എം എസ് എം എച്ച് എസ് എസ് കായംകുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കായംകുളം

നല്ലവനായ മോഷ്ടാവിനെ കായംകുളം കൊച്ചുണ്ണിയുടെ പേരിൽ അറിയപ്പെടുന്ന കായംകുളത്തിന് ആ കഥകൾ മാത്രമാണ് പറയാനുള്ളത്?

പാരമ്പര്യം ഉറങ്ങുന്ന മണ്ണാണ് കായംകുളം ഇവിടുത്തെ വാളിനും കൃഷിക്കും ഭരണത്തിനും സാഹിത്യ നായകൻമാർക്കും മണ്ണിലും ഒക്കെ ഓരോ കഥ പറയാനുണ്ട്. കായലും കുളവും ചേർന്നാണ് കായംകുളം ആയി മാറിയത് എന്ന് വിശ്വസിക്കുന്നു.

കായംകുളത്തിന് ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. വിവിധ കാലങ്ങളിൽ ഓടനാട് ഭരണം നടത്തിയിരുന്ന രാമൻ ഗോദവർമ്മ, രാമൻ രവിവർമ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് കണ്ടിയൂർ ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചാം ശതകത്തിൽ ഓടനാടിൻറെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി, അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാൻ തുടങ്ങിയത്. നീണ്ട കടൽത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം . പോർച്ചുഗീസുകാരുമായും ഡച്ചുകാരുമായും കായംകുളത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കായംകുളം ഭരിച്ചിരുന്ന രാജാക്കന്മാർ സമീപ പ്രദേശത്തുള്ള കാർത്തികപ്പള്ളി കരുനാഗപ്പള്ളി എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്തു കായംകുളത്തിന് വിസ്തൃതി വർദ്ധിപ്പിച്ചു. മാർത്താണ്ഡവർമ്മക്കെതിരെ വടക്കൻ രാജ്യങ്ങൾ നടത്തിയ കൂട്ടുകെട്ടിൽ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു.

കായംകുളത്തിൻറെ ചരിത്രത്തിൽ ഏറെ എടുത്തു പറയേണ്ട ഒരു സംഗതിയാണ് ശക്തനായ തിരുവിതാംകൂർ രാജാവിനെ മൂന്നുതവണ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്നത്. മാത്രമല്ല നിരവധി തിരിച്ചടികൾ നൽകുകയും ചെയ്തു. പിന്നീട് സർവ്വ സന്നാഹങ്ങളുടെയും ബ്രിട്ടീഷ് ശക്തിയുടെ സഹായത്തോടെയും ആധുനിക ഉപകരണങ്ങളുടെ അകമ്പടിയോടെയും നിലവിലുള്ള എല്ലാ യുദ്ധ നിയമങ്ങൾ ലംഘിച്ചും ധാർമിക മര്യാദകൾ ലംഘിച്ചും കൊണ്ടാണ് കായംകുളം രാജവംശത്തെ കീഴടക്കാൻ തിരുവിതാംകൂർ രാജവംശത്തിന് കഴിഞ്ഞത്.

ഓണാട്ടുകരയിലെ സ്വന്തമായി കാലഗണന നിർവഹിക്കാനായി ഒരു കലണ്ടർ ഉണ്ടായിരുന്നു. കണ്ടിയൂരാബ്ദം അഥവാ കണ്ടിയൂർ എറ അല്ലെങ്കിൽ കണ്ടിയൂർ വർഷം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1746 ലാണ് കായംകുളം തിരുവിതാംകൂറിനോട് ചേർക്കപ്പെട്ടത്. തലയെടുപ്പോടെ സ്വന്തം അസ്തിത്വവും യശസ്സും കാത്തു സംരക്ഷിച്ചു പോന്നിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു കായംകുളം. എല്ലാ മതങ്ങളെയും അംഗീകരിച്ച ബഹുസ്വരതയെ അഭിരമിച്ച ഒരു ഭരണസംവിധാനമാണ് കായംകുളം രാജവംശം പിന്തുടർന്നു പോരുന്നത്.

