയൊക്കെ കച്ചവടക്കാർ ഇവിടെക്കൊണ്ടുവന്ന് വില്പന നടത്തിയിരുന്നു. ആലപ്പുഴയിൽ നിന്ന് വഞ്ചിയിൽ വെട്ടിയ്ക്കാട്ട് മുക്കിൽ എത്തിക്കുന്ന ചരക്കുകൾ തലച്ചുമടായിട്ടായിരുന്നു കൊണ്ടുവന്നിരുന്നത്. പിന്നീട് കാളവണ്ടികളിലായി. അക്കാലത്ത് കുടമണികൾ കെട്ടിയ കാളകളും വണ്ടികളുമായി ദൂരെ ദിക്കുകളിൽ നിന്നു പോലും കച്ചവടക്കാർ ഇവിടെ വന്ന് ചരക്കുകൾ വില്ക്കുകയും, വാങ്ങുകയും ചെയ്തിരുന്നു.
എബ്രഹാം വടക്കേൽ, റവ. ഡോ.
ചങ്ങമ്പുഴയുടെ രക്തപുഷ്പങ്ങൾ, കൈനിക്കരയുടെ കാൽവരിയിലെ കല്പപാദപം തുടങ്ങിയകൃതികൾക്ക് അവതാരകികയെഴുതുകയും അതിന്റെ പേരിൽ മതാധികാരികളുെട പീഡനങ്ങൾക്കും ശിക്ഷാനടപടികൾക്കും വിധേയനാകേണ്ടിവരികയും ചെയ്ത പണ്ഡിതനും വാഗ്മിയും സാഹിത്യകലാമർമ്മജ്ഞനുമായിരുന്നു റവ. ഡോ. എബ്രഹാം വടക്കേൽ
എരപ്പ
കൂത്താട്ടുകുളത്തിനടുത്ത് ഉപ്പുകണ്ടം സ്ക്കൂളിനടുത്തുള്ള ഒരു പുരാതനമായ കാവാണ് എരപ്പ. മലഞ്ചെരുവിൽ സ്ഥിതിചെയ്യുന്ന ഈ കാവിൽ ധാരാളം വൻവൃക്ഷങ്ങൾ നൂറ്റാണ്ടുകളായി വളർന്നുനിൽക്കുന്നു. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പല നാട്ടുമരുന്നുചെടികളുടെയും അപൂർവ്വസാന്നിദ്ധ്യം എരപ്പയിൽ കാണാം.
എം. സി. റോഡ്
കൂത്താട്ടുകുളത്തിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വളർച്ചയ്ക്ക് ഏറെ സഹായിച്ചത് എം. സി. റോഡിന്റെ നിർമ്മാണമായിരുന്നു. 1860-ൽ ദിവാൻ ടി. മാധവറാവുവിന്റെ കാലത്താണ് തിരുവനന്തപുരത്ത്നിന്ന് രാജ്യത്തിന്റെ വടക്കേ അതിർത്തിയായ കറുകുറ്റിവരെ കരമാർഗ്ഗം എത്തിച്ചേരുന്നതിന് വേണ്ടി മെയിൻ സെൻട്രൽ റോഡിന്റെ നിർമ്മാണം തുടങ്ങിയത്. കൂത്താട്ടുകുളം ഭാഗത്ത് ഈ റോഡിന്റെ പണികൾ നടക്കുന്നത് 1876 കാലത്താണ്. ഇംഗ്ളിഷ്കാരനായ ചീഫ് എഞ്ചിനീയർ വില്യം ബാർട്ടന്റെ നേതൃത്വത്തിൽ എട്ട് അടി വീതിയിലായിരുന്നു ആദ്യം ഈ റോഡ് നിർമ്മിച്ചത്. കൂത്താട്ടുകുളത്ത്നിന്ന് ആരക്കുഴവഴി നേരത്തേ ഉണ്ടായിരുന്ന നാട്ട് വഴി വികസിപ്പിച്ച് റോഡ് നിർമ്മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും അവിടെയുള്ള നാട്ടുകാരുടെ എതിർപ്പ് മൂലം അതുപേക്ഷിക്കുകയും, വനപ്രദേശമായിരുന്ന ആറൂർവഴി പുതിയറോഡ് നിർമ്മിക്കുകയുമാണുണ്ടായത്.
യൂറോപ്യൻമാരായ കോൺട്രാക്ടേഴ്സിന് കീഴിൽ നാട്ടുകാരായ ചെറുകിടക്കരാറുകാരായിരുന്നു ഈ റോഡിന്റെ നിർമ്മാണ ജോലികൾ ഏറ്റെടുത്ത് നടത്തിയത്. പ്രായപൂർത്തിയായവരെക്കൊണ്ട് മാത്രമല്ല കുട്ടികളെക്കൊണ്ടും അവർ നിർബന്ധപൂർവ്വം പണിയെടുപ്പിച്ചിരുന്നു. മുതിർന്നവർക്ക് രണ്ട് ചക്രമായിരുന്നു കൂലി. എം. സി. റോഡിന്റെ നിർമ്മാണ കാര്യങ്ങൾക്കായി പണി കഴിപ്പിച്ചതാണ് ഇന്ന് കാണുന്ന കൂത്താട്ടുകുളം ടി.ബി.
ഓണംകുന്ന് ഭഗവതി ക്ഷേത്രം
ജൈനപാരമ്പര്യം വിളിച്ചോതുന്ന കൂത്താട്ടുകുളത്തെ ഓണംകുന്ന് ഭഗവതിക്ഷേത്രവും ചിരപുരാതനമാണ്. ഇവിടെ അധിവസിച്ചിരുന്ന ജൈനവിശ്വാസികളുടെ ആരാധനാലയമായിരുന്നു ഒരുകാലത്ത് ഓണംകുന്ന് ഭഗവതിക്ഷേത്രം. കൂത്താട്ടുകുളത്ത്നിന്നും അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ഓണക്കൂർ എന്ന സ്ഥലവും ജൈനരുടെ അധിവാസത്തെയാണ് സൂചിപ്പിക്കുന്നത്. ജൈനസംസ്കാരത്തോട് ബന്ധപ്പെട്ട ശ്രാവണ ശബ്ദത്തിന്റെ പരിണാമമാണ് ഓണം. കാഞ്ചിപുരത്തുള്ള ഓണകാന്തൻ തളിപോലെ, ഓണംകുന്നും, ഓണക്കൂറും ജൈനപാരമ്പര്യം പേറുന്നുണ്ടെന്നാണ് സ്ഥലനാമചരിത്രകാരനായ വി.വി.കെ വാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കൂത്താട്ടുകുളത്തെ നെല്ല്യക്കാട്ട് ഭഗവതീ ക്ഷേത്രവും ജൈനരുടേതായിരുന്നു എന്നാണ് വാലത്തിന്റെ അഭിപ്രായം. പില്കാലത്ത് ബുദ്ധ-ജൈനമതങ്ങൾ ക്ഷയിക്കുകയും, ആര്യബ്രാഹ്മണർ ശക്തരാകുകയും ചെയ്തതോടെ ഇത് ഹിന്ദുക്ഷേത്രങ്ങളായി തീരുകയാണുണ്ടായത്.
കല്ലോലിച്ചാൽ
വടകര കത്തോലിക്കാപള്ളിക്കുസമീപമുള്ള പുരാതനമായ കാവാണ് കല്ലോലിച്ചാൽ. കടുത്ത വേനലിൽ പോലും വറ്റാത്ത ഒരരുവി ഈ കാവിലൂടെ ഒഴുകന്നുണ്ട്. കീരുകുന്ന് മലയുടെ താഴ്‌വാരത്തിലുള്ള ഈ കാവിൽ ധാരാളം ഔഷധസസ്യങ്ങൾ നിറഞ്ഞുനിൽക്കുന്നു. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നചീനി മരങ്ങൾ ഈ കാവിന്റെ പ്രത്യേകതയാണ്.
കളരികൾ
1875 ൽ വെർണ്ണാക്കുലർ സ്ക്കൂൾ ആരംഭിക്കുന്നതിനു മുമ്പ് കളരികളായിരുന്നു കൂത്താട്ടുകുളത്തെ ജനങ്ങൾ അക്ഷരാഭ്യാസത്തിനും വിദ്യാഭ്യാസത്തിനുമായി പ്രധാനമായും ആശ്രയിച്ചിരുന്നത്. തുരുത്തേൽ ആശാൻ, പടിഞ്ഞാറേൽ ആശാൻ എന്നിവരുടെ കളരികൾ അക്കാലത്ത് പ്രസിദ്ധങ്ങളായിരുന്നു.
