എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/ഫ്ലെയിംസ്
സ്കൂളിലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി കൊണ്ട് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ തൊട്ടുണർത്തി പഠനത്തോടൊപ്പം കൂടുതൽ മികവിലേക്ക് ഉയരുന്നതിനുള്ള പ്രവർത്തനങ്ങൾ കോർത്തിണക്കുകയാണ് ഫ്ലെയിംസ് എന്ന ഈ പ്രോഗ്രാമിലൂടെ. എല്ലാ മാസവും പരമ്പരകളായി ഇതിന്റെ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുന്നുണ്ട്.
ഫിറ്റ്നസ് ഹബ്
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാരീരികവും മാനസികവുമായ വളർച്ചക്കുതകും വിധം സംഗീതച്ചുവടുകളാൽ വീട്ടിലും സ്കൂളിലും കൃത്യമായ എയ്റോബിക് വ്യായാമപരിശീലനം സാധ്യമാക്കിയിരിക്കുകയാണ് ഫിറ്റ്നസ് ഹബ്.
ആർടിസ്ട്രി
വ്യത്യസ്ത കലാരൂപങ്ങളെ പരിചയപ്പെടുത്തലും അവയുടെ അവതരണവുമാണ് ആർട്സ് ക്ലബ് ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
കുട്ടി കൗതുകം
ശാസ്ത്രലോകത്തെ കൗതുകങ്ങളും കണ്ടുപിടുത്തങ്ങളും കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ട് അവരുടെ ഉള്ളിലുള്ള ശാസ്ത്രാഭിരുചിയെ ഉണർത്തുക, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ടതാണ് കുട്ടി കൗതുകം എന്ന പ്രവർത്തനം.
ലെമ്മ
നിത്യജീവിതത്തിൽ ഏറ്റവും ആവശ്യമായ ഗണിതം രസകരമായ വിധത്തിൽ വേഗത്തിൽ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ കണക്കിലെ കുസൃതികൾ വിവിധങ്ങളായ ലഘു മാർഗ്ഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഗണിതത്തിലെ എളുപ്പവഴികൾ മനസ്സിലാക്കുന്നതിനും ഉത്തരത്തിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിനും ഉതകുന്ന ലളിതമായ പ്രഹേളികകൾ ആണ് ഇതിലൂടെ മാത്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നത്.
വിത്തും വിളയും
കുട്ടികളിൽ കൃഷിയെയും കൃഷിരീതികളെയും പരിചയപെടുത്തുന്നതിന് വേണ്ടിയാണ് ഇക്കോ ക്ലബ് "വിത്തും വിളയും "എന്ന പേരിൽ നടത്തിവരുന്നത്. ഗ്രൂപ്പുകൾ തമ്മിൽ മത്സരിച്ചാണ് ഇവിടെ കൃഷിയിറക്കുന്നതും പരിപാലിക്കുന്നതും വിളവെടുക്കുന്നതും. വാശിയോടെ നോക്കിവരുന്ന തോട്ടത്തിൽ പച്ചക്കറികൾക്ക് മികച്ച വിളവാണ് കിട്ടുന്നത്.
ദിശ
നല്ല വായന പ്രോത്സാഹിപ്പിച്ചും മികച്ച പുസ്തകങ്ങളെ പരിചയപ്പെടുത്തിയും കുട്ടികളിൽ ഒരു ദിശാബോധം ഉണ്ടാക്കുന്നതിനു വേണ്ടി റീഡിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനമാണ് ദിശ.
റഷ് ഹവർ
കേരളത്തിൻറെ തനിമയായ നാടൻ കളികളെ കുറിച്ചും കലകളെ കുറിച്ചും നമ്മുടെ കുട്ടികൾക്കുള്ള അറിവ് വളരെ വിദൂരത്താണ് . അതിനാൽ കുട്ടികളെ നമ്മുടെ തനതായ പാരമ്പര്യ നാടൻകളികളെ കുറിച്ച് അറിവ് പകർന്ന് അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് .സ്പോർട്സ് ക്ലബ് റഷ് ഹവറിലൂടെ വിവിധ തരത്തിലുള്ള നാടൻ കളികൾ കുട്ടികളെ പരിചയപ്പെടുത്തുന്നു.
യൂഫോറിയ
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും അനായാസം കൈകാര്യം ചെയ്യുന്നതിനും വേണ്ടി വീടിനകത്തും പുറത്തുമുള്ള കായികവിനോദങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിക്കുകയാണ് ഇംഗ്ലീഷ് ക്ലബ്.
ന്യൂട്ടൻസ്
ശാസ്ത്ര ലോകത്തിലേക്കുള്ള കുട്ടികളുടെ സഞ്ചാരപഥമാണ് ന്യൂട്ടൺസ് . കൊച്ചു കൊച്ചു പരീക്ഷണങ്ങളിലൂടെ കുട്ടികൾ ഓരോന്നും നിരീക്ഷിച്ചും അനുഭവിച്ചും അറിയുകയാണിവിടെ. തനതു പ്രവർത്തനമായ ലിറ്റിൽ സയന്റിസ്റ്റിലൂടെ കൊച്ചുശാസ്ത്രജ്ഞൻമാരെ നിർമ്മിക്കുന്ന കൊച്ചു പരിപാടി അതാണ് ന്യൂട്ടൺസ്.
ക്രിയേറ്റിവ് വേൾഡ്
കുട്ടികൾ പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങേണ്ടവരല്ല. അവരിൽ ഒളിഞ്ഞിരിക്കുന്ന സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിന് പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൈകൾ കൊണ്ട് ചെയ്യുന്ന കലാവിരുതുകളും നിർമ്മാണ പ്രവർത്തനങ്ങളും ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു.