എം എസ് എം എച്ച് എസ് എസ് കായംകുളം/എന്റെ ഗ്രാമം
കായംകുളം
നല്ലവനായ മോഷ്ടാവിനെ കായംകുളം കൊച്ചുണ്ണിയുടെ പേരിൽ അറിയപ്പെടുന്ന കായംകുളത്തിന് ആ കഥകൾ മാത്രമാണ് പറയാനുള്ളത്?
പാരമ്പര്യം ഉറങ്ങുന്ന മണ്ണാണ് കായംകുളം ഇവിടുത്തെ വാളിനും കൃഷിക്കും ഭരണത്തിനും സാഹിത്യ നായകൻമാർക്കും മണ്ണിലും ഒക്കെ ഓരോ കഥ പറയാനുണ്ട്. കായലും കുളവും ചേർന്നാണ് കായംകുളം ആയി മാറിയത് എന്ന് വിശ്വസിക്കുന്നു.
കായംകുളത്തിന് ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. വിവിധ കാലങ്ങളിൽ ഓടനാട് ഭരണം നടത്തിയിരുന്ന രാമൻ ഗോദവർമ്മ, രാമൻ രവിവർമ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് കണ്ടിയൂർ ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചാം ശതകത്തിൽ ഓടനാടിൻറെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി, അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാൻ തുടങ്ങിയത്. നീണ്ട കടൽത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം . പോർച്ചുഗീസുകാരുമായും ഡച്ചുകാരുമായും കായംകുളത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കായംകുളം ഭരിച്ചിരുന്ന രാജാക്കന്മാർ സമീപ പ്രദേശത്തുള്ള കാർത്തികപ്പള്ളി കരുനാഗപ്പള്ളി എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്തു കായംകുളത്തിന് വിസ്തൃതി വർദ്ധിപ്പിച്ചു. മാർത്താണ്ഡവർമ്മക്കെതിരെ വടക്കൻ രാജ്യങ്ങൾ നടത്തിയ കൂട്ടുകെട്ടിൽ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു.
കായംകുളത്തിൻറെ ചരിത്രത്തിൽ ഏറെ എടുത്തു പറയേണ്ട ഒരു സംഗതിയാണ് ശക്തനായ തിരുവിതാംകൂർ രാജാവിനെ മൂന്നുതവണ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്നത്. മാത്രമല്ല നിരവധി തിരിച്ചടികൾ നൽകുകയും ചെയ്തു. പിന്നീട് സർവ്വ സന്നാഹങ്ങളുടെയും ബ്രിട്ടീഷ് ശക്തിയുടെ സഹായത്തോടെയും ആധുനിക ഉപകരണങ്ങളുടെ അകമ്പടിയോടെയും നിലവിലുള്ള എല്ലാ യുദ്ധ നിയമങ്ങൾ ലംഘിച്ചും ധാർമിക മര്യാദകൾ ലംഘിച്ചും കൊണ്ടാണ് കായംകുളം രാജവംശത്തെ കീഴടക്കാൻ തിരുവിതാംകൂർ രാജവംശത്തിന് കഴിഞ്ഞത്.
ഓണാട്ടുകരയിലെ സ്വന്തമായി കാലഗണന നിർവഹിക്കാനായി ഒരു കലണ്ടർ ഉണ്ടായിരുന്നു. കണ്ടിയൂരാബ്ദം അഥവാ കണ്ടിയൂർ എറ അല്ലെങ്കിൽ കണ്ടിയൂർ വർഷം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1746 ലാണ് കായംകുളം തിരുവിതാംകൂറിനോട് ചേർക്കപ്പെട്ടത്. ഞങ്ങളിൽ തലയെടുപ്പോടെ സ്വന്തം അസ്തിത്വവും യശസ്സും കാത്തു സംരക്ഷിച്ചു പോന്നിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു കായംകുളം. എല്ലാ മതങ്ങളെയും അംഗീകരിച്ച ബഹുസ്വരതയെ അഭിരമിച്ച ഒരു ഭരണസംവിധാനമാണ് കായംകുളം രാജവംശം പിന്തുടർന്നു പോരുന്നത്.