കാളച്ചന്ത
ആഴ്ചച്ചന്തയോടനുബന്ധിച്ച് കൂത്താട്ടുകുളത്ത് കാളച്ചന്തയും നൂറ്റാണ്ടുകളായി നടന്നുവന്നിരുന്നു. വണ്ടിക്കാളകളും ഉഴവുകാളകളും കച്ചവടക്കാരുടെയും കൃഷിക്കാരുടെയും സന്തതസഹചാരികളായിരുന്ന ആ കാലത്ത് സമീപ താലൂക്കുകളിൽ നിന്നുപോലും കാളകളെ വാങ്ങാനായി ആളുകൾ എത്തിയരിരുന്നു. കാളച്ചന്തയിൽ കാളകൾക്ക് വൈക്കോലും പുല്ലും എത്തിച്ചുകൊടുത്തും ഇല്ലിക്കുംമ്പത്തിൽ വെള്ളം കോരിക്കൊടുത്തും കിട്ടുന്ന കൂലികൊണ്ട് ഉപജീവനം നടത്തിയിരുന്ന ഒരുകൂട്ടം ആളുകൾ കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നു.
കിഴകൊമ്പ് കാവ്
ദ്രാവിഡകാലഘട്ടത്തോളം പഴക്കമുള്ളതാണ് കൂത്താട്ടുകുളത്തെ കിഴകൊമ്പ് ഭഗവതി ക്ഷേത്രം. വൻവൃക്ഷങ്ങളും വള്ളിപടർപ്പികളും കൊണ്ട് നിബിഡമായ കാവിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വനദുർഗ്ഗയാണ്.
ഇരുപ്പ, കമ്പകം, തെള്ളി, കാട്ടുചേര്, അറയാഞ്ഞിലി, മാവ്, മണിമരുത്, തുടങ്ങി വിവിധങ്ങളായ ഇരുനൂറിലേറെ വൻമരങ്ങൾ കിഴകൊമ്പ്കാവിലുണ്ട്. വലിപ്പത്തിലും ഉയരത്തിലും പ്രായത്തിലും മുമ്പിൽ നിൽക്കുന്നത് കമ്പകമരങ്ങളാണ്.കാവിനു നടുവിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ ശ്രീകോവിലിൽ വനദുർഗ്ഗയുടെ പ്രതീകമായി പൂജിക്കുന്നത് ഒരു ഇരുപ്പ വൃക്ഷത്തെയാണ്. രണ്ടായിരത്തോളം വർഷം പഴക്കം കണക്കാക്കുന്ന ഈ വൃക്ഷം ഒരു വൻമരമാകാതിരിക്കാൻ പ്രാചീനകാലം മുതൽ ബോൺസായി മാതൃകയിലാണ് വളർത്തിയിരിക്കുന്നത്. വളർച്ചയുടെ പാരമ്യത്തിലെത്തിയ ഈ മരം ഒരു കുള്ളൻ ഭീമനാണ്.
കുഴിമാടം
പതിനാറാം നൂറ്റാണ്ടിനുമുമ്പ് വരെ കേരളത്തിലെ ക്രിസ്ത്യാനികൾ മൃതദേഹം സംസ്കരിച്ചിരുന്ന സ്ഥനമാണ് കുഴിമാടം എന്നറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് കേരളത്തിലെ എല്ലാ ക്രൈസ്തവകേന്ദ്രങ്ങളിലും ഇത്തരം കുഴിമാടങ്ങളുണ്ടായിരുന്നു. കൂത്താട്ടുകുളം കിഴകൊമ്പ് കാവിൽ നിന്നും ഒരു വിളിപ്പാടകലെ ഒരു കുഴിമാടം സ്ഥിതിചെയ്യുന്നുണ്ട്. കിഴകൊമ്പിലെ കാക്കനാട്ട്പറമ്പേൽ കുടുംബത്തിലെ കാരണവന്മാരെ സംസ്കരിച്ചിരുന്ന സ്ഥാനത്ത് ഇന്നുള്ളത് പിൽക്കാലത്ത് നിർമ്മിച്ച ഒരു ചെറിയ കുഴിമാടപ്പള്ളിയാണ്. ഇവിടെ എല്ലാദിവസവും സന്ധ്യയ്ക്ക് വിളക്കുവയ്ക്കുകയും വർഷംതോറും കുടുംബാംഗങ്ങൾ ഒത്തുകൂടി ആണ്ട് നേർച്ച നടത്തിവരികയും ചെയ്യുന്നു.
കുഴിമാടസേവ
കുഴിമാടങ്ങളിൽ സന്ധ്യക്ക് വിളക്കുവയ്ക്കുകയും വിശേഷദിവസങ്ങളിൽ നേർച്ചകാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു. ഹിന്ദുക്കളുടേതുപോലെ പിണ്ഡംവയ്ക്കൽ ചടങ്ങും നടത്തിയിരുന്നു. കാരണവന്മാരോടുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും പ്രകടനമായിട്ടാണ് ഇങ്ങനെ വിശിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ അവർക്ക് സമർപ്പിച്ചിരുന്നത്. കുഴിമാടങ്ങളിൽ നേർച്ചകാഴ്ചകൾ നടത്തുന്നതിനെ 'വെള്ളം കുടി നടത്തുക' എന്നും 'കുഴിമാടസേവ' എന്നുമാണ് പറഞ്ഞിരുന്നത്.
കുംഭം എട്ട് പെരുന്നാൾ
അതി പ്രാചീനമായ വടകരപ്പള്ളിയിൽ നടന്നുവരാറുള്ള കുഭം എട്ട് പെരുന്നാൾ നാടിനാകെ ഉത്സവാഛായ പകരുന്നതാണ്. പള്ളി പണിയുന്നതിനായി കല്ലിട്ട ഓർമ്മയ്ക്കായാണ് ഈ പെരുന്നാൾ ആഘോഷിക്കുന്നത്.
കൂത്താട്ടുകുളം
കേരളത്തിലെ പഴയ സ്ഥലനാമങ്ങൾക്കെല്ലാം ആ പേരിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. സത്യവും സങ്കല്പവും ഇടകലർന്നുകിടക്കുന്ന ഇത്തരം ഐതിഹ്യങ്ങൾ പലതും ഏറെ രസാവഹങ്ങളാണ്. അത്തരം ഒരൈതിഹ്യം 'കൂത്താട്ടുകുളം' എന്ന പേരിനു പിന്നിലുമുണ്ട്.
കൂത്താട്ടുകുളം പട്ടണത്തോട് അടുത്ത് അർജ്ജുനൻമല എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്. ഈ മലയുമായി ബന്ധപ്പെട്ടതാണ് കൂത്താട്ടുകുളത്തിന്റെ സ്ഥലനാമചരിത്രം പ്രചാരത്തിലുള്ളത്. തറനിരപ്പിൽ നിന്നും ഏകദേശം അഞ്ഞുറ് മീറ്റർ ഉയരമുള്ള ഒരു കുന്നാണ് അർജ്ജുനൻമല. ഉള്ളാട സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളിൽ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്. മധ്യമപാണ്ഡവനായ അർജ്ജുനൻ പാശുപതാസ്ത്രം നേടുന്നതിനായി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് വിശ്വസിച്ചുപോരുന്നത്. അർജ്ജുനൻ തപസ്സിരുന്ന സ്ഥലമായതിനാലാണത്രേ അർജ്ജുനൻമല എന്ന പേരുവന്നത്. കുറെ കാലത്തിനുശേഷം ഒരു ആദിവാസിസ്ത്രീ കിഴങ്ങും കായ്കനികളും തേടി ഈ കുന്നിൽമുകളിലെത്തി. അവർ കയ്യിലിരുന്ന പാരക്കോലുകൊണ്ട് ഒരു വൃക്ഷച്ചുവട്ടിൽ കുത്തി നോക്കിയപ്പോൾ കണ്ടത് കിഴങ്ങിനുപകരം രക്തമായിരുന്നുവത്രേ! അവിടെ പുതഞ്ഞുകിടന്നിരുന്ന ശിവലിംഗത്തിലായിരുന്നു ആ പാര കൊണ്ടത്. ശിവലിംഗത്തിൽ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം കണ്ട ആ സ്ത്രീ കുന്നിറങ്ങിയോടി. ഒരു ഉന്മാദിനിയെപ്പോലെ അവർ താഴ്വരയിലൂടെ കൂത്താടി നടന്നു. അങ്ങനെ ആ സ്ത്രീ കൂത്താടി നടന്ന സ്ഥലമാണ് കൂത്താട്ടുകളവും പിന്നീട് കൂത്താട്ടുകുളവുമായി മാറിയത് എന്നാണ് ഐതിഹ്യം.
