സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തിനായി കുഞ്ഞുങ്ങൾ ദീർഘ യാത്ര ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ സ്ഥലത്തെ പൗര പ്രമുഖരുടെ ശ്രമഫലമായി ആരംഭിച്ച കരിപ്പാക്കുടി സ്കൂൾ ഇന്നത്തെ വെള്ളിലാപ്പള്ളി സെന്റ് ജോസഫ് യുപി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുന്നു. രാമപുരത്ത് വെള്ളിലാപ്പള്ളി വില്ലേജാഫീസിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ തെക്ക് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് കരിപ്പാക്കുടി. ഈ സ്ഥലത്ത് പയ്യാനിക്കുഴിപ്പിൽ,  കച്ചിറമറ്റത്തിൽ, കരിപ്പാക്കുടിയിൽ, കടുകമ്മാക്കൽ, ആലനോലിക്കൽ,  ചീങ്കല്ലേൽ, കടമ്പമറ്റത്തിൽ, മുതുപ്ലാക്കൽ,  കച്ചിറയിൽ പുത്തൻപുരയ്ക്കൽ തോട്ടുങ്കൽ എന്നിങ്ങനെയുള്ള 12 നാട്ടുപ്രമാണികൾ ചേർന്ന് ഒരു സ്കൂൾ കെട്ടിടം പണിതീർത്തു. 1915 മുതൽ 1927 വരെ ഓരോവർഷവും ഇവർ മാറി മാറി മാനേജർമാരായി സേവനമനുഷ്ഠിച്ചു. 1927 മുതൽ 1937 വരെ തോട്ടുങ്കൽ ജോസഫിനെ സ്ഥിരം മാനേജർ ആയി നിശ്ചയിച്ചു. അറ്റകുറ്റപ്പണികൾക്കും ശമ്പളത്തിനും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് സാഹചര്യത്തിൽ സ്കൂളിന്റെ ഭരണവും നടത്തിപ്പും വെള്ളിലാപ്പള്ളി തിരുഹൃദയമഠത്തെ ഏല്പിക്കാമെന്ന് നാട്ടുകാർ തീരുമാനിച്ചു. 1939മെയ് പതിനഞ്ചാം തീയതി കരിപ്പ കൂടി സ്കൂളിന്റെ ഭരണസാരഥ്യം തിരുഹൃദയ സഭയെ ഏൽപ്പിക്കുവാൻ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ ജയിംസ് കാളാശ്ശേരി തിരുമേനി ഉത്തരവായി. അതിൻപ്രകാരം, കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തിരുഹൃദയ സന്യാസിനികൾ വിദ്യാഭ്യാസ പ്രേക്ഷിത മണ്ഡലത്തിലേക്ക് നാലാം ക്ലാസ് തുടങ്ങുന്നതിനാവശ്യമായ കെട്ടിടം മഠത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ പണികഴിപ്പിച്ചു. സി.അഗസ്തീന കീലത്ത്, സി. കൊച്ചുത്രേസ്യ പൈമ്പിള്ളിൽ എന്നിവരെ അധ്യാപികമാരായി നിയമിക്കുകയും ചെയ്തു. 1950 ജൂൺ ഒന്നാം തീയതി കരിപ്പാക്കുടി എൽ പി സ്കൂൾ, വെള്ളിലാപ്പള്ളി തിരുഹൃദയമഠത്തിന്റെ പുരയിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.നാളുകൾ പിന്നിട്ടപ്പോൾ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തുവാനുള്ള അംഗീകാരത്തിനായി ഗവൺമെന്റിൽ പലപ്രാവശ്യം അപേക്ഷ സമർപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവസാനം ശ്രീമാൻ കാര്യപ്പുറത്ത് ജോർജിന്റെ അശ്രാന്തപരിശ്രമ ഫലമായി 1964 ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി ഈ സ്കൂൾ ഒരു യു പി സ്കൂളായി ഉയർത്തി കൊണ്ടുള്ള ഓർഡർ ലഭിച്ചു. അങ്ങനെ രൂപംകൊണ്ടതാണ് ഇന്നുള്ള സെന്റ്. ജോസഫ് യു പി സ്കൂൾ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം