എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-22-ലെ പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ്/2021-22 പ്രവർത്തനങ്ങൾ
2021 22 അദ്ധ്യായന വർഷം ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങളിൽ ഓൺലൈനായും ഓഫ്‌ലൈനായും സ്കൂളിൽ നടത്തപ്പെട്ടു.എല്ലാ പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് നേതൃത്വം നൽകിയത്.
സൈബർ ക്ലാസ്സ്
വിവിധ ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐടി മിഷൻ പ്രോജക്ട് മാനേജരുമായ ശ്രീരാജ്. പി.നായർ ആണ് ക്ലാസ് എടുത്തത്. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും മനസ്സിലാക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. കുട്ടികളുമായി നല്ല രീതിയിൽ ആശയസംവേദനം നടത്താൻ ശ്രീരാജിന് സാധിച്ചു.ഓൺലൈൻ കാലഘട്ടത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി കുട്ടികളെ പ്രസന്റേഷനിലൂടെ ബോധവൽക്കരിച്ചു. ഈ ക്ലാസിനു സ്വാഗതവും നന്ദിയും അർപ്പിച്ചത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.
ലോക ഫോട്ടോഗ്രഫി ദിനം 19.8.21
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ദിനം ആചരിച്ചു. കുട്ടികൾ തങ്ങളുടെ മൊബൈൽ ഫോണിന്റെ സഹായത്തോടെ അവരുടെ വീടിന്റെ പരിസരത്തുള്ള പ്രകൃതി രമണീയമായ ദ്യശ്യങ്ങൾ പകർത്തി നൽകി. ഈ വിവിധ ദ്യശ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ വിവിധ ക്ലാസ്സിലെ കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു.ഈ പ്രവർത്തനം ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികൾക്ക് പ്രകൃതിയുമായും, സഹജീവികളും ആയും കൂടുതൽ ബന്ധം പുലർത്തുവാൻ സഹായിച്ചു.
സ്കൂൾവിക്കി അപ്ഡേഷൻ -2022
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് വിവിധ വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ഞങ്ങളുടെ സ്കൂളിലും സ്കൂൾ വിക്കിയുടെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും,ദിനാഘോഷങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ ശ്രദ്ധ പുലർത്തി.
ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം
കോവിഡ് കാല പ്രതിസന്ധിയിലും വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ സുഗമ മാക്കുവാൻ പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് ഇടയാറന്മുള എ. എം. എം ഹയർ സെക്കന്ററി സ്കൂൾ.
ജീ സ്യൂട്ട് പ്ലാറ്റ്ഫോമിൽ ഗൂഗിൾ ക്ലാസ്സ്‌റൂം സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥി സൗഹൃദമായി പഠനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് സ്കൂൾ ശ്രമിക്കുന്നത്.ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം 2021 ഒക്ടോബർ 4 തിങ്കളാഴ്ച രാവിലെ 11: 30ന് സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായും ഓഫ്‌ലൈനായും കൂടിയ ചടങ്ങിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി ടോജി നിർവഹിച്ചു .
സ്കൂൾ പൂർവ വിദ്യാർഥി ആതിര പി തങ്കപ്പൻ പ്രാർത്ഥനാഗാനം ആലപിക്കുകയും സ്കൂൾ എസ്.ഐ.ടി.സി ആശ പി മാത്യു ടീച്ചർ സ്വാഗതം ആശംസിക്കുകയും ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് ആശംസകൾ നേർന്നു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് സാർ കൃതജ്ഞത പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. അധ്യാപകർ നേരിട്ടും വിദ്യാർഥികളും മാതാപിതാക്കളും ഗൂഗിൾ ക്ലാസ്സിലൂടെയും ചടങ്ങിൽ പങ്കെടുത്തു.സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.
ക്രമ നമ്പർ | പേര് |
---|---|
1 | പ്രമാണം:37001 ഗൂഗിൾ ക്ലാസ്സ് റൂം ഉദ്ഘാടനം.pdf |
കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് പതിനഞ്ച് വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളുടെയും പേരുകൾ വാക്‌സിനേഷനുവേണ്ടി കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കുട്ടികളും വാക്സിൻ സ്വീകരിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. അന്നേ ദിവസം ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.