കേശവൻ നമ്പൂതിരി, അത്തിമണ്ണില്ലത്ത്
കൂത്താട്ടുകുളം വില്ലേജ് യൂണിയന്റെ പ്രസിഡന്റായിരുന്ന അത്തിമണ്ണില്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു കൂത്താട്ടുകുളം ഹൈസ്കൂളിന്റെ സ്ഥാപകൻ. ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷവും ഊരാണ്മക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് തന്റെ അധീനതയിലുള്ള ക്ഷേത്രത്തിൽ അധസ്ഥിതർക്ക് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയ പരിഷ്കരണവാദിയായിരുന്നു കേശവൻ നമ്പൂതിരി. ആഗമാനന്ദ സ്വാമികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഊട്ട്പുരയിൽ ആരംഭിച്ച സ്കൂളിൽ നാനാ ജാതികളിലും പെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു.
കേളി ഫെൻ ആർട്സ് സൊസൈറ്റി
കൂത്താട്ടുകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെൻ ആർട്സ് സൊസൈറ്റിയാണ് കേളി. മൂന്നു ദശകങ്ങളായി കൂത്താട്ടുകുളത്തിന്റെ സാംസ്കാരിക മേഖലയിൽ പരിവർത്തനത്തിന് വഴിയൊരുക്കിയത് കേളിയാണ്. 1990 ൽ കെ. സുകുമാരൻ നായർ (മുൻ ഹെഡ്‌മാസ്റ്റർ കെ. സുകുമാരൻ നായർ പ്രസിഡന്റായും എം. ആർ. സുരേന്ദ്രനാഥ് സെക്രട്ടറിയായും കേളി ആരംഭിച്ചു. ഈ സൊസൈറ്റിയുടെ കീഴിൽ കേളി സ്ക്കൂൾ ഓഫ് ഫൈൻ ആർട്സ് എന്ന ഒരു കലാപഠനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ചിത്രകല, ഉപകരണസംഗീതം, ശാസ്ത്രീയസംഗീതം, ശാസ്ത്രീയ നൃത്തം തുടങ്ങിയവ പരിശീലിപ്പിച്ചുവരുന്നു.
കൈമ
കൂത്താട്ടുകുളത്തെ പ്രമുഖ സാംസ്കാരികവേദിയായിരുന്ന കൈമയ്ക്ക് കേരളത്തിലെങ്ങും പ്രശസ്തമായ ഒരു ഫുട്ബോൾ ടീം ഉണ്ടായിരുന്നു. ഒരുമാസം നീണ്ടുനിൽക്കുന്ന ഓണാഘഘോഷപരിപാടികൾ കൈമ സംഘടിപ്പിച്ചിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയിരുന്ന സാസ്കാരിക ഘോഷയാത്ര കേരളത്തിലെങ്ങും പശസ്തമായിരുന്നു. 1992-93 കാലം വരെ കൈമ പ്രവർത്തിച്ചിരുന്നു.
കോട്ടയും കുത്തകയാഫീസും
മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് സർക്കാരിന്റെ കുത്തകയായിരുന്ന പുകയില, ഉപ്പ്, കുരുമുളക് തുടങ്ങിയ സാധനങ്ങൾ സംഭരിച്ച് സൂക്ഷിക്കുന്നതിനും അതിന്റെ ക്രയവിക്രയത്തിനും വേണ്ടി കൂത്താട്ടുകുളത്ത് കോട്ടയും കുത്തകയാഫീസും സ്ഥാപിച്ചിരുന്നു. കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിൽനിന്ന് മാരുതി ജംഗ്ഷന് സമീപത്തേക്ക് പോകുന്ന റോഡിനോട് ചേർന്ന് ആ കോട്ടയുടെ അവശിഷ്ടം ഏതാനും കൊല്ലം മുൻപുവരെ കാണാമായിരുന്നു. ഒന്നര എക്കറോളം വിസ്തൃതിയിൽ സമചതുരത്തിൽ മണ്ണും ചെങ്കല്ലും കൊണ്ട് നിർമ്മിച്ച ആ കോട്ടയുടെ ചുറ്റുമുണ്ടായിരുന്ന കിടങ്ങ് നികന്ന് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലം വരെ ഇവിടെ വെട്ടിക്കിളക്കുമ്പോൾ ധാരാളം വെടിയുണ്ടകൾ ലഭിച്ചിരുന്നതായി സ്ഥലവാസിയായ മേച്ചേരിൽ രാഘവൻപിള്ള പറയുകയുണ്ടായി. ഈ കോട്ടയ്ക്കടുത്തുതന്നെയായിരുന്നു കൂത്താട്ടുകുളത്തെ പ്രവൃത്തിക്കച്ചേരിയും കുത്തകയാഫീസും പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ സഹകരണ ആശുപത്രി സ്ഥിതിചെയ്യുന്ന ഭാഗത്ത് റോഡരുകിൽ ഉണ്ടായിരുന്ന ഒരു ചെറിയ മാളികക്കെട്ടിടത്തിലേക്ക് കുത്തകയാഫീസ് മാറ്റി.
ചുമർചിത്രങ്ങൾ
കൂത്താട്ടുകുളത്തെ പുരാതനമായ വടകരപ്പള്ളിയിലെ ചുമർചിത്രങ്ങൾ കാല്പനിക സൗന്ദര്യാവിഷ്കരണത്തിന്റെ ഉത്തമ മാതൃകകളാണ്. ക്ഷേത്രകലയുടെ ഭാഗമായി വികസിച്ച ചുമർചിത്രങ്ങൾ കേരളത്തിൽ അപൂർവ്വം ക്രൈസ്തവദേവാലയങ്ങളിൽ മാത്രമേ കാണാൻ കഴിയൂ. ക്രിസ്തീയ വേദപുസ്തകമായ ബൈബിളുമായ ബന്ധപ്പെട്ട ചിത്രങ്ങൾ ആണ് വടകരയിലെ പുരാതന ദേവാലയത്തിന്റെ മദ്‌ബഹായിൽ കാണപ്പെടുന്നത്. എബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കാൻ ഒരുങ്ങുന്നതും മറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും മറ്റും ചിത്രങ്ങളും ആണ് പ്രകൃതിദത്ത ചായക്കൂട്ടുകൾ കൊണ്ട് ഇവിടെ ആലേഖനം ചെയ്തിട്ടുള്ളത്. അൾത്താരയിൽ കുഞ്ഞാടിനെ കയ്യിലെടുത്ത യോഹന്നാൻ മാംദാനയുടെ ചിത്രവും പശ്ചാത്തലത്തിൽ പ്രകൃതിദൃശ്യങ്ങളും കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ഈ ചിത്രങ്ങൾ രചിച്ചിട്ടുള്ളതെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ചിത്രകാരനായ കൊല്ലം സ്വദേശി മരിയാൻ മേസ്ത്രിക്ക് ആയിരം ചക്രം പ്രതിഫലം നൽകിയിട്ടുള്ളതായി പള്ളി രേഖകളിൽ കാണുന്നു. പഴയപള്ളിയിലെ യോഹന്നാൻ മുത്തപ്പന്റെ ചിത്രത്തിന് കെണ്ടൻ പൈലോ എന്നൊരു കലാകാരൻ പുതിയ ചായക്കൂട്ടുകൾകൊണ്ട് നിറംപിടിപ്പിച്ചതായും രേഖയുണ്ട്.