കായംകുളത്തെ പ്രശസ്തവ്യക്തികൾ

കാർട്ടൂണിസ്റ്റ് ശങ്കർ

ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതി ആയിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ. അദ്ദേഹത്തിൻറെ യഥാർത്ഥ നാമം കെ. ശങ്കരപ്പിള്ള എന്നാണു. മലയാള പത്രങ്ങളിലെ കാർട്ടൂൺ ശാഖക്ക് തുടക്കമിട്ട വ്യക്തിയാണ് ഇദ്ദേഹം. 1902 ജൂൺ 30ന് കായംകുളത്ത് അദ്ദേഹം ജനിച്ചു. 1932 ൽ ഹിന്ദുസ്ഥാൻ ടൈംസിൽ കാർട്ടൂൺ വരയ്ക്കാൻ ആരംഭിച്ചു. 1948ൽ പ്രശസ്തമായ ശങ്കേഴ്സ് വീക്കിലി ആരംഭിച്ചു. ഇന്ത്യയിലെ പൊളിറ്റിക്കൽ കാർട്ടൂണിന്റെ  പിതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നു.

പി കെ കുഞ്ഞ്

കേരള സംസ്ഥാനത്തിൻറെ മുൻ ധനകാര്യ മന്ത്രിയും ദീർഘകാലം നിയമസഭ സാമാജികരും ആയിരുന്ന പൊതുപ്രവർത്തകനാണ് ശ്രീ പി കെ കുഞ്ഞ് സാഹിബ്(1906-1979). 37 ലെ ശ്രീമൂലം അസംബ്ലിയിലും 1948-49 ലേ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലും 1954ലെ തിരുക്കൊച്ചി അസംബ്ലിയിലും അംഗമായിരുന്നു. രണ്ടാം കേരള നിയമസഭയിലേക്ക് കൃഷ്ണപുരത്തുനിന്നും പ്രജാസഭാ സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധിയായും മൂന്നാം നിയമസഭയിലേക്ക് കായംകുളത്തുനിന്ന് എസ് എസ് പി സ്ഥാനാർത്ഥിയായും അദ്ദേഹം വിജയിച്ചു. കായംകുളം നഗരശില്പി എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നു. ഇദ്ദേഹം ധനമന്ത്രി ആയിരിക്കുമ്പോഴാണ് കേരള സംസ്ഥാന ഭാഗ്യക്കുറി ആരംഭിക്കുന്നത്. കെഎസ്എഫ്ഇ ക്ക് രൂപം നൽകിയതും അദ്ദേഹം ആണ്.

അനിൽ പനച്ചൂരാൻ

കവിതയെ ജനകീയമാക്കിയ കവിയാണ് അനിൽപനച്ചൂരാൻ. മലയാള കവിത ചലച്ചിത്രഗാന ശാഖയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ല. ഓർത്ത് വെക്കാവുന്ന കവിതകൾ മലയാളി ലോകത്തിന് അവശേഷിപ്പിച്ചാണ് ഈ കായംകുളംകാരൻ രംഗം ഒഴിഞ്ഞത്.

അഡ്വ കെ ഐഷാബായി

1957 ൽ ആലപ്പുഴ ജില്ലയിലെ ആദ്യ വനിത എംഎൽഎ ആയി കമ്മ്യൂണിസ്റ്റ് പാർട്ടി ടിക്കറ്റിൽ നിന്നും അഡ്വ കെ ഐഷാബായി മത്സരിച്ച് വിജയിച്ചു. പിന്നീട് ഡെപ്യൂട്ടി സ്പീക്കർ ആവുകയും ചെയ്തു.

കെപി എസി ലളിത

ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിൽലൂടെ ആണ് ചലച്ചിത്ര രംഗത്തെത്തിയത്. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ശ്രീമതി ലളിത നേടിയിട്ടുണ്ട്.

തോപ്പിൽ ഭാസി

മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനും ആയിരുന്നു തോപ്പിൽ ഭാസി. തോപ്പിൽ ഭാസിയുടെ നാടകങ്ങളിലൂടെ നിരവധി അഭിനേതാക്കളെ നമുക്ക് ലഭിച്ചു.

പി പത്മരാജൻ

മലയാള സിനിമയുടെ പൊൻ മകുടം ചൂടിയ മന്നൻ ആണ് ശ്രീ പി പത്മരാജൻ. മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീനിലകളിൽ തൻറെതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

മുതുകുളം രാഘവൻപിള്ള

നാടകകൃത്ത് കവി തിരക്കഥാകൃത്ത് നടൻ എന്നീ നിലകളിൽ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശ്രീ മുതുകുളം രാഘവൻപിള്ള.

തച്ചടി പ്രഭാകരൻ

കോൺഗ്രസിൻറെ സമുന്നതനായ നേതാവ് നമ്മുടെ മുൻ ധനകാര്യ മന്ത്രി എന്നീ നിലകളിൽ പ്രശസ്തനാണ് ശ്രീ തച്ചടി പ്രഭാകരൻ.