ചൊള്ളമ്പേൽ പിള്ള
ഉത്തര തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ് സമരകാലത്ത് പോലീസ് മർദ്ദനം മൂലം മരണമടഞ്ഞ ആദ്യരക്തസാക്ഷിയാണ് ചൊള്ളമ്പേൽ പിള്ള എന്ന പേരിൽ അറിയപ്പെടുന്ന സി. ജെ. ജോസഫ്. 1939 ജനുവരി 19ന് കൂത്താട്ടുകുളത്ത് സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി മെമ്മോറാണ്ടം വായിച്ച് നിരോധനം ലംഘിക്കുകയുണ്ടായി. ദിവാനെതിരെ സ്റ്റേറ്റ് കോൺഗ്രസ് രാജാവിനു നൽകിയ മെമ്മോറാണ്ടം ഗാന്ധിജിയുടെ നിർദ്ദേശമനുസരിച്ച് പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഇടതുപക്ഷക്കാരായ യുവാക്കളാണ് നിരോധനം ലംഘിച്ചത്. ഇതിന്റെ പേരിൽ ചൊള്ളമ്പേൽ പിള്ളയേയും ടി. കെ. നീലകണ്ഠനേയും പോലീസ് അറസ്റ്റുചെയ്തു. നീണ്ടകാലത്തെ മർദ്ദനങ്ങളുടെ ഫലമായി ചൊള്ളമ്പേൽ പിള്ള അകാലത്തിൽ മരണമടഞ്ഞു.
ചോരക്കുഴി
വർഷങ്ങൾക്കുമുമ്പ് ഒരു ആദിവാസിസ്ത്രീ കിഴങ്ങും കായ്കനികളും തേടി അർജ്ജുനമല എന്ന കുന്നിൽമുകളിലെത്തി. അവർ കയ്യിലിരുന്ന പാരക്കോലുകൊണ്ട് ഒരു വൃക്ഷച്ചുവട്ടിൽ കുത്തി നോക്കിയപ്പോൾ കണ്ടത് കിഴങ്ങിനുപകരം രക്തമായിരുന്നുവത്രേ! അവിടെ പുതഞ്ഞുകിടന്നിരുന്ന ശിവലിംഗത്തിലായിരുന്നു ആ പാര കൊണ്ടത്. ശിവലിംഗത്തിൽ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം കണ്ട ആ സ്ത്രീ കുന്നിറങ്ങിയോടി. ഒരു ഉന്മാദിനിയെപ്പോലെ അവർ താഴ്വരയിലൂടെ കൂത്താടി നടന്നു. അങ്ങനെ ആ സ്ത്രീ കൂത്താടി നടന്ന സ്ഥലമാണ് കൂത്താട്ടുകളവും പിന്നീട് കൂത്താട്ടുകുളവുമായി മാറിയത് എന്നാണ് ഐതിഹ്യം. ശിവലിംഗത്തിൽ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം വന്നു ചേർന്ന സ്ഥലം 'ചോരക്കുഴി'യായി മാറി. അർജ്ജുനമലയുടെ തെക്കേ ചരുവിലാണ് ചോരക്കുഴി.
ജേക്കബ് ഫിലിപ്പ്
ചിത്രകാരൻ, ഫോട്ടോഗ്രാഫർ, ഫോട്ടോ ജേർണലിസ്റ്റ്, കമ്യൂണിസ്റ്റ് നേതാവ് എന്നീ നിലകളിൽ കേരളത്തിന്റെ കലാ സാംസ്കാരിക സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന ഒരസാധരണ പ്രതിഭാശാലിയായിരുന്നു ജേക്കബ് ഫിലിപ്പ്. 1953 ൽ കൂത്താട്ടുകുളം വില്ലേജ് യൂണിയൻ പഞ്ചായത്തായി മാറിയപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പത്ത് വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു. 1978 ജൂൺ 2 ന് അദ്ദേഹം അന്തരിച്ചു.
നവജീവൻ
ആയിരത്തിത്തൊള്ളായിരത്തി അൻപതുകളിൽ കൂത്താട്ടുകുളത്തിന്റെ സമരതീഷ്ണമായ രാഷ്ട്രീയാന്തരീക്ഷത്തിൽ രൂപംകൊണ്ട നാടകസമിതിയാണ് നവജീവൻ ആർട്സ് ക്ലബ്ബ്. പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചരിത്രാനുഭവങ്ങൾ ഏറ്റുവാങ്ങിയ ഒരുകൂട്ടം കലാകാരന്മാരായിരുന്നു ഇതിന്റെ പിന്നിൽ. കെ.പി.എ.സി. കഴിഞ്ഞാൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന നാടക സമിതിയായിരുന്നു നവജീവൻ ആർട്സ് ക്ലബ്ബ്. പാർട്ടിയുടെ പൂർണ്ണമായ പിന്തുണയും സഹകരണവും നവജീവന് ലഭിച്ചിരുന്നു.
നാഞ്ചിനാട്ട് വെള്ളാളർ
കുത്തക സംഭരണ കേന്ദ്രങ്ങളുടെ മോൽനോട്ടം വഹിച്ചിരുന്നത് വിചാരിപ്പുകാർ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരായിരുന്നു. ഇവിടത്തെ കുത്തകവിചാരിപ്പുമായി ബന്ധപ്പെട്ട് തെക്കൻ തിരുവിതാംകൂറിൽ നിന്നെത്തിയ അറുമുഖംപിള്ളയുടെ പിൻമുറക്കാരായ പത്തിരുപത് കുടുംബങ്ങൾ ഇന്ന് കൂത്താട്ടുകുളത്തുണ്ട്. നാഞ്ചിനാട്ട് വെള്ളാളരായ ഇവർ ഒരു പ്രത്യേകസമുദായമായിട്ടാണ് ഇവിടെ ജീവിക്കുന്നത്.
നാടകക്കളരി
നാടകത്തെക്കുറിച്ച് ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾ എന്ന നിലയിൽ പരികല്പന ചെയ്യപ്പെട്ട നാടകക്കളരി പ്രസ്ഥാനം 1967 ൽ ആണ് ഉടലെടുത്തത്. ആദ്യകളരി ശാസ്താംകോട്ടയിലും രണ്ടാമത് കളരി 1968 ൽ സി. ജെ. സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് വച്ച് കൂത്താട്ടുകുളം ഹൈസ്ക്കൂളിലും നടന്നു. ഒരാഴ്ചക്കാലം നീണ്ടുനിന്ന നടകക്കളരിക്ക് സി. എൻ. ശ്രീകണ്ഠൻ നായരും ജി. ശങ്കരപ്പിള്ളയും നേതൃത്വം നൽകി. ഡോ. കെ. അയ്യപ്പപ്പണിക്കർ, പ്രൊഫ. എൻ. കൃഷ്ണപിള്ള, അടൂർ ഗോപാലകൃഷ്ണൻ, കടമ്മനിട്ട രാമകൃഷ്ണൻ, മധു, ഭരത് ഗോപി, തുടങ്ങിയവർ ക്ലാസ്സുകൾ കൈകാര്യംചെയ്തു. തെരഞ്ഞെടുക്കപ്പെട്ട മുപ്പത് വിദ്യാർത്ഥികളാണ് അന്ന് കളരിയിൽ പങ്കെടുത്തത്. 1998 ൽ വീണ്ടും ഒരു നാടകക്കളരികൂടി കൂത്താട്ടുകുളത്ത് നടന്നു. ഭരത് ഗോപിയായിരുന്നു ആ കളരിയുടെ ഡയറക്ടർ.
നെല്ല്യക്കാട്ട് നവരാത്രി സ്വർണ്ണൗഷധ ചികിത്സ
നവരാത്രിയോടനു ബന്ധിച്ച് നെല്ല്യക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ എല്ലാവർഷവും സ്വർണ്ണൗഷധസേവ നടക്കുന്നു. ധന്വന്തരീമൂർത്തിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നതാണ് ഇവിടുത്തെ പ്രധാനവഴിപാട്. ജൈനമതവിശ്വാസികളുടെ ആരാധനാകേന്ദ്രമെന്നു കരുതുന്ന ഈ ഭഗവതീക്ഷേത്രം ഇന്ന് ഹൈന്ദവാരാധനാലയമാണ്.
പകുതിക്കച്ചേരിയും, രജിസ്ട്രാർ ആഫീസും
1880 കളിൽ തന്നെ കൂത്താട്ടുകുളത്ത് പകുതിക്കച്ചേരിയും, രജിസ്ട്രാർ ആഫീസും ആരംഭിച്ചിരുന്നു. ഇടപ്രഭുക്കൻമാരായിരുന്ന ആമ്പക്കാട്ട് കർത്താക്കളുടെ ഇടത്തിന് സമീപത്തുണ്ടായിരുന്ന മൺകോട്ടയ്ക്കടുത്തായിരുന്നു ആ കച്ചേരികൾ പ്രവർത്തിച്ചിരുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം എം. സി. റോഡിനോട് ചേർന്ന് ഇന്നിരിക്കുന്ന സ്ഥലത്തേക്ക് ആ കച്ചേരികൾ മാറ്റി. അക്കാലത്ത് ഈ കച്ചേരികളുടെ അധികാരപരിധി വളരെ വിപുലമായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട ഉഴവൂർ, വെളിയന്നൂർ, മുളക്കുളം വില്ലേജുകളും, തിരുവിതാംകൂറിന്റെ അതിർത്തിയായിരുന്ന പേപ്പതി മുതൽ കിഴക്കോട്ടുള്ള പ്രദേശങ്ങളും ഈ രജിസ്ട്രർ കച്ചേരിയുടെ പരിധിക്കുള്ളിലായിരുന്നു. ഇന്നത്തെ പാലക്കുഴ വില്ലേജ് കൂടി ഉൾപ്പെട്ടതായിരുന്നു പഴയ കൂത്താട്ടുകുളം പകുതി.
പൈറ്റക്കുളം
കൂത്താട്ടുകുളം ഗ്രാമത്തിലുള്ള ഒരു സ്ഥലമാണ് പൈറ്റക്കുളം. പന്തളാംകുന്ന് കർത്താക്കളുടെ കളരിയിലെ പടയാളികൾ പൈറ്റുമുറകൾ അഭ്യസിച്ചിരുന്ന പൈറ്റുകളമാണ് പൈറ്റക്കുളമായമായത്. വടകരയ്ക്കു തൊട്ടു ചേർന്നാണ് പൈറ്റക്കുളം.
പോലീസ് സ്റേഷൻ, കൂത്താട്ടുകുളം
ഒരു നൂറ്റാണ്ട് മുൻപ് നിർമ്മിച്ചതാണ് (1902) കൂത്താട്ടുകുളം പോലീസ് സ്റേഷന്റെ ഇന്ന് കാണുന്ന ഓട് മേഞ്ഞ വലിയ കെട്ടിടം. 1946 മുതൽ 52 വരെയുള്ള കാലത്ത് സ്വാതന്ത്യ്ര സമര സേനാനികളുടെയും, കമ്മ്യൂണിസ്റ്റ് പോരാളികളുടെയും മേൽ നടന്ന ക്രൂരമായ മർദ്ദനങ്ങൾക്ക് സാക്ഷ്യം വഹിച്ച കുപ്രസിദ്ധമായ ഈ പോലീസ് സ്റ്റേഷൻ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. അക്കാലത്ത് കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്റെ അതിർത്തിയും പിറവത്തിനപ്പുറത്ത് പേപ്പതി വരെയായിരുന്നു. ഇടക്കാലത്ത് ഇവിടെ ആരംഭിച്ച സെക്കന്റ് ക്ളാസ്സ് മജിസ്ട്രേട്ട് കോടതി കേരളപ്പിറവിക്കുശേഷം നിർത്തലാക്കി.
ബീഡിക്കമ്പനികൾ
1950 കളിലാണ് കൂത്താട്ടുകുളത്ത് ബീഡിക്കമ്പനികൾ ആരംഭിക്കുന്നത്. ആദ്യത്തെ ബീഡിക്കമ്പനി ആപ്പാഞ്ചിറ ബേബിയുടെ സിംഹമാർക്ക് ബീഡിക്കമ്പനിയായിരുന്നു. ഒന്നരപ്പതിറ്റാണ്ടിനുള്ളിൽ ഇവയുടെ എണ്ണം ഒരു ഡസനിലേറെയായി. ഈ കമ്പനികളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ നാട്ടുകാർ വളരെക്കുറച്ചുപേർ മാത്രമായിരുന്നു. ഭൂരിപക്ഷം തൊഴിലാളികളും കണ്ണൂർ, തലശ്ശേരി തുങ്ങി വടക്കൻ കേരളത്തിൽ നിന്നുള്ളവരായിരുന്നു.
ബീഡി തെറുക്കുന്നതിനിടയിൽ പത്രം ഉറക്കെ വായിച്ചുകേൾപ്പിക്കുന്നതിന് എല്ലാ കമ്പനികളിലും പ്രത്യേകം ആളെ ചുമതലപ്പെടുത്തിയിരുന്നു. ഇവർക്ക് കൂലിയായി ഓരോ തൊഴിലാളിയും ഓരോ കെട്ട് ബീഡി മാറ്റിവയ്ക്കും. എല്ലാ പത്രങ്ങളും സവിസ്തരം വായിക്കും. തൊഴിലിനിടയിൽ പ്രധാനപ്പെട്ട വിശേഷങ്ങളെക്കുറിച്ച് ചർച്ചയും സംവാദവും നടക്കും
ആയിരം ബീഡി തെറുത്താൽ അറുപതുകളിൽ മൂന്നു രൂപയായിരുന്നു കൂലി. കൈവേഗതയനുസരിച്ച് 500 മുതൽ 2500 ബീഡിവരെ തെറുക്കുന്നവർ ഉണ്ടായിരുന്നു. ബീഡി തെറുത്ത് പണമുണ്ടാക്കി വിദ്യാഭ്യാസം നേടി ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരുമായവർ പലരും കൂത്താട്ടുകുളത്തുണ്ട്. മാർഷൽ ബീഡിക്കമ്പനിയിലെ തൊഴിലാളി പീറ്റർ ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രശസ്തനായി. അദ്ദേഹം ക്യാമറയിൽ പകർത്തിയ സൂര്യാസ്തമയം അന്തർദേശീയ പുരസ്കാരം നേടി. 1990കളിൽ ഈ തൊഴിൽമേഖല പൂർണ്ണമായും അന്യംനിന്നുപോയി.
മഹാദേവക്ഷേത്രം, കൂത്താട്ടുകുളം
ജീർണ്ണ പ്രായമായിക്കൊണ്ടിരിക്കുന്ന കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം രാമയ്യൻ ദളവയാൽ പുതുക്കി പണിയിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ദാരുശിൽപ്പങ്ങളും മറ്റു നിർമ്മാണങ്ങളും ആകർഷണീയങ്ങളും പഠനാർഹങ്ങളുമാണ്. ഇവിടെ രാമായണ കഥ തടിയിൽ കൊത്തിവച്ചിട്ടുള്ളത് കാലപ്പഴക്കത്താലും സംരക്ഷണക്കുറവുകൊണ്ടും നശിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് കൂത്താട്ടുകുളത്തെയും സമീപ പ്രദേശങ്ങളിലേയും ഭൂസ്വത്തുക്കളുടെ നല്ലൊരുഭാഗം ഈ ക്ഷേത്രം വകയായിരുന്നു എന്നാണ് പഴയരേഖകൾ കാണിക്കുന്നത്.
മാർഷൽ ഫുട്ബോൾ ടീം
മാർഷൻ ബീഡിക്കമ്പനി ഉടമയും ഫുട്ബോൾ കമ്പക്കാരനുമായിരുന്ന മാർഷൽ സ്കറിയയാണ് മാർഷൽ ഫുട്ബോൾ ടീം രൂപീകരിച്ചത്. കണ്ണൂർ, തലശ്ശേരി തുങ്ങി വടക്കൻ കേരളത്തിൽ നിന്നുള്ള ബീഡിത്തൊഴിലാളികളായിരുന്നു മാർഷൽ ഫുട്ബോൾ ടീമിന്റെ കരുത്ത്. കൂത്താട്ടുകുളത്തിന്റെ ഈ പ്രാദേശി ഫുട്ബോൾ ടീം കേരളത്തിലങ്ങോളമിങ്ങോളമുള്ള ടൂർണ്ണമെന്റുകളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
മുത്തലപുരം
കൂത്താട്ടുകുളത്തിന്റെ സമീപസ്ഥലമാണ് മുത്തലപുരം. മുത്തൻ, മുത്തളൻ തുടങ്ങിയ ജൈനരുടെ ദേവസങ്കല്പങ്ങളുമായി ബന്ധപ്പെട്ടാണ് മുത്തലപുരം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് കരുതുന്നു.
മേരി ജോൺ കൂത്താട്ടുകുളം
ദാമ്പത്യജീവിതത്തിന്റെ തടവറയിൽ നിന്ന് പുറത്ത് വന്ന് കവിതയെയും, ജീവിതത്തെയും ഒരുപോലെ ആശ്ലേഷിച്ച എഴുത്തുകാരിയാണ്, മേരിജോൺ കൂത്താട്ടുകുളം. ധാർമ്മികബോധവും, സ്വാനുഭവങ്ങളുടെ ഭാവതീവ്രതയും, വികാരസാന്ദ്രമാക്കിയ മേരിജോൺ കവിതകൾ ഒരു കാലത്ത് നമ്മുടെ സ്‌ക്കൂൾ പാഠപുസ്‌തകങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. മനുഷ്യനോടും, പ്രകൃതിയോടുമുള്ള ഉദാത്തമായ സ്‌നേഹവും, ആരാധനയും നിറഞ്ഞതാണ് ആ കവിതകൾ എല്ലാം തന്നെ.
കൂത്താട്ടുകുളത്തു് വടകര യോഹന്നാൻ മാംദാന ഓർത്തഡോക്സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പയിൽ വീട്ടിൽ യോഹന്നാൻ കോർ എപ്പിസ്ക്കോപ്പയുടെയും (1870-1951) പുത്തൻ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി 1905 ജനുവരി 22 നു ജനിച്ചു. മേരിജോണിന്റെ ഇളയ സഹോദരനാണു് സി.ജെ.തോമസ്.
പന്ത്രണ്ടാമത്തെ വയസ്സിൽ വിവാഹിതയായ മേരി പ്രൈവറ്റായി പഠിച്ചാണ് മലയാളം ഏഴാം ക്ലാസ്സും, ഹയറും പാസ്സായത്. എന്നാൽ വിദ്യാഭ്യാസത്തിനും, സാഹിത്യാഭിരുചിക്കും യാതൊരുവിലയും കല്‌പിക്കാതെ അടുക്കളയ്‌ക്കുള്ളിൽ തളച്ചിടാനുള്ള ഭർത്താവിന്റെയും, ഭർത്തൃവീട്ടുകാരുടേയും നീക്കം മേരിക്ക് സഹിക്കാനായില്ല. ഒരു ദിവസം രാത്രിയിൽ ആരുമറിയാതെ മേരി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു. ളോഹയൂരി പൗരോഹിത്യത്തിന്റെ ആവൃതിക്കുള്ളിൽ നിന്ന് രക്ഷപ്പെട്ട സഹോദരൻ സി.ജെ.യെപ്പോലെ. എന്നാൽ വീട്ടുകാരുടെ സമ്മർദ്ദം മൂലം ഭർത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകേണ്ടി വരും എന്ന് തോന്നിയപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ പതിനഞ്ച് രൂപയുമായി ആ പെൺകുട്ടി തിരുവനന്തപുരത്തിന് വണ്ടി കയറി.
തിരുവനന്തപുരത്തെ ഡോ. പല്‌പുവിന്റെ മക്കളായ ആനന്ദലക്ഷ്‌മിയും, ദാക്ഷായണിയും ആയി മേരിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മേരി അഭയം തേടി ചെന്നത് നന്തൻകോട്ടുള്ള അവരുടെ വീട്ടിലേക്കായിരുന്നു. കാര്യമറിഞ്ഞപ്പോൾ ഡോ. പൽപ്പു മേരിയെ സ്വന്തം മകളെപ്പോലെ സ്വീകരിച്ചു. അവിടെ താമസിച്ച് മലയാളം വിദ്വാൻ പരീക്ഷ പാസ്സായി. ഡോ.പൽപ്പുവിന്റെ സഹായത്തോടെ അധ്യാപികയായി ജോലിയും നേടി.
ഇക്കാലത്തെല്ലാം വായനയും എഴുത്തും ദിനചര്യപോലെ തുടർന്നു പോന്നു. അതിനിടയിൽ അധ്യാപകജോലിയുപേക്ഷിച്ച് തിരുവിതാംകൂർ അഞ്ചൽ സർവ്വീസിൽ ചേർന്നു. അധ്യാപകജോലിയെ അപേക്ഷിച്ച് അക്കാലത്ത് അഞ്ചൽ ഡിപ്പാർട്ട്‌മെന്റിലുണ്ടായിരുന്ന ഉയർന്നശമ്പളവും, സ്‌ക്കൂളിൽ പഠിപ്പിക്കുന്നതിനുള്ള അനാരോഗ്യവുമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്.
1960 ൽ പോസ്റ്റൽ സർവ്വീസിൽ നിന്ന് വിരമിച്ചശേഷം തിരുവന്തപുരത്ത് എം.എൻ.ലെയിനിലുള്ള വീട്ടിൽ സഹോദരിയോടും കുടുംബത്തോടും ഒപ്പമായിരുന്നു താമസം.
സർഗ്ഗാത്മകസാഹിത്യത്തിന്റേയും, കവിതയുടേയും മേഖലയിൽ വിഹരിക്കാൻ ദാമ്പത്യജീവിതം തന്നെ ഉപേക്ഷിച്ച ആ എഴുത്തുകാരി കൈരളിയ്‌ക്ക് കാഴ്‌ചവച്ച ശ്രദ്ധേയമായ കൃതികളാണ് പ്രഭാതപുഷ്‌പം, ബാഷ്‌പമണികൾ, അന്തിനക്ഷത്രം, പൂജാപുഷ്‌പം, അമ്മയും മകളും, കാറ്റ് പറഞ്ഞ കഥ, ചിരിക്കുന്ന കാട്ടാർ തുടങ്ങിയവ. ഇതിന് പുറമെ വിവിധ ആനുകാലികങ്ങളിലും, വാർഷികപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ച ഒട്ടനവധി കവിതകളും മേരിജോണിന്റേതായിട്ടുണ്ടു്.1996 ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു.
1998 ഡിസംബർ 2 ന് കവിതയ്‌ക്കും സാഹിത്യത്തിനും ജീവിതം ഉഴിഞ്ഞ് വച്ച മേരിജോൺ കൂത്താട്ടുകുളം അന്തരിച്ചു.
(ജോസ് കരിമ്പന എഡിറ്റ് ചെയ്തു് 2009 മാർച്ച് ഏഴാം തീയതി സി.ജെ.സ്മാരക സമിതി പ്രകാശിപ്പിച്ച സ്മൃതി -2009 സ്മരണികയിൽ നിന്നു്.)
മോനിപ്പള്ളി
കൂത്താട്ടുകുളത്തിന്റെ സമീപസ്ഥലമാണ് മോനിപ്പള്ളി. മോനിപ്പള്ളിയും ബുദ്ധസംസ്കാരത്തോട് ബന്ധപ്പെട്ടതാണ്. നാനം മോനം നടന്നിരുന്ന, അതായത് ബൌദ്ധരുടെ എഴുത്തുപള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെയാണ് മോനിപ്പള്ളിയെന്ന സ്ഥലനാമം സൂചിപ്പിക്കുന്നത്.
രാമൻ ഇളയത്, കീഴേട്ടില്ലം
ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കുകയും സവർണ്ണരുടെ മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്ത സാമൂഹ്യ പരിഷ്കരണവാദിയായിരുന്നു കൂത്താട്ടുകുളം, പാലക്കുഴ സ്വദേശിയായ കീഴേട്ടില്ലത്ത് രാമൻ ഇളയത്. കൂത്താട്ടുകുളം മേഖലയിലെ അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരായി നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമാണ്. അയിത്തജാതിയിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി അദ്ദേഹം പാലക്കുഴയിലെ ഇല്ലപ്പറമ്പിൽ സ്ഥാപിച്ച വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് അയ്യങ്കാളിയായിരുന്നു. അവിടെ പഠിക്കാൻ വന്നിരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ മാത്രമല്ല ആഹാരരവും വസ്ത്രവും ഇല്ലത്തുനിന്നും സൗജന്യമായി നൽകിയിരുന്നു. രാമൻ ഇളയതിന്റെ നേതൃത്വത്തിൽ നടന്ന ഇത്തരം പ്രവർത്തനങ്ങളാണ് കൂത്താട്ടുകുളത്തിന്റെ സാമൂഹ്യ സാംസ്കാരിക വളർച്ചയ്ക്കും തുടർന്നുണ്ടായ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും വഴിതെളിച്ചത്.
രാമായണ ശില്പങ്ങൾ
കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ നൂറ്റാണ്ടുകൾ പഴക്കുമുള്ള ബലിക്കൽപുരയുടെ മേൽമച്ചിലും വശങ്ങളിലുമായി കൊത്തിവച്ചിട്ടുള്ളവയാണ് രാമായണകഥാ ശില്പങ്ങൾ.
വടകര
നൂറ്റാണ്ടുകൾക്ക് മുമ്പ് മലബാറിലെ വടകരയിൽ നിന്നുള്ള കൃസ്ത്യൻ തീർത്ഥാടകർ വിശ്രമിച്ച സ്ഥലം വടകരയും അവിടെ അവർ പ്രതിഷ്ഠിച്ച മുത്തപ്പന്റെ രൂപം വടകര മുത്തപ്പനും വടകരപ്പള്ളിയുമായി.
വടകരപ്പള്ളി
കൂത്താട്ടുകുളത്തെ ചിരപുരാതനവും, പ്രശസ്തവുമായ ക്രിസ്ത്യൻ ദേവാലയമാണ് വടകരപ്പള്ളി. പത്താംനൂറ്റാണ്ടിന്റെ പൂർവ്വാർത്ഥത്തിലാണ് ഇവിടെ ആദ്യത്തെ പള്ളി സ്ഥാപിച്ചതെന്നാണ് വിശ്വാസം. വടകര എന്ന സ്ഥലപ്പേരിനെക്കുറിച്ചും വടകരപ്പള്ളിയുടെ സ്ഥാപനത്തെക്കുറിച്ചും പല ഐതീഹ്യങ്ങളും നിലവിലുണ്ട്. 1653 ലെ കൂനൻകുരിശ് സത്യത്തെതുടർന്ന് കേരളത്തിലെ ക്യസ്ത്യാനികൾ പുത്തൻ കൂറെന്നും, പഴയകൂറെന്നും വേർപിരിഞ്ഞെങ്കിലും ഇവിടെ ഇരുവിഭാഗവും നൂറ്റി ഇരുപത്തിയഞ്ച് വർക്ഷം മാതൃ ദേവാലയത്തിൽ തന്നെയാണ് ആരാധന നടത്തിയിരുന്നത്. പേർഷ്യൻ വാസ്തുശില്പമാതൃകയിൽ നിർമ്മിച്ചിട്ടുള്ള പുരാതന ദേവാലയം പുത്തൻകൂർവിഭാഗത്തിന്റെ കൈവശമാണ്.
വണ്ടിപ്പേട്ട
ആലപ്പുഴയിൽ നിന്ന് വഞ്ചിയിൽ വെട്ടിയ്ക്കാട്ട് മുക്കിൽ എത്തിക്കുന്ന ചരക്കുകൾ കാളവണ്ടികളിലായി കൂത്താട്ടുകുളത്ത് എത്തിച്ചിരുന്നു. അക്കാലത്ത് കുടമണികൾ കെട്ടിയ കാളകളും വണ്ടികളുമായി ദൂരെ ദിക്കുകളിൽ നിന്നു പോലും കച്ചവടക്കാർ ഇവിടെ വന്ന് ചരക്കുകൾ വില്ക്കുകയും, വാങ്ങുകയും ചെയ്തിരുന്നു. ടൗൺപാലത്തിനടുത്ത് ചന്ത തോടിന്റെ കരയിലായിരുന്നു പ്രധാന വണ്ടിപേട്ട. അവിടെ വണ്ടിക്കാളകൾക്ക് പുല്ലും വയ്ക്കോലും, വെള്ളവും ഒക്കെ എത്തിച്ച് കൊടുക്കാനും, ലാടം തറയ്ക്കുന്നതിനും തൊഴിലാളികളുണ്ടായിരുന്നു. വണ്ടിക്കാർക്ക് ചാട്ട പിരിച്ച് കൊടുത്ത് ഉപജീവനം നടത്തിയിരുന്നവരും അന്ന് ഉണ്ടായിരുന്നു
വിളക്കുപള്ളി
കൂത്താട്ടുകുളത്തെ ഹോളി ഫാമിലി ചർച്ച ആണ് 'വിളക്കുപള്ളി' എന്നറിയപ്പെടുന്നത്. ആയിരക്കമക്കിന് ഭക്തജനങ്ങളെ ആകർഷിച്ചുകൊണ്ട് സ്ഥിതിചെയ്യുന്ന ദേവാലയമാണിത്. യൂദാശ്ലീഹായുടെ നൊവേന പ്രാർത്ഥനയാണ് ഇവിടെ പ്രധാനം. പള്ളിയുടെ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള 1001 തിരിയുള്ള എണ്ണവിളക്കുതെളിക്കൽ പ്രധാന നേർച്ചയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഓട്ടുവിളക്കാണിതെന്നാണ് വിശ്വാസം.
വെൺകുളം
കൂത്താട്ടുകുളത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചമ്പമലയുടെ മുകളിൽ പ്രകൃതിദത്തമായി രൂപപ്പെട്ടിരിക്കുന്ന ഒരു കുളമാണ് വെൺകുളം. 30-40 സെന്റ് വിസ്തൃതിയുള്ള ഈ കുളം കടുത്ത വേനൽക്കാലത്തുപോലും വറ്റിവരളാറില്ല. വെൺകുളത്തിനു സമീപത്തുതന്നെയുള്ള പ്രകൃതിദത്തമായ മറ്റൊരു കുളമാണ് തോണിപ്പാറക്കുളം. വിസ്തൃതിയിൽ വെൺകുളത്തിനൊപ്പമാണെങ്കിലും വേനലിൽ ഈ കുളം വറ്റിവരണ്ടുപോകും.
വെർണാകുലർ സ്കൂൾ
കൂത്താട്ടുകുളത്തെ ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം വെർണാകുലർ മലയാളം സ്കൂളാണ്. 1875 കാലത്താണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അതിന് മുൻപ് അക്ഷരാഭ്യാസത്തിന് ഇവിടെയുണ്ടായിരുന്നത് കളരികളായിരുന്നു. തുരുത്തേൽ ആശാന്റേയും, പടിഞ്ഞാറേൽ ആശാന്റേയും കളരികളായിരുന്നു പ്രധാനപ്പെട്ട രണ്ട് കളരികൾ. കൂത്താട്ടുകുളത്ത് ആരംഭിച്ച വെർണാകുലർ സ്കൂൾ ഉത്തരതിരുവിതാംകൂറിലെതന്നെ ആദ്യത്തെ പൊതുവിദ്യാലയമായിരുന്നു. അക്കാലത്ത് വടക്കൻപറവൂരും , കോട്ടയത്തും മാത്രമേ വേറേ സ്കൂളുകൾ ഉണ്ടായിരുന്നുള്ളു എന്നാണ്, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ വിദ്യാർത്ഥിയായിരുന്ന റവ ഡോ. എബ്രഹാം വടക്കേൽ ഒരു ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇന്നത്തെ ട്രഷറി റോഡിനും, മാർക്കറ്റ് റോഡിനും ഇടയിൽ ആദ്യത്തെ അങ്ങാടിയോട് ചേർന്നായിരുന്നു ആ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ ടൌൺഹാളിന് തെക്ക് ഭാഗത്ത് ഉണ്ടായിരുന്ന വടകരപള്ളിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച ആ സ്കൂൾ എതാനും വർഷങ്ങൾക്ക് ശേഷം ടൌൺസ്കൂളിൽ ലയിപ്പിക്കുകയാണുണ്ടായത്. ഹൈസ്കൂൾ റോഡിൽ പള്ളിവക സ്ഥലത്ത് പുതിയ ഷോപ്പിംഗ് സെന്റർ നിർമ്മിക്കുന്നതുവരെ ആ സ്കൂൾ കെട്ടിടം അവിടെ നിലനിന്നിരുന്നു.
ശ്രീധരീയം
കൂത്താട്ടുകുളം ഗ്രാമത്തിന്റെ യശസ്സ് ലോകമെമ്പാടും എത്തിച്ച നേത്രരോഗ ചികിത്സാകേന്ദ്രവും ഗവേഷണകേന്ദ്രവുമാണ് 'ശ്രീധരീയം'. ഇന്ത്യയുടെ നാനാഭാഗത്തുനിന്നെന്നപോലെ അനേകം വിദേശരാജ്യങ്ങളിൽ നിന്നും ആളുകൾ ചികിത്സതേടി ഇവിടെയെത്തുന്നു. ഭാരതത്തിന്റെ സ്വന്തം ആയുർവ്വേദചികിത്സാരീതിയനുസരിച്ച് നേത്രരോഗങ്ങൾക്കുള്ള വിദഗ്ദ്ധ ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്. 2009 ൽ കേന്ദ്ര ഗവൺമെന്റ് 'ആയുഷ്' ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകുകയും പ്രവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്.
സത്രം
രാജഭരണകാലത്ത് സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനായി കൂത്താട്ടുകുളത്ത് ഒരു സത്രം നിർമ്മിച്ചിരുന്നു. ഇപ്പോൾ ടൗൺ ഹാൾ സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അത്. ക്രമേണ ടി. ബി.യായി ഓണംകുന്ന് ദേവീക്ഷേത്രത്തിനു തെക്കേ കുന്നിലേക്ക് അത് മാറ്റി സ്ഥാപിച്ചു.
സമാന്തര കലാലയങ്ങൾ
കേരളത്തിൽ സമാന്തര കലാലയങ്ങൾ (പാരലൽ കോളേുകകൾ) ധാരാളമായി ഉണ്ടായിരുന്ന കാലത്ത് കൂത്താട്ടുകുളം അതിന്റെ ഒരു കേന്ദ്രമായിരുന്നു. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന 14 സ്ഥാപനങ്ങൾ ഈ കൊച്ചു പട്ടണത്തിൽ ഉണ്ടായിരുന്നു. സമീപ താലൂക്കുകളിൽ നിന്നു പോലും ധാരാളം വിദ്യാർത്ഥികൾ അക്കാലത്ത് കൂത്താട്ടുകുളത്തെ സമാന്തര കലാലയങ്ങളെ ആശ്രയിച്ചിരുന്നു. രാഷ്ട്രഭാഷാ പഠനരംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകിയ അത്തരം കോളേജുകളിൽ ഒന്നായിരുന്നു സെന്റ് ജോസഫ് ഹിന്ദി കോളേജ്. നിരവധി ആളുകൾ ഈ കോളേജിൽ നിന്നും ഹിന്ദി പഠിച്ച് വിവിധ തുറകളിൽ അദ്ധ്യാപകരായിട്ടുണ്ട്.
സി.എസ്സ്.ഐ. ദേവാലയം
ഓണംകുന്ന് ക്ഷേത്രത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന സി.എസ്സ്.ഐ. ദേവാലയം ബ്രീട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ചതാണ്.
സി. ജെ. തോമസ്
മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി.ജെ. തോമസ് (നവംബർ 14, 1918 - ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1918–ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്ന് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.
സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്ക് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു്.
പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണ് വിവാഹം ചെയ്തതു്. റോസി തോമസ് സിജെയുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.
പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മൂത്ത സഹോദരിയായിരൂന്നു. കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ മുൻനിരയിൽ സ്ഥാനമുറപ്പിച്ചിരുന്ന ധിഷണയുടെ ഹിമഗിരിശൃംഗമായിരുന്നു സിജെയെന്നാണു് സുകുമാർ അഴീക്കോടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്.1960 ജൂലൈ 14-ന് 42-ആം വയസ്സിൽ സി.ജെ. അന്തരിച്ചു.
സി. ജെ. സ്മാരക ഗ്രന്ഥശാല
കൂത്താട്ടുകുളത്ത് സി. ജെ.യുടെ പേരിൽ ആദ്യമുണ്ടായ സ്മാരകമാണ് സി. ജെ. സ്മാരക ഗ്രന്ഥശാല. നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ലൈബ്രറി 1960 ൽ സി. ജെ.യുടെ നിര്യാണത്തെ തുടർന്ന് സി. ജെ. സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്യുകയാണുണ്ടായത്. ഇപ്പോൾ സി. ജെ. സ്മാരക മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഈ ലൈബ്രറി താലൂക്കിലെ മികച്ച ലൈബ്രറികളിൽ ഒന്നാണ്.
സ്ത്രീ നാടകക്യാമ്പ്
സ്ത്രീ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആദ്യത്തെ സ്ത്രീ നാടക ക്യാമ്പ് 1992 ഡിസംബർ 22 മുതൽ 30 വരെ കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ നടന്നു. കൂത്താട്ടുകുളത്തെ കേളി ഫൈൻ ആർട്സ് സൊസൈറ്റിയാണ് ഈ ക്യാമ്പിന് ആതിഥേയത്വം വഹിച്ചത്.
നാടകത്തെ ശക്തമായൊരു കലാരൂപമെന്ന നിലയിൽ സ്ത്രീപക്ഷ സമീപനത്തോടെ സമീപിക്കുവാനും നാടകസങ്കേതങ്ങൾ, രംഗഭാഷ, ശരീരഭാഷ, പ്രമേയം, സാങ്കേതിക വശങ്ങൾ എന്നീ ഘടകങ്ങളെ സ്ത്രീപക്ഷ സമീപനത്തോടെ നവീകരിക്കുവാനും സ്ത്രീകളുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ആദ്യത്തെ ശ്രമമായിരുന്നു ഈ നാടക ക്യാമ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം സ്ത്രീകൾ പങ്കെടുത്ത ഈ ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രസിദ്ധ കഥകളി നടിയായ ചവറ പാറുക്കുട്ടിയാണ്. ക്യാമ്പ് ഡയറക്ടർമാർ പ്രസിദ്ധ യുവനാടക സംവിധായകനായ സുവീരൻ, മാധ്യമപ്രവർത്തകയായ എം. സുചിത്ര എന്നിവരായിരുന്നു. പത്തുദിവസങ്ങളിലായി നടന്ന നാടക പരിശീലനത്തിലും ചർച്ചകളിലും ഡോക്ടർ അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, ചന്ദ്രമതി, ഗ്രേസി, കെ. ജെ. ബേബി, കെ. എ. ശ്രീനാഥ്, എൻ. ഗ്രാമപ്രകാശ്, ബീന പോൾ, വേണുഗോപാൽ, എസ്. ശൈലജ, സി. എസ്. ചന്ദ്രിക, എം. സജിത, ശ്രീലത, സുധി, അൻവർ അലി എന്നിവർ പങ്കെടുത്തു. കേരളത്തിൽ ഇന്ന് ശ്രദ്ധേയമായി മാറിയിരിക്കുന്ന സ്ത്രീനാടകവേദിക്ക് തുടക്കംകുറിക്കാൻ ഈ ക്യാമ്പിനു കഴിഞ്ഞു.
സ്പാർട്ടൻസ് ഫുട്ബോൾ ക്ലബ്ബ്
കൂത്താട്ടുകുളത്ത് ഫുട്ബോൾ രംഗത്ത് ഏറെ സംഭാവനകൾ നൽകാൻ കഴിഞ്ഞ ക്ലബ്ബാണ് സ്പാർട്ടൻസ് ഫുട്ബോൾ ക്ലബ്ബ്. 1987 ൽ ആരംഭിച്ച ഈ ക്ലബ്ബ് കുട്ടികൾക്ക് ശാസ്ത്രീയ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുന്നതിൽ ശ്രദ്ധിച്ചിരുന്നു. രജിസ്ട്രേഡ് ടൂർണ്ണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള സ്പാർട്ടൻസ് ഫുട്ബോൾ ക്ലബ്ബ് എറണാകുളം ഫുട്ബോൾ അസോസിയേഷനിലും കേരള ഫുട്ബോൾ അസോസിയേഷനിലും അംഗമാണ്.
ഹൈസ്ക്കൂൾ, കൂത്താട്ടുകുളം
1938-ൽ ആരംഭിച്ച ഹിന്ദു മിഷൻ മിഡിൽസ്കൂളാണ് ഇന്നത്തെ കൂത്താട്ടുകുളം ഹൈസ്കൂൾ. ആദ്യം അയ്യംപറമ്പ് ചാവടിയിലും പിന്നീട് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ ഊട്ട്പുരയിലുമായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പില്കാലത്ത് കൂത്താട്ടുകുളം വില്ലേജ് യൂണിയന്റെ പ്രസിഡന്റായിരുന്ന അത്തിമണ്ണില്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷവും ഊരാണ്മക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് തന്റെ അധീനതയിലുള്ള ക്ഷേത്രത്തിൽ അധസ്ഥിതർക്ക് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയ പരിഷ്കരണവാദിയായിരുന്നു കേശവൻ നമ്പൂതിരി. ആഗമാനന്ദ സ്വാമികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഊട്ട്പുരയിൽ ആരംഭിച്ച സ്കൂളിൽ നാനാ ജാതികളിലും പെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു.